Jump to content

അച്ചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടു കക്ഷികൾ തമ്മിൽ കരാർ ഉണ്ടാക്കുമ്പോൾ അതു നിറവേറ്റുമെന്ന ഉറപ്പിന് ഉപോദ്ബലകമായി ഒരു കക്ഷി മറ്റേ കക്ഷിക്കു മുൻകൂറായി കൊടുക്കുന്ന പണമാണ് അച്ചാരം. അതായത്, ഒരു കരാറിന് നിയമസാധുത വരുത്തുകയും ഒരു കക്ഷി അതു നിറവേറ്റിയില്ലെങ്കിൽ ആ വീഴ്ച മൂലം ഉണ്ടാകുന്ന നഷ്ടത്തിന് അയാൾ ഉത്തരവാദിയായിരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്ന ഒരു പണക്കൈമാറ്റം ആണിത്. ഇടപാടുകൾ കരാറ് അനുസരിച്ച് നടക്കാതെവരുന്ന സന്ദർഭങ്ങളിൽ അച്ചാരം തന്നെ നഷ്ടപരിഹാരമായി മാറുന്നു. മറ്റു ചിലതിൽ അച്ചാരത്തിനു പുറമേ നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. അപ്പോഴെല്ലാം അച്ചാരം നഷ്ടപരിഹാരമായിട്ടല്ല, കരാറിലെ ഉത്തരവാദിത്തത്തിന്റെ ഒരു പ്രതീകം മാത്രമായിട്ടാണ് നിലകൊള്ളുന്നത്.

അച്ചാരം എന്ന വാക്കിന്റെ ഉദ്ഭവത്തെപ്പറ്റി അഭിപ്രായ വ്യത്യാസമുണ്ട്. സത്യംകാരം എന്ന സംസ്കൃതപദത്തിൽനിന്ന് ഇതിനെ വ്യുത്പാദിപ്പിക്കുവാൻ ചിലർ ശ്രമിച്ചുകാണുന്നു. എന്നാൽ മലയാളത്തിൽ അച്ചു, വാരം എന്ന രണ്ടു വാക്കുകളിൽനിന്ന് ഈ ശബ്ദത്തെ നിഷ്പാദിപ്പിക്കാൻ കഴിയും. ('അച്ച്' - നാണ്യം; 'വാരം' - വരവ്) ഇവിടെ മുൻകൂറായി വന്ന ധപണം പറ്റിയ (earnest money) എന്ന അർഥം സിദ്ധിക്കുന്നു.

വിവാഹനിശ്ചയം എന്ന അർഥത്തിൽ അച്ചാരക്കല്യാണം എന്ന പ്രയോഗം ചില പ്രദേശങ്ങളിൽ പ്രചാരത്തിലിരിക്കുന്നു. വിവാഹം നടപ്പിൽ വരുത്തും എന്ന ഒരു വാഗ്ദാനം ഒരടിയന്തിരമായി രൂപം കൊള്ളുമ്പോഴാണ് ഈ സംജ്ഞ പ്രയോഗിക്കുന്നത്.

ഗുണ്ടർട്ടിന്റെ മലയാളം നിഘണ്ടുവിൽ, മകളെ രാജാവിനു അച്ചാരം വച്ചു എന്ന പ്രയോഗം ഒരു പഴയ പുസ്തകത്തിൽ (ടിപ്പുകഥ) നിന്ന് ഉദ്ധരിച്ചിട്ട്, അച്ചാരം വച്ചു എന്നതിന് വിവാഹവാഗ്ദാനം ചെയ്തു എന്ന് അർഥം പറഞ്ഞിരിക്കുന്നു.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അച്ചാരം&oldid=3838196" എന്ന താളിൽനിന്ന് ശേഖരിച്ചത്