അജ്ഞാതവാസം
ആളറിയിക്കാതെയുള്ള വാസത്തെ അജ്ഞാതവാസം എന്നു പറയുന്നു. അക്ഷക്രീഡാവ്യവസ്ഥ അനുസരിച്ച് പാണ്ഡവൻമാർ ഒരാണ്ട് ആ വിധം കഴിച്ച ജീവിതത്തിനാണ് അജ്ഞാതവാസമെന്നു പ്രസിദ്ധി. യുധിഷ്ഠിരനും ദുര്യോധനനുവേണ്ടി ശകുനിയും തമ്മിൽ നടത്തിയ രണ്ടാമത്തെ ചൂതാട്ടത്തിന്റെ വ്യവസ്ഥ, തോല്ക്കുന്ന കക്ഷി പന്ത്രണ്ടുകൊല്ലം വനവാസവും ഒരു കൊല്ലം അജ്ഞാതവാസവും ചെയ്യണമെന്നായിരുന്നു. അജ്ഞാതവാസകാലത്ത് ജ്ഞാതരായിപ്പോയാൽ അവർ വീണ്ടും ഈ വിധം വനവാസവും അജ്ഞാതവാസവുമായി പതിമൂന്നു സംവത്സരം തരണം ചെയ്യണം. ചൂതിൽ തോറ്റത് യുധിഷ്ഠിരനായിരുന്നതിനാൽ വ്യവസ്ഥ പാലിക്കാൻ പാണ്ഡവൻമാർ പാഞ്ചാലിയോടൊത്തു നാടുവിട്ടു.
പാണ്ഡവരുടെ അജ്ഞാതവാസം
[തിരുത്തുക]പന്ത്രണ്ടുകൊല്ലത്തെ വനവാസംകഴിഞ്ഞ് അജ്ഞാതവാസത്തിന് സമയമായപ്പോൾ എവിടെ, ഏതു വേഷത്തിൽ, എന്തു ജോലിചെയ്ത് ഒരു കൊല്ലം ആളറിയിക്കാതെ കഴിച്ചു കൂട്ടാം എന്നു പാണ്ഡവൻമാർ കൂടിയാലോചിച്ചു. ഈ വിധമുള്ള താമസത്തിന് ഏറ്റവും പറ്റിയതായി വിരാടന്റെ മത്സ്യരാജ്യം തിരഞ്ഞെടുത്തു. തങ്ങൾ കൈക്കൊള്ളേണ്ടവേഷത്തെയും ജോലിയേയും സംബന്ധിച്ച് ഇങ്ങനെയും നിശ്ചയിച്ചു: യുധിഷ്ഠിരൻ ബ്രാഹ്മണവേഷത്തിൽ കങ്കൻ എന്ന നാമംധരിച്ച് വിരാടന്റെ സദസ്യനായി താമസിക്കുക; ഭീമൻ വലലൻ എന്ന പേരിൽ വിരാടന്റെ ആനക്കാരനും മല്ലനും പാചകനുമായി സേവനമനുഷ്ഠിക്കുക; അർജുനൻ ബൃഹന്നള എന്ന പേരിൽ ഒരു ഷണ്ഡനായി വിരാടരാജധാനിയിലുള്ള സ്ത്രീകളെ നൃത്തഗീതാദികൾ അഭ്യസിപ്പിക്കുക; നകുലൻ ഗ്രന്ഥികൻ എന്നപേരിൽ വിരാടന്റെ കുതിരക്കാരനായും സഹദേവൻ തന്ത്രിപാലൻ എന്നപേരിൽ കാലിമേയ്പുകാരനായും നില്ക്കുക; പാഞ്ചാലി വിരാടരാജ്ഞിയുടെ സൈരന്ധ്രിയായി ദാസ്യവൃത്തിചെയ്യുക. പാണ്ഡവൻമാർ ഈ നിശ്ചയമനുസരിച്ച് പ്രച്ഛന്നവേഷം ധരിച്ചു വിരാടരാജധാനിയിൽ എത്തി നിയുക്ത ജോലികളിൽ ഏർപ്പെട്ടു.
അജ്ഞതവാസക്കാലത്ത്
[തിരുത്തുക]അവർ അജ്ഞാതരായി കഴിയുന്ന കാലത്തു പല പ്രധാനസംഭവങ്ങളും ഉണ്ടായി. ഒരിക്കൽ രാജധാനിയിൽ ബ്രഹ്മോത്സവത്തോടനുബന്ധിച്ചു നടന്ന മല്പ്പിടുത്തത്തിൽ ജീമൂതൻ എന്നൊരു മഹാമല്ലനെ വലലൻ അടിപ്പെടുത്തിക്കൊന്നു. വേറൊരിക്കൽ സൈരന്ധ്രിയുടെ രൂപലാവണ്യം കണ്ടു കാമാന്ധനായിത്തീർന്ന രാജസ്യാലൻ കീചകനെയും വലലൻ തന്ത്രത്തിൽ വധിച്ചു. കീചകന്റെ വധവൃത്താന്തംകേട്ട്, പാണ്ഡവൻമാർ വിരാടരാജ്യത്തുണ്ടെന്ന് ശങ്ക തോന്നുകയാൽ ദുര്യോധനൻ, ത്രിഗർത്തരാജാവായ സുശർമാവുമായി ആലോചിച്ച് വിരാടനെതിരേ ഒരു ദ്വിമുഖാക്രമണത്തിനു പുറപ്പെട്ടു. ആദ്യം ത്രിഗർത്തന്റെ സൈന്യം വിരാടന്റെ രാജ്യത്തിൽ പ്രവേശിച്ചു. പാണ്ഡവൻമാരുടെ അജ്ഞാതവാസകാലാവധി അവസാനിച്ച ദിവസമായിരുന്നു അത്. വിരാടനു സഹായിയായിച്ചെന്ന വലലൻ ത്രിഗർത്തനെ ബന്ധനസ്ഥനാക്കുകയും അയാളുടെ സൈന്യത്തെ ഓടിക്കുകയും ചെയ്തു. പിറ്റേന്നു കൌരവൻമാർ കടന്നുകയറി ഗോഗ്രഹണം നടത്തിത്തുടങ്ങി. അവരോട് എതിരിടാൻ ബൃഹന്നളയെ സാരഥിയാക്കിക്കൊണ്ട് വിരാടപുത്രനായ ഉത്തരൻ തേരിൽ പുറപ്പെട്ടെങ്കിലും ശത്രുക്കളെ കണ്ടപ്പോൾ ഭയപ്പെട്ട് പിന്തിരിഞ്ഞോടി; ബൃഹന്നള ഉത്തരനെ ബലാത്ക്കാരമായി പിടിച്ചു തേരിൽ കൊണ്ടാക്കിയിട്ട്, അദ്ദേഹം തേരോടിച്ചാൽ മതിയെന്നും താൻ യുദ്ധം ചെയ്തുകൊള്ളാമെന്നും പറഞ്ഞ്, തന്റെയും സഹോദരൻമാരുടെയും പരമാർഥസ്ഥിതി വെളിപ്പെടുത്തിക്കൊടുത്തു. അർജുനൻ കൌരവസേനയെ തോല്പിച്ചോടിച്ച് പശുക്കളെ വീണ്ടെടുത്തുകൊണ്ടുമടങ്ങി. ശത്രുക്കളെ ജയിച്ചത് ഉത്തരൻതന്നെയാണെന്നു പറഞ്ഞുകൊള്ളാൻ അർജുനൻ അവന് അനുമതി നല്കി. ത്രിഗർത്തനോടെതിരിടാൻപോയ വിരാടൻ രാജധാനിയിലെത്തിയപ്പോൾ ഉത്തരൻ ഒറ്റയ്ക്കു കൌരവൻമാരെ തുരത്തിവിട്ടിരിക്കുന്നു എന്ന വാർത്തയുമായി ഉത്തരന്റെ ദൂതൻമാരും വന്നുചേർന്നു. രാജാവ് ഈ വിജയം ആഘോഷിക്കാൻ വട്ടംകൂട്ടി. ആഘോഷത്തിന്റെ ഭാഗമായി വിരാടനും കങ്കനും തമ്മിൽ ഒരു അക്ഷക്രീഡ നടത്തിക്കൊണ്ടിരിക്കുമ്പോൾ, ബൃഹന്നള സഹായിക്കാനുണ്ടെങ്കിൽ ഉത്തരനെന്നല്ല ആർക്കും ശത്രുക്കളെ ജയിക്കാം എന്നു കങ്കൻ ആവർത്തിച്ചു പറഞ്ഞു. പുത്രന്റെ ജയത്തെ ഇങ്ങനെ നിസ്സാരമാക്കി സംസാരിച്ച കങ്കനോട് അരിശംതോന്നിയ രാജാവ് ചൂതെടുത്ത് കങ്കന്റെ മുഖത്തേക്കെറിഞ്ഞു. ചൂതുകൊണ്ടു മുറിഞ്ഞ് കങ്കന്റെ മൂക്കിൽനിന്ന് ചോരയൊഴുകി. തത്സമയം രാജസന്നിധിയിൽ എത്തിച്ചേർന്ന ഉത്തരൻ ഈ കാഴ്ചകണ്ട് അന്ധാളിച്ചു. കൌരവൻമാരെ ജയിച്ചത് വാസ്തവത്തിൽ താനല്ലെന്നും താൻ ഭയപ്പെട്ടോടിയപ്പോൾ ഒരു ദേവകുമാരൻ തേരിൽ വന്നുകയറി തന്നെ പിടിച്ചു തേർത്തട്ടിലിട്ടുകൊണ്ട് കൌരവൻമാരെ ഏകനായി എതിർത്ത് ഓടിക്കുകയാണുണ്ടായതെന്നും തത്ക്കാലം മറഞ്ഞിരിക്കുന്ന ആ ദേവകുമാരൻ അടുത്തുതന്നെ അച്ഛനെ കാണുന്നതാണെന്നും ഉത്തരൻ വെളിപ്പെടുത്തി. അച്ഛനും മകനും കങ്കനോടുമാപ്പിരന്നു. മൂന്നാം ദിവസം രാവിലെ പാണ്ഡവൻമാർ തങ്ങളുടെ പ്രച്ഛന്നവേഷം മാറ്റി കുളിച്ച് ശുഭ്രവസ്ത്രധാരികളായി വിരാടന്റെ രാജസദസ്സിൽ പ്രവേശിച്ച് വരാസനങ്ങളിൽ ഇരുന്നു. അതുകണ്ട് ഈർഷ്യാകലുഷിതനായിത്തീർന്ന വിരാടനോട് അർജുനൻ സത്യാവസ്ഥയെല്ലാം പറഞ്ഞു. ഇങ്ങനെ അഭിജ്ഞാതരായിത്തീർന്ന പാണ്ഡവൻമാർക്കു വിരാടൻ സർവസ്വദാനം ചെയ്തതിനുപുറമേ അർജുനനു തന്റെ മകൾ ഉത്തരയെയും നല്കി. പക്ഷേ, അർജുനൻ അവളെ സ്വീകരിക്കാൻ വിസമ്മതിക്കുകയും തന്റെ പുത്രനായ അഭിമന്യുവിന് നല്കിയാൽ മതിയെന്ന് പറയുകയും ചെയ്തു. അജ്ഞാതവാസത്തിന്റെ വിജയകരമായ സമാപനത്തിനുശേഷം പാണ്ഡവൻമാർ ഉപപ്ളാവ്യത്തിൽ താമസിക്കുമ്പോഴാണ് ഭാരതയുദ്ധത്തിനു നാന്ദികുറിച്ച ഭഗവദ്ദൂതു നടന്നത്. ഈ ഇതിവൃത്തത്തെ ആധാരമാക്കി കുട്ടിക്കുഞ്ഞുതങ്കച്ചി,വി. കൃഷ്ണൻതമ്പി, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ എന്നിവർ ഭാഷാനാടകങ്ങളും വെൺമണിമഹൻ നമ്പൂതിരി ഒരു ആട്ടക്കഥയും രചിച്ചിട്ടുണ്ട്. ഇരയിമ്മൻതമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം എന്നീ രണ്ട് ആട്ടക്കഥകൾ പാണ്ഡവൻമാരുടെ അജ്ഞാതവാസകാലാനുഭവങ്ങളെ ഏതാണ്ട് സമഗ്രമായി ആവിഷ്കരിക്കുന്നു.
പഞ്ചരാത്രം
[തിരുത്തുക]ഭാസന്റെ കൃതികളുടെ സഞ്ചയമായ ഭാസനാടകചക്രത്തിലുൾപ്പെട്ട പഞ്ചരാത്രം എന്ന നാടകവും ഈ അജ്ഞാതവാസം വിഷയമാക്കിയുള്ളതാണ്. ഒരു യാഗം ചെയ്ത ധന്യനായ ദുര്യോധനൻ കൂടുതൽ ധന്യനാകാൻ ഗുരുവിനു ഒരു ആചാര്യദക്ഷിണ ചെയ്യാൻ ഒരുങ്ങുന്നു. പക്ഷേ ദ്രോണാചാര്യർ ആവശ്യപ്പെട്ടത് പാണ്ഡവർക്ക് രാജ്യം പങ്കിടണമെന്നാണ്. അതിനെ ശകുനി എതിർത്തപ്പോൾ സമവായം എന്ന നിലക്ക് അജ്ഞാതവാസത്തിൽബാക്കിയുള്ള അഞ്ച് രാത്രികൾക്കുള്ളിൽ അവരെ കുറിച്ച് വിവരം ശേഖരിച്ചാൽ നൽകാമെന്ന് ഒഴിഞ്ഞുമാറുന്നു. അതിനിടയിൽ കീചകവധം വാർത്ത കേട്ട ഭീഷ്മർ ഭീമസാന്നിധ്യം തിരിച്ചറിഞ്ഞ് ആ കരാർ സ്വീകരിക്കാൻ ദ്രോണരോട് നിർദ്ദേശിക്കുന്നു. യാഗത്തിൽ പങ്കെടുത്തില്ല എന്ന കാരണം പറഞ്ഞ വിരാടരാജ്യത്തുനിന്ന് ഗോഗ്രഹണം നിർദ്ദേശിക്കുന്നു. ബൃഹന്നള കൗരവരെ തോൽപ്പിക്കുന്നു. വലലൻ അഭിമന്യുവിനെ ആയുധമില്ലതെ തട്ടിയെടുക്കുന്നു. അഭിമന്യുവിനെ ബന്ദിയായി കൊണ്ടുവരുന്നു. യുദ്ധം ജയിച്ചതിന്റെ പാരിതോഷികമായി ഉത്തരയെ അഭിമന്യുവിനു നൽകുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അജ്ഞാതവാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |