Jump to content

അംഗരാഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിറങ്ങളും അതുപുരട്ടുന്ന ഉപകരണങ്ങളും

ശരീരാവയവങ്ങൾക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ലേപനപദാർഥങ്ങളാണ് അംഗരാഗങ്ങൾ. അംഗങ്ങൾക്ക് രാഗം അഥവാ നിറം കൊടുക്കുന്നവ എന്ന അർത്ഥത്തിൽ ഈ പേരുണ്ടായി.[1]

ഉപയോഗങ്ങൾ

[തിരുത്തുക]

ദേഹം ശുചിയാക്കുക, ചർമരോഗങ്ങൾക്ക് ശമനം ഉണ്ടാക്കുക, അഭംഗി മൂടിവയ്ക്കുക, സൗന്ദര്യം വർദ്ധിപ്പിക്കുക എന്നീ പ്രയോജനങ്ങളാണ് അംഗരാഗങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ലഭ്യമാകുന്നത്. അതിപുരാതനകാലംമുതലേ പുരുഷൻമാരും സ്ത്രീകളും ഒരുപോലെ അംഗരാഗങ്ങൾ ഉപയോഗിച്ചിരുന്നു. അംഗരാഗങ്ങളുടെ മാതൃദേശം പൗരസ്ത്യദേശമാണെന്ന് ഊഹിക്കപ്പെടുന്നു. അതിന് ചരിത്രപരമായ തെളിവുകൾ ലഭിച്ചിട്ടുളളത് ഈജിപ്തിൽനിന്നാണ്.[2] ബി.സി. 5000-നും 3500-നും ഇടയ്ക്കുളള കാലങ്ങളിൽ ഈജിപ്തിലെ ശവസംസ്കാരരീതി വളരെ ചടങ്ങുകൾ നിറഞ്ഞതായിരുന്നു. വിലപിടിച്ച പല വസ്തുക്കളും ആഡംബരസാധനങ്ങളും ശവശരീരത്തോടൊപ്പം അടക്കംചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ അംഗരാഗങ്ങൾ ഇട്ടുവയ്ക്കുന്നതിനുള്ള മനോഹരങ്ങളായ ചെപ്പുകളും മറ്റുപകരണങ്ങളും ഉൾപ്പെടുന്നു. ബി.സി. 3500-ൽ ഉപയോഗിക്കപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്ന പല പാത്രങ്ങളും ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ബി.സി. 2800-ൽ 6-ആം രാജവംശത്തിന്റെ കാലത്തുപയോഗിച്ചിരുന്ന കണ്ണാടികൾ, ബി.സി. 1500-ൽ ഉപയോഗിച്ചിരുന്ന (കോൾ സൂക്ഷിച്ചുവയ്ക്കുന്നതിന്) ഗ്ലാസുകൊണ്ടു നിർമിച്ച ചെപ്പുകൾ, സ്റ്റിബിയംപെൻസിലുകൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ഒരു ഈജിപ്തവിഗ്രഹത്തിന്റെ (Sphinx) നെഞ്ചോടുചേർത്തുവച്ചിരിക്കുന്ന ഒരു വലിയ ശിലാഫലകത്തിൽ കൊത്തിവച്ചിട്ടുള്ള ചിത്രം അവിടത്തെ ചില പതിവുകൾ വെളിവാക്കുന്നു. ഇതിൽ തുത്തമോസ് രാജാവ് (ബി.സി. 1420) സുഗന്ധതൈലവും മറ്റു ലേപനങ്ങളും ദൈവത്തിന് അർപ്പിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പുരോഹിതൻമാരായിരുന്നിരിക്കണം അക്കാലത്ത് അംഗരാഗങ്ങളും സുഗന്ധദ്രവ്യങ്ങളും തയ്യാറാക്കിയിരുന്നത്. ഇത് ഒരു ജാലവിദ്യയോ അത്യുത്തമമായ കലയോ ആയി അന്നുള്ളവർ പരിഗണിച്ചിരുന്നു. വിലപിടിച്ച വസ്തുക്കൾ ഉപയോഗിച്ച് കലാപരമായി നിർമിച്ച പാത്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ആനക്കൊമ്പ്, ജിപ്സം, തടി, ഒണിക്സ് (onyx), മാർബിൾ എന്നിവയാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. ഈജിപ്റ്റിൽ തന്നെ ഉണ്ടായിരുന്ന വസ്തുക്കളെ കൂടാതെ അറേബ്യയിൽ നിന്നും ഇറക്കുമതിചെയ്യപ്പെട്ട പല വിശിഷ്ട അംഗരാഗങ്ങളും ഉപയോഗിച്ചിരുന്നു. സിസാംഎണ്ണ, ആൽമണ്ട് എണ്ണ, ഒലീവ് എണ്ണ, കോമിഫോറാ ജാതിയിൽപെട്ട ചെടിയിൽനിന്നും എടുക്കുന്ന നറുംപശ, കുന്തിരിക്കം, സ്പൈക്കനാർഡ് എണ്ണ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.[3]

ഭാരതത്തിൽ

[തിരുത്തുക]
മേക്കപ്പ് ചെയ്യുന്ന വനിത

പ്രാചീനകാലംമുതൽ ഭാരതത്തിൽ അംഗരാഗങ്ങൾക്ക് പ്രചാരം ഉണ്ടായിരുന്നു. മറ്റു ഗൃഹജോലികൾ ചെയ്യുന്നതോടൊപ്പം അംഗരാഗങ്ങൾ തയ്യാറാക്കുന്നതിനും അതു വിദഗ്ദ്ധമായി പ്രയോഗിക്കുന്നതിനും പരിശീലനം നേടിയ സ്ത്രീകൾ ഭാരതത്തിൽ ഉണ്ടായിരുന്നു. അവരെ സൈരന്ധ്രിമാർ എന്നാണ് പറഞ്ഞുവന്നിരുന്നത്. മുഖം, ദേഹം, കൈകാലുകൾ മുതലായ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം അംഗരാഗങ്ങളുണ്ട്. ജന്തുജന്യം, സസ്യജന്യം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലുള്ളവയാണ് ഈ അംഗരാഗങ്ങൾ.[4]

ജന്തുജന്യം

[തിരുത്തുക]

കസ്തൂരി, വെരുകിൻപുഴു, ഗോരോചന, അരക്കുചായം എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. കസ്തൂരിമൃഗത്തിൽ നിന്നും ലഭിക്കുന്ന കറുപ്പുനിറമുള്ള ഒരു സുഗന്ധവസ്തുവാണ് കസ്തൂരി. ഇത് അരച്ച് നെറ്റിയിൽ കുറിതൊടുന്നു. കുറിക്കൂട്ട് മുതലായ അംഗരാഗങ്ങളിൽ ചേർക്കുന്നതിനും ഇതുപയോഗിക്കുന്നു. വെരുക് എന്ന ജന്തുവിൽനിന്നുകിട്ടുന്ന നെയ്യുപോലുള്ള ഒരു സുഗന്ധദ്രവ്യമാണ് വെരുകിൻപുഴു. ഇത് ദേഹത്തുപുരട്ടിയാൽ സുഗന്ധവും ആരോഗ്യവും ലഭിക്കുന്നു. എണ്ണകളിലും മറ്റു സുഗന്ധദ്രവ്യങ്ങളിലും വെരുകിൻപുഴു ചേർക്കാറുണ്ട്.

പശുവിന്റെ പിത്തനീരിൽനിന്നും എടുക്കുന്ന ഒരു സുഗന്ധവസ്തുവാണ് ഗോരോചന. കുറിതൊടുന്നതിനും മറ്റും ഉപയോഗിക്കുന്ന ഇതിന് മഞ്ഞനിറമാണ്. സൗന്ദര്യവർധകം എന്നതിനുപുറമേ ഉൻമാദം, കുഷ്ഠം, കൃമി, ഗർഭസ്രാവം, നേത്രരോഗം, വിഷബാധ മുതലായവയ്ക്കുള്ള ഔഷധങ്ങളിലും ഗോരോചന ചേർക്കാറുണ്ട്. അരക്കുപ്രാണികൾ വിസർജിക്കുന്ന അരക്ക് ചൂടുവെള്ളത്തിലിട്ട് അലിയിക്കുമ്പോൾ കിട്ടുന്ന ചുവന്ന ചായമാണ് അരക്കുചായം. ഇത് കാലടികൾ ചുവപ്പിക്കുന്നതിനുപയോഗിക്കുന്നു. ശാകുന്തളത്തിലും കുമാരസംഭവത്തിലും അരക്കുചായത്തിന്റെ ഉപയോഗത്തെപ്പറ്റി പരാമർശമുണ്ട്.[5]

സസ്യജന്യം

[തിരുത്തുക]
മേക്കപ്പ് ചെയ്യുന്ന വനിത 1889 പെയിന്റിംഗ്

ചെമ്പരത്തിച്ചാറ്, കളഭക്കൂട്ട്, കുറിക്കൂട്ട്, മഞ്ഞൾ, പനിനീർ, മൈലാഞ്ചി, പത്തിക്കീറ്റ്, ചൂർണം, സിന്ദൂരം, കുങ്കുമം, ചാന്ത്, കൺമഷി എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. ചെമ്പഞ്ഞി തിരുമ്മി പിഴിഞ്ഞെടുക്കുന്ന ചുവന്നചാറ് ദേഹത്തും മുഖത്തും പുരട്ടുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. ശരീരത്തിൽ പുരട്ടുന്നതിനും കുറിതൊടുന്നതിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കളഭക്കൂട്ട്. അകിൽ, ചന്ദനം, ഗുൽഗുലു (സുഗന്ധമുള്ള ഒരുതരം വൃക്ഷപ്പശ), കുങ്കുമം, കൊട്ടം, ഇരുവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് ഇതു തയ്യാറാക്കുന്നത്.

കുറിതൊടാൻ ഉപയോഗിക്കുന്ന ഒരു കുഴമ്പാണ് ചാന്ത്. പച്ചരിയും ചവ്വരിയുംകൂടി കരിച്ചെടുത്ത് ചെമ്പരത്തിപ്പൂവിന്റെ നീരിൽചേർത്തു തിളപ്പിച്ചു കുറുക്കിയാണ് ചാന്തുണ്ടാക്കുന്നത്. സാധാരണയായി കടുംകറുപ്പു നിറമാണെങ്കിലും, പലതരം ചായങ്ങൾ ചേർത്ത് എല്ലാ നിറങ്ങളിലും ഇന്ന് ചാന്തു നിർമ്മിക്കുന്നുണ്ട്. കുറിതൊടുന്നതിനും ലേപനത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കുറിക്കൂട്ട്. കസ്തൂരി, കർപ്പൂരം, അകിൽ, ചന്ദനം ഇവ അരച്ച് കുഴമ്പുപാകത്തിൽ തയ്യാറാക്കുന്നു.

കുളിക്കുന്നതിനുമുമ്പും കുളികഴിഞ്ഞും ശരീരത്തിൽ പുരട്ടുന്നതിനാണ് മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നത്. സാധാരണമഞ്ഞളിനേക്കാൾ കസ്തൂരിമഞ്ഞളാണ് ഇതിനുപയോഗിക്കുന്നത്. കസ്തൂരിമഞ്ഞളും തെറ്റിപ്പൂവുംകൂടി പൊടിച്ചെടുത്ത് എണ്ണയിൽ കുഴച്ച് പുരട്ടുന്നതുകൊണ്ട് ദേഹത്തിന് നിറമുണ്ടാകുന്നു. കൂടാതെ മഞ്ഞളിന് അണുനാശകഗുണമുണ്ടെന്നുള്ളതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

പനിനീർപൂവിൽനിന്നും എടുക്കുന്ന സുഗന്ധദ്രാവകമാണ് പനിനീർ. ഇത് ദേഹത്തു പുരട്ടുന്നതിനും ചന്ദനം തുടങ്ങിയ അംഗരാഗങ്ങളിൽ ചേർക്കുന്നതിനും ഉപയോഗിക്കുന്നു. മൈലാഞ്ചിചെടിയുടെ ഇലയും മഞ്ഞളും കൂടി അരച്ചെടുത്ത് കൈകാലുകളുടെ വെള്ള, നഖങ്ങൾ ഇവയിൽ പുരട്ടി കുറച്ചുസമയം കഴിഞ്ഞ് കഴുകിക്കളയുമ്പോൾ ആ ഭാഗത്ത് ചുവപ്പുനിറം കിട്ടുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച് നിറംവരുത്തിയാൽ അനേകദിവസം നിറം മായാതെയിരിക്കുമെന്നത് മൈലാഞ്ചിയുടെ ഒരു പ്രത്യേകതയാണ്. സ്ത്രീകളുടെ കവിൾത്തടങ്ങളിലും സ്തനാദ്യവയവങ്ങളിലും എഴുതി നിറവും ആകർഷകത്വവും വരുത്തുന്നതിനുപയോഗിക്കുന്ന ചായമാണ് പത്തിക്കീറ്റ്. കസ്തൂരി, കുങ്കുമം മുതലായവ ചേർത്താണ് ഇതുണ്ടാക്കുന്നത്.

താതിരിപ്പൂവ്, ചന്ദനം എന്നിവ നേർമയായി പൊടിച്ചുണ്ടാക്കുന്ന ചൂർണം ശരീരത്തു പൂശുന്നതുകൊണ്ട് സുഗന്ധവും തൊലിക്ക് മിനുസവും ലഭിക്കുന്നു. കണ്ണും പുരികവും കറുപ്പിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പാണ് കൺമഷി. നാരങ്ങാനീരിൽ മുക്കിയ തുണി വെയിലത്ത് ഉണക്കി, തിരിയാക്കി നല്ലെണ്ണയിലോ ആവണക്കെണ്ണയിലോ കത്തിക്കുന്നു. ഇതിൽനിന്നുണ്ടാകുന്ന കരി പുത്തൻ ചട്ടിയിലോ കളിമൺപാത്രത്തിലോ പറ്റിച്ചെടുക്കുന്നു. ഇതു ചുരണ്ടിയെടുത്ത് ആവണക്കെണ്ണയും കർപ്പൂരവും വെരുകിൻപുഴുവും ചേർത്ത് കുഴച്ചെടുക്കുന്നു. നാരങ്ങാനീരിന്റെ കൂടെ കൈയ്യോന്നിനീരും വെറ്റിലച്ചാറും ചിലർ ചേർക്കാറുണ്ട്.

പൊട്ടുതൊടുന്നതിന് ഉപയോഗിക്കുന്ന പൊടികളാണ് കുങ്കുമവും സിന്ദൂരവും. കുങ്കുമവൃക്ഷത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്. മഞ്ഞൾ നേർമയായി പൊടിച്ച് അതിൽ നാരങ്ങാനീരു കലർത്തി ഉണക്കി സിന്ദൂരം ഉണ്ടാക്കുന്നു. വിവിധ വർണങ്ങളിലുള്ള ചായങ്ങൾ മഞ്ഞളിൽ കലർത്തിയും ഇന്നു സിന്ദൂരം നിർമ്മിക്കുന്നുണ്ട്.[6]

ആധുനികരീതിയിലുളള അംഗരാഗങ്ങൾ

[തിരുത്തുക]
ഐ ലൈനർ പ്രയോഗിച്ച നെഫെർറ്റിറ്റി ശിപ്പം

ഇന്ന് ഉപയോഗിക്കപ്പെടുന്ന അംഗരാഗങ്ങളിൽ മിക്കവയും ആദ്യം പ്രചരിച്ചത് പാശ്ചാത്യ നാടുകളിലാണ്. പാശ്ചാത്യരുമായുള്ള സമ്പർക്കം നിമിത്തം അവരുടെയിടയിൽ പ്രചാരമുള്ള എല്ലാ ദേഹാലങ്കാരവസ്തുക്കളും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിൽ ആയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ വിവരിക്കുന്നു:[7]

കോൾഡ് ക്രീമുകൾ

[തിരുത്തുക]

മെഴുക്, ബോറാക്സ് (borax), എണ്ണ, പനിനീര് തുടങ്ങിയവ ചേർത്താണ് സാധാരണ കോൾഡ് ക്രീമുകൾ (Cold creams) തയ്യാറാക്കുന്നത്. ഇവ തൊലിക്ക് മൃദുത്വവും സുഖവും നൽകുന്നു. കമ്പിളിരോമത്തിൽനിന്നെടുക്കുന്ന ലനോളീൻ (Lanolin) ചേർത്തു തയ്യാറാക്കുന്ന ക്രീമുകൾ തൊലിക്കുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നവയാണ്. ഔഷധഗുണമുള്ള ക്രീമുകളാണ് ഈ ഇനത്തിൽപെടുന്നത്. മേല്പറഞ്ഞ രണ്ടുതരം ക്രീമുകളും സ്നിഗ്ധസ്വഭാവമുളളവ ആയതുകൊണ്ട് തൊലിതിരുമ്മി മൃദുവാക്കുന്നതിനുപയോഗിക്കുന്നു. കൈകളിൽ തേക്കാൻ ഉപയോഗിക്കുന്ന വാനിഷിംഗ് ക്രീമുകളിൽ സ്റ്റീയറിക് അമ്ലം (Stearic acid), സോപ്പ്, ഗ്ളിസറിൻ (glycerine) എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കും. മുഖത്തും കൈകളിലുമുളള ചർമത്തിന് പരിരക്ഷ നൽകുകയാണ് ഇതുകൊണ്ട് സാധിക്കുന്നത്. മേല്പറഞ്ഞ ഘടകങ്ങൾക്കുപകരം എണ്ണകൾ, ഗ്ലിസറൈൽ മോണോസ്റ്റിയറേറ്റ് (ഇതൊരു കൃത്രിമ ജലവിലയവസ്തുവാണ്), സിങ്ക്സ്റ്റിയറേറ്റ് പോലുള്ള ജലവികർഷണവസ്തുക്കൾ എന്നിവ യുഗ്മനം ചെയ്തും ക്രീമുകൾ നിർമ്മിക്കുന്നു. ഈ ക്രീമുകൾ പൗഡറിടുന്നതിനുളള ഒരു പശ്ചാത്തലമായും ഉപയോഗിക്കാറുണ്ട്.[8]

ലോഷനുകൾ

[തിരുത്തുക]

കൈയുടെ ചർമത്തിന്റെ സുരക്ഷിതത്ത്വത്തിന് - അതായത് തൊലിയുരിയുന്നതും വിണ്ടുകീറുന്നതും തടഞ്ഞ് തൊലി മൃദുവാക്കുന്നതിന് ആണ് ഹാൻഡ്സ് ലോഷനുകൾ (Lotions) ഉപയോഗിക്കുന്നത്. സോപ്പ്, എണ്ണ, ഗ്ലിസറിൻ, ചിലതരം പശകൾ മുതലായവ ചേർത്തുള്ള ഒരു കുഴമ്പ് (emulsion) ആണിത്. അടിസ്ഥാനവസ്തുക്കൾ ഇവയാണെങ്കിലും ഇവയ്ക്കുപകരമുപയോഗിക്കാവുന്ന മറ്റു പല വസ്തുക്കളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. തയ്യാറാക്കുന്ന കമ്പനിക്കാരുടെ ഇഷ്ടാനുസരണം ഘടകങ്ങൾ മാറ്റിയും മറിച്ചും ലോഷനുകൾക്ക് വൈവിധ്യം നൽകുന്നു.[9]

ശുചിയാക്കുന്നതിനുളള ക്രീമുകൾ

[തിരുത്തുക]

ഖനിജതൈലങ്ങൾ ഘനീഭവിപ്പിച്ചും കോൾഡുക്രീമിന്റെ ഘടനയിൽ അയവു വരുത്തിയും ആണ് ക്ലീനിങ് ക്രീമുകൾ (Cleaning creams) തയ്യാറാക്കുന്നത്. തൊലിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും അംഗരാഗങ്ങളും മാറ്റി തൊലി വൃത്തിയാക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. ഇത് ചർമസുഷിരത്തിൽകൂടി സാവധാനം ഇറങ്ങി അഴുക്കുകളെ ലയിപ്പിക്കുന്നതുകൊണ്ട് അവയെ പെട്ടെന്ന് തുടച്ചുകളയാൻ സാധിക്കുന്നു.[10]

അടിസ്ഥാന ലേപനങ്ങൾ

[തിരുത്തുക]

തൊലിയിൽ പൗഡർ പറ്റിപ്പിടിച്ചിരിക്കുന്നതിന് അടിസ്ഥാന ലേപനങ്ങൾ (Foundation Creams) ഉപയോഗിക്കുന്നു. തൊലിക്ക് പരിരക്ഷ നൽകുന്നതുകൂടാതെ തൊലിയിലുള്ള അഭംഗി മൂടിവയ്ക്കുന്നതിനും ഇതു സഹായിക്കുന്നു. തൊലിക്ക് ആകർഷകമായ നിറം കൊടുക്കുന്നതിനുവേണ്ടി ഫൗണ്ടേഷൻക്രീമുകളിൽ നിറം കലർത്തുന്നു. ചർമത്തിന് സ്വാഭാവികനിറം നൽകുന്നതിനും നിറം കനപ്പിച്ചു കാണിക്കുന്നതിനും പ്രത്യേകതരത്തിൽ ഇത് തയ്യാറാക്കുന്നുണ്ട്.[11]

ചർമത്തിനുള്ള ടോണിക്കുകൾ

[തിരുത്തുക]

സുഗന്ധ ആൽക്കഹോളും വെള്ളവും ചേർത്താണിത് നിർമ്മിക്കുന്നത്. ശുചിയാക്കുന്നതിനുള്ള ക്രീം പുരട്ടി പൗഡറും അഴുക്കും കളഞ്ഞശേഷം ഇത്തരം ടോണിക്കു പുരട്ടുന്നു.

മുഖത്തിടുന്ന പൗഡർ

[തിരുത്തുക]
കിസ്സ്പ്രൂഫ് ബ്രാൻഡ് ഫേസ്പൗഡർ

ടാൽക് (Talc) അഥവാ ജലയോജിത മഗ്നീഷ്യംസിലിക്കേറ്റ്, മഗ്നീഷ്യംകാർബണേറ്റ്, ചോക്ക്, കയോലിൻ അഥവാ ചൈനാക്ലേ (hydrated aliminium silicate), സിങ്ക് മഗ്നീഷ്യം സ്റ്റീറേറ്റ്, സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഓക്സൈഡ്എന്നിവ ചേർത്താണ് മിക്ക ലേപനചൂർണങ്ങളും തയ്യാറാക്കുന്നത്. ഹൈഡ്രേറ്റഡ് അയൺഓക്സൈഡ്, കാർബണിക അഭിരഞ്ജകങ്ങൾ, ലോഹലവണങ്ങൾ എന്നിവയാണ് പൌഡറിൽ നിറംകലർത്തുന്നതിനുപയോഗിക്കുന്ന വസ്തുക്കൾ. മേല്പറഞ്ഞ ഘടകങ്ങളുടെ അളവുകൾ വ്യത്യാസപ്പെടുത്തി ആവശ്യാനുസരണം വൈവിധ്യം വരുത്താവുന്നതാണ്. മേല്പറഞ്ഞ ഘടകങ്ങൾ യന്ത്രത്തിൽവച്ച് നന്നായി മിശ്രണം ചെയ്തശേഷം മൈക്രോനൈസർ ഉപയോഗിച്ച് വീണ്ടും അരയ്ക്കുമ്പോൾ എല്ലാ കണങ്ങളും ഒരേ വലിപ്പത്തിൽ പൊടിയുകയും അഭിരഞ്ജകങ്ങൾ നന്നായി കലരുകയും ചെയ്യുന്നു. തീരെ ധൂളിയായോ, വലിയ കണങ്ങളായോ പൗഡർ നിർമ്മിക്കാൻ പാടില്ല. അതാര്യത, തിളക്കം, വിയർപ്പു കടന്നുവെടിക്കാതിരിക്കുക എന്നീ ഗുണങ്ങളാണ് പൗഡറുകൾക്ക് ഉണ്ടായിരിക്കേണ്ടത്. ശക്തി കുറഞ്ഞ ചിലതരം പശലായിനി ചേർത്ത് ഖരരൂപത്തിലും പൗഡർ നിർമ്മിക്കാറുണ്ട്. ഇത്തരം പൗഡർ തുണിയിലോ പഫിലോ പറ്റിച്ച് മുഖത്തിടുന്നു.[12]

അധരലേപനം

[തിരുത്തുക]

ചുണ്ടിന് നിറംപിടിപ്പിക്കാനുള്ള വസ്തു. മെഴുക്, കൊഴുപ്പ്, എണ്ണ, വർണകങ്ങൾ എന്നിവയാണ് അടിസ്ഥാന ഘടകങ്ങൾ. തൊലിക്ക് നിറം നല്കുന്നതിന് ഏറ്റവും സുരക്ഷിതമായ ബ്രോമോ ആസിഡാണ് ലിപ്സ്റ്റിക്കിൽ (Lipstick) ചേർക്കേണ്ടത്. ബ്രോമോ ആസിഡിൽ ആവണക്കെണ്ണകൂടി കലർത്തിയാൽ ലിപ്സ്റ്റിക് കൂടുതൽ സമയം തൊലിയിൽ പറ്റിപ്പിടിച്ചിരിക്കും. ബ്രോമോ ആസിഡിനുപകരം പോളി എഥിലീൻ ഗ്ളൈക്കോൾ ഉപയോഗിക്കാറുണ്ട്. ഖനി എണ്ണ, കൊക്കോവെണ്ണ, വർണകങ്ങൾ എന്നിവ നന്നായി അരച്ചശേഷം എണ്ണയും മെഴുകും കൂടി ഉരുക്കിയെടുത്ത ദ്രവത്തിൽ കലർത്തുന്നു. ഇത് പ്രത്യേക മൂശയിൽ കട്ടിയാക്കിയാണ് ലിപ്സ്റ്റിക് തയ്യാറാക്കുന്നത്.[13]

കവിളിന് നിറം നല്കാൻ ഉപയോഗിക്കുന്നു. ടാൽക്, കയോലിൻ, ചുവപ്പ്, വെള്ള എന്നീ വർണകങ്ങൾ, പശലായിനി എന്നിവയാണ് ഖരരൂപത്തിലുള്ള റൂഷിന്റെ (Rouge) ഘടകങ്ങൾ. കുഴമ്പുരൂപത്തിൽ തയ്യാറാക്കുന്നതിന് പെട്രോലാറ്റം (Petrolatum), ഖനിഎണ്ണകൾ, ലനോളീൻ, മെഴുക് എന്നിവയോടൊപ്പം വർണകങ്ങൾ ചേർക്കുകയാണ് ചെയ്യുന്നത്. ലിപ്സ്റ്റിക്കിന്റെ നിറത്തോടു പൊരുത്തപ്പെടുന്നതായിരിക്കണം റൂഷിന്റെ നിറം.[14]

മസ്കാറാ

[തിരുത്തുക]

കൺപീലികൾ കറുപ്പിക്കുന്നതിനുപയോഗിക്കുന്നു. കരി, അയൺഓക്സൈഡ്, ട്രൈഎഥനോളമീൻസ്റ്റീറേറ്റ്, പലതരം മെഴുകുകൾ എന്നിവയാണ് മസ്കാറായുടെ (Mascara) ഘടകങ്ങൾ. ഈർപ്പമുള്ള ബ്രഷ് ഉപയോഗിച്ച് ഇത് കൺപീലികളിൽ പുരട്ടുന്നു. മേല്പറഞ്ഞ ഘടകങ്ങളോടൊപ്പം വെള്ളംകൂടി കലർത്തി ലായനിയായും മസ്കാറാ നിർമ്മിക്കാറുണ്ട്.[15]

ഐബ്രോ പെൻസിൽ

[തിരുത്തുക]
ഐ ഷാഡോ ഇടുന്ന വനിത

കണ്ണിനും പുരികത്തിനും കറുപ്പുനിറം നല്കാൻ ഉപയോഗിക്കുന്നതാണ് ഐബ്രോ പെൻസിൽ (Eyebrow pencil ). വർണകങ്ങൾ, പെട്രോലാറ്റം, ലനോളീൻ, മെഴുക് എന്നിവ ചേർത്ത് പെൻസിൽരൂപത്തിൽ നിർമ്മിക്കപ്പെടുന്നു. വർണകങ്ങൾ, പെട്രോലാറ്റം, ലനോളീൻ ഇവ ചേർത്തു കുഴമ്പുപാകത്തിൽ നിർമ്മിക്കുന്നതാണ് ഐഷാഡോ. കൺപോളകളിൽ പുരട്ടാനാണ് ഇതുപയോഗിക്കുന്നത്.[16]

നെയിൽപോളിഷ്

[തിരുത്തുക]

നഖത്തിന് തിളക്കംകിട്ടുന്നതിനായി നെയിപോളിഷ് (Nail polish) പുരട്ടുന്നു. നിറമില്ലാത്ത സുതാര്യവസ്തുക്കളാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പലവർണങ്ങളിലും നെയിൽപോളിഷ് തയ്യാറാക്കുന്നുണ്ട്. നൈട്രോസെല്ലുലോസ്, പ്ളാസ്റ്റീകാരകങ്ങൾ, പ്രകൃതിദത്തവും കൃത്രിമവുമായ പശകൾ, മെഴുകുകൾ, വർണകങ്ങൾ എന്നിവയാണ് ഇത് നിർമ്മിക്കുന്നതിനുപയോഗിക്കുന്നത്. നെയിൽപോളിഷ് തുടച്ചുമാറ്റുന്ന വസ്തുവും ഉണ്ട്. അസറ്റോൺ, ഈഥൈൽഅസറ്റേറ്റ് എന്നിവയാണിതിനുപയോഗപ്പെടുത്തുന്നത്. നഖത്തിനുചുറ്റുമുള്ള ചർമം മൃദുവാക്കുന്നതിന് ചില കുഴമ്പുകളും എണ്ണകളും ഉപയോഗിക്കാറുണ്ട്. ആവണക്കെണ്ണയിലോ ഖനിജതൈലങ്ങളിലോ ഗ്ളിസറിൻ കലർത്തിയാണിതു തയ്യാറാക്കുന്നത്. ശക്തി കുറഞ്ഞ പൊട്ടാസ്യം ഡൈഓക്സൈഡ് ലായനിയും നഖത്തിനുചുറ്റുമുള്ള തൊലി വൃത്തിയാക്കുന്നതിനും ചർമം നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്നുണ്ട്.[17]

ചർമത്തിന് നിറംകിട്ടാൻ

[തിരുത്തുക]
സിനിമ നടൻ മേക്കപ്പ് ഇടുന്നു

സൂര്യപ്രകാശമേറ്റ് തൊലിചുവന്നതുപോലെ തോന്നിക്കുന്നതിനാണ് ഈ അംഗരാഗം ഉപയോഗിക്കുന്നത്. ഡിഹൈഡ്രോക്സി അസറ്റോൺ മുതലായ വസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്.

ശരീരത്തിന്റെ എല്ലാഭാഗവും ഒരുപോലെ സൂര്യപ്രകാശമേററ് ടാൻ (tan) ചെയ്തുകിട്ടുന്നതിനായി ചില ലേപനങ്ങൾ പുരട്ടാറുണ്ട്. സാലിസിലിക് അമ്ളം, ആൻഥ്രാനലിക് അമ്ളം, പാരാഅമൈനോബൻസോയിക് അമ്ളം എന്നിവയുടെ വ്യുത്പന്നങ്ങൾ എണ്ണയിലോ ആൽക്കഹോൾ ലായനിയിലോ എമൾസീകരിച്ച കുഴമ്പിലോ കലർത്തിയാണ് ഈ ലേപനങ്ങൾ നിർമ്മിക്കുന്നത്. ഈ വസ്തുക്കൾ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുവാൻ ശക്തിയുളളവയാണ്.

ദുർഗന്ധനിവാരിണികൾ

[തിരുത്തുക]

ഇത് രണ്ടുതരത്തിലുണ്ട്:

  1. വിയർപ്പിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം അകറ്റുന്നവ;
  2. വിയർപ്പുണ്ടാകുന്നത് തടയുന്നവ.

വിയർപ്പിന് പ്രകൃത്യാ ദുർഗന്ധമില്ല. വിയർപ്പിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻസമാനമായ വസ്തുക്കളിൽ ബാക്ടീരിയ പ്രവർത്തിക്കുന്നതുമൂലമാണ് ദുർഗന്ധം ഉണ്ടാകുന്നത്. ദുർഗന്ധനിവാരിണികളിൽ ആദ്യത്തെ ഇനത്തിൽ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനുള്ള ചില വസ്തുക്കൾ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ ഇനത്തിൽ അടങ്ങിയിട്ടുള്ള രാസപദാർഥങ്ങൾ വിയർപ്പിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനിനെ കട്ടിപിടിപ്പിക്കുന്നതുമൂലം ചർമത്തിലെ രോമകൂപങ്ങളിലുള്ള സ്വേദഗ്രന്ഥികൾ അടഞ്ഞുപോകുകയും തൻമൂലം വിയർപ്പു പുറത്തുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. അയോണീകരിക്കാവുന്നതും വേഗത്തിൽ ലയിക്കുന്നതുമായ സിങ്കിന്റെയും അലുമിനിയത്തിന്റെയും ലവണങ്ങൾ ഇതിനുപയോഗിക്കുന്നു. ദുർഗന്ധനിവാരിണികൾ കുഴമ്പുരൂപത്തിലും ലായനി രൂപത്തിലും തയ്യാറാക്കുന്നുണ്ട്. ഹെക്സാക്ലോറോഫീൻ (Hexachlorophene), ബിഥിയോനോൾ (Bithionol) എന്നിവ ദുർഗന്ധനിവാരിണികൾക്ക് ഉദാഹരണങ്ങളാണ്. പൌഡറിലും പല്ലുതേയ്ക്കുന്ന പേസ്റ്റിലും മറ്റും ഹെക്സാക്ളോറോഫീൻ ചേർക്കാറുണ്ട്.[18]

കേശതൈലങ്ങൾ

[തിരുത്തുക]
കഥകളി ചുട്ടികുത്ത്

ഇതിൽ ഹെയർഡൈ, ഹെയർസ്പ്രേ, ഷാംപൂ എന്നിവ ഉൾപ്പെടുന്നു.

തലമുടിക്ക് കൃത്രിമമായി നിറമുണ്ടാക്കാൻ ഹെയർ ഡൈ (hair dye) ഉപയോഗിക്കുന്നു.[19] പാരാഫിനൈലിൻ ഡൈഅമീൻ പോലുള്ള വസ്തുക്കൾ മുടിയെ തവിട്ടുനിറമാക്കുന്നു. ഇവയോടൊപ്പം കാർബണിക അഭിരഞ്ജകങ്ങൾ (organic dyes) ചേർത്ത് വിവിധ വർണങ്ങളിൽ ഹെയർഡൈ നിർമ്മിക്കുന്നുണ്ട്. നരച്ച മുടി കറുപ്പിക്കുന്നതിനും ഹെയർഡൈ ഉപയോഗിക്കുന്നു. തലമുടിക്ക് തല്ക്കാലത്തേക്ക് തിളക്കവും മൃദുത്വവും ലഭിക്കുന്നതിന് ഹെയർടിന്റുകളും ഉപയോഗിക്കുന്നുണ്ട്. ജലത്തിൽ വർണകങ്ങളും സിട്രിക്, ടാർടാറിക് മുതലായ അമ്ലങ്ങളും ചേർത്താണിതുനിർമ്മിക്കുന്നത്. വിവിധവർണങ്ങളിൽ ഇതുലഭിക്കുന്നുണ്ട്.

ഹെയർസ്പ്രേ

[തിരുത്തുക]

തലമുടി ഒതുക്കുന്നതിന് ഉപയോഗിക്കുന്ന ചില പ്രത്യേകതരം പശകൾ ജലത്തിൽ കലർത്തിയാണിതു നിർമ്മിക്കുന്നത്. സ്പ്രേ മുടിയിൽ പുരട്ടി ഉണക്കുന്നതുകൊണ്ട് ഏതു രീതിയിലുള്ള സംവിധാനത്തിലും മുടി വളരെനേരം ഒതുങ്ങിയിരിക്കുന്നതാണ്. മുടി ചുരുട്ടിവയ്ക്കുന്നതിനും സ്പ്രേ ഉപയോഗിക്കുന്നുണ്ട്. സ്പിരിറ്റിലോ വെള്ളത്തിലോ എണ്ണകലർത്തിയും മുടി ഒതുക്കുന്നു.[20]

തലമുടി വൃത്തിയാക്കുന്നതിനും പുഷ്ടിയായി വളരുവാൻ സഹായിക്കുന്നതിനും ഷാമ്പൂ (Shampoo) ഉപയോഗിക്കുന്നു.[21] പതഞ്ഞുപൊങ്ങുന്ന അപമാർജകങ്ങൾ (detergents) ഇതിലെ പ്രധാനഘടകമാണ്. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പാണ് ഏറ്റവും ഉചിതമായ അപമാർജകം. സോപ്പ് ഉപയോഗിക്കാതെ കൃത്രിമമായി നിർമ്മിക്കുന്ന അപമാർജകങ്ങളും ഇന്ന് ഷാംപൂവിൽ കലർത്തുന്നുണ്ട്.

രോമനാശിനികൾ

[തിരുത്തുക]

രോമനാശിനികളിൽ അടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങൾ രോമങ്ങളുടെ തൻമാത്രകളിൽ പ്രവർത്തിച്ച് അതിനെ ഭാഗികമായി ലയിപ്പിക്കുന്നു. ഇങ്ങനെ ദുർബലമാക്കപ്പെട്ടരോമങ്ങൾ തുടച്ചുമാറ്റുകയോ കഴുകിക്കളയുകയോ ചെയ്യാം.[22] സൾഫൈഡു ലവണങ്ങൾ, കാൽസിയം തയോഗ്ളൈകൊളേറ്റ് എന്നിവയാണ് ഇതിനുപയോഗിക്കുന്ന വസ്തുക്കൾ. സൾഫൈഡുലവണങ്ങൾ ദുർഗന്ധമുള്ള ഹൈഡ്രജൻ സൾഫൈഡ് ഉണ്ടാക്കുന്നതുകൊണ്ട് ഇതിന്റെ ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ട്. കൈകാലുകൾ, കക്ഷം, മുഖം എന്നീഭാഗങ്ങളിലെ രോമം നീക്കം ചെയ്യുന്നതിനാണ് ഇതുപയോഗിക്കുന്നത്. ചില പ്രത്യേകതരം മെഴുകും ഇതിനുപയുക്തമാക്കുന്നുണ്ട്. മെഴുക് (ഉദാ. റോസിൻ) ചൂടാക്കി ഉരുക്കി ചെറിയ ചൂടോടെ ശരീരത്തിൽ പുരട്ടുന്നു. മെഴുക് തണുത്തു കട്ടിയാവുമ്പോൾ വലിച്ചെടുക്കുന്നു; മെഴുകിന്റെ ഒപ്പം രോമവും വേർപെട്ടുപോരും.

ഷേവിങ് ക്രീമുകൾ

[തിരുത്തുക]
ഒരു മോഡലിന് മേക്കപ്പ് ചെയ്യുന്നു

രോമം നനഞ്ഞ് മൃദുവായിത്തീരുന്നതിന് ഇതുപയോഗിക്കുന്നു. ഇതുമൂലം ബ്ളെയ്ഡ് ഉപയോഗിച്ച് രോമം വേഗത്തിൽ നീക്കംചെയ്യുവാൻ സാധിക്കുന്നു. ഷേവിങ് സോപ്പുകൾ തയ്യാറാക്കുമ്പോൾ ആൽക്കലി വളരെ കുറച്ചുമാത്രമേ ചേർക്കുകയുള്ളൂ. ട്രൈഎഥനോളമീൻ, കൊഴുപ്പമ്ളങ്ങൾ തുടങ്ങിയ മിശ്രിതങ്ങൾ മർദിതവായു ഉപയോഗിച്ച് പുറത്തേക്കു തള്ളി പതപ്പിച്ചും ഷേവു ചെയ്യുന്നതിനുമുൻപ് ഉപയോഗിക്കാറുണ്ട്. എണ്ണകലർത്തിയ ആൽക്കഹോൾ ലായനി മറ്റൊരിനമാണ്. ഇതു പുരട്ടുമ്പോൾ തൊലി വലിയുന്നതുകൊണ്ട് രോമം നിവർന്നുനില്ക്കുന്നു. വേഗം മുറിഞ്ഞുപോരുന്നതിന് ഇത് സഹായിക്കുന്നു.[23]

ഷേവുചെയ്തശേഷം ഉപയോഗിക്കുന്നതിനുളള ലേപനങ്ങളിൽ ആൽക്കഹോൾ, വെള്ളം, സുഗന്ധദ്രവ്യങ്ങൾ, അണുനാശിനികൾ എന്നിവ അടങ്ങിയിരിക്കും. ബ്ളെയിഡ് ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന ചെറിയ മുറിവുകൾ വേഗം ഉണങ്ങുന്നതിനും ത്വക്കിന് മൃദുത്വവും പുതുമയും അനുഭവപ്പെടുന്നതിനുമാണ് ഇതുപയോഗിക്കുന്നത്.[24]

അവലംബം

[തിരുത്തുക]
  1. http://cosmeticsinfo.org/history3.php Archived 2012-08-06 at the Wayback Machine. A History of Cosmetics - COSMETICSINFO.ORG
  2. http://www.cyonic-nemeton.com/Cosmetics.html Ancient Cosmetics & Fragrance Egypt, Greece and Rom
  3. http://bucks-uk.academia.edu/JuliaRobertson/Papers/175233/_Who_wears_Cosmetics_Individual_Differences_and_their_Relationship_with_Cosmetic_Usage[പ്രവർത്തിക്കാത്ത കണ്ണി] INDIVIDUAL DIFFERENCES IN COSMETIC USAGE
  4. http://www.ncbi.nlm.nih.gov/pmc/articles/PMC2825132/ Herbal cosmetics in ancient India
  5. http://thebeautybrains.com/2008/10/21/are-animal-cosmetic-ingredients-still-used/ Animal Ingredients in Cosmetics
  6. http://www.clearleadinc.com/site/natural-cosmetic.html The natural cosmetics are made from plants, roots, herbs and minerals.
  7. http://books.google.co.in/books/about/Modern_Technology_Of_Cosmetics.html?id=BkU7l9Y2xWIC&redir_esc=y Modern Technology Of Cosmetics
  8. http://www.ponds.com/product/detail/95877/cold-cream-cleanser Archived 2012-08-06 at the Wayback Machine. Moisturizing Deep Cleanser & Makeup Remover
  9. http://www.sciencebuddies.org/science-fair-projects/project_ideas/Chem_p022.shtml Archived 2012-06-04 at the Wayback Machine. Potions and Lotions: Lessons in Cosmetic Chemistry
  10. http://www.everydayhealth.com/skin-beauty/cleaning-cosmetics-and-makeup-tools.aspx How to Keep Your Cosmetics and Makeup Applicators Clean
  11. http://www.sachacosmetics.com/products/makeup-foundation Archived 2012-06-29 at the Wayback Machine. Second Skin Cream-to-Powder Foundations
  12. http://www.shuuemura-usa.com/_us/_en/makeup/powder/powder-matte.htm Archived 2012-05-08 at the Wayback Machine. FACE POWDER MATTE
  13. http://www.enjoy-your-style.com/history-of-lipstick.html A Brief History of Lipstick
  14. http://dictionary.reference.com/browse/rouge Rouge | Define Rouge at Dictionary.com
  15. http://beauty.about.com/od/mascara/a/mascara.htm Archived 2012-11-18 at the Wayback Machine. How to Apply Mascara
  16. http://www.lauramercier.com/store/shop/Brows_Eye-Brow-Pencil_prod150022 Archived 2012-09-16 at the Wayback Machine. Eye Brow Pencil
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-13. Retrieved 2012-07-23.
  18. http://www.medicinenet.com/hexachlorophene-cleanser/article.htm hexachlorophene - cleanser, Phisohex, Septisol
  19. http://www.wikihow.com/Dye-Hair How to Dye Hair
  20. http://www.imdb.com/title/tt0427327/ Hairspray (2007) - IMDb
  21. http://www.naturalnews.com/shampoo.html Shampoo news, articles and information:
  22. http://kidshealth.org/teen/your_body/skin_stuff/hair_removal.html Hair Removal
  23. http://www.godrejshavingcream.com/ Archived 2012-06-05 at the Wayback Machine. Shaving cream
  24. http://www.airlia.in/after-shave-lotion.htm Archived 2012-06-13 at the Wayback Machine. After Shave Lotion

www.wofash.com - Ladies and Kids Cosmetics Brand

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗരാഗങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗരാഗങ്ങൾ&oldid=4103893" എന്ന താളിൽനിന്ന് ശേഖരിച്ചത്