അഖ്നാതെൻ
അഖ്നാതെൻ ഓമൻഹോട്ടപ്പ് നാലാമൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Amenophis IV, Naphu(`)rureya, Ikhnaton[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഫറവോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭരണം | 1353 BC – 1336 BC[2] or 1351–1334 BC[3] | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മുൻഗാമി | ഓമൻഹോട്ടപ്പ് മൂന്നാമൻ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പിൻഗാമി | Smenkhkare? or Tutankhamun | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
ബി.സി. പതിനാലാം നൂറ്റാണ്ടിൽ ഈജിപ്തിൽ 17 വർഷം ഭരിച്ച ആമെൻ ഹോടെപ് നാലാമൻ എന്ന ചക്രവർത്തി സ്വയം സ്വീകരിച്ച നാമമാണ് അഖ്നാതെൻ. ഈജിപ്തിലെ കലാസാംസ്കാരിക മേഖലകളിൽ സമൂലപരിവർത്തനം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടുകൂടി മതപരമായ വിശ്വാസാചാരങ്ങളിൽ മൗലികമായ മാറ്റങ്ങൾ വരുത്തിയ വ്യക്തിയെന്ന നിലയിലാണ് അഖ്നാതെൻ സ്മരിക്കപ്പെടുന്നത്.
ചരിത്രപശ്ചാത്തലം
[തിരുത്തുക]ഈജിപ്തിലെ ദൈവങ്ങളിൽ പ്രമുഖനായിരുന്നു അമുൻ-റാ എന്ന സൂര്യദേവൻ. ഭരണാധിപൻമാരായിരുന്ന ഫറവോൻമാരുടെ ആധിപത്യത്തെപോലും പുരോഹിതൻമാർ വെല്ലുവിളിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. രാജാവിനെ സൂര്യപുത്രനായിട്ടാണ് ഗണിച്ചുവന്നിരുന്നതെങ്കിലും ആജീവനാന്തം കർക്കശമായ മതാചാരത്തിന് ഇദ്ദേഹം വിധേയനായിരുന്നു. സൂര്യനെ കൂടാതെ നിരവധി ദൈവങ്ങളും ഈജിപ്തുകാർക്കുണ്ടായിരുന്നു. ഓരോ പ്രദേശത്തിനും ഓരോ പ്രവിശ്യയ്ക്കും പ്രത്യേകം പ്രത്യേകം ദൈവങ്ങളുണ്ടായിരുന്നു. ആ ദൈവങ്ങളുടെയും ഭക്തൻമാരുടെയും ഇടയ്ക്ക് ക്രമസമാധാനം നിലനിറുത്തുക നിസ്സാര കാര്യമായിരുന്നില്ല. അല്പം ശ്രദ്ധക്കുറവുണ്ടായാൽ കാര്യങ്ങൾ ആകെ കുഴപ്പത്തിലാകും. ഇങ്ങനെ വളരെയധികം കുഴഞ്ഞുമറിഞ്ഞുകിടന്ന ഒരു സാമൂഹികപശ്ചാത്തലത്തിൽ നിന്ന് പുരോഹിതൻമാർ മുതലെടുപ്പു നടത്തിവന്നു. അതിനു തക്ക ഒരു വേദശാസ്ത്രവും അവർ ആവിഷ്കരിച്ചിരുന്നു. സാമ്പത്തികമായിത്തന്നെയും പുരോഹിതൻമാരുടെ നില രാജാക്കൻമാരുടേതിൽനിന്നും മെച്ചമായിക്കൊണ്ടിരുന്നതുകൊണ്ട് ഭരണകൂടത്തെ നിയന്ത്രിക്കുവാനും ചൊല്പടിക്കു നിർത്തുവാനും അവർക്കു കഴിഞ്ഞിരുന്നു. അഖ്നാതെന്റെ പിതാവായ ആമെൻ ഹോടെപ് മൂന്നാമനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും പുരോഹിതൻമാരുടെ ഈ മേൽക്കോയ്മ അവസാനിപ്പിക്കുവാൻ ആഗ്രഹിച്ചു.
ആമെൻ ഹോടെപ് IV-ംമൻ (അമൻ തൃപ്തനാണ് എന്നാണ് പേരിനർഥം) രാജാവായപ്പോൾ (ബി.സി. 1379-1362) അഖൻ ആതൻ (ആതനെ പ്രീതിപ്പെടുത്തുന്നത് എന്നർഥം) എന്ന പേരു സ്വീകരിച്ചു. തലസ്ഥാനം പുരാതനനഗരമായ തീബ്സിൽനിന്നും മാറ്റി 300 മൈൽ അകലെ സ്ഥാപിച്ചു.
അതിനെ സൂര്യദേവന്റെ ചക്രവാളസീമ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ടെൽ എൽ അമർണാ എന്ന സ്ഥലമായിരിക്കണം ഇത്. ദൈവവും രാജാവും തുല്യരാണ് എന്നു സ്ഥാപിക്കുന്നതിനായിരുന്നു അഖ്നാതെന്റെ ശ്രമം. പുരോഹിതൻമാരുടെ ശക്തി അവസാനിപ്പിക്കുന്നതിനായി ഇദ്ദേഹം ഒരു പുതിയ മതംതന്നെ വിഭാവനം ചെയ്തു. അമൻദേവനെ ആരാധിക്കുന്നത് കർശനമായി നിരോധിക്കുകയും സൂര്യബിംബം (Sun disc) പ്രതിരൂപമായി സ്വീകരിച്ച് അത്തേൻദേവനെ ആരാധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പുരാതന സൂര്യദേവനായിരുന്ന റായിൽ നിന്നും രൂപപ്പെടുത്തിയെടുത്തതായിരുന്നു അത്തേൻ. സൂര്യബിംബത്തിൽനിന്നും പ്രവഹിക്കുന്ന കിരണങ്ങൾ മനുഷ്യകരങ്ങളിൽ പതിക്കുന്ന രീതിയിലാണ് അത്തേൻദേവനെ ചിത്രീകരിച്ചത്. ദേവന് അംഖ് (ജീവന്റെ പ്രതിരൂപം) ആണ് അർപ്പിച്ചിരുന്നത്.
ആദ്യത്തെ ഏകദൈവവിശ്വാസി
[തിരുത്തുക]ലോകത്തിൽ ഏകദൈവവിശ്വാസം എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത് അഖ്നാതെൻ ആണ് എന്ന് പല പണ്ഡിതൻമാരും കരുതുന്നു. അഖ്നാതെൻതന്നെ രചിച്ചതെന്നു കരുതപ്പെടുന്ന മനോഹരവും സുദീർഘവുമായ ഒരു ഭക്തിഗാനത്തിൽനിന്നാണ് ആ മതത്തിന്റെ വിശ്വാസപ്രമാണത്തെയും ആചാരനുഷ്ഠാനങ്ങളെയും സംബന്ധിച്ച ചില വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആ ഗാനം ജീവന്റെ സ്രഷ്ടാവും സംരക്ഷകനുമായ അത്തേനിനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ്. സ്ത്രീയിൽ അണ്ഡവും പുരുഷനിൽ ബീജവും നിർമിച്ചവൻ, അമ്മയുടെ ഉദരത്തിൽ പുത്രനു ജീവൻ നല്കുന്നവൻ, സൃഷ്ടിക്കപ്പെട്ടവയ്ക്കെല്ലാം ജീവൻ നല്കുന്നവൻ എന്നിങ്ങനെ ആരംഭിക്കുന്ന പ്രസ്തുത ഗാനത്തിൽ ലോകത്തിൽ ആദ്യമായി ഏകദൈവവിശ്വാസം പ്രഖ്യാപനം ചെയ്യുന്നത് ഈ വിധമാണ്: നിന്റെ പ്രവൃത്തികൾ എത്ര വൈവിധ്യമാർന്നവ, അവ മനുഷ്യദൃഷ്ടിയിൽനിന്ന് നീ മറച്ചിരിക്കുന്നുവല്ലോ. അല്ലയോ ഏകദൈവമേ, നിനക്കു തുല്യനായി ആരുമില്ല.
പ്രവാചകനായ മോശെ അഖ്നാതെന്റെ കൊട്ടാരത്തിൽ വസിച്ചിരുന്നുവെന്നും സർവശക്തനും സർവജ്ഞനുമായ ഒരു സൃഷ്ടികർത്താവിനെക്കുറിച്ചുള്ള ബോധം അവിടെ നിന്നും ആർജിച്ചുവെന്നും ചില പണ്ഡിതൻമാർ കരുതുന്നുണ്ട്. സൂര്യനെ സർവസമന്വയപ്രതീകമായി (Universal God) കരുതുന്ന ലളിതമായ ഒരു മതഘടന ഈജിപ്തിലെങ്ങുമുള്ള സാധാരണ ജനങ്ങൾക്ക് സ്വീകാര്യമായിരിക്കുമെന്ന് ഇദ്ദേഹം കരുതി. അങ്ങനെ രൂപപ്പെടുത്തിയ പുതിയ മതം പുരോഹിതൻമാരുടെ വർദ്ധിച്ചുവന്ന ശക്തിയെ നേരിടുക എന്ന പ്രാഥമിക ലക്ഷ്യം വച്ചുകൊണ്ട് അഖ്നാതെൻ സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നുവെന്നു കരുതുന്നവരുമുണ്ട്. എന്നാൽ അന്നത്തെ ചിത്രകാരൻമാരും ശില്പികളും അഖ്നാതെനെ ചിത്രീകരിച്ചിരുന്നത് ഒരു രാഷ്ട്രമീമാംസകനെന്ന നിലയിലല്ല, ഏറിയ കൂറും ഒരു കവിയോ, സ്വപ്നദർശിയോ ആയിട്ടാണ്.
മതപരമായി അഖ്നാതെൻ നടപ്പാക്കിയ പരിവർത്തനങ്ങൾ ഒരു പുതിയ കലാശൈലിക്കുതന്നെ കാരണമായി ഭവിച്ചു. തീബ്സിൽ കർനാക്കിലെ (Karnak) അമൻ ദേവാലയത്തിനടുത്ത് അഖ്നാതെൻ ഒരു കൂറ്റൻ ആതൻ ക്ഷേത്രം പണികഴിപ്പിച്ചു. ഈ ദേവാലയത്തിൽ അഖ്നാതെൻ സൂര്യദേവനെ ആരാധിക്കുന്ന രീതിയിലുള്ള ഭീമാകാരങ്ങളായ അനേകം പ്രതിമകൾ സ്ഥാപിച്ചിരുന്നു. ഈ പ്രതിമാനിർമ്മാണരീതി പുരാതന കലാരീതിയിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അഖ്നാതെൻ ആയിരുന്നു ഈ കലാസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്. പരമ്പരാഗതമായ കലാരീതി ദൈവികമായി കണക്കാക്കിയിരുന്നവരിൽ ഈ പരിഷ്കാരം കനത്ത ആഘാതം ഏല്പിച്ചു. സാധാരണ ഫറവോൻമാരുടെ ചിത്രങ്ങളോടുചേർന്ന് രാജ്ഞിമാരുടെ ചിത്രങ്ങൾ വരയ്ക്കാറില്ലായിരുന്നു. എന്നാൽ ഈ കീഴ്വഴക്കവും അഖ്നാതെൻ അവസാനിപ്പിച്ചു. കലാകാരൻമാർ ഇദ്ദേഹത്തെ യഥാതഥമായിത്തന്നെ ചിത്രീകരിച്ചു. ഭാര്യയായ നെഫർറ്റിറ്റിയോടൊന്നിച്ച് രഥം ഓടിക്കുന്നതായൊ, ആരാധന നടത്തുന്നതായൊ, അവരെ ചുംബിക്കുന്നതായൊ, പാർശ്വവർത്തികൾക്ക് സമ്മാനങ്ങൾ നല്കുന്നതായൊ ആണ് ഇദ്ദേഹത്തെ അവർ ചിത്രീകരിച്ചത്. ഈ ചിത്രീകരണങ്ങളിൽ നിന്നും അഖ്നാതെന്റെ ശരീരഘടനയിൽ ഏതോ വൈകല്യം ഉണ്ടായിരുന്നുവെന്ന് ചിലർ അഭ്യൂഹിക്കുന്നുണ്ട്. ബലഹീനവും സ്ത്രൈണവുമായ ഒരു ദേഹപ്രകൃതിയാണ് ചിത്രങ്ങളിൽ ഇദ്ദേഹത്തിനു നല്കപ്പെട്ടിട്ടുള്ളത്. അന്തഃസ്രാവികളുടെ ക്രമരഹിതമായ പ്രവർത്തനമായിരുന്നിരിക്കണം ഈ ദേഹപ്രകൃതിക്കു കാരണമെന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണമേറ്റെടുത്ത് 5 വർഷം കഴിഞ്ഞപ്പോഴേക്കും അഖ്നാതെൻ അമൻദേവാലയം പൂർണമായി നശിപ്പിച്ചു. അമൻദേവനെ പ്രതിനിധാനം ചെയ്തിരുന്ന ലിഖിതങ്ങളും പ്രതിമകളും എല്ലാം നശിപ്പിക്കപ്പെട്ടു. അവയ്ക്കു പകരം പുതിയ മതസിദ്ധാന്തങ്ങൾ പ്രതിമകളിലൂടെയും ചുവർചിത്രങ്ങളിലൂടെയും അഖ്നാതെൻ ആവിഷ്കരിച്ചു. പുരാതന മതവിശ്വാസത്തിനു നേരേയുള്ള ഏറ്റവും ക്രൂരമായ ഒരു കയ്യേറ്റം തന്നെയായിരുന്നു അഖ്നാതെൻ നടത്തിയത്.
പഴമയിലേക്കുള്ള തിരിച്ചുപോക്ക്
[തിരുത്തുക]അഖ്നാതെൻ 17 വർഷം രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ തത്ത്വദർശനങ്ങളും വിശ്വാസങ്ങളും ഒരു തികഞ്ഞ പരാജയമാണെന്ന് മരിക്കുന്നതിനുമുമ്പുതന്നെ തെളിയാൻ തുടങ്ങി. അഖ്നാതെന്റെ മരണശേഷം മരുമകനായ തുത്തന്ഖാമുൻ ഭരണമേറ്റപ്പോൾ രാജധാനി തീബ്സിലേക്കു തിരിച്ചു കൊണ്ടുപോവുകയും ആതൻദേവനെ ആരാധിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്വന്തം പേര് തുതൻഖമൻ എന്നു മാറ്റുകയും നശിപ്പിക്കപ്പെട്ട അമൻദേവാലയം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇദ്ദേഹത്തിനുശേഷം ഭരണമേറ്റ സൈനികോദ്യോഗസ്ഥൻമാർ അഖ്നാതെന്റെ പേരുതന്നെ ഈജിപ്തിലെ രാജാക്കൻമാരുടെ പട്ടികയിൽ നിന്നും മാറ്റി. അഖ്നാതെൻ സ്ഥാപിച്ച രാജധാനി ഏകദേശം 50 വർഷക്കാലം അവഗണിക്കപ്പെട്ടനിലയിൽ ആരും ഉപയോഗിക്കാതെ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം അവിടെ അവശേഷിച്ചിരുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പൊളിച്ചെടുത്ത് ചെറിയ കെട്ടിടങ്ങളും വീടുകളും പണിയുന്നതിനുപയോഗിച്ചു. അഖ്നാതെനുവേണ്ടിയുണ്ടാക്കിയിരുന്ന ശവകുടീരത്തിലല്ല അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. തീബ്സിലെ രാജകീയ ശ്മശാനത്തിലെ 55-ം നമ്പർ ശവകുടീരത്തിൽ ഒരു രാജകുമാരിക്കുവേണ്ടിയുണ്ടാക്കിയ ശവപ്പെട്ടിയിൽ അടക്കംചെയ്തിരിക്കുന്ന മൃതദേഹം അഖ്നാതെന്റെതാണെന്നു കരുതപ്പെടുന്നു.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- Akhenaten
- Akhenaten the heretic PHARAOH Archived 2010-12-27 at the Wayback Machine.
- Pharaoh Akhenaten
- (Akhenaten) 1352-1336 B.C. 18th Dynasty
- Akhenaten
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഖ്നാതെൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |