അക്ബർ (നോവൽ)
കർത്താവ് | പി.എ.എസ് ഫം ലിംബർഗ് ബ്രാവർ |
---|---|
യഥാർത്ഥ പേര് | AKBAR |
പരിഭാഷ |
|
രാജ്യം | നെതർലന്റ്സ് |
ഭാഷ | ഡച്ച് ഭാഷ |
സാഹിത്യവിഭാഗം | ചരിത്രനോവൽ |
പ്രസിദ്ധീകൃതം |
|
മാധ്യമം | അച്ചടി |
ഏടുകൾ | 359 |
OCLC | 907173223 |
മൂലപാഠം | AKBAR at പ്രോജക്ട് ഗുട്ടൻബർഗ് |
ഭാഷാന്തരം | അക്ബർ at ഇന്റർനെറ്റ് ആർകൈവ് |
അക്ബർ ചക്രവർത്തിയുടെ ജീവിതകാലത്തെ ആസ്പദമാക്കി നെതർലന്റ്സ് എഴുത്തുകാരനായ ഡോക്ടർ. പി. എ. എസ്. വാൻ ലിംബർഗ് ബ്രോവർ[i] (ഡച്ച്: Dr. Petrus Abraham Samuel van Limburg Brouwer, ഡോ. പേത്രസ് അബ്രഹാം സാമുവൽ ഫം ലിംബർഗ് ബ്രാവർ) ഡച്ച് ഭാഷയിലെഴുതി 1872-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രനോവലാണ് അക്ബർ.
അക്ബറുടെ സ്വഭാവവിശേഷങ്ങളെയും അദ്ദേഹം നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ സ്ഥിതിയെയും ഇതിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചരിത്രപുരുഷന്മാരായ സലിം, അബുൽ ഫസ്ൽ, ഫൈസി, അബ്ദുൽ ഖാദർ ബാദാവുനി, റൂഡോൾഫ് അക്വാവിവ എന്നിവർ ഇതിലെ കഥാപാത്രങ്ങളാണ്. നന്ദിഗുപ്തൻ, ഇരാവതി മുതലായ ചില കല്പിത കഥാപാത്രങ്ങളെയും ഇതിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിൽനിന്നു ചില്ലറ വ്യതിയാനങ്ങൾ ഉണ്ടെങ്കിലും അക്ബറുടെ ഭരണകാലത്തെ സ്ഥിതിഗതികളുടെ സമഗ്രമായ ഒരു ചിത്രം ഈ ആഖ്യായികയിൽനിന്ന് ലഭിക്കുന്നു. കഥാഖ്യാനത്തിൽ അവക്രതയും പാത്രസൃഷ്ടിയിൽ സ്വാഭാവികതയും ദീക്ഷിച്ചിരിക്കുന്നുവെന്നത് ഇതിന്റെ സവിശേഷതയാണ്.[1] എ.ഡി. 1872-ൽ ആണ് ഈ കൃതി ഡച്ചുഭാഷയിൽ പ്രസിദ്ധപ്പെടുത്തിയത്. 1877-ൽ ഇതിന്റെ ജർമൻ പരിഭാഷയും 1879-ൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തുവന്നു.[2]
മലയാളപരിഭാഷ
[തിരുത്തുക]ഇംഗ്ലീഷ് പരിഭാഷ വായിക്കാനിടവന്ന വിശാഖംതിരുനാൾ മഹാരാജാവ് ഇതു മുഴുവനും ഭാഷാന്തരീകരിക്കത്തക്ക യോഗ്യതയുള്ളതാകുന്നു എന്നൊരു കുറിപ്പോടുകൂടി 1880-ൽ കേരളവർമ വലിയകോയിത്തമ്പുരാന് അയച്ചുകൊടുക്കുകയും അദ്ദേഹം അത് 1882-ൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിത്തുടങ്ങുകയും ചെയ്തു.[3]1894-ൽ ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു.[4]
തമ്പുരാന്റെ തർജുമയിലെ ഭാഷ സംസ്കൃതപദജടിലവും പ്രാസബഹുലവുമാണ്. ഗ്രന്ഥത്തിന്റെ ആരംഭത്തിൽ കാണുന്ന വർണന ഇതിന് മതിയായ ഉദാഹരണമാണ്.
“ | അസ്തപർവതനിതംബത്തെ അഭിമുഖീകരിച്ച് ലംബമാനമായ അംബുജ ബന്ധുബിംബത്തിൽനിന്നും അംബരമധ്യ ത്തിൽ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങൾ ബദരീനാഥ ക്ഷേത്രത്തിന്റെയും ഹിമാ ലയ മഹാഗിരിയുടെ തുംഗകളായ ശൃംഗപരമ്പരകളു ടെയും അദഭ്രശുഭ്രകളായ ഹിമസംഹതികളിൽ പ്രതിബിം ബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതന് സാനുപ്രദേശങ്ങളിൽ സമൃദ്ധങ്ങളായി വളർന്നിരിക്കുന്ന മഹീരുഹങ്ങളിൽ പ്രഭാതാൽ പ്രഭൃതി വികസ്വരങ്ങളായി നില്ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമ ളധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു |
” |
എന്നാൽ ഗ്രന്ഥം പുരോഗമിക്കുന്തോറും ശൈലി കൂടുതൽ ലളിതവും സ്വാഭാവികവുമായിത്തീരുന്നു. ഗ്രന്ഥത്തിന്റെ അവതാരികയിൽ സ്വന്തം ഭാഷാരീതിയെപ്പറ്റി വിവർത്തകൻ ചെയ്തിട്ടുള്ള പ്രസ്താവം ശ്രദ്ധേയമാണ്: സംസ്കൃതത്തെക്കുറിച്ച് വൈമുഖ്യമുള്ളവർ ഉപക്രമം കണ്ടു ബുദ്ധിക്ഷയത്താൽ പുസ്തകം വലിച്ചെറിഞ്ഞുകളയാതെ അല്പം ക്ഷമയോടുകൂടി മേൽ വായിച്ചുനോക്കിയാൽ അങ്ങോട്ടങ്ങോട്ടു സംസ്കൃതപദപ്രയോഗം കുറവാണെന്നു കാണുന്നതു കൂടാതെ തങ്ങളുടെ ശ്രമം നിഷ്പ്രയോജനമായി എന്ന പശ്ചാത്താപത്തിനു യാതൊരു വിധത്തിലും ഇടയില്ലെന്നു അവർക്ക് ഒടുവിൽ നിശ്ചയമായി ബോധപ്പെടുന്നതും ആണ്.
തർജുമയാണെങ്കിലും മലയാളത്തിൽ ആദ്യമായി രചിക്കപ്പെട്ട ലക്ഷണയുക്തമായ നോവൽ അക്ബറാണ്. ആദ്യകാലങ്ങളിൽ, പത്രപ്രവർത്തകരും മറ്റും അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.[5]
കുറിപ്പുകൾ
[തിരുത്തുക]- ↑ ഇത് മൂലഭാഷയിലുള്ള നാമപദങ്ങളുടെ ഇംഗ്ലീഷ്-ലിപ്യന്തരണത്തിന്റെ മലയാള-ഉച്ചാരണം മാത്രമാണ്.
അവലംബം
[തിരുത്തുക]- ↑ http://www.gutenberg.org/etext/6712 Akbar: een oosterse roman by P. A. S. van Limburg Brouwer
- ↑ Akbar: een Oostersche Roman (1872); Akbar: Ein Indischer Roman (1877); Akbar: en Ostindisk Roman (1878); Akbar: an Eastern Romance (1879).
- ↑ ശ്രീ അക്ബർ (1894), പുറങ്ങൾ. III–IV, അവതാരിക.
- ↑ http://manybooks.net/titles/brouwerpetext048akba10.html Akbar
- ↑ രാമകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി (1912). വൃത്താന്തപത്രപ്രവർത്തനം. p. 23.
ഗ്രന്ഥസൂചി
[തിരുത്തുക]- പി. എ. എസ്. വാൻ ലിംബർഗ് ബ്രോവർ [in ഡച്ച്] (1872). അക്ബർ (Akbar) [അക്ബർ] (in ഡച്ച്). ഹേഗ്: മാർട്ടിനസ് നൈയോഫ്.
- ലീന ശ്നൈഡർ (1877). അക്ബർ (Akbar) [അക്ബർ] (in ജർമ്മൻ). ലീപ്സിഗ്: ഹെയ്ൻറിച് കില്ലിംഗർ.
- ഓ. (1878). അക്ബർ (Akbar) [അക്ബർ] (in ഡാനിഷ്). കോപ്പൻഹേഗൻ: അന്റർ. സ്കോസ് ഫോർലേഗ്.
- എം. എം. (1879). അക്ബർ (Akbar) [അക്ബർ] (in ഇംഗ്ലീഷ്). ലണ്ടൻ: ഡബ്ല്യൂ. എച്ച്. അലെൻ & കമ്പനി.
- കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (1894). അക്ബർ. തിരുവനന്തപുരം: കേരളവർമ്മ വലിയ കോയിത്തമ്പുരാൻ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്ബർ (നോവൽ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |