കെ. അജിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അജിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.അജിത
ജനനം 1950 ഏപ്രിൽ 13(1950-04-13)
കോഴിക്കോട്
മതം നിരീശ്വരവാദി
ജീവിത പങ്കാളി(കൾ) ടി.പി.യാക്കൂബ്
കുട്ടി(കൾ) ഗാർഗി (മകൾ)

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻ‌കാല നേതാക്കളിൽ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്.

ബാല്യം[തിരുത്തുക]

1950 ഏപ്രിലിൽ കോഴിക്കോട്ട് ജനിച്ചു. അച്ഛൻ കുന്നിക്കൽ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവർത്തകരായിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്ടീയത്തിൽ ആകൃഷ്ടയായിരുന്നു. അച്ഛൻ കുന്നിക്കൽ നാരായണനായിരുന്നു അജിതയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനും ഗുരുവും വഴികാട്ടിയും.[1] കുന്നിക്കൽ നാരായണൻ 1979 ഇൽ മരിച്ചു. അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. മന്ദാകിനി ഇടതുപക്ഷപ്രവർത്തനത്തിൽ ആകൃഷ്ട ആവുകയും നിരീശ്വരവാദം മതമായി തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവർത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ കുന്നിക്കൽ നാരായണനെ വിവാഹം കഴിക്കുകയും ചെയ്തു. കോഴിക്കോട് അച്യുതൻ ഗേൾസ് ഹൈ സ്കൂളിലായിരുന്നു അജിതയുടെ പ്രാഥമിക വിദ്യാഭ്യാസം. 1964 -ൽ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെത്തന്നെ സഹപാഠികളെ ഒരുമിപ്പിച്ച് കേന്ദ്രസർക്കാർ റേഷൻ വെട്ടിക്കുറച്ചതിനെതിരെ ജാഥ നടത്തുകയും ചെയ്തു.[2]

നക്സൽ പ്രസ്ഥാനവും അജിതയും[തിരുത്തുക]

2017ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

പ്രീഡിഗ്രി വിദ്യാഭ്യാസകാലത്തു തന്നെ പിതാവ് പിന്തുടർന്ന വഴി തന്നെ അജിതയും തിരഞ്ഞെടുത്തു.[3] 1960 കളുടെ അവസാനത്തിൽ അജിത നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി. തലശ്ശേരി-പുൽപ്പള്ളി ‘ആക്ഷനുകൾ’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത. കുന്നിക്കൽ നാരായണന്റെയും അജിതയുടെയും മറ്റും നേതൃത്വത്തിൽ കേരളത്തിൽ രൂപംകൊണ്ട നക്സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ 'ഉന്മൂലന'സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മർദ്ദനോപകരണമായ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്ന നയമാണ് ഇവർ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷനുകൾക്കെതിരെ ആക്രമണം നടത്തിയത്. പുൽപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസിൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ, അജിത കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു. ഈ കേസിൽ അജിത ഉൾപ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 1968 മുതൽ 72 വരെ ജയിൽവാസമനുഭവിച്ചു പുൽപ്പള്ളി നക്സൽ ആക്ഷനിൽ അജിത പോലീസ്‌സ്റ്റേഷൻ ആക്രമിച്ച് ഇൻസ്പെക്ടറുടെ കൈ വെട്ടിയ കേസിൽ പ്രതിയാണ്. അന്നു 19 വയസ്സു മാത്രമുള്ള അജിത ഈ ആക്ഷനുകളുടെ തിരിച്ചടിയായി 1968 ഇൽ അറസ്റ്റുചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ വെച്ച് അജിത കൊടിയ ക്രൂരതകൾക്ക് ഇരയായി. അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ച ഒരു സംഭവമായിരുന്നു.പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളിൽ പിടിച്ചുനിൽക്കുന്ന അജിതയുടെ ചിത്രം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പോസ്റ്റർ ചിത്രമാണ്. അജിത വർഷത്തോളം ജയിൽ‌വാസം അനുഭവിച്ചു.


ഒരു മനോരമ പത്ര ഫോട്ടോഗ്രാഫർ പോലീസുകാരെ കബളിപ്പിച്ച് അജിതയുടെ ലോക്കപ്പിലെ ചിത്രം എടുത്ത് പത്രത്തിൽ കൊടുത്തതുകൊണ്ടാണ് അജിതയെ അറസ്റ്റ് ചെയ്ത വിവരം പോലീസിന് സമ്മതിക്കേണ്ടിവന്നതെന്നും അല്ലെങ്കിൽ അജിത ആരോരുമറിയാതെ കൊല്ലപ്പെടുമായിരുന്നു എന്നും ആ മനോരമ ഫോട്ടോഗ്രാഫർ തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നു.[4] ജയിൽമോചിതയായശേഷം കലാകൌമുദി വാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകൾ പിന്നീട് ഓർമക്കുറിപ്പുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിൽ അജിതയുടെ ആത്മകഥയ്ക്ക് ശ്രദ്ധേയമായ സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തനം[തിരുത്തുക]

കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തിയ അജിത, കുപ്രസിദ്ധിയാർജ്ജിച്ച ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിനെ കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരുവാൻ നിസ്തുലമായ പങ്ക് വഹിച്ചു. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സൂര്യനെല്ലി പെൺ‌വാണിഭക്കേസിൽ പ്രതിചേർക്കപ്പെട്ട ഡോ. പി.ജെ.കുര്യനെതിരെ പ്രചരണം നടത്തി. അന്ന് ഡോ. പി.ജെ.കുര്യൻ 10,000-ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഇപ്പോൾ കോഴിക്കോട് താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. കെ., അജിത (2011 (ഏഴാം പതിപ്പ്)). ഓർമ്മക്കുറിപ്പുകൾ. ഡി.സി.ബുക്സ്. p. 5. ഐ.എസ്.ബി.എൻ. 81-7130-285-8. "പിതാവ് കുന്നിക്കൽ നാരായണനെക്കുറിച്ച് ആത്മകഥയുടെ മുഖവുരയിൽ"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. കെ., അജിത (2011). ഓർമ്മക്കുറിപ്പുകൾ. ഡി.സി.ബുക്സ്. p. 11-12. ഐ.എസ്.ബി.എൻ. 81-7130-285-8. 
  3. ഷൈനി, ജേക്കബ് (12-ജനുവരി-1999). "വ‍ർഗീസിനെ പോലീസ് മൃഗീയമായി കൊന്നതാണെന്ന് എല്ലാവർക്കും അറിയാം - അജിത". റീഡിഫ് ന്യൂസ്. ശേഖരിച്ചത് 09-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  4. "മനോരമ ചീഫ് കറസ്പോണ്ടന്റ്, പി.ഗോപിയുമായുള്ള അഭിമുഖം". മലയാള മനോരമ. 04-ഏപ്രിൽ-1993.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=കെ._അജിത&oldid=2492766" എന്ന താളിൽനിന്നു ശേഖരിച്ചത്