അടിയന്തിരം കെട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന അഞ്ചൽ ഡിപ്പാർട്ടുമെന്റിൽനിന്നും ചില പ്രത്യേക എഴുത്തുകൾ മേൽവിലാസക്കാരന് വേഗം എത്തിച്ചുകൊടുക്കുന്നതിന് സ്വീകരിച്ചിരുന്ന ഒരു നടപടിയാണ് അടിയന്തരം കെട്ടൽ. ഈ സമ്പ്രദായത്തിന് ഒറ്റയ്ക്കടിയന്തിരംകെട്ടൽ എന്നാണ് സാധാരണ പറഞ്ഞുവന്നിരുന്നത്. ഇപ്രകാരം അടിയന്തരമായി അയയ്ക്കേണ്ട സന്ദേശങ്ങൾ സാധാരണയായി എഴുത്തുപെട്ടികളിൽ നിക്ഷേപിക്കാതെ അഞ്ചൽമാസ്റ്ററുടെ പക്കൽ ഏല്പിച്ച് രസീത് വാങ്ങുകയും മാസ്റ്റർ ഉടൻതന്നെ പ്രസ്തുത കത്ത് മേൽവിലാസക്കാരന് കൊടുക്കുന്നതിനായി പ്രത്യേകം ഒരു ജോലിക്കാരനെ (messenger) നിയോഗിക്കുകയും അയാൾ എത്രയും വേഗത്തിൽ മേൽവിലാസക്കാരന് അത് എത്തിച്ചുകൊടുക്കുകയുമായിരുന്നു പതിവ്. ഇതിന് പ്രത്യേകഫീസും ചുമത്തിയിരുന്നു. സംസ്ഥാനത്തിനകത്തുള്ള ഏതുഭാഗത്തും ഇപ്രകാരമുള്ള എഴുത്തുകൾ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ അഞ്ചലാഫീസുകൾ വഴി ചെയ്തിരുന്നു.

അഞ്ചൽ ഡിപ്പാർട്ടുമെന്റിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ ലയിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങൾ ഉപയോഗപ്പെടുത്തിയും, കമ്പി, ഫോൺ മുതലായ മാർഗങ്ങൾ ഉപയോഗിച്ചും സന്ദേശങ്ങൾ അയയ്ക്കുവാനുള്ള സൗകര്യങ്ങൾ വർധിച്ചതോടുകൂടി അടിയന്തരം കെട്ടലിന്റെ ആവശ്യം ഇല്ലാതായിതീർന്നിരിക്കുകയാണ്; എങ്കിലും മേൽവിലാസക്കാരന് എത്രയും വേഗം കത്തുകൾ എത്തിച്ചുകൊടുക്കുന്നതിന് എക്സ്പ്രസ് ഡെലിവറി (Express Delivery), സ്പീഡ് പോസ്റ്റ് (Speed Post) മുതലായ സംവിധാനങ്ങൾ കമ്പിത്തപാൽ വകുപ്പിൽ നിലവിലുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിയന്തിരം കെട്ടൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിയന്തിരം_കെട്ടൽ&oldid=2279843" എന്ന താളിൽനിന്ന് ശേഖരിച്ചത്