അക്യുലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Archaeological Area and the Patriarchal Basilica of Aquileia
The Patriarchal Basilica of Aquileia.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ഇറ്റലി Edit this on Wikidata
Area 37.44 കി.m2 (403,000,000 sq ft)
മാനദണ്ഡം iii, iv, vi
അവലംബം 825
നിർദ്ദേശാങ്കം 45°46′N 13°22′E / 45.77°N 13.37°E / 45.77; 13.37
രേഖപ്പെടുത്തിയത് 1998 (22nd വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം 2017
Endangered  ()
വെബ്സൈറ്റ് www.comune.aquileia.ud.it

പ്രാചീനറോമാസാമ്രാജ്യത്തിലെ ഒരു നഗരം. അഡ്രിയാറ്റിക് കടലിൽനിന്ന് 11 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്നു. ബി.സി. 181-ൽ റോമാക്കാരാണ് അക്യുലിയ സ്ഥാപിച്ചത്. ആൽപ്സ് പർവതനിരകൾക്കും അഡ്രിയാറ്റിക് കടലിനും ഇടയ്ക്കുള്ള ഇടുങ്ങിയ പാതയിലൂടെ ബർബരൻമാർ നടത്തിയിരുന്ന കടന്നാക്രമണത്തെ തടയാനാണ് ഈ നഗരം നിർമിച്ചത്. ആൽപ്സിനും അഡ്രിയാറ്റിക്കിനും ഇടയ്ക്കുള്ള ഇടുങ്ങിയ പാത അക്യുലിയയിൽ അവസാനിക്കുന്നു. തന്ത്രപരമായ പ്രാധാന്യംകൊണ്ട് അവിടം ഒരു സൈനികകേന്ദ്രവും വാണിജ്യകേന്ദ്രവുമായി അഭിവൃദ്ധിപ്രാപിച്ചു. പനോണിയായും ഇറീലിയായും റോമാസാമ്രാജ്യത്തിൽപ്പെട്ടതോടെ അക്യുലിയയുടെ വാണിജ്യപരമായ പ്രാധാന്യം വർദ്ധിച്ചു. വെനീഷ്യാ പ്രവിശ്യയുടെ തലസ്ഥാനവും റോം കഴിഞ്ഞാൽ സ്വന്തം നാണയം അടിക്കാൻ അവകാശമുള്ള ഏക ഇറ്റാലിയൻ നഗരവും അക്യുലിയ ആയിരുന്നു.[1]

ഹാഡ്രിയൻ ചക്രവർത്തി (എ.ഡി. 76-138)യുടെ ഭരണകാലത്ത് റോം, മിലാൻ, കാപുവാ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ വലിപ്പത്തിൽ അക്യുലിയ ഇറ്റലിയിലെ നാലാമത്തെ നഗരമായിരുന്നു. മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും മധ്യേ ആയിരുന്നു അന്ന് ഇവിടുത്തെ ജനസംഖ്യ. 452-ൽ ഹൂണൻമാർ ഈ നഗരം ആക്രമിച്ചു.

ലൊംബാർഡുകൾ ഇറ്റലി ആക്രമിച്ചപ്പോൾ (606) അക്യുലിയായിലെ പാത്രിയാർക്കീസ് ഗാർദോയിലേക്ക് ഓടിപ്പോയി; ഗിർസോയായിൽ താമസമാക്കി. അക്യുലിയയിലെ പാത്രിയാർക്കീസായ കാൽസിഡീനിയൻ, മാർപാപ്പയ്ക്ക് കീഴ്വഴങ്ങി. എന്നാൽ അദ്ദേഹത്തിന്റെ സഹായമെത്രാൻ അതിനു തുനിഞ്ഞില്ല. വളരെക്കാലം അക്യുലിയയിലെ ഗാർദോയിലും സമാന്തരപാത്രീയാർക്കീസൻമാരുണ്ടായി. അക്യുലിയയിലെ പോപ്പോ 1024-ൽ ഗാർദോയേ പുറംതള്ളി അവിടത്തെ ഖജനാവ് അക്യുലിയയിൽ കൊണ്ടുവന്നു. നാണയം അടിക്കുവാനുള്ള അധികാരവും റോം ഒഴിച്ചുള്ള ഇറ്റലിയുടെ മെത്രാൻ സ്ഥാനവും അക്യുലിയയിലെ ബിഷപ്പിന് കോൺട്രാസ് ചക്രവർത്തിയുടെകാലത്ത് ലഭിച്ചു.[2]

എന്നാൽ വെനീസിന്റെ വളർച്ച അക്യുലിയയെ പ്രതികൂലമായി ബാധിച്ചു. 1438-ലെ ഭൂകമ്പം അക്യുലിയയെ ആകെ തകർത്തു. 1748-49-ൽ മെത്രാസനത്തിലുണ്ടായ ഭിന്നതകൾ മതത്തേയും സാരമായി ഉലച്ചു. 1749 അവസാനം പാത്രിയാർക്കാസ്ഥാനം തന്നെ നിർത്തലാക്കി. അതോടുകൂടി അക്യുലിയ വിസ്മൃതിയിലായി.

അവലംബം[തിരുത്തുക]

  1. Aquileia [1]
  2. Archaeological Area and the Patriarchal Basilica of Aquileia [2]

പുറംകണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്യുലിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്യുലിയ&oldid=2279691" എന്ന താളിൽനിന്നു ശേഖരിച്ചത്