ഉള്ളടക്കത്തിലേക്ക് പോവുക

അടവി (പടയണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടയണിയിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് അടവി. കാവുണർത്തലും, നൃത്തങ്ങളും, വിനോദവും അടവിദിനവുമുണ്ടാകും. ഉത്സവം പോലെ ആഘോഷിക്കുന്ന ചടങ്ങുകൾക്കു മുമ്പേ കുതിര തുള്ളൽ, മുടിയാട്ടം, ശീതങ്കൻ തുള്ളൽ, കുറത്തി യാട്ടം എന്നിവ അവതരിപ്പിക്കാറുണ്ട്.

ചടങ്ങ്

[തിരുത്തുക]

ദേവീപ്രസാദമായ ചന്ദനം തൊട്ട് പാണൻ തുപ്പും പൂക്കുലയും പൂവും ഇരുകൈകളിലായി പിടിച്ച് ദേവിക്കഭിമുഖമായി തൊഴുതു നില്ക്കുന്നു. മേളം ഉച്ചസ്ഥായിലാകുമ്പോൾ ഉറഞ്ഞുതുള്ളി അടവിമരം കൊണ്ടുവരുന്നതിന് കാട്ടിലേക്ക് യാത്രയാകുന്നു. അല്പസമയം കഴിയുമ്പോൾ പിഴുതെടുത്ത ചെടികളും മരങ്ങളും പടയണിക്കളത്തിലേക്ക് ആർഭാടപൂർവ്വം എഴുന്നളളിച്ചുകൊണ്ടുവന്ന് കളത്തിൽ നാട്ടി നിർത്തുന്നു. ഉണങ്ങിയ പുല്ലുകൾ ഉപയോഗിച്ച് അടവിമരത്തിന്റെ ചുവട്ടിൽ തീകൂട്ടുന്നു. ചെണ്ടയുടെ നാദത്തോടൊപ്പം ആർപ്പുവിളികളുടേയും കതിനാവെടികളുടേയും അകമ്പടിയുണ്ട്. ഈ സമയത്ത് അടവിക്കാർ നാട്ടി നിർത്തിയിരിക്കുന്ന മരത്തിൽ കയറി ചില്ലകൾ ഒടിച്ച് താഴെയിടുന്നു. പിന്നീട് മരങ്ങൾ പടിഞ്ഞാറുഭാഗത്തേക്ക് മറിക്കുന്നു.

അടവി നാട്ടിയശേഷം ആഴികൂട്ടി നായാട്ടുവിളി നടത്തുന്ന പതിവുണ്ട്. ഈ ചടങ്ങ് ചില സ്ഥലങ്ങളിൽ മാത്രമേ നടത്തുന്നുള്ളൂ. കാട്ടിൽ വിഹരിക്കുന്ന ദുഷ്ടമൃഗങ്ങളുടെ മുഖാവരണമണിഞ്ഞ നായക്കോലങ്ങളുടെ സഹായത്തോടെ നായാട്ടുനടത്തുന്നതായി അഭിനയിക്കുന്നതാണ് നായാട്ടുവിളി. അടവിക്കുശേഷം പൂപ്പട എന്ന ഒരു ചടങ്ങുകൂടി പടയണിയിലുണ്ട്. പ്രശ്ന പ്രകാരം പൂപ്പട നട ത്തണമെന്നറിയിക്കുന്നതോടെയാണ് പൂപ്പട ആരംഭിക്കുന്നത്. ഒരാളെ നടുക്കിരുത്തി ചുറ്റും നിന്ന് മാരൻപാട്ട് പാടുന്നു. പാട്ടുകഴിയുന്നതോടെ അയാൾ തുള്ളിയൊഴിയുന്നു. ഇതോടെ ബാധയും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം.

പടയണിയിലെ പ്രധാന ദിവസങ്ങളിലൊന്നിലാണ് അടവി നടത്തുന്നത്. “എഴുതിത്തുളളൽ' തുടങ്ങി മൂന്നാം ദിവസമോ, ആറാം ദിവസമോ ആണ് അടവി തുളുന്നത്. അടവി തുളുന്നതിന് നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ ആവശ്യമാണ്. ഇതിന്റെ ഭാഗമായ 'പാനയടി' എന്ന ചടങ്ങിനു കവുങ്ങും, മുളയും ഉപയോഗിച്ച് പന്തലുണ്ടാക്കുന്നു. വാദ്യങ്ങൾക്കിടെ പ്രാകൃതമായ ശബ്ദത്തിൽ ദേവതയെ വിളിച്ചുണർത്തുന്നു. ഈ സമയം വ്രതം അനുഷ്ഠിച്ചിരുന്നയാൾ തുള്ളിയുറഞ്ഞ് അടവിക്കളത്തിലെത്തി കരിക്കുകളെല്ലാം ഉടയ്ക്കുന്നു. പിന്നീട് 'കൊട്ടിച്ചാറ്റ്' എന്നറിയ പ്പെടുന്ന ദേവതാ സ്തുതി ഉണ്ടായിരിക്കും. അപ്പോഴേക്കും ദേവതയുടെ ഭസ്മം വാങ്ങി തുള്ളിയുറഞ്ഞ് പോയ തക്കാർ ചൂരലും പിഴുത് അടവിക്കളത്തിലെത്തുന്നു. നീളമുളള ചൂരലിൽ കിടന്ന് തെക്കുനിന്നും വടക്കോട്ട് ഓരോ ആളും ഉരുളുന്നു. ഉരുളിച്ചയിൽ ചൂരൽ മുള്ളറ്റ് ശരീരത്തിൽ നിന്നും പൊടിയുന്ന രക്തം കൊണ്ട് കാളി തൃപ്തിപ്പെടും എന്ന് ഗ്രാമീണർ വിശ്വസിക്കുന്നു.[1] പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ വൃക്ഷലതാദികൾ പിഴുതെറിഞ്ഞ് ഭദ്രകാളി പ്രകോപിപ്പിച്ച് യുദ്ധ സന്നദ്ധനാക്കിയതിന്റെ സ്മരണയിലാണ് അടവി. വിവിധസ്ഥലങ്ങളിൽനിന്ന്‌ കരക്കാർ കൊണ്ടുവരുന്ന മരങ്ങൾ ക്ഷേത്രമുറ്റത്ത് ഉയർത്തി കൃത്രിമവനം സൃഷിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈകോർത്തുതുള്ളുന്ന ഉടുമ്പ്നൃത്തം കൂട്ടായ്മയുടെ സന്ദേശം പകർന്നുനൽകുന്നു.[2]

മദ്ധ്യതിരുവിതാംകൂറിലെ പന്തളം, കുടശ്ശനാട്, കുരമ്പാല തുടങ്ങിയ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളിൽ എല്ലാ വർഷവും ഈ അനുഷ്ഠാനം നടത്താറുണ്ട്. ചൂരൽ ഉരുളിച്ച ശേഷം നാട്ടുകാർ കരിമ്പന, കവുങ്ങ്, മാവ്, മുള, വാഴ തുടങ്ങിയ വൃക്ഷങ്ങളുമായി അടവിക്കളത്തിലെത്തി, വനത്തിന്റെ പ്രതീതിയുണ്ടാക്കു മാറ് ഉയർത്തി നിറുത്തുന്നു. ശേഷം വൃക്ഷത്തിന്റെ ശിഖരങ്ങൾ ഒന്നൊന്നായി ചവിട്ടി ഒടിക്കുന്നു. ചുറ്റിലും ഓലക്കെട്ടുകൾ കൊണ്ട് തയ്യാറാക്കിയ അഗ്നിജ്വാലയുണ്ടായിരിക്കും. ഈ ചടങ്ങുകൾ അർദ്ധരാത്രിക്കുശേഷം തുടങ്ങി നേരം വെളുക്കുന്നതോടെ അവസാനിപ്പിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Vinod, A. R. (30 ജൂൺ 2003). "Visual aesthetics of form and colour in Theyyam and Padayani". University (in Other).{{cite web}}: CS1 maint: unrecognized language (link)
  2. "കോട്ടാങ്ങൽ കരയുടെ ഗണപതിക്കോലം തുള്ളി ഒഴിഞ്ഞു". Newspaper (in ഇംഗ്ലീഷ്). 31 ജനുവരി 2025.
"https://ml.wikipedia.org/w/index.php?title=അടവി_(പടയണി)&oldid=4460160" എന്ന താളിൽനിന്ന് ശേഖരിച്ചത്