Jump to content

അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
Map showing the location of അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
Map showing the location of അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
Agasthyamala BR
Locationകൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കന്യാകുമാരി തിരുനെൽവേലി
Nearest cityതിരുവനന്തപുരം
Area3,500.36 km² (1,351.5 sq mi)
Established2001
Governing bodyMinistry of Environment & Forests

Tamil Nadu Forest Dept.

Kerala Forest and Wildlife Dept.

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ജൈവവൈവിധ്യം നിറഞ്ഞ ഭൂപ്രദേശം. പ്രകൃതിജന്യമായ അതിരുകളാൽ ഈ പ്രദേശത്തിന്റെ നാലു ഭാഗവും സംരക്ഷിതമാണ്. പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ പർവതപ്രദേശത്താണ് അഗസ്ത്യമുടി അഥവാ അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും സുമാർ 1,869 മീറ്റർ ഉയരമുള്ള ഈ പ്രദേശമാണ് അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലെ ഏറ്റവും ഉയരംകൂടിയ സ്ഥലം. സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്ന അഗസ്ത്യമുനി ഈ പർവതപ്രദേശത്ത് തപസ്സുചെയ്തിരുന്നതായാണ് ഐതിഹ്യം. ആയുർവേദത്തിലും ആധുനിക ചികിത്സയിലും ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്തുനിന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നിരവധി അപൂർവയിനം ജന്തുക്കളുടെ ആവാസകേന്ദ്രവുമാണ് ഈ പ്രദേശം. ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഇവിടെയുള്ള ജൈവവൈവിധ്യത്തിന്റെ സമുദ്ധാരണവും അവയുടെ സംരക്ഷണവും ലക്ഷ്യമാക്കി ഭാരതസർക്കാർ ഈ അടുത്തകാലത്തായി അഗസ്ത്യമലയേയും പരിസരപ്രദേശത്തേയും ഉൾപ്പെടുത്തി അഗസ്ത്യവനം ബയോളജിക്കൽ പാർക്കായി പ്രഖ്യാപിക്കുകയുണ്ടായി.[1] 2016 ൽ UNESCO, ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഉൾപ്പെടുത്തി [2].

ഔഷധസസ്യങ്ങളുടെ കലവറ

[തിരുത്തുക]
1868 മീറ്റർ ഉയരത്തിലുള്ള അഗസ്ത്യമല

ഏകദേശം 3500 ച.കി.മീ. ആണ് അഗസ്ത്യവനം ബയോളജിക്കൽ പാർക്കിന്റെ വിസ്തീർണം. അനേകം കുന്നുകളും, സമതലങ്ങളും, പുൽമേടുകളും ചോലവനങ്ങളും ചേർന്ന ഈ പ്രദേശം രേഖാ. 77o5' നും 77o 4' നും അക്ഷാ. 8o 20' നും 8o50' നും ഇടയിലായി സ്ഥിതിചെയ്യുന്നു. ആര്യങ്കാവ് ചുരത്തിന് തെക്കു ഭാഗത്തായുള്ള ഈ പ്രദേശം കേരളത്തിലെ തിരുവനന്തപുരം ജില്ലയും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളുടെ ചില ഭാഗങ്ങളും ചേർന്നതാണ്. ഇതിൽത്തന്നെ കേരളത്തിലെയും തമിഴ്നാട്ടിലേതുമായ അഞ്ച് സംരക്ഷിതവനപ്രദേശങ്ങൾ ഉൾപ്പെടുന്നു. കേരളത്തിലുള്ള ചെന്തുരുണി, പേപ്പാറ, നെയ്യാർ, തമിഴ്നാട്ടിലെ മുണ്ടൻതുറൈ, കളക്കാട് ഇവയാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ. ഈ അഞ്ച് സംരക്ഷിത കേന്ദ്രങ്ങളും കൂടി അഗസ്ത്യവനം ബയോളജിക്കൽ പാർക്കിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗം വരും. പശ്ചിമഘട്ടത്തിലുള്ള മിക്കതരം വനപ്രദേശങ്ങളും അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സസ്യഗവേഷണ സ്ഥാപനമായ ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യ ഈ പ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രം കാണുന്ന ഏകദേശം 300 പ്രാദേശികജാതി (endemic) സസ്യഇനങ്ങൾ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തന്നെ അൻപതോളം സസ്യഇനങ്ങൾ അഗസ്ത്യമലയിലും ചുറ്റുപാടും മാത്രമായി കാണപ്പെടുന്നവയാണ്. ഔഷധസസ്യങ്ങളുടെ കലവറയായ ഈ പ്രദേശത്തുകാണുന്ന മിക്ക സസ്യയിനങ്ങളും അപൂർവങ്ങളോ അഥവാ വംശനാശഭീഷണി നേരിടുന്നവയോ ആണ്. ഏകദേശം 150-ഓളം വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങൾ ഇവിടെയുണ്ട്. തെക്കു പടിഞ്ഞാറൻ, വടക്കു കിഴക്കൻ മൺസൂൺ മഴക്കാലങ്ങളിൽ മഴ നന്നായി ലഭിക്കുന്ന ഈ പ്രദേശത്തു വർഷത്തിൽ 90 സെ.മീ. മുതൽ ഏകദേശം 625 സെ.മീ. വരെ മഴ ലഭിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് 21oC നും 38oCനും ഇടയിലാണ്. വർഷം മുഴുവൻ ലഭിക്കുന്ന സൂര്യപ്രകാശവും ഉയർന്ന വർഷപാതവും, അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത(humidity)യുമാണ് ഈ പ്രദേശത്തെ ലോകത്തിലെ തന്നെ ജൈവസമ്പന്നമേഖലകളുടെ മുൻനിരയിൽ നിർത്തുന്ന ഘടകങ്ങൾ. പശ്ചിമഘട്ടത്തിലേതു പോലെയുള്ള ഉഷ്ണമേഖലാവനങ്ങൾ, ഇലപൊഴിയും കാടുകൾ, മഴക്കാടുകൾ, ചോലവനങ്ങൾ, പുൽമേടുകൾ എന്നിവയെല്ലാം ഈ പ്രദേശത്തും കാണുന്നു.[3]

ജലലഭ്യത

[തിരുത്തുക]

അഗസ്ത്യകൂടമലയും ചുറ്റുമുള്ള മഴക്കാടുകളും പുൽമേടുകളും ചേർന്ന, മനുഷ്യർക്ക് അത്ര പെട്ടെന്ന് ചെന്നെത്താൻ പറ്റാത്ത പ്രദേശമാണ് അഗസ്ത്യവനം ബയോളജിക്കൽ പാർക്കിന്റെ കോർ അഥവാ നാച്ചുറൽ സോൺ എന്നറിയപ്പെടുന്നത്.[4]

അഗസ്ത്യമലയിൽനിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി അനേകം ചെറിയ അരുവികൾ ഉദ്ഭവിക്കുകുയം അവയെല്ലാം കൂടിച്ചേർന്ന് പ്രധാനപ്പെട്ട നാലു നദികളായി മാറുകയും ചെയ്യുന്നു. ഇതിൽ താമ്രപർണിയും കോതായാറും തമിഴ്നാട്ടിലൂടെയും നെയ്യാർ, കരമനയാർ തുടങ്ങിയവ കേരളത്തിലൂടെയും ഒഴുകുന്നു.

കൃഷിയ്ക്കും ഗാർഹികാവശ്യങ്ങൾക്കുമുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നെയ്യാറിന്റേയും കരമനയാറിന്റേയും ആധാരഭാഗത്തായി ഓരോ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. തന്മൂലം നല്ലൊരു ശതമാനം സസ്യങ്ങൾ ജലത്തിനടിയിൽപെട്ട് നശിച്ചുപോയി. അനധികൃതമായ ഔഷധസസ്യശേഖരണവും ഈ പ്രദേശത്തെ അമൂല്യ സസ്യശേഖരത്തെ നഷ്ടമാക്കുന്നുണ്ട്.[5]

സസ്യസമ്പത്ത്

[തിരുത്തുക]

അഗസ്ത്യമലയിലെ സസ്യസമ്പത്തിനെക്കുറിച്ച് ഒരേകദേശ രൂപം നമുക്ക് നൽകിയിട്ടുള്ളത് ഇന്ത്യൻ ബൊട്ടാണിക്കൽ സർവേയിലെയും ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും (പാലോട്) ശാസ്ത്രജ്ഞരാണ്. ടി.ബി.ജി.ആർ.ഐ.യിലെ ശാസ്ത്രജ്ഞനായ ഡോ. എൻ. മോഹനന്റെ ഫ്ളോറ ഒഫ് അഗസ്ത്യമല എന്ന ഗ്രന്ഥത്തിൽ അഗസ്ത്യമലയിലും അതിനുചുറ്റിലുമായുള്ള ഏകദേശം 200 ച.കി.മീ. പ്രദേശത്തെ സപുഷ്പിസസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 585 ജീനസുകളിലായി ഏകദേശം 1117 സ്പീഷീസ് ഇവിടെ നിന്ന് മാത്രമായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തന്നെ 30-ഓളം സ്പീഷീസ് ഇന്ത്യൻ റെഡ് ഡേറ്റ ബുക്കിൽ (വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം) സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.[6]

അഗസ്ത്യമലയിലേയും പരിസര പ്രദേശത്തേയും സസ്യജന്തുജാലങ്ങളുടെ സർവേ ഇനിയും പൂർത്തിയാക്കിയിട്ടില്ലെന്നു വേണം കരുതാൻ. പുതിയ ഇനം സസ്യങ്ങളെ ഓരോ വർഷവും ഈ ഭാഗത്തുനിന്നും ഗവേഷകർ കണ്ടെത്തുന്നത് ഇതിനൊരു തെളിവാണ്.

മനുഷ്യർ ഭക്ഷ്യാവശ്യത്തിനും മറ്റുമായി കൃഷി ചെയ്യുന്ന നിരവധി സസ്യങ്ങളുടെ വന്യജാതികൾ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 92-ലധികം സ്പീഷിസ് ഇതിൽപ്പെടുന്നു. ഇതിൽ ധാന്യവർഗങ്ങൾ പയറുവർഗങ്ങൾ മറ്റ് സുഗന്ധവർഗസസ്യങ്ങൾ എന്നിവയുടെയെല്ലാം വന്യ ഇനങ്ങൾ കാണപ്പെടുന്നുണ്ട്. പഴവർഗങ്ങളുടെയും കിഴങ്ങ്‌‌വർഗങ്ങളുടെയും പച്ചക്കറികളുടെയും നല്ലൊരു ശേഖരം തന്നെയുണ്ട് ഈ പ്രദേശങ്ങളിൽ. കൂവരക്, നെല്ല്, പ്ലാവ്, കുടമ്പുളി, മാവ്, വാഴ, അമ്പഴം, ഞാവൽ, വയന, മഞ്ഞൾ, കുരുമുളക്, ഇഞ്ചി, ചീര, വഴുതന, ചുണ്ട, കാച്ചിൽ, ചേന തുടങ്ങിയവ ഇവയിൽ ചിലതു മാത്രമാണ്.

നശീകരണ ഭീഷണി

[തിരുത്തുക]
തെന്മല

മറ്റു വനപ്രദേശങ്ങളെ പ്പോലെ തന്നെ അഗസ്ത്യമലയും പരിസര പ്രദേശവും മനുഷ്യനിർമിത പ്രവർത്തനങ്ങളാലും മറ്റു കാരണത്താലും നശീകരണ ഭീഷണി നേരിടുന്നുണ്ട്. ഇതിനാൽ ജൈവവൈവിധ്യത്തിനും അതുവഴി കോട്ടം തട്ടുന്നുണ്ട്. അമിതമായ ഔഷധ സസ്യശേഖരണം ഇന്ന് പല സസ്യങ്ങളെയും അത്യപൂർവങ്ങളോ വംശനാശഭീഷണി നേരിടുന്നവയോ ആയി മാറ്റിയിട്ടുണ്ട്. മരമഞ്ഞൾ, അടപതിയൻ, ആരോഗ്യപച്ച, അമൃതപാല, സർപ്പഗന്ധി തുടങ്ങിയ ഔഷധസസ്യങ്ങൾ ഇതിനുദാഹരണങ്ങളാണ്.

അലങ്കാര സസ്യങ്ങളുടെ വൻശേഖരവും ഈ പ്രദേശത്തുണ്ട്. പല പുതിയ സങ്കരയിനങ്ങളും വികസിപ്പിച്ചെടുക്കാൻ പ്രാപ്തമായവയാണ് ഇവയിൽ പലതും. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ഓർക്കിഡുകൾ. പശ്ചിമഘട്ടത്തിൽ കാണുന്ന ഏകദേശം 300-ഓളം ഓർക്കിഡ് ഇനങ്ങളിൽ 80-ലധികം സ്പീഷീസ് ഈ പ്രദേശത്ത് കാണപ്പെടുന്നു. ഇവയിൽ പലതും മനോഹരങ്ങളായ പുഷ്പങ്ങളോടുകൂടിയവയും മുന്തിയതരം സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുവാനുതകുന്നവയുമാണ്. വിലയേറിയ ലേഡീസ് സ്ളിപ്പർ എന്ന പാഫിയോപെഡിലം ഡ്രൂറി അഗസ്ത്യമലയിൽ മാത്രം കാണപ്പെടുന്നവയാണ്. ഐ.യു.സി.എന്നിന്റെ റെഡ് ഡേറ്റ ബുക്കിൽ സ്ഥനംപിടിച്ചിട്ടുള്ള ഈ ഓർക്കിഡ് സാധാരണ ഓർക്കിഡുകളിൽനിന്നും വ്യത്യസ്തമായി മണ്ണിൽ വളരുന്ന ഒന്നാണ്. സ്വർണവർണ നിറമുള്ള പുഷ്പങ്ങളോടുകൂടിയ ഇവ മുന്തിയതരം സങ്കരയിനങ്ങൾ വികസിപ്പിച്ചെടുക്കാൻ പറ്റുന്നവയാണ്. ഇവിടെനിന്നും അടുത്തകാലത്തായി കണ്ടെത്തിയ ഒരു പുതിയ ഓർക്കിഡ് ജീനസ്സാണ് ഏൽഹെൽഡ്രിയ. ഏൽഹെൽഡ്രിയ റൊട്ടന്റിഫോളിയ എന്ന് നാമകരണം ചെയ്ത ഈ ഓർക്കിഡ് അഗസ്ത്യമലയിൽ മാത്രം കാണുന്നവയാണ്.[7]

സസ്യസമ്പത്തുപോലെതന്നെ ജന്തുവർഗങ്ങളാലും സമൃദ്ധമാണ് അഗസ്ത്യവനവും പരിസര പ്രദേശവും. അകശേരുകികൾ, വിവിധതരം പക്ഷികൾ, ഉരഗങ്ങൾ വിവിധയിനം സസ്തനികൾ ഇവയെല്ലാം ഈ പ്രദേശങ്ങളിൽ കാണപ്പെടുന്നു.

ഇന്ത്യാ ഗവൺമെന്റ് ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം കണക്കിലെടുത്ത് അഗസ്ത്യവനം ബയോളജിക്കൽ പാർക്കായി പ്രഖ്യാപിച്ചതുവഴി (1997-ൽ) ഇവിടെയുള്ള സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. ബയോളജിക്കൽ പാർക്ക് ആയതിനുശേഷമുള്ള വനംവകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ ഒരു പരിധിവരെ ഇവിടത്തെ ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു.

അവലംബം

[തിരുത്തുക]
  1. http://www.indianetzone.com/39/agasthyamala_biosphere_reserve.htm Agasthyamala Biosphere Reserve
  2. "ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ ഉൾപ്പെടുത്തി". Archived from the original on 2016-03-25. Retrieved 22 മാർച്ച് 2016.
  3. http://en.academic.ru/dic.nsf/enwiki/5062020 Agasthyamala Biosphere Reserve
  4. http://www.forests.tn.nic.in/wildbiodiversity/br_agasthiyar.html Archived 2008-12-30 at the Wayback Machine. AGASTHIYARMALAI BIOSPHERE RESERVE
  5. http://www.ask.com/wiki/Agasthyamalai_Biosphere_Reserve[പ്രവർത്തിക്കാത്ത കണ്ണി] Agasthyamala Biosphere Reserve
  6. http://www.vedamsbooks.in/no29210.htm Flora of Agasthyamala
  7. http://forest.kerala.gov.in/index.php?option=com_content&view=article&id=100&Itemid=124 Agasthyavanam Biological Park

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.