അഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആംഗലകവിയായ ഷെല്ലിയുടെ (1792-1822) പ്രസിദ്ധമായ അജപാലവിലാപകാവ്യമാണ് (Pastoral elegy) അഡോണ. അസാമാന്യമായ പ്രതിഭാവിലാസം ആവിഷ്കരിച്ചുകൊണ്ട് ആംഗലസാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു കവിയായ ജോൺ കീറ്റ്സിന്റെ അകാലചരമത്തിൽ അനുശോചിച്ചെഴുതിയതാണ് ഈ കൃതി. ക്ഷയരോഗബാധിതനായിരുന്ന കീറ്റ്സ് 1821 ഫെബ്രുവരി 23-ന് റോമിൽവച്ചു നിര്യാതനായി. അദ്ദേഹത്തിന്റെ എൻഡിമിയൺ (Endymion) എന്ന കൃതിയെപ്പറ്റി ക്വാർട്ടർലി റിവ്യൂ എന്ന ആനുകാലികപ്രസിദ്ധീകരണത്തിൽ വന്ന നിശിതമായ പ്രതികൂലവിമർശനമാണ് മരണകാരണം എന്നു ഷെല്ലി ധരിച്ചു. തൻമൂലം ഉണ്ടായ അന്തഃക്ഷോഭമാണ് ഈ വിലാപകാവ്യത്തിന്റെ രചനയ്ക്കു പ്രേരകം.

വിലാപകാവ്യം[തിരുത്തുക]

അഡോണേ- കീറ്റ്സിന്റെ ചരമത്തെ അധികരിച്ചുള്ള ഒരു വിലാപഗീതം എന്ന പേരാണ് കാവ്യത്തിനു നല്കിയിരിക്കുന്നതെങ്കിലും അത് കീറ്റ്സിനെയോ കീറ്റ്സിന്റെ ചരമത്തെയോ മാത്രം സംബന്ധിച്ചുള്ള ഒരു കൃതിയല്ല. കീറ്റ്സിനും ഷെല്ലിക്കും തമ്മിൽ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നില്ല. യഥാർഹം അംഗീകരിക്കപ്പെടാതെ അകാലത്തിൽ അന്തരിച്ച ഉജ്ജ്വലപ്രതിഭനായ ഒരു കവിയെച്ചൊല്ലി ഹൃദയാലുവായ മറ്റൊരു കവി ചെയ്യുന്ന ഉദ്വേഗാന്വിതമായ വിലാപനമാണിത്. ഷെല്ലിതന്നെ പുരോഭാഗികളുടെ പ്രതികൂലനിരൂപണശരങ്ങൾ ധാരാളം ഏറ്റിട്ടുള്ള ആളാണ്. തന്നിമിത്തം അദ്ദേഹം കീറ്റ്സിന്റെ വേർപാടിൽ വികാരഭരിതനും ദുഃഖിതനും ആയതു സ്വാഭാവികമാണ്. സ്വാനുഭവങ്ങളെപ്പറ്റിയുള്ള ചിന്ത പ്രസ്തുത കൃതിയിൽ ധാരാളം കടന്നുകൂടിയിട്ടുണ്ട്.

ബി.സി. 3-ാം ശ.-ത്തിൽ സിസിലിയിൽ ജീവിച്ചിരുന്ന ബിയോൺ, അദ്ദേഹത്തിന്റെ ശിഷ്യനായ മോർക്കസ് എന്നീ അജപാലവിലാപകാവ്യകാരൻമാരുടെ ചുവടുപിടിച്ചാണ് ഷെല്ലി ഈ കൃതി രചിച്ചിട്ടുള്ളത്. അഡോണേ എന്നപേരുതന്നെ ബിയോണിന്റെ അഡോണിസിനെച്ചൊല്ലിയുളള വിലാപം (Lament for adonis) എന്ന കൃതിയിൽനിന്നും സ്വീകരിച്ചിട്ടുള്ളതാണ്. സ്പെൻസറുടെ അസ്ത്രോഫൽ, മിൽട്ടന്റെ ലിസിഡസ്, ആർനോൾഡിന്റെ തെർസിസ് എന്നീ വിലാപകാവ്യങ്ങളോട് ഷെല്ലിയുടെ ഈ കൃതിക്കു സാദൃശ്യമുണ്ട്.

കാവ്യത്തിന്റെ രചന[തിരുത്തുക]

അജപാലവിലാപകാവ്യങ്ങളിലെ സമ്പ്രദായം അനുസരിച്ചു കഥാപാത്രങ്ങളെ പ്രതിരൂപാത്മകമായി ഇതിലും അവതരിപ്പിച്ചിരിക്കുന്നു. അഡോണേ കീറ്റ്സിനെയും, വിലാപകൻമാരായ അജപാലൻമാർ ബൈറൺ, മൂർ, ലേഹണ്ട് മുതലായവരെയും പ്രതിനിധാനം ചെയ്യുന്നു. ആട്ടിൻപറ്റം പരേതന്റെ ഭാവനകളുടെ സ്ഥാനം വഹിക്കുന്നു. പ്രകൃതിശക്തികളും ദേവീദേവൻമാരും മൃതശരീരത്തിനടുത്തെത്തി പരേതന്റെ ഗുണഗണങ്ങൾ അനുസ്മരിച്ചു വിലപിക്കുന്നു. അജപാലകാവ്യസാധാരണമായ പ്രതിരൂപാവരണം ആദ്യവസാനം നിലനില്ക്കുന്നില്ല. കാവ്യം കുറേ ചെല്ലുമ്പോൾ ആരണ്യകപ്രതിബിംബങ്ങളും ആരണ്യകാന്തരീക്ഷവും ഉപേക്ഷിച്ച് കവി സ്വന്തം വിചാരമാർഗ്ഗം പിൻതുടരുന്നതായി കാണാം. ജീവിതമരണങ്ങളുടെ അർഥത്തെയും പ്രപഞ്ചത്തിന്റെ നിയാമകശക്തിയെയുംപറ്റിയുള്ള വിചിന്തനങ്ങളിലേക്ക് കവി യഥാസ്ഥാനം കടക്കുന്നുണ്ട്.

ഷെല്ലിയുടെ ഭാവോജ്വല കാവ്യം[തിരുത്തുക]

ഷെല്ലിയുടെ കൃതികളിൽവച്ച് ഏറ്റവും ഭാവോജ്ജ്വലവും ഗംഭീരവുമായ കാവ്യമാണ് അഡോണേ. ഷെല്ലിക്കുതന്നെയും ഈ അഭിപ്രായമാണുണ്ടായിരുന്നത്. താൻ വളരെ ശ്രമിച്ചും ശ്രദ്ധിച്ചും എഴുതിയിട്ടുള്ള കൃതിയാണിതെന്നും രചനാവിഷയകമായി തന്റെ എല്ലാ കൃതികളെക്കാളും ഇതു മെച്ചമാണെന്നും അദ്ദേഹം ഗിസ്ബോൺ (Gisbonne) ദമ്പതികൾക്കെഴുതിയ ഒരു കത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. കീറ്റ്സിന്റെ ചരമംമൂലമുണ്ടായ ഉത്ക്കടദുഃഖം കാവ്യത്തിൽ ഉടനീളം തുടിച്ചു നിൽക്കുന്നു. ആധ്യാത്മികചിന്തയിൽ മറ്റു വിലാപകാവ്യങ്ങൾക്കൊന്നിനും ഇതിനോടൊപ്പം എത്താൻ കഴിഞ്ഞിട്ടില്ല. ഷെല്ലി-മനുഷ്യനും കവിയും (Shell_the Man and the poet) എന്ന ഗ്രന്ഥത്തിൽ എ. ക്ളട്ടൺബ്രൂക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു: ഷെല്ലി എഴുതിയിട്ടുള്ള എല്ലാ കൃതികളിലുംവച്ച് ഉത്കൃഷ്ടം അഡോണേ ആണെന്നാണ് എന്റെ അഭിപ്രായം. അതിൽ തന്റെ പ്രതിഭയ്ക്ക് ഏറ്റവും പറ്റിയ വിഷയം അദ്ദേഹം കണ്ടെത്തി. സംഗീതത്തെയും ഗഹനങ്ങളായ ആശയങ്ങളെയും മുമ്പൊരിക്കലും സാധിച്ചിട്ടില്ലാത്തവിധം അതിൽ സംയോജിപ്പിച്ചിരിക്കുന്നു. രൂപത്തിലും പ്രമേയത്തിലും അതു ശ്രേഷ്ഠമാണ്. പരിചിതമായൊരു വിഷയത്തിൽ ആരംഭിച്ച് ക്രമത്തിൽ സ്വാഭാവികമായ ഒരു പ്രക്രിയയിലൂടെ അജ്ഞാതമേഖലകളിലേക്ക് - പുരാതനമായ അജപാലകാവ്യഭൂമിയിൽനിന്ന് ഷെല്ലിയുടെ തന്നെ ദുർഗമ ചിന്താമണ്ഡലങ്ങളിലേക്കും ഔന്നത്യങ്ങളിലേക്കും - നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അദ്ദേഹംതന്നെ ഇതു തന്റെ കൃതികളിൽവച്ച് ഏറ്റവും നിരവദ്യമാണെന്നു പറഞ്ഞിട്ടുണ്ട്.

മലയാളത്തിൽ അഡോണേയുടെ മാതൃകയിലുള്ള ഒരു കൃതിയാണ് എ.ആർ. രാജരാജവർമയുടെ ചരമം പ്രമാണിച്ച് കുമാരനാശാൻ എഴുതിയ പ്രരോദനം എന്ന വിലാപകാവ്യം.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡോണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡോണ&oldid=3622793" എന്ന താളിൽനിന്ന് ശേഖരിച്ചത്