അജീവജീവോത്പത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജീവികളുടെ ഉദ്ഭവം അജൈവവസ്തുക്കളിൽനിന്നാണ് എന്ന സിദ്ധാന്തമാണ് അജീവജീവോത്പത്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്വതഃജീവോത്പത്തി (spontaneous generation)[1] എന്നും പറയാറുണ്ട്. അരിസ്റ്റോട്ടിലിന്റെ കാലം മുതൽതന്നെ പ്രകൃതിശാസ്ത്രജ്ഞൻമാർ അജീവജീവോത്പത്തിസിദ്ധാന്തം ഒരംഗീകൃതവസ്തുതയായി സ്വീകരിച്ചിരുന്നു. വലിയ ജീവികളുടെ കാര്യത്തിൽ ഈ സിദ്ധാന്തം പലർക്കും സ്വീകാര്യമായിരുന്നില്ലെങ്കിലും ചെറിയ ജീവികളെല്ലാം ഈ വിധത്തിലാണ് ഉടലെടുക്കുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ചീഞ്ഞഴുകുന്ന വസ്തുക്കളിൽനിന്നും മണ്ണിൽനിന്നും മറ്റുമാണ് പലതരം പുഴുക്കളും ഈച്ചകളും ജൻമമെടുക്കുന്നതെന്ന വിശ്വാസം 17-ം ശതകത്തിന്റെ മധ്യംവരെ നിലനിന്നുപോന്നു.

സൂക്ഷ്മദർശിനിയുടെ ആവിർഭാവത്തോടെ സൂക്ഷ്മജീവികളുടെ ഒരു ലോകം അനാവരണം ചെയ്യപ്പെട്ടപ്പോൾ സ്വതഃജീവോത്പത്തിസിദ്ധാന്തത്തെക്കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ടാകാൻ തുടങ്ങി. 17-ം ശതകത്തിന്റെ മധ്യത്തിൽ വില്യം ഹാർവി ഒട്ടേറെ പരീക്ഷണങ്ങളുടെ ഫലമായി ഓരോ ജന്തുവും ഓരോ അണ്ഡത്തിൽനിന്നാണുണ്ടാകുന്നത് എന്ന അടിസ്ഥാനതത്ത്വം ആവിഷ്കരിച്ചു. അഴുകുന്ന മാംസത്തിൽ കാണുന്ന പുഴുക്കൾ ഈച്ചകളുടെ മുട്ടകളിൽനിന്നാണ് ഉണ്ടാകുന്നതെന്ന് 17-ം ശതകത്തിന്റെ ഉത്തരാർധത്തിൽ ഫ്രാൻസെസ്കോ റീഡി തെളിയിച്ചു. 18-ം ശതകത്തിൽ സസ്തനികളിൽ പ്രത്യുത്പാദനം നടക്കുന്നതിന് ബീജാണുക്കൾ അനിവാര്യമാണെന്ന് ലാസറോ സ്പല്ലൻസാനി സമർഥിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും, ഏകകോശജീവികൾ തുടങ്ങിയ സൂക്ഷ്മജീവികൾ അജൈവവസ്തുക്കളിൽ നിന്നുതന്നെയാണ് ഉദ്ഭവിക്കുന്നതെന്ന ചിന്താഗതി പിന്നെയും നിലനിന്നു.

1861-ൽ ലൂയി പാസ്ചർ പ്രസിദ്ധീകരിച്ച ഏതാനും പ്രബന്ധങ്ങളിൽ അജീവജീവോത്പത്തിസിദ്ധാന്തം തികച്ചും തെറ്റാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുകയുണ്ടായി. ലഹരിപാനീയങ്ങളിലും മറ്റും നടക്കുന്ന കിണ്വന(fermentation)ത്തിന്[2] നിദാനമായ അണുജീവികൾ ലായനികളിൽത്തന്നെ സ്വയമേവ ഉണ്ടാകുന്നതാണെന്ന നിഗമനം തെറ്റാണെന്നും ബാഹ്യാന്തരീക്ഷത്തിൽനിന്ന് അണുജീവികൾ പ്രവേശിക്കാനിടയായാൽ മാത്രമേ കിണ്വനം നടക്കുകയുള്ളു എന്നും തികച്ചും ലളിതമായ ഒരു പരീക്ഷണംവഴി അദ്ദേഹം തെളിയിച്ചു. അങ്ങനെ ഒരു ജീവിയിൽനിന്നുമാത്രമേ മറ്റൊരു ജീവി ഉടലെടുക്കുകയുള്ളു എന്ന ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വം (Biogenesis)[3] ഏറ്റവും സമർഥമായ വിധത്തിൽ പാസ്ചർ ആവിഷ്കരിച്ചു. അതോടെ അജീവജീവോത്പത്തിസിദ്ധാന്തം അടിസ്ഥാനരഹിതമാണെന്ന് അംഗീകരിക്കപ്പെട്ടു.

ചാൾസ് ഡാർവിൻ

പക്ഷേ ഇതുകൊണ്ടും പ്രശ്നമവസാനിച്ചില്ല. ഈ കാലത്തുതന്നെയാണ് ചാൾസ് ഡാർവിൻ തന്റെ പരിണാമസിദ്ധാന്തം ആവിഷ്കരിച്ചത്. ഈ രണ്ടു സിദ്ധാന്തങ്ങളും ഏറ്റവും പ്രാഥമികമായ ജീവികൾ ആദ്യമായി ഭൂമുഖത്ത് എങ്ങനെ ഉടലെടുത്തു എന്ന പ്രശ്നത്തിന് ഉത്തരം നല്കിയില്ല. ആ പ്രശ്നത്തിന്റെ പരിഹാരം അപ്രാപ്യമാണെന്ന ധാരണയാണ് അന്ന് പല ശാസ്ത്രജ്ഞരും പുലർത്തിപ്പോന്നത്. എന്നാൽ തോമസ് ഹെന്റി, ഹക്സിലി, ജോൺ ടിൻഡൽ തുടങ്ങിയ ശാസ്ത്രജ്ഞർ അജൈവപദാർഥങ്ങളിൽനിന്നാണ് ആദ്യമായി ജീവികൾ ഉദ്ഭവിച്ചതെന്ന വാദഗതി ഉയർത്തിപ്പിടിച്ചു. പക്ഷേ എങ്ങനെയാണ് അതുസംഭവിച്ചതെന്ന് വിശദീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

രാസപരിണാമസിദ്ധാന്തം[തിരുത്തുക]

അതിസങ്കീർണമായ ഈ പ്രശ്നത്തിനുള്ള ഉത്തരം ലഭിച്ചത് 20-ം ശതകത്തിന്റെ ആദ്യത്തിൽ ഗൌലാൻഡ് ഹോപ്കിൻസ് ജൻമമേകിയ ജൈവരസതന്ത്രത്തിൽനിന്നാണ്. 1920-കളിൽ ഒരു റഷ്യൻ ജൈവരസതന്ത്രജ്ഞനായ എ.ഐ. ഒപാരിനും ബ്രിട്ടിഷ് ജീവശാസ്ത്രജ്ഞനായ ജെ.ബി.എസ്. ഹാൽഡേനും പരസ്പരം അറിയാതെ, രാസവസ്തുക്കളുടെ ക്രമികമായ പരിണാമംവഴി എങ്ങനെ ആദ്യജീവികൾ ഉടലെടുത്തു എന്ന് വിശദീകരിച്ചു. ഇവർ രണ്ടുപേരുടെയും സിദ്ധാന്തങ്ങൾക്ക് അടിസ്ഥാനപരമായ സാദൃശ്യമുണ്ട്. ചില പരിഷ്കാരങ്ങളോടെയാണെങ്കിലും ഈ വിഷയത്തിൽ സ്വീകാര്യമായ സിദ്ധാന്തം ഇവരുടേതാണ്. ഈ സിദ്ധാന്തപ്രകാരം, പ്രാചീനസമുദ്രാന്തരീക്ഷത്തിൽവച്ചുനടന്ന രാസപരിണാമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം: അണുവിൽനിന്ന് തൻമാത്രയിലേക്ക് തൻമാത്രയിൽനിന്ന് പോളിമറിലേക്ക്പോളിമറിൽനിന്ന് ജീവിയിലേക്ക്. ഇവരുടെ സിദ്ധാന്തം വെറും പരികല്പനയായിട്ടാണ് ആദ്യം നിലനിന്നിരുന്നത്. 1953-ൽ എസ്.എൻ. മില്ലർ ശ്രദ്ധേയമായ ഒരു പരീക്ഷണത്തിലൂടെ ഈ സിദ്ധാന്തത്തിന് പരീക്ഷണപരമായ അടിസ്ഥാനമിട്ടു. അമോണിയ, മീഥേൻ, ജലം, ഹൈഡ്രജൻ എന്നിവ വിവിധ രൂപത്തിലുള്ള വൈദ്യുതോത്തേജനത്തിന് വിധേയമാക്കിയപ്പോൾ അമിനോ അമ്ലങ്ങൾ, പഞ്ചസാരകൾ തുടങ്ങിയ ജൈവസംയുക്തങ്ങൾ രൂപംകൊണ്ടു. ഇപ്പോൾ ഏറ്റവും സങ്കീർണമായ ന്യൂക്ളിയിക്കമ്ളങ്ങൾ വരെയുള്ള ജൈവസംയുക്തങ്ങൾ കൃത്രിമമായി നിർമ്മിക്കാൻ കഴിയുന്നുണ്ട്.

നിരവധി പരീക്ഷണങ്ങളുടെ ഫലമായി അജൈവവസ്തുക്കളിൽനിന്ന് ജൈവവസ്തുക്കൾ ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് തെളിഞ്ഞു. എന്നാൽ ജീവികളുടെ ആവിർഭാവത്തിന് ഉതകുംവിധം ഇത്തരം രാസപരിണാമങ്ങൾ ഇന്ന് ഭൂമിയിൽ നടക്കുന്നില്ല. ഭൂമിയുടെ അന്തരീക്ഷത്തെ ആവരണം ചെയ്യുന്ന ഓസോൺ (ozone)[4] വലയവും ജീവികളുടെ സാന്നിധ്യവും ഇതിന് കാരണമാണ്. തൻമൂലം രാസപരിണാമംവഴിയുള്ള അജീവജീവോത്പത്തി ഭൂമിയുടെ പ്രാഥമിക ദശയിൽമാത്രമേ നടന്നിട്ടുള്ളു എന്ന് കരുതപ്പെടുന്നു. അങ്ങനെ ജീവികൾ ആദ്യമായി ഉടലെടുത്തത് അജീവജീവോത്പത്തി വഴിയും പിന്നീടുള്ള ജീവലോകത്തിന്റെ നിലനിൽപ് ജൈവജീവജനനം (Biogenesis) വഴിയുമാണ് എന്ന നിഗമനമാണ് ആധുനികജീവശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജീവജീവോത്പത്തി&oldid=2279814" എന്ന താളിൽനിന്ന് ശേഖരിച്ചത്