അകാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനസംഖ്യകൊണ്ട് ഇന്ത്യയിലെ നാലാമത്തെ[1] മതവിഭാഗമായ സിക്കുകാർ സ്വയം വിശേഷിപ്പിക്കാനും അവരുടെ രാഷ്ട്രീയ കക്ഷിയെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്ന പദം. കാലാതീതനും സർവന്തര്യാമിയുമായ ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എന്നാണ് ഈ പദത്തിന്റെ വാച്യാർഥം. സിക്കുകാരുടെ പത്താമത്തേയും അവസാനത്തേയും ഗുരുവായ ഗോവിന്ദ്സിങ്ങിന്റെ (1666-1708) കാലത്താണ് ഈ പദം പരക്കെ പ്രചാരത്തിൽ വന്നതെന്ന് കരുതപ്പെടുന്നു.ഗുരു ഗോവിന്ദ്സിങ്ങിന്റെ പിതാവും ഒമ്പതാമത്തെ ഗുരുവും ആയിരുന്ന തേജ് ബഹദൂറിനെ 1675-ൽ ഔറംഗസീബ് (1618-1707) ചക്രവർത്തിയുടെ ആജ്ഞ പ്രകാരം വധിച്ചത് ഉൾപ്പെടെ പലവിധ ആക്രണങ്ങൾക്കും പീഡനങ്ങൾക്കും സിക്കു മതാനുയായികൾ ഇരയായതിനെ തുടർന്ന് ഗുരു ഗോവിന്ദ് സിങ് അവരെ സ്വരക്ഷയ്ക്കായി സൈനികമുറയിൽ പ്രത്യേക വേഷവിധാനങ്ങൾ നിർദ്ദേശിച്ച് സംഘടിപ്പിക്കുകയും ഖൽസാ എന്ന പേരിൽ 1699-ൽ അവർക്കൊരു നേതൃത്വത്തെ രൂപീകരിക്കുകയും ചെയ്തു. അതിനോട് കൂറ് പുലർത്തുന്നവരും മറ്റു പ്രകാരത്തിൽ സിക്കു വിശ്വാസങ്ങളും ജീവിതചര്യയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരും ആയവരെയാണ് അന്നുമുതൽ അകാലികൾ എന്നു വിശേഷിപ്പിച്ച് വരുന്നത്.[2]

8-ം ശതകം മുതൽ 17-ം ശ. വരെ ഇന്ത്യയിൽ ഉടനീളം സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിച്ച ഭക്തിപ്രസ്ഥാനത്തിന്റെ അവസാന കണ്ണികളിൽ ഒരാളായിരുന്നു സിക്കു മതസ്ഥാപകനായ ഗുരുനാനാക്ക്. എന്നു മാത്രമല്ല ഇദ്ദേഹത്തിന്റെ ഏകദൈവ ആരാധനാസിദ്ധാന്തത്തിൽ ഹൈന്ദവ-ക്രൈസ്തവ[അവലംബം ആവശ്യമാണ്]-ഇസ്ലാം മതങ്ങളിലെ ഉത്തമ ധർമാംശങ്ങളെ സ്വാംശീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അറംഗസീബിന്റെ കാലത്തെ അസഹിഷ്ണുതയോടും പീഡനത്തോടും ഉള്ള പ്രതികരണം എന്ന നിലയിൽ ഗുരു ഗോവിന്ദ്സിങ് വേഷഭൂഷാദികളിലും ആരാധന തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളിലും സിക്കുകാരെ ഹിന്ദുക്കളിൽ നിന്നും മുസ്ലിങ്ങളിൽ നിന്നും വ്യക്തമായി വേർതിരിച്ച് ഒരു പ്രത്യേക കൂട്ടായ്മയായി സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായിട്ടുകൂടിയാണ് ഖൽസ എന്ന സംഘടനയും അകാലി എന്ന പ്രയോഗവും പ്രചാരത്തിൽ വന്നത്. നീല കള്ളികളുള്ള കുപ്പായവും ഉരുക്ക് കൈവളകളും തലപ്പാവും കൃപാണവും (കഠാരപോലുള്ള ആയുധം) മറ്റുമാണ് വേഷമായി സിക്കുകാർക്ക് നിർദ്ദേശിക്കപ്പെട്ടത്. ഗുരു ഗോവിന്ദ്സിങ് തന്നെയാണ് ഈ നടപടികളോടൊപ്പം അതുവരെ പ്രധാനമായി വാമൊഴിയായും ചിന്നിച്ചിതറിയ ലഘുലേഖകളായും മാത്രം പ്രചരിച്ചിരുന്ന ഗുരുവചനങ്ങളെ ഇന്നത്തെ രൂപത്തിൽ സമാഹരിച്ചു എഡിറ്റ് ചെയ്ത് ഗുരുഗ്രന്ഥസാഹിബ് എന്ന പേരിൽ അന്തിമരൂപം നല്കിയത്. സിക്കുകാരുടെ ആരാധനാലയങ്ങളിൽ വായനയ്ക്കും ആരാധനയ്ക്കുമായി ഗുരുഗ്രന്ഥസാഹിബ് പ്രദർശിപ്പിക്കണം എന്നും വ്യവസ്ഥ ചെയ്തു. 1708-ൽ ഒരു അക്രമിയുടെ കൈകളാൽ വധിക്കപ്പെട്ട ഗുരു ഗോവിന്ദ്സിങ് സംഘടിത സിക്കുമതത്തിന്റെയും സിക്ക് രാഷ്ട്രീയ പദ്ധതികളുടെയും കൂടി പിതാവായ അവസാനത്തെ ഗുരുവാണെന്ന് സിക്കുകാർ വിശ്വസിക്കുന്നു. മതപരമായ കർമങ്ങൾ നടത്തുന്നതിന് ഇവർ ആസ്ഥാനമായി തിരഞ്ഞെടുത്തത് അമൃതസരസ്സാണ്.[3]

അവലംബം[തിരുത്തുക]

  1. "Census Data 2001 >> India at a glance >> Religious Composition". Census Data 2001. Registrar General and Census Commissioner of India. ശേഖരിച്ചത് 2010 ഓഗസ്റ്റ് 27. Check date values in: |accessdate= (help)
  2. http://www.budhadal.com/ Shiromani Panth Akali Budhadal
  3. http://www.nihangsingh.org/website/war-kaur.html Akali Kaur Singh Nihang

പുറംകണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകാലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകാലി&oldid=3622459" എന്ന താളിൽനിന്ന് ശേഖരിച്ചത്