അജീവമേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവികൾക്കു നിലനില്ക്കാൻ സാധ്യമല്ലാത്ത സമുദ്രമേഖല അജീവമേഖല (Azoic zone) എന്നു വിളിച്ചുവരുന്നു. സമുദ്രത്തിന്റെ അത്യഗാധതകളിൽ ജീവികൾക്കു നിലനില്ക്കുവാൻ സാധിക്കുകയില്ലെന്നായിരുന്നു മുമ്പുണ്ടായിരുന്ന വിശ്വാസം. കടൽമാർഗ്ഗം ഭൂമിയെ വലംവച്ച ഫ്രാൻസിസ് പെറോൺ (1775-1810) സമുദ്രങ്ങളിലെ താപനിലയെപ്പറ്റി നടത്തിയ പഠനങ്ങളായിരുന്നു ഈ വിശ്വാസത്തിന്നാധാരം. ആഴംകൂടുന്നതനുസരിച്ച് സമുദ്രാന്തർഭാഗത്തെ ഊഷ്മാവ് കുറഞ്ഞുവരുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അഗാധതകളുടെ അടിത്തട്ട് എപ്പോഴും ഹിമാവൃതമാണെന്ന് അദ്ദേഹം കരുതി. മെഡിറ്ററേനിയൻ കടലിൽ എഡ്വേർഡ് ഹോർബ്സ് (1815-54) നടത്തിയ ഗവേഷണങ്ങളും (1841-42) ആഴക്കടലിൽ ജീവികളില്ലെന്ന വിശ്വാസത്തെ ബലപ്പെടുത്തി. 300-700 മീറ്ററിൽ കൂടുതലുള്ള ആഴങ്ങൾ ജീവിരഹിതമാണെന്ന് ഹോർബ്സ് അഭിപ്രായപ്പെട്ടു. ഈ ഭാഗങ്ങളിൽ ജീവികളില്ലാതെ പോയത് പ്രാണവായുവിന്റെ അപര്യാപ്തതമൂലമായിരിക്കാമെന്ന് അദ്ദേഹം അനുമാനിച്ചു.

സൂര്യപ്രകാശത്തിന്റെയും സസ്യങ്ങളുടെയും അഭാവവും കൂടിയ ജലമർദവുമാണ് ജീവികളുടെ നിലനില്പിന് വിഘാതമെന്നു കരുതപ്പെട്ടിരുന്ന ആ കാലത്ത് മേല്പറഞ്ഞ അഭിപ്രായഗതി പലർക്കും സ്വീകാര്യമായി തോന്നി. ആദ്യമായി സമുദ്രത്തിന്റെ അഗാധതകളിലെ ജീവികളെപ്പറ്റി ശാസ്ത്രീയപഠനങ്ങൾ നടത്തി ചില വിവരങ്ങൾ നല്കിയത് നോർവേക്കാരനായ മൈക്കൽ സാഴ്സ് എന്ന ജന്തുശാസ്ത്രജ്ഞനായിരുന്നു. നോർവേയുടെ തീരത്ത് ഏകദേശം 550 മീ. ആഴത്തിൽനിന്ന് ശേഖരിച്ച 13 ജാതി ജന്തുക്കളുടെ വിവരങ്ങൾ 1851-ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചലഞ്ചർ ഗവേഷണപര്യടനം (187276) 500 മീറ്ററിൽ കൂടുതൽ ആഴങ്ങളിൽ നിന്ന് 1,500-ൽപ്പരം ജാതി ജീവികളെ വെളിച്ചത്തുകൊണ്ടുവന്നു. സമുദ്രത്തിന്റെ ഏറ്റവും ആഴംകൂടിയ ഭാഗങ്ങളിൽപോലും ജീവൻ നിലനില്ക്കുന്നുണ്ടെന്ന് പിന്നീട് നടന്ന പര്യവേക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

സമുദ്രമധ്യത്തിലെ ചില ഭാഗങ്ങൾ ജീവികളില്ലാത്തതായി കാണപ്പെടുന്നുണ്ടെങ്കിലും നിയതവും ഏകതാനവുമായ ജീവിരഹിതമേഖലകൾ നിർണയിച്ചിട്ടില്ല. കാസ്പിയൻകടൽ, കരിങ്കടൽ എന്നിവയുടെ ചില ഭാഗങ്ങളിലെയും ചില ഉൾക്കടലുകളിലെയും താഴത്തെ ജലപാളികൾ ഹൈഡ്രജൻ സൾഫൈഡിനാൽ ദൂഷിതമാക്കപ്പെട്ട് ജീവിരഹിതമേഖലകളായിത്തീരാറുണ്ട്. താഴെനിന്ന് മുകളിലേക്ക് 400 മീ. വരെ കനത്തിൽ ഇത് വ്യാപിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജീവമേഖല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജീവമേഖല&oldid=2315388" എന്ന താളിൽനിന്ന് ശേഖരിച്ചത്