Jump to content

അഗസ്റ്റിൻ ജോസഫ് ഭാഗവതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടാശ്ശേരി അഗസ്റ്റിൻ ജോസഫ് ഭാഗവതർ
ജനനം
കെ.എ. ജോസഫ്

(1912-03-31)മാർച്ച് 31, 1912
മരണംഫെബ്രുവരി 3, 1965(1965-02-03) (പ്രായം 52)
മദ്രാസ് (ഇന്ന് ചെന്നൈ), മദ്രാസ് സംസ്ഥാനം (ഇന്ന് തമിഴ്നാട്), ഇന്ത്യ
ദേശീയതഭാരതീയൻ
തൊഴിൽനാടകനടൻ, ഗായകൻ
സജീവ കാലം1930-1958
ജീവിതപങ്കാളി(കൾ)എലിസബത്ത് (ഏലിക്കുട്ടി)
കുട്ടികൾ7 (കെ. ജെ. യേശുദാസ് അടക്കം)

മലയാളത്തിലെ ഒരുകാലത്തെ പ്രഗല്ഭനായ നാടകനടനും ഗായകനുമായിരുന്നു അഗസ്റ്റിൻ ജോസഫ് ഭാഗവതർ എന്ന പേരിൽ വിഖ്യാതനായിരുന്ന കെ.എ. ജോസഫ് (മാർച്ച് 24, 1912 - ഫെബ്രുവരി 3, 1965). ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്റെ പിതാവും മറ്റൊരു പ്രമുഖ ഗായകനായ വിജയ് യേശുദാസിന്റെ പിതാമഹനുമായിരുന്നു ഇദ്ദേഹം.

ജനനം, കുടുംബം

[തിരുത്തുക]

മട്ടാഞ്ചേരിയിലെ കാട്ടാശ്ശേരി കുടുംബത്തിൽ കർഷകദമ്പതികളായിരുന്ന ആഗസ്തിയുടെയും ത്രേസ്യാമ്മയുടെയും ഏകമകനായി 1912 മാർച്ച് 24-നാണ് അഗസ്റ്റിൻ ജോസഫ് ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ സംഗീതവാസന പ്രകടമാക്കിയ അദ്ദേഹത്തെ ജാതിമതസംബന്ധമായ എതിർപ്പുകളെ അവഗണിച്ച് മാതാപിതാക്കൾ ആ വഴിയ്ക്ക് വിട്ടു. ആരെയും ആകർഷിയ്ക്കാൻ പോന്ന രൂപസൗന്ദര്യവും ശബ്ദസൗകുമാര്യവും സ്വന്തമുണ്ടായിരുന്ന അദ്ദേഹം വളരെപെട്ടെന്നുതന്നെ ഒരു നാടകനടനായും ഗായകനായും പേരെടുത്തു.

നാടകപ്രവർത്തനം

[തിരുത്തുക]

1930കളോടെ ആരംഭത്തോടുകൂടി നാടകലോകത്തെത്തിയ അഗസ്റ്റിൻ ജോസഫ് അക്കാലത്തെ പ്രമുഖനാടകപ്രവർത്തകനായിരുന്ന ഓച്ചിറ വേലുക്കുട്ടിയുടെ നേതൃത്വത്തിലുള്ള ട്രൂപ്പിൽ അംഗമായി. 'മിശിഹാചരിത്രം', 'സത്യവാൻ സാവിത്രി', 'ഹരിശ്ചന്ദ്രൻ' തുടങ്ങിയ നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഘനഗംഭീരശബ്ദത്തിനുടമയായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതർക്ക് നാടകത്തിൽ അഭിനയിയ്ക്കുമ്പോഴും പാടുമ്പോഴും ഉദ്ദേശിച്ച വികാരക്ഷോഭങ്ങൾ കാഴ്ചവയ്ക്കാനുള്ള കഴിവുണ്ടായിരുന്നു. ഒരുകാലത്ത് അദ്ദേഹം ആലപിച്ച 'മരക്കുരിശേ' എന്ന ക്രിസ്തീയഭക്തിഗാനം കേരളത്തിലുടനീളമുള്ള ക്രൈസ്തവദേവാലയങ്ങളിൽ രാവിലെയും വൈകുന്നേരവും മുഴങ്ങിക്കേൾക്കാമായിരുന്നു.

പിന്നീട് ഓച്ചിറ വേലുക്കുട്ടിയുടെ ട്രൂപ്പിൽ നിന്ന് രാജിവച്ച് മറ്റൊരു നാടകപ്രവർത്തകനായ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുമായിച്ചേർന്ന് സ്വന്തമായൊരു നാടകട്രൂപ്പുണ്ടാക്കി. 1942 വരെ ഇത് നീണ്ടുനിന്നു. അതിനുശേഷം അദ്ദേഹം ഓച്ചിറ പരബ്രഹ്മോദയം തിയറ്റേഴ്സിന്റെ മുഖ്യനടനായി മാറി.;

കുടുംബജീവിതം

[തിരുത്തുക]

നാടകരംഗത്തെ താരമായി മുന്നേറുന്നതിനിടയിൽ 1937-ലാണ് അഗസ്റ്റിൻ ജോസഫ് വിവാഹിതനായത്. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ വീട്ടിൽ ഏലിക്കുട്ടി എന്ന എലിസബത്തായിരുന്നു ഭാര്യ. വിവാഹത്തിനുശേഷം ഭാര്യയുടെ മാതൃഗൃഹമായ ഫോർട്ട് കൊച്ചി മാളിയേയ്ക്കൽ വീട്ടിൽ അദ്ദേഹം താമസമാക്കി. 1938 ജൂലൈ 3-ന് ഇവരുടെ ആദ്യസന്താനമായ പുഷ്പ എന്ന പെൺകുട്ടി ജനിച്ചു. പുഷ്പയുടെ ജനനശേഷമാണ് അഗസ്റ്റിൻ ജോസഫ് സ്വന്തമായ നാടകട്രൂപ്പ് തുടങ്ങിയത്. 1940 ജനുവരി 10-നാണ് അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും രണ്ടാമത്തെ സന്തതിയും ആദ്യപുത്രനുമായി ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ജനിച്ചത്. യേശുദാസിന്റെ ഇളയവരായി ആന്റപ്പൻ, ബാബു, മണി, ജയമ്മ, ജസ്റ്റിൻ എന്നിവരും പിന്നീട് ജനിച്ചു. ഇതിനിടയിൽ 1941-ൽ അഗസ്റ്റിൻ ജോസഫിനെയും എലിസബത്തിനെയും ദുഃഖത്തിലാഴ്ത്തി മകൾ പുഷ്പ ഇഹലോകവാസം വെടിഞ്ഞു. പെട്ടെന്നുണ്ടായ പനിയാണ് രണ്ടരവയസ്സുകാരിയായിരുന്ന പുഷ്പയുടെ ജീവനെടുത്തത്. പുഷ്പയുടെ മരണം വരുത്തിവച്ച ആഘാതമാണ് അഗസ്റ്റിൻ ജോസഫിന്റെ നാടകക്കമ്പനിയുടെ പരാജയത്തിലേയ്ക്ക് നയിച്ച പ്രധാനഘടകം. പുഷ്പയുടെ മരണത്തിനുശേഷമാണ് മറ്റ് കുട്ടികൾ ജനിച്ചത്. മൂന്നാമത്തെ മകനായിരുന്ന ബാബുവും പുഷ്പയെപ്പോലെ പെട്ടെന്നുണ്ടായ പനിയെത്തുടർന്ന് ബാല്യത്തിലേ മരിച്ചുപോയി. 1946-ലായിരുന്നു ഈ ദുരന്തം. ഇരുവരുടെയും മരണങ്ങൾക്കുശേഷം അഗസ്റ്റിൻ ജോസഫും എലിസബത്തും അവശേഷിച്ച മക്കളായ യേശുദാസും ആന്റപ്പനും താമസം ഫോർട്ട് കൊച്ചിയിൽ നിന്ന് തോപ്പുംപടിയിലേയ്ക്ക് താമസം മാറി. ഇതിനുശേഷമാണ് ഏറ്റവും ഇളയ കുട്ടികൾ മൂന്നുപേരും ജനിച്ചത്.

അഗസ്റ്റിൻ ജോസഫിന്റെ അവശേഷിച്ച അഞ്ചുമക്കളും പാടുമായിരുന്നെങ്കിലും മൂത്തമകനായ യേശുദാസിനോട് അദ്ദേഹത്തിന് പ്രത്യേകമായൊരു വാത്സല്യമുണ്ടായിരുന്നു. യേശുദാസിന്റെ ആദ്യ ഗുരുനാഥനും അദ്ദേഹം തന്നെയായിരുന്നു. അക്കാലത്തെ പ്രമുഖ ഹിന്ദിസിനിമാഗാനങ്ങൾ അഗസ്റ്റിൻ ജോസഫ് മകന് പാടിക്കൊടുത്തു. യേശുദാസ് അവയെല്ലാം പെട്ടെന്ന് ഹൃദിസ്ഥമാക്കി. ഒരിയ്ക്കൽ ഇവരുടെ വീട്ടിലെത്തിയ അക്കാലത്തെ പ്രശസ്ത സാഹിത്യകാരൻ ജോസഫ് ചടയംമുറിയും സുഹൃത്തും അന്ന് നാലുവയസ്സ് മാത്രമുണ്ടായിരുന്ന യേശുദാസിന്റെ ഗാനം കേട്ട് അത്ഭുതസ്തബ്ധരായിപ്പോയി! കെ.എൽ. സൈഗാളിന്റെയും പങ്കജ് മല്ലിക്കിന്റെയും ഗാനങ്ങളാണ് അന്ന് യേശുദാസ് പാടിയത്. തുടർന്ന് ഇരുവരും അവനെ അനുഗ്രഹിച്ച് സ്ഥലം വിട്ടു. 1949-ൽ കൊച്ചി സെന്റ് ആൽബർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ഒരു ശാസ്ത്രീയസംഗീതകച്ചേരിയിൽ ഒമ്പതുവയസ്സുകാരനായിരുന്ന യേശുദാസിനെയും അദ്ദേഹം രംഗത്തുകൂട്ടി. ഇതായിരുന്നു യേശുദാസിന്റെ അരങ്ങേറ്റവും.

ചലച്ചിത്രലോകത്തേയ്ക്ക്

[തിരുത്തുക]

1949-ൽത്തന്നെ അഗസ്റ്റിൻ ജോസഫ് ഭാഗവതർ ചലച്ചിത്രലോകത്തേയ്ക്കും ചുവടുവച്ചു. കേരളത്തിലെ ആദ്യ ചലച്ചിത്രസ്റ്റുഡിയോയായ ആലപ്പുഴ ഉദയാ സ്റ്റുഡിയോ നിർമ്മിച്ച 'നല്ല തങ്ക'യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാരംഗത്തേയ്ക്കുള്ള കടന്നുവരവ്. 1949-ൽ തുടങ്ങിയെങ്കിലും 1950-ലാണ് ചിത്രം പൂർത്തിയായി തിയേറ്ററിലെത്തിയത്. അഗസ്റ്റിൻ ജോസഫ് തന്നെയാണ് ചിത്രത്തിൽ ഗാനങ്ങളാലപിച്ചതും. ഇതേ ചിത്രത്തിലൂടെയാണ് വി. ദക്ഷിണാമൂർത്തി എന്ന അതുല്യസംഗീതജ്ഞന്റെയും കടന്നുവരവ്. ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തിന്റെ മകനെയും കൊച്ചുമകനെയും കൊച്ചുമകന്റെ മകളെയും പാടിച്ച് റെക്കോർഡ് സൃഷ്ടിച്ചു. പിന്നീട് വേലക്കാരൻ എന്ന ചിത്രത്തിൽ പ്രതിനായകനായും അഭിനയിച്ചെങ്കിലും ചലച്ചിത്രലോകം അഗസ്റ്റിൻ ജോസഫിന് കാര്യമായൊന്നും നൽകിയില്ല. പിന്നീട് അദ്ദേഹം വീണ്ടും നാടകലോകത്തേയ്ക്ക് തിരിഞ്ഞു.

രോഗബാധയും മരണവും

[തിരുത്തുക]

1957-58 കാലത്ത് അഗസ്റ്റിൻ ജോസഫ് രോഗബാധിതനായി. കടുത്ത പ്രമേഹവും രക്താതിമർദ്ദവും മറ്റുരോഗങ്ങളും അദ്ദേഹത്തെ തീർത്തും അവശനാക്കി. ഇതോടെ അദ്ദേഹം നാടകരംഗം വിട്ടു. സാമ്പത്തികമായും ഒരുപാട് പരാധീനതകൾ അദ്ദേഹം അനുഭവിച്ചു. നാടകരംഗത്തെ മുടിചൂടാമന്നനായിരുന്ന അഗസ്റ്റിൻ ജോസഫിനെ ഈ വിഷമഘട്ടത്തിൽ ആരും സഹായിച്ചില്ല. അഭിമാനിയായിരുന്ന അദ്ദേഹം ആരുടെ മുന്നിലും കൈനീട്ടിയതുമില്ല. ഇതിനെല്ലാമിടയിലും യേശുദാസിന്റെ ശിക്ഷണത്തിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. യേശുദാസിനെ സംഗീതം പഠിപ്പിയ്ക്കാൻ പ്രശസ്തരായ പല ഗുരുക്കന്മാരെയും അക്കാലത്ത് അദ്ദേഹം നിയമിച്ചിരുന്നു. 1958ൽ നടന്ന ആദ്യ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയ യേശുദാസ് അതിന്റെ ബലത്തിൽ ആ വർഷത്തെ എസ്.എസ്.എൽ.സി. കടന്നപ്പോൾ സംഗീതവഴിയിൽ തന്നെ മകനെ വിടാൻ അഗസ്റ്റിൻ ജോസഫ് തീരുമാനിച്ചു. അങ്ങനെയാണ് തൃപ്പൂണിത്തുറ ആർ.എൽ.വി. അക്കാദമിയിൽ ഗാനഭൂഷണം കോഴ്സിന് യേശുദാസ് ചേർന്നത്. ശാരീരികമായും സാമ്പത്തികമായുമുള്ള എല്ലാ പരാധീനതകൾക്കും നടുവിലും മകന്റെ കാര്യത്തിൽ അഗസ്റ്റിൻ ജോസഫ് ശ്രദ്ധ പുലർത്തിയിരുന്നു. എലിസബത്ത് ഭർത്താവിനെ രാപ്പകൽ ശുശ്രൂഷിച്ചുകൊണ്ടിരുന്നു.

യേശുദാസിനെ ചലച്ചിത്രഗാനരംഗത്തേയ്ക്ക് പാടാൻ തിരഞ്ഞെടുത്ത വാർത്ത കേട്ടപ്പോൾ എല്ലാ അവശതകളും മറന്ന് അഗസ്റ്റിൻ ജോസഫും അദ്ദേഹത്തിന്റെ കൂടെപ്പോന്നു. പിന്നീട് മകൻ പതുക്കെ ഗാനരംഗത്തേയ്ക്ക് ഉയർന്നുവരുന്നതും നാട്ടുകാർക്കിടയിൽ താരമാകുന്നതും കണ്ടപ്പോൾ ആ പിതൃമനസ്സ് ഒരായിരം സന്തോഷിച്ചു. എന്നാൽ, മകൻ എല്ലാ അതിരുകളും കടന്ന് തിളങ്ങുന്നത് കാണാൻ അദ്ദേഹത്തിനായില്ല. 1964 മദ്ധ്യത്തോടെ യേശുദാസിനോടൊപ്പം ചെന്നൈയിലേയ്ക്ക് (അന്ന് മദ്രാസ്) താമസം മാറിയ അദ്ദേഹം അവിടെവച്ച് 1965 ഫെബ്രുവരി 3-ന് തന്റെ 53ആം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഒരു ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് തൊട്ടുപിന്നാലെ മറ്റൊരു ഹൃദയാഘാതമുണ്ടാകുകയായിരുന്നു. മൃതദേഹം ചെന്നൈ സാന്തോം സെമിത്തേരിയിൽ സംസ്കരിച്ചു. തന്റെ അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാൻ ഒരുപാട് ബുദ്ധിമുട്ടിയ കഥ യേശുദാസ് പിന്നീടൊരിയ്ക്കൽ പറഞ്ഞിട്ടുണ്ട്. കാൽനൂറ്റാണ്ടിലധികം കാലം കേരളത്തിലെ നാടകരംഗം അടക്കിഭരിച്ച അഗസ്റ്റിൻ ജോസഫിന് അന്നത്തെ പ്രധാന പത്രങ്ങളിലെല്ലാം പ്രത്യേക പേജ് കൊടുത്ത് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

"https://ml.wikipedia.org/w/index.php?title=അഗസ്റ്റിൻ_ജോസഫ്_ഭാഗവതർ&oldid=3525567" എന്ന താളിൽനിന്ന് ശേഖരിച്ചത്