അഗ്നിവർണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാളിദാസന്റെ രഘുവംശത്തിൽ ഉപവർണിതനായിട്ടുള്ള ഒരു രാജാവാണ് അഗ്നിവർണൻ. പിതാവായ സുദർശനിൽനിന്നു ലഭിച്ച രാജ്യം ഇദ്ദേഹം കുറെനാൾ മുറപോലെ ഭരിച്ചു. ക്രമേണ വിഷയസുഖങ്ങളിൽ മാത്രം ദത്തശ്രദ്ധനായി. ഇത്രത്തോളം സ്ത്രീജിതനായ ഒരു രാജാവ് സൂര്യവംശത്തിൽ ജനിച്ചിട്ടില്ല. രാജ്യകാര്യങ്ങളെല്ലാം മന്ത്രിമാരെ ഏല്പിച്ചിട്ട് ഇദ്ദേഹം മദിരയിലും മദിരാക്ഷിയിലും മുഴുകി. പ്രജകളെ അവഗണിക്കുകയും ഉപദേഷ്ടാക്കളെ പുച്ഛിക്കുകയും ചെയ്തു. കളത്രങ്ങളും വെപ്പാട്ടികളുമായി ക്രീഡിച്ച് രാവും പകലും ചെലവഴിച്ചു. അവരിൽ നിന്നും വിട്ടുപോരാനുള്ള വൈമുഖ്യംകൊണ്ട് ദർശനപ്രാർഥികളായ പ്രജകൾക്കും അമാത്യൻമാർക്കും ജനാലപ്പഴുതിലൂടെ കാലടികൾ മാത്രം കാട്ടിക്കൊടുക്കാനേ ഇദ്ദേഹം കനിഞ്ഞുളളൂ. ലൌകിക സുഖാനുഭവങ്ങൾ ഇദ്ദേഹത്തെ അത്രയ്ക്കു നിയന്ത്രിച്ചിരുന്നു. കടിഞ്ഞാണില്ലാത്ത ഈ ജീവിതം നിമിത്തം യൌവനമധ്യത്തിൽ അഗ്നിവർണൻ ക്ഷയരോഗഗ്രസ്തനായി. ഒട്ടേറെ ഭാര്യമാരുണ്ടായിരുന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ ഇദ്ദേഹം അന്തരിച്ചു. മന്ത്രിമാർ ഗൂഢമായി ശവസംസ്കാരകർമം നടത്തി. ചികിത്സയ്ക്കെന്ന വ്യാജേന മന്ത്രിമാർ അഗ്നിവർണനെ ജീവനോടെ ദഹിപ്പിക്കുകയായിരുന്നെന്നും ഒരു കഥയുണ്ട്. ഗർഭലക്ഷണം ഒത്തുകണ്ട പട്ടമഹിഷിയാണ് പിന്നീട് കുറേക്കാലം രാജപ്രതിനിധിയായി ഭരണം നടത്തിയത്. രഘുവംശം 19-ം സർഗത്തിൽ കാളിദാസൻ വർണിക്കുന്ന ഈ കഥഹരിവംശത്തിലും വിഷ്ണുപുരാണത്തിലും വാല്മീകിരാമായണത്തിലും, ഭാഗവതത്തിലും വിവരിച്ചിട്ടുണ്ട്. ഒരു ഭരണാധികാരി എത്രകണ്ട് അധഃപതിക്കാം എന്നതിന്റെ ഉത്തമനിദർശനമായ ഈ കഥയെ ആസ്പദമാക്കി മറ്റ് സാഹിത്യസൃഷ്ടികളും ഉണ്ടായിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിവർണൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നിവർണൻ&oldid=2744317" എന്ന താളിൽനിന്ന് ശേഖരിച്ചത്