അടപ്രഥമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടപ്രഥമൻ

അട ചേർത്തുണ്ടാക്കുന്ന പ്രഥമൻ അഥവാ പായസമാണ് അടപ്രഥമൻ. തനി കേരളീയമായ ഒരു വിശിഷ്ടഭോജ്യമാണ് ഇത്. ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരാറുള്ള വലിയ സദ്യകളിലെല്ലാം അടപ്രഥമൻ പ്രധാനമായ ഒരു ഇനമായിരിക്കും. പ്രഥമൻ പലതരമുണ്ടെങ്കിലും അവയിലെല്ലാം മുഖ്യമായത് അടപ്രഥമനാണ്. ഇതിന്റെ പാചകരീതി മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടുള്ളതാണ്.

പാകപ്പെടുത്തുന്ന വിധം[തിരുത്തുക]

പച്ചരി കുതിർത്ത് ഇടിച്ച് നേർമയുള്ള പൊടിയാക്കി വെള്ളംചേർത്ത് പാകത്തിന് കുഴച്ച് നെയ്യോ തേങ്ങാപ്പാലോ ചേർത്ത് മയപ്പെടുത്തി വാഴയിലയിൽ കനംകുറച്ച് പരത്തി ചുരുളുകളായികെട്ടി തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങണം. അതിനുശേഷം പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഇലയിൽനിന്നും അട വേർപെടുത്തി എടുക്കണം. ഈ അട നിർദിഷ്ട വലിപ്പത്തിൽ വാർന്നെടുത്ത് ഓട്ടുപാത്രത്തിലാക്കി അടുപ്പത്തുവച്ച് നാഴി അരിക്ക് ആറു പലം എന്ന കണക്കിൽ ശർക്കരചേർത്ത് ഇളക്കി വെള്ളം വറ്റുന്നതുവരെ വഴറ്റണം. വഴറ്റുമ്പോൾ ഇടയ്ക്കിടയ്ക്ക് പശുവിൻ നെയ്യ് ചേർക്കാറുണ്ട്. നാഴി അരിക്ക് നാല് എന്ന കണക്കിൽ, അധികം വിളഞ്ഞുപഴുക്കാത്ത തേങ്ങാ തിരുമ്മിപ്പിഴിഞ്ഞ് തലപ്പാൽ (ഒന്നാംപാൽ) എടുത്ത് പ്രത്യേകം സൂക്ഷിക്കണം. അവശേഷിക്കുന്ന പീര വെള്ളംചേർത്ത് തിരുമ്മിപ്പിഴിഞ്ഞ് രണ്ടാംപാൽ എടുക്കുക. വീണ്ടും വെള്ളംചേർത്ത് ഇടിച്ചുപിഴിഞ്ഞ് മൂന്നാംപാൽ എടുക്കണം. അതിനുശേഷം ശർക്കരയിൽ വഴറ്റി എടുത്ത അടയിൽ ആദ്യം മൂന്നാംപാലും നല്ലവണ്ണം തിളച്ചുവറ്റിയശേഷം രണ്ടാംപാലും ചേർത്ത് തിളപ്പിക്കണം. തിളച്ചു പാകമാകുമ്പോൾ അടുപ്പിൽനിന്നും വാങ്ങിവച്ച് ആദ്യം എടുത്ത തലപ്പാൽ ചേർത്ത് ഇളക്കണം. മധുരം കൂട്ടേണ്ടതുണ്ടെങ്കിൽ ആവശ്യാനുസരണം പഞ്ചസാര ചേർക്കാം. അതിനുശേഷം ചെറുതായി അരിഞ്ഞ കൊട്ടത്തേങ്ങയും എള്ള്, അണ്ടിപ്പരിപ്പ് എന്നിവയും നെയ്യിൽവരട്ടി എടുത്ത് പ്രഥമനിൽ ചേർക്കണം. ഇലയിൽ ഒഴിച്ചാൽ ഒഴുകിപ്പോകാത്ത പാകത്തിനാണ് പ്രഥമൻ തയ്യാറാക്കേണ്ടത്.

പാലട പായസം

അരിക്കുപകരം ഗോതമ്പോ അമേരിക്കൻമാവോ കൊണ്ടുണ്ടാക്കിയ അടചേർത്തും പ്രഥമൻ ഉണ്ടാക്കാറുണ്ട്.

പാലട പ്രഥമൻ[തിരുത്തുക]

ശർക്കരയ്ക്കുപകരം പഞ്ചസാരയും തേങ്ങാപ്പാലിനുപകരം പശുവിൻപാലും ചേർത്തുണ്ടാക്കുന്ന പ്രഥമനാണ് പാലടപ്രഥമൻ. അടപ്രഥമനുപയോഗിക്കുന്ന അടയേക്കാൾ കട്ടിയും വലിപ്പവും കുറഞ്ഞ അടയാണ് പാലട പ്രഥമനുപയോഗിക്കുന്നത്‌.ഇന്ന് ഏറ്റവുമധികം ജനപ്രിയമായ പായസമായി പാലടപ്രഥനെ കണക്കാക്കുന്നു.പാലടപ്രഥമന്റെ വരവോടുകൂടി ശർക്കര ചേർത്ത അടപ്രഥമന്റെ ജനപ്രിയത കുറഞ്ഞുപോയി. കേരളത്തിന്റെ ചില പ്രദേശങ്ങളിലെങ്കിലും മംഗളകരമായ ചടങ്ങിനോടുചേർന്നു നടത്തുന്ന സദ്യകളിൽ അടപ്രഥമന്റെ സ്ഥാനം പാലടപ്രഥമൻ കയ്യടക്കിയിരിക്കുന്നു

ഇതും കാണുക[തിരുത്തുക]

പഴ പ്രഥമൻ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടപ്രഥമൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടപ്രഥമൻ&oldid=3540911" എന്ന താളിൽനിന്ന് ശേഖരിച്ചത്