Jump to content

അച്യുത് പട്‌വർദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്യുതറാവു പട്‌വർദ്ധൻ
ജനനം(1905-02-05)5 ഫെബ്രുവരി 1905
മരണം5 ഓഗസ്റ്റ് 1992
വാരാണസി, ഇന്ത്യ
സംഘടന(കൾ)ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ സമരം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്നു അച്യുത് പട്‌വർദ്ധൻ (5 ഫെബ്രുവരി 1905 - 5 ഓഗസ്റ്റ് 1992). സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകനായിരുന്നു. സമൂഹത്തിലെ അടിസ്ഥാനപരമായ മാറ്റം വ്യക്തിയിൽ നിന്നും ആരംഭിക്കുന്നു എന്ന് വിശ്വസിച്ച ഒരു തത്ത്വചിന്തകൻ കൂടിയായിരുന്നു അദ്ദേഹം[1].

ആദ്യകാലജീവിതം

[തിരുത്തുക]

അച്യുതന്റെ അച്ഛൻ ഹരി കേശവ് പട്‌വർദ്ധൻ, അഹമദ് നഗറിലെ ഒരു അഭിഭാഷകനായിരുന്നു. ഇദ്ദേഹത്തിന്റെ ആറ് പുത്രന്മാരിൽ നാലമനായിരുന്നു അച്യുത്. അദ്ദ്ദേഹത്തിന് നാല് വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ ഡെപ്യൂട്ടി വിദ്യാഭ്യാസ ഇൻസ്പെക്ടറായി വിരമിച്ച സീതാറാം പട്‌വർദ്ധൻ അദ്ദേഹത്തെ ദത്തെടുത്തു.

അഹമ്മദ് നഗറിൽ പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അച്യുത് ബനാറസിലെ സെൻട്രൽ ഹിന്ദു കോളേജജിൽ നിന്നും ബി. എ., എം. എ. എ. പരീക്ഷകൾ പാസ്സായി. സാമ്പത്തികശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. തുടർന്ന് അദ്ദേഹം ഡോ. ആനി ബെസന്റ് സ്ഥാപിച്ച കോളേജിൽ ചേർന്നു. ഡോ. ജി. എസ്. അരുണ്ഡേൽ, കോളേജ് തിയോസഫിസ്റ്റ് പ്രിൻസിപ്പാൾ ഡോ. ആനി ബസന്റ്, പ്രൊഫസർ തെലങ്ക് തുടങ്ങിയവരുമായി സമ്പർക്കത്തിൽ ആയിരുന്നു. അവരുടെ സ്വാധീനം അദ്ദേഹത്തെ പഠനം, ധ്യാനം, സന്യാസം തുടങ്ങിയ മേഖലകളിൽ തൽപ്പരനാക്കി. ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരാൻ കാരണവും ഇതു തന്നെയാണെന്ന് കരുതപ്പെടുന്നു.

സ്വാതന്ത്ര്യസമര രംഗത്ത്

[തിരുത്തുക]

എം.എ. പഠനത്തിനു ശേഷം കോളേജിൽ ഇക്കണോമിക്സ് പ്രൊഫസറായി ജോലിചെയ്തിരുന്ന പട്വർദ്ധൻ, ഈ കാലയളവിൽ ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സന്ദർശിച്ചു. സോഷ്യലിസ്റ്റ് നേതാക്കളുമായും പണ്ഡിതന്മാരുമായും അദ്ദേഹം ബന്ധപ്പെട്ടു. കമ്മ്യൂണിസ്റ്റ് സാഹിത്യവും സോഷ്യലിസ്റ്റ് സാഹിത്യവും പഠിച്ചു. 1932-ൽ തന്റെ ജോലി രാജിവെച്ച് നിസ്സഹകരണപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. തുടർന്നുള്ള പത്തു വർഷത്തിനിടയിൽ പല തവണ ജയിലിലടക്കപ്പെട്ടു.

ആചാര്യ നരേന്ദ്ര ദേബ്, ജയപ്രകാശ് നാരായൺ തുടങ്ങിയവരോടൊത്ത് കോൺഗ്രസിലേക്ക് ചേക്കേറി കോൺഗ്രസിനെ സോഷ്യലിസത്തിലേക്ക് മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1934 ൽ, അദ്ദേഹവും സുഹൃത്തുക്കളും സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾക്കായി കോൺഗ്രസിനുള്ളിൽ നിന്ന് പ്രവർത്തിക്കാനായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി രൂപീകരിച്ചു. 1936 ൽ ജവഹർലാൽ നെഹ്രു അച്യുതനെ കോൺഗ്രസ് വർക്കറ്റിംഗ് കമ്മിറ്റിയിൽ അംഗമാക്കിയെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം രാജിവെച്ചു. അതിനുശേഷം നെഹ്റുവിന്റെ ക്ഷണം നിരസിക്കുകയും ചെയ്തു. 1935 മുതൽ 1941 വരെ അദ്ദേഹം ശിബിരങ്ങൾ (യുവാക്കൾക്കായുള്ള വിദ്യാഭ്യാസ ക്യാമ്പുകൾ) സംഘടിപ്പിക്കുകയും അവരെ സോഷ്യലിസം പഠിപ്പിക്കുകയും സോഷ്യലിസ്റ്റ് പ്രവർത്തനങ്ങൾക്കായി അവരെ ഒരുക്കുകയും ചെയ്തു.

1942 ൽ ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 1945-46 കാലത്ത് അദ്ദേഹം ഒളിവിൽ പോയി അറസ്റ്റ് ഒഴിവാക്കി. പ്രധാനമായും സത്താറ ജില്ലയിൽ ഒരു സമാന്തര ഗവൺമെന്റ് അദ്ദേഹം വിജയകരമായി നടപ്പാക്കി. ഇതേത്തുടർന്ന് അദ്ദേഹം പിന്നീട് ‘സത്താറയുടെ സിംഹം’ എന്ന് വിളിക്കപ്പെട്ടിരുന്നു. ഈ സമാന്തര സർക്കാറിനായി ബ്രിട്ടീഷ് സർക്കാർ ഓഫീസുകൾ, ഖജനാവുകൾ, ട്രെയിനുകൾ എന്നിവ കൊള്ളയടിച്ച സംഘങ്ങളുടെ നേതാവായിരുന്നു നാനാ പാട്ടീൽ. അങ്ങനെ അവർ ഒരു ലക്ഷത്തിലധികം രൂപ കൊള്ളയടിച്ചെടുത്തു. ഈ സംഘങ്ങളിലെ ചിലരെങ്കിലും രാഷ്ട്രീയമോ സോഷ്യലിസമോ അറിയാത്ത വെറും കുറ്റവാളികളായിരുന്നു. ഗവൺമെൻറ് സംവിധാനം പൂർണമായും തകർന്ന ഗ്രാമങ്ങളിൽ സമാന്തര സർക്കാർ അധികാരം സ്ഥാപിച്ചു. അച്യുത് ഈ പ്രസ്ഥാനത്തിലെ പ്രവർത്തകരെ നേരിട്ട് സേവിച്ചിരുന്നു. അദ്ദേഹം അവരുടെ വസ്ത്രങ്ങൾ കഴുകുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്തു. ഒളിവിലിരുന്ന് രണ്ടു വർഷത്തിലേറെക്കാലം സത്താറ ജില്ലയിൽ ഈ ജനകീയ ഗവൺമെന്റ് നടത്തിയ അച്യുത് പട്‌വർദ്ധന് ഒരു വീരനായക പരിവേഷം ലഭിക്കുകയുണ്ടായി.

അവലംബം

[തിരുത്തുക]
  1. SINGH, KULDIP (22 August 1992). "Obituary: Achyut Patwardhan". The Independent. Retrieved 17 May 2011.
"https://ml.wikipedia.org/w/index.php?title=അച്യുത്_പട്‌വർദ്ധൻ&oldid=2867371" എന്ന താളിൽനിന്ന് ശേഖരിച്ചത്