ജോൺ കൗച് ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
John Couch Adams
ജോൺ കൗച് ആഡംസ്
Photo c. 1870
ജനനം(1819-06-05)5 ജൂൺ 1819
മരണം21 ജനുവരി 1892(1892-01-21) (പ്രായം 72)
Cambridge Observatory
Cambridgeshire, England
ദേശീയതBritish
കലാലയംUniversity of Cambridge
ശാസ്ത്രീയ ജീവിതം
അക്കാദമിക് ഉപദേശകർJohn Hymers

നെപ്റ്റ്യൂണിനെ കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞനാണ് ജോൺ കൗച് ആഡംസ് (5 ജൂൺ 1819 – 21 ജനുവരി1892). 1819 ജൂൺ 5-ന് കോൺവാളിൽ ജനിച്ചു. കേംബ്രിഡ്ജിലെ സെന്റ് ജോൺ കോളജിലായിരുന്നു വിദ്യാഭ്യാസം. വിദ്യാർഥിയായിരുന്ന കാലത്തു തന്നെ, ആഡംസ് യുറാനസ് ഗ്രഹത്തിന്റെ പ്രദക്ഷിണപഥത്തിലുള്ള വിഭ്രംശങ്ങൾ ശ്രദ്ധിച്ചിരുന്നു. ഈ വിഭ്രംശങ്ങൾ അജ്ഞാതമായ ഏതോ ഒരു ഗ്രഹത്തിന്റെ സാന്നിധ്യം മൂലമാകാമെന്ന് ഇദ്ദേഹം ഊഹിച്ചു. ഇതേ കാലളവിൽത്തന്നെ പാരിസിലെ റോയൽ ഒബ്സർവേറ്ററിയുടെ തലവനായിരുന്ന ലെവറിയറും ഇതേ നിഗമനങ്ങളിലെത്തിയിരുന്നു. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തെ അടിസ്ഥാനമാക്കി ആ അജ്ഞാത ഗ്രഹത്തിന്റെ സ്ഥാനം നിർണയിക്കുവാൻ പില്ക്കാലത്ത് കഴിഞ്ഞു. ആഡംസ് നിർദ്ദേശിച്ച സ്ഥാനത്ത് ഗ്രഹം ഉണ്ടോ എന്ന് ഇംഗ്ളണ്ടിലെ വാനനിരീക്ഷണാലയങ്ങൾ അപ്പോൾ അന്വേഷിക്കാൻ താത്പര്യം കാട്ടിയില്ല. ഇതിനിടയിൽ ലെവറിയർ ഗ്രഹത്തിന്റെ സ്ഥാനം നിർണയിച്ച് ബർലിൻ നിരീക്ഷണാലയത്തെ അറിയിച്ചു. 1846 സെപ്തംബർ 23-ന് ലെവറിയർ നിർദ്ദേശിച്ച സ്ഥാനത്ത് ഗോട്ട് ഫ്രീഡ് ഗാലേ എന്ന നിരീക്ഷകൻ ഗ്രഹത്തെ കണ്ടെത്തി. തുടർന്ന് കണ്ടുപിടിത്തത്തിന്റെ ബഹുമതി ആഡംസിനും ലെവറിയർക്കും കൂടി നല്കപ്പെട്ടു.

32-മത്തെ വയസ്സിൽ ഇദ്ദേഹത്തെ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1861-ൽ ഇദ്ദേഹം കേംബ്രിഡ്ജിലെ വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടറായി. 1892 ജനുവരി 21-ന് ആഡംസ് നിര്യാതനായി.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ജോൺ കൗച് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_കൗച്_ആഡംസ്&oldid=2282701" എന്ന താളിൽനിന്ന് ശേഖരിച്ചത്