അഘോരപഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിർഗുണാദ്വൈതവാദവുമായി സാദൃശ്യമുള്ള ഒരു മതമാണ് അഘോരപഥം. സരഭംഗം എന്നും അവധൂതമതം എന്നും ഇതിന് പേരുകളുണ്ട്. ഈ മതത്തിന്റെ ചിന്താപദ്ധതിയുടെ പ്രാരംഭരൂപം അഥർവവേദത്തിൽ കാണുന്നു. ശ്വേതാശ്വതരോപനിഷത്തിൽ ശിവനെ വർണിക്കുന്ന സൂക്തങ്ങളിൽ അഘോര പദം പ്രയോഗിച്ചിട്ടുണ്ട്. അരിസ്റ്റോട്ടൽ, പ്ലീനി, മാർക്കോപ്പോളോ തുടങ്ങിയ പാശ്ചാത്യ ചിന്തകന്മാരും അഘോരചിന്താപദ്ധതിയുമായി സാമ്യമുള്ള ചില സിദ്ധാന്തങ്ങളെപ്പറ്റി സൂചിപ്പിക്കുന്നു. പുരാതന ഇറാനിലും ഇതിനോടു ബന്ധപ്പെട്ട ഒരു ചിന്താപ്രസ്ഥാനം നിലവിലിരുന്നു. ശൈവമതത്തോടും ഗോരഖ് പന്ഥിനോടും അഘോരപഥസിദ്ധാന്തങ്ങൾക്ക് അടുപ്പമുണ്ട്. ആധുനികഭാരതത്തിൽ ഈ മതത്തിന് വളരെ കുറച്ച് അനുയായികളേ ഉള്ളൂ. രാജസ്ഥാനിലെ ബറോഡയിൽ അഘോരേശ്വരമഠത്തിൽ ഇതിന്റെ അനുയായികളായി കുറെ ആളുകൾ വസിച്ചുവരുന്നു.

അഘോരസിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ ഭാരതത്തിന്റെ പല ഭാഗങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയെല്ലാം ശേഖരിച്ച് ശരിയായ രീതിയിൽ വ്യാഖ്യാനിച്ച് പ്രസിദ്ധീകരിക്കാൻ ഇതുവരെ ശ്രമമുണ്ടായിട്ടില്ല.

അഘോരപഥത്തിന്റെ സിദ്ധാന്തങ്ങൾക്ക് നിർഗുണാദ്വൈതവാദവുമായി വളരെ സാമ്യമുണ്ട്. ഇതിന്റെ സാധനമാർഗ്ഗത്തിന് ഹഠയോഗത്തോടും ധ്യാനയോഗത്തോടും സാദൃശ്യം കാണുന്നു. ഇതിന്റെ അനുഷ്ഠാനങ്ങൾ വിവരിച്ചിരിക്കുന്നത് തന്ത്രസാഹിത്യ ഗ്രന്ഥങ്ങളിലാണ്.

ഗുരുവിനെ പരമശക്തിയായി കരുതി ആരാധിക്കുക ഈ മതാനുയായികളുടെ സവിശേഷതയാണ്. സമാധിയാകുന്ന സന്ന്യാസികളെ പൂജിക്കുന്ന സമ്പ്രദായം ഇതിൽ നിലവിലിരിക്കുന്നു. ഇതിന്റെ അനുയായികൾക്ക് മദ്യമാംസാദികൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശ്മശാനഭൂമിയിൽ നിന്നുകൊണ്ട് കഠിനസാധനകൾ ഇവർ അനുഷ്ഠിക്കാറുണ്ട്.

അഘോരപഥാനുയായികളുടെ വേഷത്തിന് പ്രത്യേകം വ്യവസ്ഥയില്ല. ചിലർ മഞ്ഞനിറത്തിലുള്ള ധോത്തിയും ഉത്തരീയവും ധരിക്കുന്നു. തലയിൽ ജടാകൂടവും കഴുത്തിൽ രുദ്രാക്ഷമാലയും അരയിൽ ചിലങ്കകളുള്ള അരഞ്ഞാണവും കൈയിൽ ത്രിശൂലവുമായി അഘോരസന്ന്യാസിമാർ അലഞ്ഞു തിരിയുന്നു. ഇവരിൽ ചിലർ ഗൃഹസ്ഥന്മാരാണെങ്കിലും ഭൂരിപക്ഷംപേരും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ്. ഈ സന്ന്യാസിമാർ സംഘം സംഘമായി സഞ്ചരിച്ചു മതസിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചുപോരുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഘോരപഥം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഘോരപഥം&oldid=2279790" എന്ന താളിൽനിന്ന് ശേഖരിച്ചത്