അടിയാർക്കുനല്ലാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് ക്ളാസിക്കുകളിലൊന്നായ ചിലപ്പതികാരത്തിന്റെ പ്രമുഖവ്യാഖ്യാതാക്കളിൽ രണ്ടാമത്തെ വ്യക്തിയാണ് അടിയാർക്കുനല്ലാർ. ചിലപ്പതികാരത്തിന്റെ കാലം എ.ഡി. 3-ആം ശതകത്തിനും 9-ആം ശതകത്തിനും ഇടയ്ക്കായിരിക്കണമെന്ന് പണ്ഡിതൻമാർ അഭ്യൂഹിക്കുന്നു. അടിയാർക്കുനല്ലാരുടെ കാലത്തെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം എ.ഡി. 12-ആം ശതകത്തിൽ വിജയമംഗലത്തിനു സമീപം കൊങ്ങുമണ്ഡലത്തിൽപെട്ട നിരമ്പൈ ഗ്രാമത്തിൽ ജനിച്ചുവെന്നും കാങ്കേയൻ (ഗാംഗേയൻ) എന്നൊരു നാടുവാഴിയുടെ സംരക്ഷണയിൽ കഴിഞ്ഞുകൊണ്ട് തമിഴ് സാഹിത്യസേവനം നടത്തിയെന്നും ഗവേഷകൻമാർ കരുതുന്നു.

ഉത്തിഷ്ഠമതിയായ ഒരു വ്യാഖ്യാതാവ് എന്ന നിലയിൽ അടിയാർക്കുനല്ലാർ തമിഴ് സാഹിത്യത്തിൽ ശാശ്വതയശസ്സ് ആർജിച്ചിട്ടുണ്ട്. ചിലപ്പതികാരം, മണിമേഖല, പടിഹം എന്നീ കാവ്യങ്ങൾക്ക് ഇദ്ദേഹം എഴുതിയ വ്യാഖ്യാനങ്ങൾ ഇന്നും തമിഴ് ക്ളാസിക്കുകളിലേക്കുള്ള വഴികാട്ടികളായി നിലകൊള്ളുന്നു. കാവ്യങ്ങളുടെ ഭാഷാപരമായ സവിശേഷതകളും കലാപരമായ മഹത്ത്വവും വിശ്ളേഷണം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ വ്യാഖ്യാനരീതി. 10-ആം ശതകത്തിനു മുമ്പു രചിക്കപ്പെട്ട പല ഉത്കൃഷ്ടകൃതികളെയും പറ്റിയുള്ള പരാമർശം ഇദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളിൽ കാണുന്നു. നഷ്ടപ്പെട്ടുപോയ പല ലക്ഷണഗ്രന്ഥങ്ങളെയും കാവ്യങ്ങളെയും പറ്റി ഈ വ്യാഖ്യാനത്തിലൂടെയാണ് പില്ക്കാലത്ത് അറിയാൻ സാധിച്ചത്. ഇദ്ദേഹത്തിന്റെ ഉരൈപ്പായിരം എന്ന വ്യാഖ്യാന ഗ്രന്ഥത്തിൽ മണിമേഖല, ചിലപ്പതികാരം എന്നീ കാവ്യങ്ങളുടെ ഉദാത്തസൗന്ദര്യത്തെപ്പറ്റി പ്രത്യേകം വിശദീകരിച്ചിരിക്കുന്നു. ചിലപ്പതികാരം ഇയൽഇശൈനാദപ്പൊരുൾ-തൊടർ നിലൈച്ചെയ്യുൾ (സംഗീതവും നൃത്തവും കലർന്ന ഒരു കഥാകാവ്യം) ആണെന്ന്, കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ആദ്യമായി വിലയിരുത്തിയത് ഇദ്ദേഹമാണ്. ഈ വ്യാഖ്യാനരീതി പിന്നീടുള്ള പല വ്യാഖ്യാതാക്കൾക്കും മാതൃകയായിത്തീർന്നു. ചിലപ്പതികാരത്തിന്റെ ആദ്യത്തെ വ്യാഖ്യാതാവായ അരുമ്പത ഉരൈയാചിരിയരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ളതായിരുന്നു അടിയാർക്കു നല്ലാരുടെ വ്യാഖ്യാനം. പിൽക്കാലത്ത് അർഥഭേദമോ പ്രചാരലോപമോ വന്നിട്ടുള്ള ഒട്ടേറെ പദങ്ങളുടെ അന്നത്തെ അർഥം ഗ്രഹിക്കുന്നതിന് പ്രസ്തുത വ്യാഖ്യാനം സഹായകമാണ്. എതുകമോന പ്രാസങ്ങൾ ഏറെക്കുറെ ദീക്ഷിച്ച് പദ്യത്തോടു കിടപിടിക്കുന്ന മനോഹരശൈലിയിലാണ് വ്യാഖ്യാനത്തിന്റെ രചന.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിയാർക്കുനല്ലാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിയാർക്കുനല്ലാർ&oldid=1747652" എന്ന താളിൽനിന്ന് ശേഖരിച്ചത്