അഡേനാ മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡേനാ മല

വടക്കേ അമേരിക്കയിലെ അഡേനാ എന്ന സ്ഥലത്തുള്ള വിസ്തൃതമായ ഒരു മൺകൂനയെ ആണ് അഡേനാ മല ഏന്നു പറയുന്നത്. 20-ആം ശതകത്തിന്റെ ആരംഭകാലത്ത് ഇവിടെ നടത്തിയ ഭൂഖനനത്തിന്റെ ഫലമായി എ.ഡി. 4-5 ശതകങ്ങളിൽ ഈ പ്രദേശത്തു നിലനിന്നിരുന്ന സംസ്കാരത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായി. 1901-ൽ വില്യം ചാൾസ് എന്ന പുരാവസ്തു ഗവേഷകൻ ഈ മൺകൂന ഉത്ഖനനം ചെയ്ത് അതുൾക്കൊണ്ടിരുന്ന സാംസ്കാരികാവശിഷ്ടങ്ങൾ പുറത്തു കൊണ്ടുവന്നു. ഈ മൺകൂനയ്ക്കും സാംസ്കാരികാവശിഷ്ടങ്ങൾക്കും സ്ഥലനാമത്തിന്റെ അടിസ്ഥാനത്തിൽ അഡേനാ എന്നു പേരു ലഭിച്ചു.

ഉത്ഖനനം ആരംഭിക്കുമ്പോൾ മൺകൂനയ്ക്ക് 8 മീ. ഉയരവും ചുവട്ടിൽ 136 മീ. ചുറ്റളവും ഉണ്ടായിരുന്നു. രണ്ടു ഭിന്നഘട്ടങ്ങളായിട്ടാണ് ഇതു രൂപം പൂണ്ടത് എന്നൂഹിക്കുവാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂനയുടെ ആദ്യഘട്ടത്തിന് 6 മീ. ഉയരവും 27.5 മീ. വ്യാസവും ഉണ്ടായിരുന്നുവെന്നു കണക്കാക്കപ്പെടുന്നു. ഇതിൽ കറുത്ത പശിമരാശിമണ്ണ് നിറഞ്ഞിരുന്നു. രണ്ടാംഘട്ടം ആദ്യഘട്ടത്തിനു മുകളിൽ അല്പം വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിൽ ചുറ്റുപാടുമുള്ള തറയിലെ ഇളം നിറത്തിലുള്ള പുറമണ്ണാണ് കാണപ്പെട്ടത്.

അഡേനാ മലയുടെ അടിവാരത്തിന്റെ ഇപ്പോഴത്തെ രൂപം

ഈ രണ്ടു ഘട്ടങ്ങളിലും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. രണ്ടിലേയും സംസ്കരണരീതി ഭിന്നമാണ്. മൃതദേഹങ്ങൾ പരുപരുത്ത വസ്ത്രംകൊണ്ടോ മരവുരികൊണ്ടോ പൊതിഞ്ഞ് ദീർഘചതുരാകൃതിയിൽ മരക്കഷണങ്ങൾ പടുത്തുണ്ടാക്കിയ ശവക്കല്ലറകളിലാക്കി മരക്കഷണങ്ങൾതന്നെ അട്ടിയായി അടുക്കി മൂടുന്നതാണ് ഒന്നാം ഘട്ടത്തിലെ സമ്പ്രദായം. രണ്ടാം ഘട്ടത്തിൽ മൃതശരീരങ്ങൾ മരവുരിയിലോ മരപ്പെട്ടിയിലോ വച്ച് മരപ്പട്ടകൊണ്ടു മൂടി മണ്ണിൽ കുഴിച്ചിടുന്നു. ഇവിടെ കണ്ടെത്തുവാൻ കഴിഞ്ഞ 23 ശവക്കല്ലറകളിലൊന്നിൽ ശവത്തിന്റെ ഇടതുവശത്ത് സു. 20 സെ.മീ. ഉയരമുള്ള ഒരു കൽക്കുഴൽ (അഡേനാ പൈപ്) കണ്ടുകിട്ടി. ഗവേഷണഫലമായി ലഭിച്ച നിക്ഷേപങ്ങളിൽ അത്യധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണിത്. ഈ കുഴലിന് ഒരു മനുഷ്യന്റെ ആകൃതിയാണുള്ളത്. ഹ്രസ്വകായനായ ഒരാളിന്റെ രൂപം പുറത്തു ചുറ്റുമായി കൊത്തിവച്ചിരിക്കുന്നു. താഴെ പാദങ്ങളുടെ നടുക്ക് പുകയ്ക്കുവാനുള്ള പദാർഥം വയ്ക്കുവാനുള്ള ഒരു അറ കുഴൽ തുരന്നുണ്ടാക്കിയിട്ടുണ്ട്. അവിടെനിന്ന് ഈ അറ കുഴലിന്റെ ഉള്ളിലൂടെ മുകളിലേയ്ക്ക് ക്രമേണ വ്യാസം കുറഞ്ഞ് അഗ്രഭാഗത്ത് ഒരു ചെറിയ ദ്വാരത്തിൽ ചെന്നവസാനിക്കുന്നു.

വടക്കേ അമേരിക്കയിൽ പ്രാചീനകാലത്തു നിലനിന്നിരുന്ന സംസ്കാരത്തിലേക്കു വെളിച്ചം വീശുന്ന അതിപ്രധാനമായ ഒരു കണ്ടെത്തലായിട്ടാണ് അഡേനാ മൺകൂനയും അവിടെ നടന്ന ഭൂഗർഭഗവേഷണങ്ങളുടെ ഫലങ്ങളും പരിഗണിക്കപ്പെട്ടു വരുന്നത്.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡേനാ മല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡേനാ_മല&oldid=1697449" എന്ന താളിൽനിന്നു ശേഖരിച്ചത്