തോമസ് ഡൗറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമസ് ഡൗറ്റിയുടെ രചന
തോമസ് ഡൗറ്റിയുടെ മറ്റൊരു രചന

തോമസ് ഡൗറ്റി അമേരിക്കൻ ചിത്രകാരനായിരുന്നു. 1793 ജൂലൈ 19-ന് ഫിലാഡൽഫിയയിൽ ജനിച്ചു. തുകൽപ്പണിക്കാരനായിരുന്ന ഇദ്ദേഹം സ്വയം ചിത്ര കലാഭ്യസനം നടത്തി ശ്രദ്ധേയനാവുകയായിരുന്നു. 1820 മുതൽ ചിത്രരചന മുഖ്യതൊഴിലാക്കി.

പ്രകൃതിദൃശ്യയ ചിത്രകാരൻ[തിരുത്തുക]

പ്രകൃതിദൃശ്യങ്ങൾ കലാത്മകമായി ചിത്രീകരിക്കുന്നതിലായിരുന്നു ഇദ്ദേഹത്തിന്റെ തൂലികയ്ക്കുള്ള മിഴിവ്. ചുരുങ്ങിയ കാലത്തിനുള്ളിൽ അമേരിക്കൻ ചിത്രകലയിലെ പ്രസിദ്ധ പ്രകൃതിദൃശ്യ ചിത്രകാരനാകുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ചിത്രകലാജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ ഇദ്ദേഹത്തിന്റെ പേര് ഫിലാഡൽഫിയ ഒഫിഷ്യൽ ലാൻ ഡ് സ്കേപ്പിസ്റ്റ് ഡയറക്ടറിയിൽ സ്ഥാനം പിടിച്ചു. 1824-ൽ പെൻസിൽവാനിയ അക്കാദമിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1837 മുതൽ 46 വരെ വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് പ്രദർശനങ്ങൾ നടത്തി.

ജനപ്രിയ ചിത്രകാരൻ[തിരുത്തുക]

ജനപ്രിയ ചിത്രങ്ങൾ രചിക്കുകയും വളരെ വേഗം സമ്പന്നനാവുകയും ചെയ്ത ചിത്രകാരനാണിദ്ദേഹം. വെളിച്ചവിതാനത്തിന്റെ രജതശോഭകളാണ് ഇദ്ദേഹത്തിന്റെ രചനകളുടെ മുഖ്യ സവിശേഷത. ഇദ്ദേഹമാണ് ഹഡ്സൺ റിവർ സ്കൂൾ എന്നറിയപ്പെടുന്ന വിശേഷപ്പെട്ട പ്രകൃതിദൃശ്യ ചിത്രകലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. നായാട്ടിലും മീൻപിടുത്തത്തിലും അതീവ തത്പരനായിരുന്ന ഡൌറ്റിയുടെ പ്രകൃതിസ്നേഹത്തിന്റെ സാക്ഷിപത്രങ്ങൾ കൂടിയാണ് ഓരോ രചനയും.

മുഖ്യ രചനകൾ[തിരുത്തുക]

  • ഇൻ നാച്വേർസ് വണ്ടർലാൻഡ് (1835)
  • ഓൺ ദ് ഹഡ്സൺ (1830-35)
  • എ റിവർ ഗ്ലീപ്സ് (1843-50)

എന്നിവയാണ് മുഖ്യ രചനകൾ. ജെയിംസ് ഫെനിമോർകൂപ്പറുടെ ദ് പയനിയേഴ്സ് എന്ന നോവലിലെ ഏതാനും മുഹൂർത്തങ്ങൾക്ക് ഇദ്ദേഹം നൽകിയ ചിത്രാവിഷ്കാരം പ്രശസ്തങ്ങളായിത്തീർന്നു. ഇദ്ദേഹം 1856 ജൂലൈ 22-ന് ന്യൂയോർക്കിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൌറ്റി, തോമസ് (1793 - 1856) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തോമസ്_ഡൗറ്റി&oldid=3660419" എന്ന താളിൽനിന്ന് ശേഖരിച്ചത്