അക്വിഫോളിയേസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്വിഫോളിയേസി
Ilex-aquifolium (Europaeische Stechpalme-1).jpg
European holly (Ilex aquifolium) leaves and fruit
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Aquifoliales
Family: Aquifoliaceae
de Candolle ex Richard
Genus: Ilex
Linnaeus
Species

About 600, see text

ഒരു സസ്യകുടുംബം. ഇതിൽ മൂന്നു ജീനസ്സുകളിലായി 500-ഓളം സ്പീഷീസുണ്ട്. ഇവയിൽ ചിലത് ഉഷ്ണമേഖലയിലെ അതിവൃഷ്ടിയുള്ള പ്രദേശങ്ങളിലും മറ്റു ചിലത് ശാന്തമേഖലയിലും വളരുന്നു. ഇവയിൽ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉൾ പ്പെടുന്നു. തടിച്ചു തുകൽപോലെ തോന്നിക്കുന്ന ഇലകൾ, ഏകാന്തരന്യാസരീതിയിൽ (alternate) ക്രമപ്പെടുത്തിയിരിക്കുന്നു; വളരെച്ചെറിയ അനുപർണങ്ങളുമുണ്ട്. പുഷ്പങ്ങൾ നിശ്ചിതക്രമത്തിൽ (Cymose) ഉള്ളവയാണ്. ഇവ സമമിതങ്ങൾ (Symmetrical) ആണ്.

പുഷ്പങ്ങൾ ഏകലിംഗികളോ (unisexual) ദ്വിലിംഗികളോ (bi-sexual) ആകാം. ആൺ പുഷ്പത്തിൽ സാധാരണ നാലു കേസരങ്ങൾ (stamens) ആണുള്ളത്. ഇവ ദളങ്ങൾക്കിടവിട്ടാണ് സ്ഥിതിചെയ്യുന്നത്. കേസരങ്ങൾ ദളങ്ങളുടെ അടിഭാഗത്ത് സംയോജിതമാണ്. പെൺപുഷ്പങ്ങളിലെ നാലു ജനിപർണങ്ങൾ (carpels) സംയോജിച്ചു സംയുക്തപർണജനി(symcarpous)യായിട്ടാണു കാണപ്പെടുക. അണ്ഡാശയത്തിനു (ovary) നാലറകളുണ്ട്. ഓരോ അറയിലും ഒന്നോ രണ്ടോ നിലംബപ്രതീപ (pendulous) അണ്ഡങ്ങൾ കാണുന്നു. കായ അമ്രക(drupe)മാണ്. അക്വിഫോളിയേസി കുടുംബത്തിലെ ഐലക്സ് (Ilex) ജീനസ്സിന് മുന്നൂറോളം സ്പീഷീസുണ്ട്. മറ്റു ജീനസ്സുകൾ അമേരിക്ക, ആസ്ട്രേലിയ, പോളിനേഷ്യ മുതലായ ഭൂഭാഗങ്ങളിൽ കാണുന്നു. തെക്കെ ഇന്ത്യയിൽ ഐ. മലബാറിക്ക (I. malabarica), ഐ. ത്വെയ്റ്റെസി (I. thwaitesii) ഐ. വൈറ്റിയാന (I. wightiana), ഐ. ഗാർഡനേറിയാന (I. gardeneriana), ഐ. ഡെന്റിക്കുലേറ്റ (I. denticulata) എന്നീ അഞ്ചു സ്പീഷീസ് വളരുന്നുണ്ട്. സഹ്യാദ്രിയിലും പളനിമലകളിലും ഇവ സുലഭമാണ്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വിഫോളിയേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്വിഫോളിയേസി&oldid=3824942" എന്ന താളിൽനിന്ന് ശേഖരിച്ചത്