കഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഴകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കഴകം (വിവക്ഷകൾ) എന്ന താൾ കാണുക. കഴകം (വിവക്ഷകൾ)

വടക്കൻകേരളത്തിൽ കണ്ടുവരുന്ന ഒട്ടുമിക്കസമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം‌, തറ, പള്ളിയറ, കോട്ടം‌, കാവുകൾ‌, മുണ്ട്യതുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം‌. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. സമുദായത്തിന്റെ കീഴിൽ‌ താനങ്ങളുടെ എണ്ണം‌ പെരുകുമ്പോൾ‌ അവയെ നിയന്ത്രിക്കാൻ‌ മേൽ‌ഘടകമായാണ്‌ കഴകം‌ രൂപം‌കൊള്ളുന്നത്‌.

പദോല്പത്തി[തിരുത്തുക]

കഴകം‌ എന്ന പദം‌ വിവിധ അർ‌ത്ഥങ്ങളിലാണ്‌, ഓരോ ദേശത്തുമറിയപ്പെടുന്നത്‌. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങളാരം‌ഭിച്ചത്‌. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ചനടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭയെന്ന അർത്ഥമാണ്, അന്നു കഴകമെന്ന പദത്തിനു നൽ‌കിയിരുന്നത്‌. ഘടകം‌ എന്ന സം‌സ്‌കൃതപദത്തിന്റെ തത്ഭവമാണ്‌ കഴകമെന്നു ചിലരഭിപ്രായപ്പെടുന്നു. കഴകമെന്ന പദം‌ ആദ്യം‌ തമിഴിലും‌ പിന്നീടു മലയാളത്തിലും‌ പണ്ടുമുതലേ ഉപയോഗിച്ചുവരുന്നുണ്ട്. തെക്കേമലബാറിൽ‌ ക്ഷേത്രപൂജനടത്തുന്ന കർ‌മ്മിയെ സഹായിക്കാനായി ശ്രീകോവിലിനുവെളിയിൽ‌ ഒരുക്കങ്ങൾ‌ചെയ്തുസഹായിക്കുന്നവരെ കഴകക്കാർ‌ എന്നാണു വിളിക്കുക.

ഉത്ഭവം‌[തിരുത്തുക]

ജാതിവ്യവസ്ഥയും‌ നാട്ടുരാജാക്കൻ‌മാരുടെ ആധിപത്യവും‌ നിലനിന്നിരുന്നകാലത്ത്‌, ഭരണനി‌ർ‌വ്വഹണത്തിന്റെ ഭാഗമായി ജാതിക്കൂട്ടങ്ങളുടെയിടയിലാണു കഴകങ്ങൾ‌ രൂപം‌കൊണ്ടത്‌. കഴകത്തിന്റെ നിയമവ്യവസ്ഥയിൽ‌ ഒരു സമുദായം‌ കെട്ടുറപ്പോടെ നിലനിന്നുപോന്നു. വിവാഹം, മരണം, അടിയന്തരം‌, കുടുംബവഴക്ക്‌, സ്വത്തുതർക്കം‌തുടങ്ങി, സമുദായാം‌ഗങ്ങൾ‌ക്കിടയിലെ എല്ലാ കാര്യങ്ങളിലും‌ കഴകത്തിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു.

പ്രാധാന്യം‌[തിരുത്തുക]

സമുദായാംഗങ്ങളുടെ ക്ഷേമത്തിനും‌ കെട്ടുറപ്പിനും‌വേണ്ടിയുള്ള കൂട്ടയ്‌മയാണു കഴകം‌. ഇതൊരു പ്രശ്നപരിഹാരവേദികൂടെയാണ്‌. ഏതൊരു വഴക്കും‌ കഴകത്തിലാണു തീർ‌പ്പുകൽ‌പ്പിക്കുക. കഴകത്തിലും‌ തീരാത്ത പ്രശ്നമാണെങ്കിൽ‌ അതു തൃക്കൂട്ടത്തിലോ മഹാക്ഷേത്രങ്ങളിലോവച്ച്‌ തീർ‌പ്പുകല്പിക്കും‌. നാലുകഴകങ്ങൾ‌ ചേരുന്നതാണ്‌ ഒരു തൃക്കൂട്ടം‌. തൃക്കൂട്ടത്തിനും‌മേലെയാണ്‌ മഹാക്ഷേത്രം‌. വലിയൊരു ജനകീയസംഘടനയാണു കഴകം‌. കഴകത്തിനുകീഴിൽ‌ ഒട്ടനവധി ദേവസ്ഥാനങ്ങളു ണ്ടായിരിക്കും‌. കഴകങ്ങളിൽ‌നടക്കുന്ന ചടങ്ങുകൾ‌ക്ക്‌, ഈ ദേവസ്ഥാനങ്ങളിൽ‌നിന്നൊക്കെ സമുദായാം‌ഗങ്ങളെത്തിച്ചേരുന്നു. പ്രത്യേകഭരണസം‌വിധാനം‌ ഓരോ കഴകത്തിനുമുണ്ടാകും. തീയ്യസമുദായത്തിന്റെ ഒരു കഴകത്തിലെ പ്രധാനസ്ഥാനീയർ‌ താഴെപ്പറയുന്നവരാണ്‌:

  1. അന്തിത്തിരിയൻ‌
  2. തണ്ടാൻ‌
  3. കൈക്ലോൻ‌
  4. കാർ‌ന്നോൻ‌മാർ‌ - കാരണവൻ‌മാർ‌
  5. വെളിച്ചപ്പാടൻ‌മാർ‌
  6. കൂട്ടായ്‌ക്കാർ‌
  7. കൊടക്കാരൻ‌
  8. കലേയ്‌ക്കാരൻ‌തുടങ്ങിയവർ‌


ശാലിയസമുദായത്തിലെ സ്ഥാനികർ താഴെപ്പറയുന്നവരാണ്

  1. മൂത്ത ചെട്ട്യാർ
  2. ഇളയ ചെട്ട്യാർ
  3. കാരണവന്മാർ(കാർന്നോൻ)
  4. മടയന്മാർ
  5. കോമരം
  6. പണിക്കർ
  7. കുടക്കാരൻ


കഴകത്തിലെ ഈ സ്ഥാനക്കാർ‌ക്കെല്ലാം‌ ആത്മീയപരിവേഷവും‌ ബഹുമാനവും‌ സമുദായത്തിനിടയിൽനിന്നു ലഭിക്കുന്നു. ഭരണനിയന്ത്രണത്തിനും സമുദായപരിഷ്‌കരണത്തിനും‌ സാമുദായികൈക്യത്തിനും‌വേണ്ടി പ്രവർത്തിക്കുന്ന ഇത്തരം‌സ്ഥാപനങ്ങൾ‌ ജാതിവ്യവസ്ഥയുടെ മൂർ‌ദ്ധന്യത്തിൽ‌പ്പോലും‌ സമുദായങ്ങളെ ഒന്നിപ്പിച്ച്, സാഹോദര്യവും‌ സ്നേഹവും‌ നിലനിറുത്തുന്നതിനായി പരിശ്രമിച്ചിരുന്നു.


പ്രധാനകഴകങ്ങൾ‌[തിരുത്തുക]

തീയ്യർക്കഴകങ്ങൾ‌[തിരുത്തുക]

  1. നെല്ലിക്കാത്തുരുത്തി കഴകം - ചെറുവത്തൂരിനു പടിഞ്ഞാറുഭാഗം‌[1]
  2. പാലക്കുന്ന്‌ കഴകം‌ - ഉദുമ[1]
  3. രാമവില്യം‌ കഴകം‌ - തൃക്കരിപ്പൂർ‌[1]
  4. കുറുവന്തട്ട കഴകം‌ കണ്ണൂർ‌ ജില്ലയിൽ‌[1]
  5. കുദ്രോളി കൂട്ടക്കളം - കുദ്രോളി മംഗലാപുരം[1]
  6. ശശിഹിത്‌ലു കഴകം - ശശിഹിത്‌ലു , മംഗലാപുരം[1]
  7. അണ്ടല്ലൂർകാവ് കൊട്ടിൽ കഴകം - ധർമ്മടം, തലശ്ശേരി[1]

മണിയാണി കഴകങ്ങൾ‌[തിരുത്തുക]

  1. കല്യോട്ട്‌ കഴകം‌ - പുല്ലൂർ‌ പെരിയ
  2. കണ്ണമംഗലം‌ കഴകം‌ - തൃക്കരിപ്പൂർ‌
  3. മുളവന്നൂർ‌ കഴകം‌ - ബേളൂർ‌
  4. കപ്പാട് കഴകം‌ - കണ്ണൂർ‌ ജില്ലയിൽ‌

ശാലിയകഴകങ്ങൾ‌[തിരുത്തുക]

ശാലിയ കഴകങ്ങൾ‌
പട്ടുവം‌ മാങ്ങാട്‌ അടുത്തില‌
തളിപ്പറമ്പ് ‌കുഞ്ഞിമംഗലം‌ വെള്ളൂർ പഴയതെരു
വെള്ളൂർ പുതിയ തെരു കരിവെള്ളൂർ‌ പിലിക്കോട്
നീലേശ്വരം കീഴാച്ചേരി അതിയാൽ നഗരം
ഒദവത്ത് നഗരം കീഴൂർ നഗരം കുണ്ഡംകുഴി നഗരം
വള്ളിക്കുന്ന് പൊയ്യിൽ കാസറഗോഡ് (കാഞ്ഞിരോട്)
‌മഞ്ചേശ്വരം കുമ്പള മംഗൽപാടി
പണമ്പൂർ

നടത്തിപ്പ്‌[തിരുത്തുക]

കഴകത്തിന്റെ നടത്തിപ്പിനുവേണ്ടുന്ന ചെലവ്‌ കരം‌പിരിച്ചെടുക്കുകയാണു ചെയ്യുന്നത്‌. കഴകത്തിനുകീഴിലുള്ള സമുദായാം‌ഗങ്ങളിൽ‌നിന്ന്, ഇങ്ങനെ പിരിച്ചെടുക്കുന്ന കരത്തെ കൂട്ട്വായി എടുക്കുക എന്നാണു പറയുന്നത്‌. ശാലിയസമുദായക്കാർ‌ ഇതിനെ കാൽ‌വര എന്നാണു പറയുക. ഇതു മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ ആയി നൽ‌കിയാൽ‌ മതിയാവും‌. കൂടാതെ ഉത്സവകാലത്ത്‌ ഓരോ കുടും‌ബവും‌ പിരിവു നൽ‌കേണ്ടതുണ്ട്‌. പൊതുവേ മരുമക്കത്തായരീതിയാണ്‌ കഴകങ്ങളിൽ‌ അനുവർത്തിക്കുന്നതെങ്കിലും‌ മക്കത്തായരീതിയും‌ ചിലയിടങ്ങളിൽ‌ കണ്ടുവരുന്നുണ്ട്‌. കഴകങ്ങളിൽ‌‌ പ്രധാനി അന്തിത്തിരിയനാണ്‌. വിവിധതറവാടുകളിലെ മൂത്തവ്യക്തിയെയാണു കാരണവർ‌ എന്നുവിളിക്കുന്നത്‌. ഓരോ പ്രദേശത്തുനിന്നും‌ തിരഞ്ഞെടുക്കുന്നവർ‌ തൊണ്ടച്ചന്മാരുടേയോ (വയനാട്ടുകുലവൻ) പരദേവതയുടേയോ (വിഷ്ണുമൂർത്തി) വെളിച്ചപ്പാടുകളാവുന്നു. ഇങ്ങനെ 'ആചാരം‌കൊണ്ടവർ‌' ഉത്സവവേളകളിൽ‌ തിരുവായുധവുമേന്തി നർ‌ത്തനം‌ചെയ്യുന്നു. ക്ഷേത്രങ്ങളിലേയും‌ കഴകങ്ങളിലേയും‌ പൂജാവിധികൾ‌ വ്യത്യസ്തങ്ങളാണ്‌. ഉണക്കലരി, അവിൽ‌, മലർ‌, കർപ്പൂരം‌ തണ്ണിലമൃതുതുടങ്ങിയ ദ്രവ്യങ്ങളാണു പൂജയ്‌ക്കുപയോഗിക്കുക. സക്രമം‌, പൂരം‌, വിഷു, പുത്തരി, പെരുങ്കളിയാട്ടം‌പോലുള്ള വിശേഷദിവസങ്ങളിലും‌ എല്ലാമാസത്തേയും‌ ആദ്യചൊവ്വാഴ്‌ചകളിലും‌മാത്രമേ കഴകത്തിൽ‌ നടതുറക്കാറുള്ളൂ. പണ്ട്‌, പെണ്ണുകാണൽ‌ച്ചടങ്ങുനടക്കുന്നതും അങ്കം‌കുറിക്കലും‌ കുടിപ്പകതീർക്കലും‌ ഊരുവിലക്കലും‌ ഭ്രഷ്‌ടുകല്പിക്കലുമൊക്കെ കഴകപരിസരത്തുവച്ചായിരുന്നു. തീയർ, മണിയാണി, നായർ, തുടങ്ങിയവർക്കൊക്കെ കഴകങ്ങളോ കഴകസമാനമായ പ്രസ്ഥാനങ്ങളോ ഉണ്ട്‌.

ഘടന[തിരുത്തുക]

മണിയാണിമാർ‌ അവരുടെ എല്ലാപ്രശ്നങ്ങൾ‌ക്കും‌ പരിഹാരം‌ കഴകത്തിനകത്തുവച്ചുതന്നെ നടത്തിവന്നിരുന്നു. തീയ്യസമുദായത്തിൽ‌ കഴകത്തിൽ‌നിന്നു തീർ‌പ്പുകല്പിക്കാനാകാത്തകാര്യങ്ങൾ‌ തൃക്കൂട്ടത്തിലേക്കാണു പിന്നീടെത്തിച്ചേരുക. കഴകത്തിനുകീഴിലായി ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യതുടങ്ങി നിരവധി മുണ്ട്യകളും‌ തറകളും‌ അനേകം‌ ഭഗവതി ക്ഷേത്രങ്ങളുമുണ്ട്. ഭഗവതിക്ഷേത്രം‌ കേന്ദ്രമാക്കിയാണ്‌ തറ എന്ന പ്രാദേശിക ഘടകം‌ രൂപം‌കൊള്ളുന്നത്‌. നാലു തറകൾ‌ചേർ‌ന്നാൽ‌ ഒരു നാല്‌പാടും നാലു നാല്‌പാടുകൾ‌ചേർ‌ന്നാൽ‌ ഒരു തൃക്കൂട്ടവുമെന്നാണു കണക്ക്‌. തൃക്കൂട്ടത്തിനും‌മുകളിലായി ഒരു മഹാക്ഷേത്രവുമുണ്ടായിരിക്കും‌. കാരണവർ‌ എന്ന സ്ഥാനീയന്റെ അധികാരപരിധി ഒരു തറവാട്ടിനകത്താണ്‌. ഒരു തറവാട്ടിനുകീഴിൽ‌ അനവധി കുടുംബങ്ങളുണ്ടായിരിക്കും‌. തറവാടുകൾ‌ രൂപീകൃതമാവുന്നത്‌ ഇല്ലത്തെയടിസ്ഥാനപ്പെടുത്തിയാണ്‌ പ്രധാനമായി എട്ടില്ലങ്ങളാണ്‌ തീയ്യർ‌ക്കുള്ളത്. നാലു കഴകങ്ങളും‌ പതിനാറ് നാല്‌പാടുകളും‌ ഇരുന്നൂറ്റിയമ്പത്താറു തറവാടുകളും‌ചേർ‌ന്നാൽ‌ ഒരു തൃക്കൂട്ടമായി. ഇതിന്റെ നേതൃത്വം അന്തിത്തിരിയൻ‌മാരും‌ അച്ചൻമാരും‌ സമ്മേളിക്കുന്ന സ്ഥലത്തിനു കൊട്ടിൽ‌ എന്നണുപറയുക. ശാലിയർ‌ക്ക് തളിപ്പറമ്പിലെ പട്ടുവം‌മുതൽ‌ പനമ്പൂർ‌വരെ നിരവധി കഴകങ്ങളുണ്ട്‌. ഇവരുടെ കഴകത്തെ നഗരമെന്നാണു വിളിക്കുക. കീഴൂരാണ്‌ ഈ കഴകങ്ങളുടെ ആസ്ഥാനം‌. വാണിയർ‌ക്കു പ്രധാനം‌ മുച്ചിലോട്ടു കാവുകളാണ്‌. ഇവർ‌ക്ക് പതിനാലു കഴകങ്ങളുണ്ട്. കഴകത്തെ കിരിയമെന്നാണ്‌ ആശാരിമാർ‌ വിളിക്കുന്നത്. ധീവരന്‌ കുറുമ്പാക്ഷേത്രവും‌ മുകയർ‌ക്കും‌ കുശവർ‌ക്കും ഭഗവതീക്ഷേത്രങ്ങളും‌ നായർ‌ക്ക്‌ തറവാടുകളും‌ പ്രധാനമാണ്‌. പുലയർ‌ക്ക്‌ നാലു കഴകങ്ങളുണ്ട്‌. രാമന്തളിക്കഴകമാണിതിൽ‌ പ്രധാനം‌.

സാമുഹിക പ്രസക്തി[തിരുത്തുക]

ദൈനംദിനജീവിതത്തെ ക്രമപ്പെടുത്തുന്നതിനും‌ നിയന്ത്രിക്കുന്നതിനുമായി രൂപം‌കൊണ്ട താനങ്ങളും‌ കഴകങ്ങളും‌ മുച്ചിലോട്ടുകളും‌ പിന്നീട്‌ അരാധനാകേന്ദ്രങ്ങളായിമാറുകയായിരുന്നു. സമുദായത്തിനകത്തെ ഭരണക്രമീകരണവും‌ അനുഷ്‌ഠാനങ്ങളും‌ ചടങ്ങുകളുമൊക്കെയായി അം‌ഗങ്ങൾ‌കിടയിൽ‌ ശക്തമായ സ്വാധീനം‌ചെലുത്തിപ്പോന്നവയായിരുന്നു ഇത്തരം‌ പ്രസ്ഥാനങ്ങൾ‌. എന്നാൽ‌ പിന്നീട്‌ രാഷ്‌ട്രീയപ്രസ്ഥാനങ്ങളും‌ ജാതിസംഘടനകളും‌ നിയമവ്യവസ്ഥയും‌ പൊലീസും‌ കോടതിയുമൊക്കെ വളർ‌ന്നുവന്നതോടുകൂടെ സമുദായാം‌ഗത്തിനുമേലുള്ള കഴകത്തിന്റെ അധികാരനിയന്ത്രണങ്ങൾ‌ കുറഞ്ഞുവന്നു. എന്നാലിപ്പോളും നമ്മുടെ സാമൂഹ്യജീവിതത്തിന്റേയും‌ പാരമ്പര്യത്തിന്റേയും‌ അടയാളങ്ങളായി കഴകങ്ങൾ‌ നിലനിൽ‌ക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലം‌ബം‌[തിരുത്തുക]

കാസർ‌കോട്‌ ചരിത്രവും‌ സമൂഹവും‌ - കാസർ‌ഗോഡ് ജില്ലാ പഞ്ചായത്തു പ്രസിദ്ധീകരണം‌

  1. 1.0 1.1 1.2 1.3 1.4 1.5 1.6 M.V. Vishnu Nambuthiri (1989). ഫോക്‌ലോർ നിഘണ്ടു. Kerala Basha Institute. p. 89.
"https://ml.wikipedia.org/w/index.php?title=കഴകം&oldid=3812343" എന്ന താളിൽനിന്ന് ശേഖരിച്ചത്