അംഗന്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മന്ത്രം ജപിക്കുമ്പോൾ ഋഷി, ഛന്ദസ്സ്, ദേവത എന്നീ മൂന്നും യഥാക്രമം ഉച്ചരിച്ചുകൊണ്ട് ശിരസ്സ്, രസനം, ഹൃദയം എന്നീ സ്ഥാനങ്ങളിൽ ചെയ്യുന്ന ന്യാസം (സമർപ്പണം) ചെയ്യുന്നതിന് അംഗന്യാസം എന്നു പറയുന്നു. ഉദാഹരണമായി സവിതൃദേവതാകമായ ഗായത്രീമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും ഛന്ദസ്സ് നിചൃത്തും (ഒരുവൈദിക-വൃത്തം) ദേവത സവിതാവും ആകുന്നു. ഈ മന്ത്രം ജപിക്കുമ്പോൾ, അസ്യ ശ്രീഗായത്രീമഹാമന്ത്രസ്യ വിശ്വാമിത്ര ഋഷിഃ എന്നു പറഞ്ഞുകൊണ്ട് വലതുകൈയിലെ ചെറുവിരലും തള്ളവിരലും ഒഴികെയുള്ള മറ്റു മൂന്നു വിരലുകളും ചേർത്ത് കമിഴ്ത്തി ശിരസ്സിൽ സ്പർശിക്കണം നിചൃത് ഗായത്രി ഛന്ദഃ എന്നു പറഞ്ഞുകൊണ്ട് വലതുകൈയിലെ അണിവിരലും നടുവിരലും ചേർത്ത് പെരുവിരൽ കൂട്ടി ഉൾവശംകൊണ്ട് നാക്കിന്റെ തുമ്പിനോട് അടുപ്പിച്ചുവയ്ക്കണം. സവിതാ ദേവതാ എന്നു പറഞ്ഞുകൊണ്ട് വലതുകൈയിലെ തള്ളവിരലൊഴികെ മറ്റു നാലുവിരലും ചേർത്ത് ഉൾവശംകൊണ്ട് ഹൃദയത്തിൽ (നെഞ്ചിന്റെ ഒത്ത നടുക്ക്) സ്പർശിക്കണം. ഇത് മൂന്നംഗങ്ങളിലുള്ള ഒരുതരം ന്യാസമാണ്. ഋഷി മുതലായവരുടെ ന്യാസം ഏതേതു സ്ഥാനത്തിലാണെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നും വിശദമാക്കുന്ന ഒരു ശ്ളോകം താഴെ കൊടുക്കുന്നു:

ഋഷിർഗുരുത്വാച്ഛിരസൈവ ധാര്യഃ
ഛന്ദോ?ക്ഷരത്വാദ്രസനാഗതം സ്യാത്
ധിയാ?വഗന്തവ്യതയാ സദൈവ
ഹൃദി പ്രതിഷ്ഠാ മനുദേവതായാഃ.

(ഋഷി ഗുരുവാകകൊണ്ട് ശിരസ്സിലും ഛന്ദസ്സ് അക്ഷരങ്ങളാകയാൽ നാവിലും മന്ത്രത്തിന്റെ ദേവത ബുദ്ധികൊണ്ട് അറിയപ്പെടേണ്ടതിനാൽ ഹൃദയത്തിലും ധരിക്കപ്പെടേണ്ടതാണ്.)

പഞ്ചാംഗന്യാസം, ഷഡംഗന്യാസം, അഷ്ടാംഗന്യാസം എന്നിങ്ങനെ അംഗന്യാസങ്ങൾ വേറെയുമുണ്ട്.

ഹൃത് ഫാലാനതശിഖാസു ബാഹുയുഗമ-
ധ്യേ ലോചനേ ദോസ്തലേ
സർവേഷു സ്വഷഡംഗകാനി വിനിമ-
യ്യാക്ഷ്യസ്ത്രേയോസ്തു ക്രമം
ലക്ഷ്മീനാഥഷഡാസ്യസുംഭരിപമൂ-
ലേഷ്വേഷു നിർനേത്രകം
പഞ്ചാംഗാനി പിചണ്ഡപൃഷ്ഠസഹിതേ-
ഷ്വഷ്ടാംഗകാനി ന്യസേത്. (തന്ത്രസമുച്ചയം, പടലം 5)

ഹൃദയം, ഫാലാന്തം (ശിരസ്സ്), ശിഖ, ബാഹുയുഗമധ്യം, നേത്രങ്ങൾ, ഉള്ളംകൈകൾ എന്നിവയാണ് ഷഡംഗങ്ങൾ. വിഷ്ണു, സുബ്രഹ്മണ്യൻ, ദുർഗ എന്നീ ദേവതകളുടെ വിഷയത്തിൽ നേത്രം ഉൾപ്പെടുന്നില്ല. അക്ഷി, അസ്ത്രം എന്ന ക്രമം മാറി അസ്ത്രം, അക്ഷി എന്ന ക്രമവും ചിലപ്പോൾ അനുവർത്തിക്കാറുണ്ട്. പിചണ്ഡം (ഉദരം), പൃഷ്ഠം എന്നിവയാണ് മറ്റു രണ്ടംഗങ്ങൾ.

ഹൃദയായ നമഃ, ശിരസേ സ്വാഹാ, ശിഖായൈ വഷട്, കവചായ ഹും, നേത്രത്രയായ വൌഷട്, (നേത്രാഭ്യാം വൌഷട്) അസ്ത്രായ ഫട് എന്നിങ്ങനെ യഥാക്രമം ഷഡംഗന്യാസം ചെയ്യേണ്ടതാണ്. സവിതൃദേവതാകമായ ഗായത്രിയിൽ, തത് സവിതുഃ ബ്രഹ്മാത്മനേ ഹൃദയായ നമഃ, വരേണ്യം വിശ്വാത്മനേ ശിരസേ സ്വാഹാ, ഭർഗോ ദേവസ്യ രുദ്രാത്മനേ ശിഖായൈ വഷട്, ധീമഹി ഈശ്വരാത്മനേ കവചായ ഹും, ധിയോ യോ നഃ സദാശിവാത്മനേ നേത്രത്രയായ വൌഷട്, പ്രചോദയാത് സർവാത്മനേ അസ്ത്രായ ഫട് എന്നിങ്ങനെ മുറയ്ക്ക് ഷഡംഗന്യാസം ചെയ്ത് ഭൂർഭൂവസ്സുവരോം ഇതി ദിഗ്ബന്ധഃ എന്നു ചൊല്ലി ദിഗ്ബന്ധനം ചെയ്യണം.

നമഃ, സ്വാഹാ മുതലായതിനെല്ലാം ത്യാഗം എന്നാണർഥം. അതായത് മന്ത്രമൂർത്തിയുടെ ഹൃദയാദികൾ ഇന്നിന്നതെന്ന് നിർദ്ദേശിച്ച ശേഷം ആ അംഗങ്ങൾക്കായി സാധകൻ സ്വന്തം അഹങ്കാരമമകാരങ്ങളെ സമർപ്പിക്കുക എന്നതാണ് അംഗന്യാസത്തിന്റെ താത്പര്യം. സാധകൻ തന്റെ ഹൃദയാദിസ്ഥാനങ്ങളിൽ ത്തന്നെ വിധിപ്രകാരം ന്യസിക്കുന്നതുകൊണ്ട് തനിക്കും മന്ത്രാത്മികയായ ദേവതയ്ക്കും താദാത്മ്യം ഭാവനം ചെയ്യപ്പെടുന്നുണ്ട്.

അംഗന്യാസത്തിലെ മുദ്രാപ്രകാരങ്ങൾ ഗുരുവിൽ നിന്നു നേരിട്ടു പഠിക്കേണ്ടതാണ്. മന്ത്രജപത്തിൽ ഫലസിദ്ധിക്ക് അംഗന്യാസം അവശ്യം അനുഷ്ഠേയമാകുന്നു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗന്യാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗന്യാസം&oldid=2308493" എന്ന താളിൽനിന്ന് ശേഖരിച്ചത്