Jump to content

ദിമാപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dimapur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഗാലാൻഡിന്റെ ഭൂപടം

നാഗാലാ‌ൻഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും ആണ് ദിമാപൂർ. സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തായി വ്യാപിച്ചുകിടക്കുന്ന ദിമാപൂർ ജില്ലയ്ക്ക് 972 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 3,08,382 (2001); ജനസാന്ദ്രത: 333/ച.കി.മീ. (2001); അതിരുകൾ: വടക്കും പടിഞ്ഞാറും അസം സംസ്ഥാനം, കിഴക്കും തെക്കും കൊഹിമ ജില്ല.

മുമ്പ് കൊഹിമ ജില്ലയുടെ ഭാഗമായിരുന്ന ദിമാപൂർ പ്രദേശം. 1997-ൽ ആണ് പുതിയ ജില്ല രൂപം കൊണ്ടത്. മലയടിവാരപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ജില്ലയിലെ നദികളിൽ പ്രമുഖ സ്ഥാനം ധാൻസിരിക്കാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഗിരിവർഗക്കാരാണ്. നാഗഭാഷയും ഉപഭാഷകളും പ്രചാരത്തിലുള്ള ദിമാപൂരിൽ ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളിൽ പ്പെട്ടവർ നിവസിക്കുന്നു.

ചരിത്രം[തിരുത്തുക]

16-ാം ശ. വരെ അസം ഭരിച്ചിരുന്ന കചാരികളുടെ (Cachari) ആസ്ഥാനം ദിമാപൂർ ആയിരുന്നു എന്നാണ് അനുമാനം. ആധുനിക നഗരമായ ദിമാപൂരിൽനിന്ന് കുറച്ചകലെ മാറി ധാൻസിരി നദിക്കരയിലുള്ള ഘോരവനാന്തരങ്ങളിൽനിന്ന് പുരാതന നഗരത്തിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കൃഷി[തിരുത്തുക]

ഭൂപ്രകൃതിക്കനുസൃതമായി തട്ടുകൃഷിക്കും മാറ്റക്കൃഷിക്കുമാണ് ഇവിടെ പ്രചാരം. നെല്ലാണ് മുഖ്യ വിള; ചേന, ചോളം, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയും പഴം, പച്ചക്കറി എന്നിവയും ജില്ലയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കന്നുകാലിവളർത്തലാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ഉപജീവന മാർഗം.

വ്യവസായം[തിരുത്തുക]

തുന്നൽ, ചായംമുക്കൽ, ചൂരൽവ്യവസായം, ലോഹപ്പണി, കളിമൺവ്യവസായം തുടങ്ങിയവ ദിമാപൂർ ജില്ലയിലെ പ്രധാന പരമ്പരാഗത-കുടിൽ വ്യവസായങ്ങളാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഷാളുകൾ, ബാഗുകൾ, ചൂരൽ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് വൻ വിപണനസാധ്യതയാണുള്ളത്. 1988-ൽ പ്രവർത്തനം ആരംഭിച്ച യന്ത്രവത്കൃത ഇഷ്ടിക പ്ലാന്റിനു പുറമേ പഞ്ചസാര മിൽ, ടി.വി. അസംബ്ലി യൂണിറ്റ്, ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങിയവയും ദിമാപൂരിൽ പ്രവർത്തിക്കുന്നു.

ഗതാഗതം[തിരുത്തുക]

റോഡ്-റെയിൽ-വ്യോമ ഗതാഗത സൗകര്യങ്ങൾ ദിമാപൂർ ജില്ലയിൽ ലഭ്യമാണ്. ദേശീയപാത 39 ഈ ജില്ലയിലൂടെ കടന്നു പോകുന്നു. ദിമാപൂർ പട്ടണത്തെ കൊൽക്കത്ത, ഗുവാഹത്തി നഗരങ്ങളുമായി വ്യോമമാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

ഒരു ആർട്സ് കോളജും 9 സെക്കൻഡറി സ്കൂളുകളും ഉൾ പ്പെട്ടതാണ് ദിമാപൂർ ജില്ലയുടെ വിദ്യാഭ്യാസ മേഖല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദിമാപൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദിമാപൂർ&oldid=2283541" എന്ന താളിൽനിന്ന് ശേഖരിച്ചത്