അഗതോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലേറ്റോയുടെ സിമ്പോസിയം (പെയിന്റിംങ്)

ഗ്രീക് നാടകകൃത്തും കവിയും ആയിരുന്നു അഗതോൺ (ബി.സി. 448 - 402). വിഖ്യാത നാടകകൃത്തായിരുന്ന യൂറിപിഡീസിന്റെയും ചിന്തകനായ പ്ലേറ്റോയുടെയും ഉറ്റമിത്രമായിരുന്നു.

ഇദ്ദേഹത്തിന്റെ ദുരന്തനാടക രചനാ വൈദഗ്ദ്ധ്യത്തെ അരിസ്റ്റോട്ടിൽ പ്രശംസിച്ചിട്ടുണ്ട്.ബി.സി.416-ൽ ഡിയോനൈഷ്യാക്കിൽ വച്ചു നടന്ന കലോത്സവത്തിലെ ശോകാന്ത കാവ്യരചനാമത്സരത്തിൽ അഗതോൺ വിജയം വരിച്ചു. സിമ്പോസിയം എന്ന ഗ്രന്ഥത്തിൽ പ്ലേറ്റോ ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. അഗതോൺ രചിച്ച ഒരു കവിതയുടെ 40 വരികൾ സിമ്പോസിയത്തിൽ ഉദ്ധരിച്ചിരിക്കുന്നു.

യൂറിപിഡീസിനെപ്പോലെ തന്നെ അഗതോണും അർക്കേലിയസ് രാജാവിന്റെ ക്ഷണം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കവി സദസ്സിലെ അംഗമായി കുറെനാൾ കഴിയുകയും ചെയ്തു. പ്ളേറ്റോയുടെ പ്രോട്ടഗോറസ് എന്ന കൃതിയിൽ അഗതോണിനെ ഒരു അഭിജാതകുടുംബത്തിലെ സുമുഖനായ യുവാവായി അവതരിപ്പിച്ചിട്ടുണ്ട്.

അഗതോണിൽ മൗലികപ്രതിഭയും പ്രതിപാദനസൗകുമാര്യവും ഒത്തിണങ്ങിയിരുന്നു. പ്ളേറ്റോ ഉദ്ധരിച്ചിട്ടുള്ള കവിതാംശത്തിൽനിന്ന് ഇദ്ദേഹത്തിന്റെ കാവ്യശൈലിയുടെ ഔൽകൃഷ്ട്യം മനസ്സിലാക്കുവാൻ സാധിക്കും.

അരിസ്റ്റോഫനിസ് എന്ന ഗ്രീക് നാടകകൃത്ത് തെസ്മോഫോറിയാസൂസേ എന്ന കൃതിയിൽ അഗതോണിനെ അതിനിശിതമായി പരിഹസിക്കുന്നു. അഗതോൺ വെറും സ്ത്രൈണ സൗന്ദര്യാരാധകൻ മാത്രമാണെന്നും ഇദ്ദേഹത്തിന്റെ കാവ്യശൈലി അനാകർഷകവും ദുർബലവുമാണെന്നും അരിസ്റ്റോഫനിസിന് അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം തവളകൾ (Frogs) എന്ന വിഖ്യാത നാടകത്തിലെ ചില കഥാപാത്രങ്ങളിലൂടെ ഈ അഭിപ്രായം വ്യക്തമാക്കിയിട്ടുമുണ്ട്.

പുരാണ കഥാപാത്രങ്ങളെ ആശ്രയിച്ചിരുന്ന സമകാലികരായ മറ്റു പല നാടകകൃത്തുക്കളിൽനിന്നും ഭിന്നമായി കാല്പനിക കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന സ്വതന്ത്ര നാടകങ്ങൾ രചിച്ച ആദ്യത്തെ നാടകകൃത്ത് എന്ന പ്രത്യേകപ്രാധാന്യം അഗതോണിനുണ്ട്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗതോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗതോൺ&oldid=3622563" എന്ന താളിൽനിന്ന് ശേഖരിച്ചത്