അഖ്‌തർ ഹുസൈൻ, റായ്‌പൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉർദു കഥാകാരനും കവിയും നിരൂപകനുമായ അഖ്‌തർ ഹുസൈൻ, റായ്‌പൂരി 1912-ൽ മധ്യപ്രദേശിലെ റായ്പൂർ എന്ന സ്ഥലത്തു ജനിച്ചു. അലിഗഢ് മുസ്ളിം സർവകലാശാലയിൽനിന്നും ഉർദു സാഹിത്യത്തിൽ എം.എ. ബിരുദം നേടിയശേഷം കുറേക്കാലം അവിടെത്തന്നെ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇന്ത്യാ വിഭജനാനന്തരം പാകിസ്താനിലേക്കു പോവുകയും അവിടെ ഉദ്യോഗത്തിൽ പ്രവേശിക്കുകയും ചെയ്തു.

ഉർദുവിനു പുറമേ സംസ്കൃതം, ഹിന്ദി, ബംഗാളി, ഫ്രഞ്ച് എന്നീ ഭാഷകളിലും റായ്പുരി പാണ്ഡിത്യം നേടിയിട്ടുണ്ട്. കാളിദാസന്റെ ശാകുന്തളം ആദ്യമായി ഉർദുവിൽ പരിഭാഷപ്പെടുത്തിയത് ഇദ്ദേഹമാണ്. ബംഗാളി കവിയായ കാസി നസ്രുൾ ഇസ്ളാമിന്റെ അഗ്നിവീണയും മറ്റു പല കവിതകളും ഇദ്ദേഹം ഉർദുവിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. നിരൂപകൻ എന്ന നിലയിലും റായ്പുരിക്ക് സ്ഥാനമുണ്ട്. എന്നാൽ, ഒരു കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹം ലബ്ധപ്രതിഷ്ഠനായത്. കഥാരചനയുടെ പുതിയ സങ്കേതങ്ങൾ ഉർദുവിൽ ഉദ്ഘാടനം ചെയ്ത അപൂർവം ചിലരിൽ ഒരാളെന്ന യശസ് റായ്പുരിക്കുണ്ട്. കഥാരചനയിൽ ബോധധാരാ സമ്പ്രദായം ഇദ്ദേഹം അവതരിപ്പിച്ചു. പുതിയ തലമുറയിലെ പല എഴുത്തുകാരും ഈ മാർഗ്ഗം സ്വീകരിച്ചു. രചനാശൈലിയിലും ആശയാവിഷ്കരണത്തിലും റായ്പുരിയുടെ കഥകൾ വ്യക്തിത്വം പുലർത്തുന്നു. മുഹബത് ഔർ നഫരത് (പ്രേമവും വെറുപ്പും), സിന്ദഗീ കാ മേലാ (ജീവിതോത്സവം) എന്നീ കഥാസമാഹാരങ്ങൾ രായ്പുരിയുടെ പരീക്ഷണകഥകളുടെ സമാഹാരങ്ങളാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഖ്‌തർ ഹുസൈൻ, റായ്‌പൂരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഖ്‌തർ_ഹുസൈൻ,_റായ്‌പൂരി&oldid=2279734" എന്ന താളിൽനിന്ന് ശേഖരിച്ചത്