അഗ്ലൂട്ടിനേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രതിപ്രവർത്തനശേഷിയുള്ള ഒരു വസ്തു ചില പ്രത്യേക നിലംബനങ്ങളു(Suspensions)മായി ചേരുമ്പോൾ അതിന്റെ ചില അംശങ്ങൾ ഒന്നിച്ചുചേർന്നു കട്ടപിടിക്കുന്ന പ്രക്രിയയ്ക്ക് അഗ്ലൂട്ടിനേഷൻ എന്നു പറയുന്നു. പെട്ടെന്ന് പ്രവർത്തനം നടക്കുന്നതുകൊണ്ട് രോഗം കണ്ടുപിടിക്കുന്നതിനും മറ്റും ഈ പ്രക്രിയ ഉപയോഗിച്ചുവരുന്നു. പലവിധത്തിൽ ഈ പ്രവർത്തനം ഉണ്ടാകാം.

ആന്റിജനെന്ന് (Antigen) പറയപ്പെടുന്ന പ്രോട്ടീനുകൾ (ഇവ ശോണാണുക്കൾ‍, കോശങ്ങൾ, ബാക്റ്റീരിയ എന്നിവയിൽ കാണാം) അവയുടെ പ്രത്യേക പ്രതി വസ്തുക്കളായ ആന്റിബോഡികളുമായി ചേരുമ്പോൾ കട്ടപിടിക്കുന്നു.

കോശ-ആന്റിജനോ പ്രത്യേക ആന്റിബോഡിയോ സീറത്തിലുണ്ടോ എന്ന് ഈ വിധം മനസ്സിലാക്കാവുന്നതാണ്.

ധമനിവഴി രക്തം കുത്തിവയ്ക്കുമ്പോൾ മാരകമായ ഫലങ്ങൾ ആദ്യകാലങ്ങളിൽ ധാരാളമായി ഉണ്ടായിക്കൊണ്ടിരുന്നു. വ്യത്യസ്തവ്യക്തികളുടെ രക്തങ്ങൾ തമ്മിൽ സംയോജ്യതയില്ലാത്തതാണിതിനു കാരണം. സീറത്തിലെ പ്രത്യേക അംശമായ അഗ്ലൂട്ടിനിൻ ശോണാണുക്കളിലെ അഗ്ലൂട്ടിനോജൻ എന്ന പ്രോട്ടീനുമായി പ്രതിപ്രവർത്തനമുണ്ടാകുമ്പോഴാണ് അഗ്ലൂട്ടിനേഷൻ സംഭവിക്കുന്നത്. അഗ്ളൂട്ടിനേഷൻ തത്ത്വം ഉപയോഗിച്ച് രക്തഗ്രൂപ്പുകളും അവയുടെ സംയോജ്യത (അഗ്ലൂട്ടിനേഷൻ ഇല്ലാത്ത അവസ്ഥ)യും കണ്ടുപിടിക്കാം.

രോഗവാഹികളെന്ന് സംശയിക്കപ്പെടുന്നവരിൽ റ്റൈഫോയ്ഡ് ആന്റിബോഡികൾ ഉണ്ടോ എന്നും ഈ മാർഗ്ഗമുപയോഗിച്ച് പരിശോധിക്കാവുന്നതാണ്. അഗ്ലൂട്ടിനേഷൻ നടക്കുമ്പോഴത്തെ സീറത്തിന്റെ സാന്ദ്രത നോക്കി ആന്റിബോഡിയുടെ അളവു കണക്കാക്കാനും കഴിയും. ഗർഭപരിശോധനയ്ക്കായി മൂത്രത്തിൽ ഹോർമോണിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ അഗ്ളൂട്ടിനേഷൻ തത്ത്വം ഉപയോഗിച്ചുവരുന്നു. പരീക്ഷണത്തിനായുള്ള ദ്രവം ഒരു പ്രതിപ്രവർത്തക-ആന്റിബോഡിയോടു ചേർക്കുമ്പോൾ അതിൽ ആന്റിജനുണ്ടെങ്കിൽ, അഗ്ളൂട്ടിനേഷൻ ഉണ്ടാകുന്നു.

വൈറസ് ഹീമാഗ്ലൂട്ടിനേഷൻ നിരോധ പരീക്ഷണം വഴി വൈറസുകളെ കണ്ടുപിടിക്കുവാൻ സാധിക്കും. ചില വൈറസുകൾ ശോണാണുക്കളോടു ചേർന്നോ അവയുടെ പ്രത്യേക ആന്റിബോഡികളോടു ചേർന്നോ അഗ്ലൂട്ടിനേഷൻ ഉണ്ടാക്കുന്നു. എന്നാൽ ഇവ മൂന്നും ഒരുമിച്ചുണ്ടായിരുന്നാൽ, വൈറസ് ആന്റിജൻ അതിന്റെ ആന്റിബോഡിയോടു ചേർന്നുമാത്രമേ അഗ്ലൂട്ടിനേഷൻ ഉണ്ടാക്കുകയുള്ളു. ശോണാണുക്കൾ സ്വതന്ത്രമായി അവശേഷിക്കുന്നു. ഈ തത്ത്വമാണ് പരീക്ഷണത്തിൽ പ്രയോജനപ്പെടുന്നത്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്ലൂട്ടിനേഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്ലൂട്ടിനേഷൻ&oldid=2279788" എന്ന താളിൽനിന്ന് ശേഖരിച്ചത്