അച്ചിസൺ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യക്കാർക്ക് സിവിൽ സർവീസിൽ ഉയർന്ന ഉദ്യോഗങ്ങൾ നല്കാനുള്ള സാധ്യതയെപ്പറ്റി ആരായാനും ഇന്ത്യൻ പബ്ളിക് സർവീസ് കമ്മിഷൻ നിയമങ്ങൾ ഏകീകരിക്കാനുമായി ഇന്ത്യൻ വൈസ്രോയിയായിരുന്ന ഡഫറിൻ പ്രഭു (1826-1902), പഞ്ചാബിലെ മുൻ ലഫ്. ഗവർണറായിരുന്ന സർ ചാൾസ് അച്ചിസന്റെ അധ്യക്ഷതയിൽ നിയമിച്ച കമ്മിഷൻ. 1886 നവംബർ 4-ന് രൂപവത്ക്കരിക്കപ്പെട്ട ഈ കമ്മിഷനിൽ അധ്യക്ഷനെ കൂടാതെ 16 അംഗങ്ങൾ (സെക്രട്ടറി ഉൾപ്പെടെ) ഉണ്ടായിരുന്നു. ഇതിൽ ഇന്ത്യക്കാരായി ആറുപേർ (ഹിന്ദു 4, മുസ്ലീം 2) മാത്രമാണുണ്ടായിരുന്നത്.

കവനന്റഡ് സർവീസിലേക്ക് നീക്കിവച്ചിട്ടുള്ള ഉദ്യോഗങ്ങൾ പ്രൊവിൻഷ്യൽ സർവീസിലേക്ക് മാറ്റി, തുറന്ന മത്സരപരീക്ഷ നടത്തിയോ താഴ്ന്ന ഉദ്യോഗസ്ഥൻമാർക്ക് ഉദ്യോഗക്കയറ്റം നല്കിയോ ആളെ നിയമിക്കണമെന്നായിരുന്നു കമ്മിഷന്റെ ഒരു ശിപാർശ. മത്സരപരീക്ഷയ്ക്കുള്ള പ്രായപരിധി 23 ആക്കി ഉയർത്തുന്നതിന് കമ്മിഷനനുകൂലമായിരുന്നു. കവനന്റഡ്, അൺകവനന്റഡ് സർവീസുകൾ യഥാക്രമം ഇംപീരിയൽ, പ്രൊവിൻഷ്യൽ സർവീസുകളാക്കി മാറ്റാനും പ്രൊവിൻഷ്യൽ സർവീസിനുതാഴെ ഒരു സബോർഡിനേറ്റ് സർവീസുണ്ടാക്കാനും കമ്മീഷൻ ശിപാർശ ചെയ്തു. ഇംഗ്ലണ്ടിലും ഇന്ത്യയിലും വച്ച് ഐ.സി.എസ്. പരീക്ഷ നടത്തുന്നതിനെ കമ്മിഷൻ അനുകൂലിച്ചില്ല. കമ്മിഷന്റെ പൊതുസർവീസുകളെ സംബന്ധിച്ചുള്ള ശിപാർശകൾ ഗവൺമെന്റ് അംഗീകരിച്ചു. കവന്റഡ് സിവിൽ സർവീസ് അക്കാലം മുതൽ ഇന്ത്യൻ സിവിൽ സർവീസായി മാറി. ഇംഗ്ളണ്ടിലും ഇന്ത്യയിലും എല്ലാ മത്സരപരീക്ഷകളും നടത്തണമെന്നപ്രമേയം ബ്രിട്ടിഷ് ജനപ്രതിനിധിസഭ 1893-ൽ അംഗീകരിച്ചതിനെത്തുടർന്ന് കമ്മിഷന്റെ അവസാനത്തെ ശിപാർശയ്ക്ക് പ്രസക്തിയില്ലാതായി.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചിസൺ കമ്മീഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അച്ചിസൺ_കമ്മീഷൻ&oldid=1781502" എന്ന താളിൽനിന്ന് ശേഖരിച്ചത്