അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചർക്ക സ്വദേശിയെയും സ്വാശ്രയത്വത്തെയും പ്രതിനിധീകരിക്കുന്നു - നായ് താലിം - ഒരു അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം, പുരുലിയയിലെ മജിഹിറയിൽ നടപ്പാക്കിയ മഹാത്മാഗാന്ധിയുടെ ആശയം.

ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി അടിസ്ഥാനവിദ്യാഭ്യാസപദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു. ഇത് വാർധാപദ്ധതി, ബേസിക് എഡ്യൂക്കേഷൻ (Basic Education), നയീതാലിം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം ദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി. പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ആ സമ്പ്രദായത്തിൽ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തൻമൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണം ഇതാണ്.

ഗാന്ധിജിയുടെ ആസൂത്രണം[തിരുത്തുക]

പതിനെട്ടും പത്തൊൻപതും ശതകങ്ങളിൽ പാശ്ചാത്യ വിദ്യാഭ്യാസരംഗത്തുണ്ടായ മനഃശാസ്ത്രപരവും സാമൂഹികവും ആയ ഉണർവും പുരോഗതിയും ഗാന്ധിജിയുടെ ആശയങ്ങളെ സ്വാധീനിച്ചിരുന്നു. ഇന്ത്യയിൽ ടാഗോറിന്റെ വിദ്യാഭ്യാസാദർശങ്ങൾ അദ്ദേഹത്തിന് ശ്രദ്ധേയമായി തോന്നി. കൂടാതെ പെസ്റ്റലോത്സി, ഫ്രോബൽ, റൂസ്സോ, മറിയ മോണ്ടിസ്സോറി, ജോൺ ഡ്യൂയി എന്നിങ്ങനെ പാശ്ചാത്യവിദ്യാഭ്യാസമണ്ഡലത്തിലെ ചിന്തകരുടെയും പ്രയോക്താക്കളുടെയും ആദർശങ്ങളുമായി അദ്ദേഹം പരിചയിച്ചിരുന്നു. ഇവയുടെ സാരാംശം ഗ്രഹിച്ചു ഭാരതത്തിന് അനുയോജ്യമായവിധം അദ്ദേഹം ആസൂത്രണം ചെയ്തതാണ് അടിസ്ഥാനവിദ്യാഭ്യാസം. ഗാന്ധിജിയുടെ ഈ പദ്ധതി വിദ്യാഭ്യാസപരമായ ചിന്തയ്ക്ക് ഇന്ത്യ നല്കിയിട്ടുള്ള ആഗോളശ്രദ്ധേയമായ സംഭാവനയാണ്. താൻ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച വിദ്യാഭ്യാസപദ്ധതിയുടെ സ്വരൂപസ്വഭാവങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങൾ ഗാന്ധിജി പലപ്പോഴും ഹരിജൻ വാരികയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും സാക്ഷരത എന്നത് വിദ്യാഭ്യാസത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്നും ജീവിതത്തിന് ഉപകരിക്കുന്ന ഏതെങ്കിലും ഒരു കൈത്തൊഴിൽ പഠിച്ചുകൊണ്ടാണ് വിദ്യ ആരംഭിക്കേണ്ടതെന്നും ആ ലേഖനങ്ങളിൽ അദ്ദേഹം സമർഥിച്ചിരുന്നു. തൊഴിൽ എന്നതുകൊണ്ട് അദ്ദേഹം വിവക്ഷിച്ചത് നൂല്നൂല്പ്, നെയ്ത്ത് ഇത്യാദി ഗ്രാമീണർക്കു പറ്റിയ തൊഴിലുകളായിരുന്നു. ഗ്രാമപുരോഗതിയെ ത്വരിതപ്പെടുത്തി പുതിയ ഒരു സാമൂഹികക്രമത്തിന് അടിത്തറ പാകാൻ അത്തരം വിദ്യാഭ്യാസപദ്ധതിക്കു മാത്രമേ കഴിയൂ എന്ന് അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു.

പദ്ധതി രൂപരേഖ[തിരുത്തുക]

1937 ഒക്ടോബർ 22, 23 തീയതികളിൽ വാർധായിൽവച്ച് ഒരു വിദ്യാഭ്യാസ കോൺഫറൻസ് ഗാന്ധിജി വിളിച്ചുകൂട്ടി. ഡോ. സാക്കീർ ഹുസൈൻ, ശ്രീമന്നാരായണൻ, വിനോബാ ഭാവേ, മഹാദേവ് ദേശായി, ബി.ജി.ഖേർ, പണ്ഡിറ്റ് രവിശങ്കർ ശുക്ള, കാക്കാ കാലേല്ക്കർ, കെ.ടി.ഷാ, കിശോരിലാൽ മശ്രുവാലാ തുടങ്ങിയ സമുന്നതരായ വിദ്യാഭ്യാസചിന്തകൻമാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം താഴെപറയുന്ന പ്രമേയങ്ങൾ പാസ്സാക്കി.

 1. 7 വയസ്സു മുതൽ 14 വയസ്സു വരെ ഏഴു വർഷക്കാലം ദേശീയാടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൌജന്യവും ആയ വിദ്യാഭ്യാസം നല്കണം.
 2. ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം.
 3. വിദ്യാർഥിയുടെ ചുറ്റുപാടുകളുമായി ബന്ധമുള്ളതും ഉത്പാദനക്ഷമവുമായ ഏതെങ്കിലും കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ആയിരിക്കണം.
 4. അധ്യാപകരുടെ വേതനത്തിനുകൂടി വക കണ്ടെത്തുന്ന തരത്തിൽ സ്വയംപര്യാപ്തമായിരിക്കണം ഈ സമ്പ്രദായം.

ഈ പ്രമേയത്തിന് പ്രായോഗികരൂപം നല്കുന്നതിന് ഡോ. സാക്കീർ ഹുസൈൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചു. ആര്യനായകം (കൺവീനർ), ജെ.സി. കുമരപ്പ, വിനോബാ ഭാവേ, ആശാദേവി, കാക്കാ കാലേല്ക്കർ, കെ.ടി. ഷാ, കെ.ജി. സെയ്യുദ്ദീൻ തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു ഈ കമ്മിറ്റി. സാക്കീർ ഹുസൈൻ കമ്മിറ്റി 1937-ലും 38-ലുമായി രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. ആദ്യത്തെ റിപ്പോർട്ട് വാർധാപദ്ധതിയുടെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അടിസ്ഥാന-കൈത്തൊഴിലിനെ സംബന്ധിച്ച പ്രായോഗിക നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഹരിപുരി സമ്മേളനം വാർധാ പദ്ധതി അംഗീകരിച്ചു. പദ്ധതി പ്രാവർത്തികമാക്കുന്നതിന് ഹിന്ദുസ്ഥാനി താലീമി (Hindustani Talimi) എന്ന ഒരു അഖിലഭാരതീയ സമിതി രൂപവത്കൃതമായി.

ഖേർ കമ്മിറ്റി. വാർധാപദ്ധതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിന് ബി.ജി. ഖേർ അധ്യക്ഷനായി വേറൊരു കമ്മിറ്റിയെ കേന്ദ്രവിദ്യാഭ്യാസോപദേശക സമിതി പിന്നീടു നിയമിച്ചു. ഈ കമ്മിറ്റിയുടെ ചില പ്രധാന ശുപാർശകൾ താഴെ പറയുന്നവയാണ്:

 1. ഗ്രാമപ്രദേശങ്ങളിൽ മാത്രം ഈ പദ്ധതി നടപ്പാക്കുക.
 2. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയ്ക്ക് ജൂനിയർ ബേസിക്, സീനിയർ ബേസിക് എന്നിങ്ങനെ രണ്ടു ഘട്ടം ഉണ്ടായിരിക്കണം. ആറു മുതൽ പതിനൊന്നുവയസ്സു വരെ ജൂനിയർ ഘട്ടം. പതിനൊന്നു മുതൽ പതിനാലുവരെ സീനിയർ ഘട്ടം. അഞ്ചാമത്തെ വയസ്സിൽ കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള വ്യവസ്ഥകൾ ഉണ്ടായിരിക്കണം.
 3. ആവശ്യമെന്നു കണ്ടാൽ ജൂനിയർ ഘട്ടത്തിന്റെ അവസാനത്തിൽ കുട്ടികളെ മറ്റുതരം വിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകണം.
 4. രണ്ടു ഘട്ടങ്ങളിലും ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം. സീനിയർ ഘട്ടത്തിൽ ഒരു പൊതുഭാഷ പഠിപ്പിക്കുന്നത് അഭിലഷണീയമാണ്. ഹിന്ദി പഠിപ്പിക്കണം.
 5. പഠിക്കുന്ന സ്ഥാപനത്തിൽ തന്നെ പല ഘട്ടങ്ങളിലായി നടത്തുന്ന ക്ളാസുപരീക്ഷകൾ അടിസ്ഥാനമാക്കി യോഗ്യതാപത്രങ്ങൾ നല്കാവുന്നതാണ്. വർഷാന്ത്യത്തിൽ പുറമേയുള്ളവരെക്കൊണ്ട് പരീക്ഷകൾ നടത്തി വിദ്യാർഥികളുടെ ജയാപജയങ്ങൾ നിശ്ചയിക്കുന്ന സമ്പ്രദായം (ബാഹ്യപരീക്ഷ) നിർത്തേണ്ടതാണ്.

കുട്ടികളെ പതിനാലാമത്തെ വയസ്സിൽ കേവലം കൈത്തൊഴിലുകാരായി മാറ്റുകയല്ല, പ്രത്യുത പ്രാദേശികസ്ഥിതിഗതികളെയും കുട്ടികളുടെ അഭിരുചിയെയും കണക്കിലെടുത്ത്, തിരഞ്ഞെടുക്കപ്പെടുന്ന കൈത്തൊഴിലുകളിലൂടെ ഉത്പാദനക്ഷമമായവിധം സമഗ്രവും ഫലപ്രദവും ആയ വിദ്യാഭ്യാസം അവർക്കു നല്കുകയാണ് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി വ്യക്തമാക്കി.

വിദ്യാഭ്യാസക്കമ്മീഷൻ റിപ്പോർട്ടുകൾ[തിരുത്തുക]

തികച്ചും ദേശീയം എന്ന നിലയിൽ സാർവത്രികമായി ഭാരതത്തിൽ പ്രചരിച്ചു തുടങ്ങിയ ഈ അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഒരു പഠനമാണ് സാർജന്റ് റിപ്പോർട്ടിൽ (1944) ഉള്ളത്. കുട്ടികൾക്കുള്ള വിദ്യാഭ്യാസം തന്നെ പൂർവം എന്നും ഉത്തരം എന്നും (Pre and Post Basic Education) രണ്ടു ഘട്ടങ്ങളായി അതിൽ തിരിച്ചിട്ടുണ്ട്. വയോജനവിദ്യാഭ്യാസവും ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നതുകൊണ്ട് അതു മൂന്നാമത്തെ ഘട്ടമായും തീർന്നു. ഈ മൂന്നു ഘട്ടങ്ങൾ കൂടിയ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയെ 1944-ൽ ഭാരത സർക്കാർ ദേശീയപദ്ധതിയായി അംഗീകരിച്ചു. അടിസ്ഥാന വിദ്യാലയങ്ങൾ നാടിന്റെ എല്ലാ ഭാഗങ്ങളിലും രൂപംകൊണ്ടു. ഈ പുതിയ പദ്ധതിയുടെ പുരോഗതി പരിശോധിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ വീണ്ടും ഒരു കമ്മറ്റി 1954-ൽ നിയമിക്കപ്പെട്ടു. അടിസ്ഥാനവിദ്യാഭ്യാസം കൂടുതൽ സജീവവും പ്രായോഗികവുമാക്കാൻ പറ്റിയ ഒരു പഞ്ചമുഖപരിപാടി കമ്മിറ്റിയുടെ റിപ്പോർട്ടിൽ നിർദ്ദേശിക്കപ്പെട്ടിരുന്നു. പരിപാടിയുടെ ഘടകങ്ങൾ:

 1. സ്വാശ്രയശീലവും ഉത്തരവാദിത്തബോധവും വളർത്തൽ;
 2. സ്വയംഭരണശീലം ആർജിക്കൽ;
 3. സാംസ്കാരികവും വിനോദപരവുമായ പ്രവർത്തനങ്ങൾ;
 4. സമൂഹവികസനപരിപാടികൾ;
 5. പ്രയോജനകരമായ തൊഴിൽ പരിശീലനം എന്നിവയായിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭാരതത്തിലെ വിദ്യാഭ്യാസസമ്പ്രദായം പുനഃപരിശോധിക്കുന്നതിനുവേണ്ടി ഡോ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി 1948-ലും ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാർ അധ്യക്ഷനായി 1952-ലും ഡോ. കൊഠാരി അധ്യക്ഷനായി 1964-ലും നിയമിക്കപ്പെട്ട കമ്മിറ്റികൾ സമർപ്പിച്ച സുദീർഘങ്ങളായ റിപ്പോർട്ടുകളിൽ ബേസിക് എഡ്യൂക്കേഷനെപ്പറ്റി ഗണ്യമായ വിചിന്തനങ്ങൾ ഉണ്ടായിട്ടില്ല. അടിസ്ഥാനവിദ്യാഭ്യാസത്തോട് പ്രത്യേകമായ ഒരു സമീപനം ആവശ്യമാണെന്ന് കൊഠാരി കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിൽ പ്രവർത്തനപരിചയം എന്നു പേരു നല്കി അതിൽ പ്രതിപാദിക്കപ്പെടുന്ന പഠനസമ്പ്രദായം അടിസ്ഥാനവിദ്യാഭ്യാസത്തോടു മൌലികമായി യോജിച്ചു പോകുന്നുണ്ട്.

പേരിന്റെ പ്രസക്തി[തിരുത്തുക]

ഈ പദ്ധതിക്ക് അടിസ്ഥാനവിദ്യാഭ്യാസം എന്ന പേരു നല്കാൻ ഉള്ള കാരണങ്ങൾ താഴെ പറയുന്നു.

 1. ഭാരതീയ സംസ്കാരത്തിൽ അടിസ്ഥാനം ഉറപ്പിച്ചിട്ടുള്ളതാണ് ഈ പദ്ധതി. മതപരമായ വിശ്വാസങ്ങൾക്കും ചിന്തകൾക്കും അതീതമായി ഇന്ത്യയിലെ ഓരോ കുട്ടിക്കും കുറഞ്ഞ തോതിലെങ്കിലും വിദ്യാഭ്യാസം നേടുവാൻ ഈ പദ്ധതി അവസരവും അവകാശവും നല്കുന്നു.
 2. കുട്ടികളുടെ അഭിരുചികൾ, അടിസ്ഥാനാവശ്യങ്ങൾ എന്നിവയോട് പൂർണമായി ഇതു ബന്ധപ്പെട്ടതാണ്. കുട്ടികളുടെ സൃഷ്ടിപരവും ഉത്പാദനക്ഷമവുമായ സ്വാഭാവികസിദ്ധികൾ പ്രയോജനപ്പെടുത്താൻ ഇതു സഹായകമാണ്. കുട്ടി ജനിച്ചുവളരുന്ന സമുദായത്തിന്റെ അടിസ്ഥാനവും അവയ്ക്കനുസൃതമായ ബോധനമാർഗങ്ങളും ഉൾക്കൊണ്ടതാണ് അടിസ്ഥാനവിദ്യാഭ്യാസം. സത്യം, അഹിംസ, അക്രമരാഹിത്യം, സാർവജനീനമായ സ്നേഹം തുടങ്ങിയ ഗാന്ധിയൻ ആദർശങ്ങളാണ് അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ മൌലികഭാവങ്ങൾ. പ്രവർത്തിച്ചു പഠിക്കുക എന്ന മഹത്തായ ആദർശത്തിന് ഈ പദ്ധതിയിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. ആദർശവാദം (Idealism), പ്രകൃതിവാദം (Naturalism), പ്രായോഗികതാവാദം (Pragmatism) തുടങ്ങിയ ദർശന ശാഖകളിലെ നല്ല വശങ്ങൾ ഇതിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രവർത്തിക്കു പ്രാധാന്യം നല്കിക്കൊണ്ട് സന്തുലിതവും ഏകതാനവും ആയ ഒരു സമൂഹത്തെ കരുപ്പിടിപ്പിക്കുവാൻ സഹായിക്കുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യങ്ങളിൽ ആദർശവാദത്തെയും സംവിധാനത്തിൽ (Settings) പ്രകൃതിവാദത്തെയും, രീതിയിൽ (Method) പ്രായോഗികതാവാദത്തെയും അവലംബിക്കുന്നു.

മനഃശാസ്ത്രപരമായ പ്രാധാന്യം[തിരുത്തുക]

ജൻമവാസന, വികാരവിചാരങ്ങൾ എന്നിവയെ ഉചിതമാർഗ്ഗത്തിലൂടെ നയിക്കുക, പഠനപ്രക്രിയയുടെ തത്ത്വങ്ങൾ ഉപയോഗിക്കുക, അച്ചടക്കം പാലിക്കുക, വ്യക്തിത്വത്തിന്റെ നാനാവശങ്ങളെ വികസിപ്പിക്കുക എന്നീ മനഃശാസ്ത്രപരമായ വസ്തുതകൾക്ക് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയിൽ അർഹമായ സ്ഥാനം നല്കിയിട്ടുണ്ട്.

സാമൂഹിക പ്രാധാന്യം[തിരുത്തുക]

സ്വയം പര്യാപ്തത എന്ന സാമൂഹികവ്യവസ്ഥിതിക്ക് രൂപം നല്കുവാനുള്ള ബോധപൂർവമായ ശ്രമം ഈ പദ്ധതിയിൽ കാണാം. ജോലിയുടെ മാഹാത്മ്യം അത് ഉയർത്തിക്കാണിക്കുന്നു. സഹകരണ ബോധം വളർത്തിയും ഗ്രാമജീവിതവും നഗരജീവിതവും തമ്മിലുള്ള വിടവ് നികത്തിയും സാമ്പത്തിക പ്രശ്നങ്ങൾ ആവുന്നത്ര പരിഹരിച്ചും സമൂഹത്തെ പുനഃസംവിധാനം ചെയ്യുന്നതിന് പറ്റിയ പ്രവർത്തനപരിപാടികൾ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

പാഠ്യപദ്ധതി[തിരുത്തുക]

പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് അടിസ്ഥാനവിദ്യാഭ്യാസത്തിനുള്ളത്. അഞ്ചാംക്ളാസ്സുവരെ സഹവിദ്യാഭ്യാസം അനുവദിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് നല്കുന്നതെങ്കിലും അഞ്ചാംക്ളാസ്സിനുശേഷം പെൺകുട്ടികൾ ഗാർഹികവിജ്ഞാനം പഠിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. താഴെപ്പറയുന്ന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:

 1. അടിസ്ഥാനവിദ്യാഭ്യാസം അംഗീകരിക്കുന്ന കൈത്തൊഴിൽ - നൂല്നൂല്പ്, നെയ്ത്ത്, മരപ്പണി, കൃഷി, കായ്കറിത്തോട്ടനിർമ്മാണം, തുകൽപ്പണി, പാവകളും കളിമൺപാത്രങ്ങളും നിർമ്മിക്കൽ, മീൻപിടിത്തം, ഗാർഹികകല (പെൺകുട്ടികൾക്ക്), പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റേതെങ്കിലും കൈത്തൊഴിൽ.
 2. മാതൃഭാഷ.
 3. ഗണിതശാസ്ത്രം.
 4. സാമൂഹികപാഠങ്ങൾ.
 5. ജനറൽ സയൻസ്.
 6. കലകൾ: ചിത്രകല, സംഗീതം മുതലായവ.
 7. കായികവിനോദങ്ങളും കളികളും.
 8. ഹിന്ദി.

ന്യൂനതകൾ[തിരുത്തുക]

ആദർശനിഷ്ഠമെങ്കിലും ഈ പദ്ധതിക്കു പ്രതീക്ഷിച്ചത്ര ജനസമ്മതിയും പ്രചാരവും നേടാൻ സാധിച്ചില്ല. അതിനുള്ള ചില മൌലികകാരണങ്ങൾ താഴെ ചേർക്കുന്നു:

 1. തൊഴിലിനെ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ വിഷയങ്ങളും പഠിപ്പിക്കണം എന്ന സിദ്ധാന്തത്തെ മുറുകെപ്പിടിക്കുമ്പോൾ വിഷയങ്ങളുടെ തുടർച്ച പലപ്പോഴും നഷ്ടപ്പെടുന്നു.
 2. ശാഖാചംക്രമണം അധ്യാപനത്തിന്റെ അപരിഹാര്യസ്വഭാവമായിത്തീരുകയും ഏകാഗ്രതയ്ക്ക് ഭംഗം വരികയും ചെയ്യുന്നു.
 3. പ്രവർത്തനം (തൊഴിൽ) മിക്കപ്പോഴും ഒന്നുതന്നെയാകുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും വിരസത അനുഭവപ്പെടുന്നു.
 4. അധ്യാപകവേതനം കുട്ടികളുടെ തൊഴിൽകൊണ്ട് നിർവഹിക്കപ്പെടേണ്ടിവരുമ്പോൾ കുട്ടികൾക്കു താങ്ങാനാകാത്തവിധം ജോലി ചെയ്യേണ്ടിവരുന്നു.
 5. കഴിവും ഭാവനയും ആത്മാർഥതയും ത്യാഗസന്നദ്ധതയുമുള്ള അധ്യാപകരെ ലഭിക്കുക അത്ര എളുപ്പമല്ല.
 6. ക്രമേണ താത്വികവശം ബലികഴിക്കപ്പെട്ട് ചടങ്ങുകളിൽ ശ്രദ്ധ കേന്ദ്രീകൃതമായിപ്പോകുന്നു.
 7. കാലദേശോചിതങ്ങളായ പരിഷ്കാരങ്ങൾ വരുത്താനുള്ള വൈമുഖ്യം മൂലം ഒരുതരം നിർജീവത്വം അതിനു വന്നുചേരുന്നു.

തൊഴിലുമായി വിദ്യാഭ്യാസത്തെ ബന്ധപ്പെടുത്തുക എന്ന ആശയത്തിനു വിദ്യാഭ്യാസചിന്തകൻമാർ വലിയ പ്രസക്തിയും മൂല്യവും കല്പിക്കുന്നു. കാലാനുസൃതമായി വിദ്യാഭ്യാസം പരിഷ്കരിക്കപ്പെടുമ്പോൾ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയുടെ പല അംശങ്ങളും അതിൽ ലയിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ഈ പാഠ്യപദ്ധതിയിൽ ഇംഗ്ളീഷിന് സ്ഥാനം നല്കിയിട്ടില്ല. മതപഠനവും ഉൾപ്പെടുത്തിയിട്ടില്ല. പുതിയ വിദ്യാഭ്യാസപദ്ധതി വിജയിപ്പിക്കുന്നതിനായി അധ്യാപകരെ പരിശീലിപ്പിക്കുവാൻ സമഗ്രമായ ഒരു അധ്യാപകപരിശീലന കോഴ്സ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.