മെൻസ്ട്രുവൽ കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർത്തവരക്ത ശേഖരണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർത്തവരക്ത ശേഖരണി

Leona Chalmers എന്ന actress ആണ് 1937ൽ menstrual cup നു പേറ്റന്റ് നേടുന്നത്.

ആർത്തവ കാലത്ത് ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് മെൻസ്ട്രുവൽ കപ്പ് (Menstrual cup) അഥവാ ആർത്തവ കപ്പ്. യോനിക്കകത്ത് കയറ്റിവയ്ക്കാവുന്ന, നാളത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം ആർത്തവകാലത്ത് യോനിയിൽകൂടി പുറത്തുവരുന്ന രക്തത്തെ ശേഖരിക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉപകരണം വഴക്കമുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. ഇതിനെ പീരീഡ് കപ്പ് എന്നും അറിയപ്പെടുന്നു. പ്രസവിച്ചവർക്കും കൗമാര പ്രായക്കാർക്കും ഇവ ഒരുപോലെ ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഒരു മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇവ ചെറുതും വലുതുമായ പല വലിപ്പത്തിൽ ലഭ്യമാണ്. ഓരോരുത്തർക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം. ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗിക്കാം. അതിനാൽ ഇത് ലാഭകരമാണ്. എല്ലാത്തവണയും ഉപയോഗത്തിനുമുൻപ് ഇവ അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സോപ്പിട്ടോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ കഴുകി കപ്പ് വീണ്ടും ഉപയോഗിക്കാം. ശരിയായി ഉപയോഗിച്ചാൽ ആർത്തവ കാലത്ത് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ആണ്‌ മെൻസ്ട്രൽ കപ്പ്. പാഡും മറ്റും ഉപയോഗിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ മറികടക്കാം. 'സി'(C) ആകൃതിയിൽ മടക്കിയ കപ്പ് യോനിക്കുള്ളിൽ വയ്ക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് യോനിയുടെ വ്യാസം വർധിക്കുന്നില്ല. അതിനാൽ ഇത് ലൈംഗികജീവിതത്തിനെ ബാധിക്കുന്നില്ല. സാധാരണ ഗതിയിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാകാറില്ല. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇതിന്‌ പാർശ്വഫലങ്ങളും തീരെയില്ല. ഇത്തരം ഒരു കപ്പ് ഉപയോഗിക്കുന്ന കാര്യം തന്നെ പലപ്പോഴും സ്ത്രീകൾക്ക് അനുഭവപ്പെടാറില്ല. ഇത് ധരിച്ചുകൊണ്ട് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ, യാത്ര ചെയ്യുന്നതിനോ, നീന്തൽ, നൃത്തം പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനോ ബുദ്ധിമുട്ടില്ല. മാത്രമല്ല ആർത്തവ രക്തം ശരീരത്തിന് പുറത്തേക്ക് വരാത്തതിനാൽ കൂടുതൽ ഗുണകരമാണ് ഈ സംവിധാനം. എന്നാൽ 12 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല. കപ്പിൽ ശേഖരിക്കപ്പെട്ട രക്തം നീക്കം ചെയ്ത ശേഷം വീണ്ടും കഴുകിയോ തുടച്ചോ ഉപയോഗിക്കാം. മിക്കപ്പോഴും കൗമാരക്കാർക്കും, പ്രസവിക്കാത്ത സ്ത്രീകൾക്കും ചെറിയ ആർത്തവ കപ്പാണ് അനുയോജ്യമെങ്കിൽ, പ്രസവം കഴിഞ്ഞവർക്ക് ഏകദേശം ഒരു മീഡിയം വലുപ്പമുള്ള കപ്പായിരിക്കും യോജിക്കുക. വ്യക്തിപരമായി ഇത് ചിലപ്പോൾ മാറാറുണ്ട്. അതിനാൽ സ്ത്രീകൾ തങ്ങൾക്ക് അനുയോജ്യമായ കപ്പ് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ആദ്യമായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർക്ക് ആർത്തവമില്ലാത്ത സമയത്ത് ഇവ ഉപയോഗിക്കുന്ന രീതി സ്വയം പരിശീലിച്ചു നോക്കാവുന്നതാണ്. മെൻസ്ട്രൽ കപ്പ് യോനിയിലേക്ക് കടത്തിവെക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളവർക്ക് ഫാർമസിയിൽ ലഭിക്കുന്ന ജലാംശമുള്ള ഒരു നല്ല ലൂബ്രിക്കന്റ് ജെല്ലിയുടെ സഹായത്താൽ അത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. യോനീസങ്കോചം അഥവാ വജൈനിസ്മസ് (Vaginismus) എന്ന അവസ്ഥ ഉള്ളവർക്ക് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. കോപ്പർ ടി ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ആർത്തവ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കന്യാചർമ്മം നഷ്ടമാകും എന്നൊക്കെയുള്ള ചിലരുടെ ധാരണ തികച്ചും അശാസ്ത്രീയമാണ് എന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.[1]

ആർത്തവരക്ത ശേഖരണി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. യൂട്യൂബ് വീഡിയോ
"https://ml.wikipedia.org/w/index.php?title=മെൻസ്ട്രുവൽ_കപ്പ്&oldid=4087873" എന്ന താളിൽനിന്ന് ശേഖരിച്ചത്