അഗ്നിപൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
widthpx

അഗ്നിയെ ഇഷ്ടദേവതയായി കരുതി ചെയ്യുന്ന പൂജ ആണ് അഗ്നിപൂജ. മറ്റു ദേവൻമാരെ ഉദ്ദേശിച്ച് അഗ്നിയിൽ ചെയ്യുന്ന പൂജയിൽനിന്ന് ഇത് വ്യത്യസ്തമാണ്. അഗ്നി സ്പർശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവകൻ മുതലായ പേരുകൾ ഈ ആശയത്തെ ഉൾക്കൊള്ളുന്നു. വിവാഹാവസരങ്ങളിൽ അഗ്നിയെ പൂജിക്കുക പതിവാണ്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിനുവേണ്ടി അഗ്നിയെ ശ്മശാനത്തിലേക്ക് എടുത്തു കൊണ്ടുപോകുന്നു. സൂക്ഷ്മശരീരം ധൂമത്തിലൂടെ ഉയർന്നു സ്വർഗത്തിലെത്തുന്നു. തീയിൽ തുപ്പുന്നതു നിഷിദ്ധമായ കർമമായി പറഞ്ഞിട്ടുണ്ട്. ഭൂതപ്രേതാദിബാധകളിൽ നിന്ന് മനുഷ്യരെയും ദേവൻമാരെയും രക്ഷിക്കുന്നത് അഗ്നിദേവനാണ്. പ്രണയികൾ ഇഷ്ടകാര്യസിദ്ധിക്ക് മാധ്യസ്ഥം വഹിക്കുവാൻ അഗ്നിദേവനോട് അപേക്ഷിക്കാറുണ്ടത്രെ. സ്ത്രീകൾ അഗ്നിയുടെ സ്വത്താണെന്ന് പറയപ്പെടുന്നു. ഓജസ്സു വർധിപ്പിക്കുവാൻ പുരുഷൻമാർ അഗ്നിയെ ഉപാസിക്കുന്നു.

സരതുഷ്ടമതത്തിലും അഗ്നിയെ ദേവനായിക്കരുതി ആരാധിച്ചുവരുന്നുണ്ട്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിന് അഗ്നിയെ ഉപയോഗിക്കുന്നതിൽ ആ മതക്കാർ തികച്ചും ഭിന്നാഭിപ്രായക്കാരാണ്. സ്വർഗത്തിലെ വെളിച്ചത്തിന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവർ അഗ്നിയെ കരുതുന്നത്. സർവജന്തുക്കളുടെയും ജീവൻ അഗ്നിയാണ്. അഹുരമസ്ദയുടെ പുത്രനാണ് അഗ്നി. മൃതശരീരമോ ചാണകമോ അഗ്നിയിൽ നിക്ഷേപിക്കുന്നതു മരണശിക്ഷ വിധിക്കത്തക്കവണ്ണം വലിയ പാപമായി സരതുഷ്ട്രൻമാർ കരുതുന്നു. എന്നാൽ അവരുടെ അഗ്നിസ്തുതികൾക്കു ഹിന്ദുക്കളുടെ അഗ്നിപൂജയോടു സാദൃശ്യമുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപൂജ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നിപൂജ&oldid=2320049" എന്ന താളിൽനിന്ന് ശേഖരിച്ചത്