ടൈഗർ ഓർക്കിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tiger Orchid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൈഗർ ഓർക്കിഡ്
Rosioglossum grande
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
R. grande
Binomial name
Rossioglossum grande

ഓർക്കിഡേസീ (Orchidaceae) സസ്യകുടുംബത്തിലെ ഏറ്റവും വലിപ്പം കൂടിയ ഓർക്കിഡ് സസ്യമാണ് ടൈഗർ ഓർക്കിഡ്. ശാസ്ത്രനാമം : ഗ്രമാറ്റോഫില്ലം സ്പീഷിയോസം (Grammatophyllum speciosum). ഓർക്കിഡ് കുടുംബത്തിലെ ഭീമൻ എന്ന് ഗിന്നസ് ബുക്കിൽ വിശേഷിപ്പിച്ചിരിക്കുന്ന ഈ സസ്യം ഓർക്കിഡുകളുടെ രാജ്ഞി എന്നും അറിയപ്പെടുന്നു. പുഷ്പങ്ങളിൽ കാണപ്പെടുന്ന കടുവാ പുള്ളികളാണ് ടൈഗർ ഓർക്കിഡ് എന്ന പേരിനു നിദാനം.

രൂപവിവരണം[തിരുത്തുക]

ടൈഗർ ഓർക്കിഡ് പുഷ്പം

മഡഗാസ്ക്കർ, ഫിലിപ്പീൻസ്, ന്യൂഗിനിയ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ തീരപ്രദേശവനങ്ങളിലും നദീതടങ്ങളിലുമുള്ള വൻമരപ്പൊത്തുകളിലാണ് ഈ ഓർക്കിഡ് ധാരാളമായി വളരുന്നത്. 1825-ൽ കാൾ ബ്ളൂം (Carl Blume) എന്ന ഡച്ച് ശാസ്ത്രകാരൻ ജാവയിലെ ബോഗോർ (Bogor) കാടുകളിലാണ് ടൈഗർ ഓർക്കിഡിനെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് മ്യാൻമർ, തായ്‌ലണ്ട്, ലാവോസ്, സുമാത്രാ, ബോർണിയോ എന്നിവിടങ്ങളിൽ ഈ സസ്യങ്ങൾ വളരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞത്. ടൈഗർ ഓർക്കിഡിന്റെ നീളം കൂടി, കനം കുറഞ്ഞ കപടകന്ദ (psuedobulb)ത്തിൽ നിന്ന് അനേകം വേരുകളും ഇലകളുമുണ്ടാകുന്നു. ഇലകൾ നീളവും കനവും കൂടിയതാണ്. ഇലയുടെ കക്ഷ്യങ്ങളിൽനിന്ന് രണ്ടു മീറ്ററോളം നീളമുള്ള പുഷ്പമഞ്ജരിയുണ്ടാകുന്നു. ഒരു പൂങ്കുലയിൽ 75-100 പുഷ്പങ്ങളുണ്ടാകും. സ്പൈഡർ ഓർക്കിഡിന്റെ പുഷ്പങ്ങളേക്കാൾ വലിപ്പംകൂടിയ പുഷ്പങ്ങളാണിവ. പുഷ്പങ്ങളുടെ ഞെടുപ്പ് (ഞെട്ട്) നീളം കൂടിയതാണ്. ബാഹ്യദളങ്ങളും ദളങ്ങളും മൂന്നെണ്ണം വീതമായിരിക്കും. കടുംമഞ്ഞയോ വെണ്ണനിറമോ ഉള്ള ദളങ്ങളിൽ കടും ഓറഞ്ചു കലർന്ന കാവിനിറത്തിലോ കടും കാവി നിറത്തിലോ ഉള്ള പുള്ളികളുണ്ടായിരിക്കും. പുഷ്പങ്ങൾക്ക് ഹൃദ്യമായ സുഗന്ധമുണ്ട്. പുഷ്പകാലം ഒന്നരമാസത്തോളം വരും.

പ്രജനനം[തിരുത്തുക]

കപടകന്ദം മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. ഉഷ്ണമേഖലാകാലാവസ്ഥയിൽ എവിടെയും ഇത് അനായാസം വളരും. അസാമാന്യ വലിപ്പമെത്തുന്ന ഈ ചെടി തദനുസൃതമായ വൻ ചട്ടികളിലോ മരപ്പാത്രങ്ങളിലോ വളർത്തണം. ഇന്ത്യയിൽ ഇവ ഓർക്കിഡേറിയങ്ങളിൽ വളർത്തപ്പെടുന്നു. 16 വർഷമായി കേരളത്തിലെ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ വളർത്തുന്ന ടൈഗർ ഓർക്കിഡ് രണ്ടു പ്രാവശ്യം മാത്രമേ പുഷ്പിച്ചിട്ടുള്ളു. ടൈഗർ ഓർക്കിഡിന്റെ വർഗഗുണങ്ങളോടു സാമ്യമുള്ള സിംബീഡിയം ഇനവുമായി സങ്കരം നടത്തി പുതിയ ഇനത്തെ വികസിപ്പിച്ചെടുക്കാനുളള ഗവേഷണങ്ങൾ പാലോട് ഗവേഷണകേന്ദ്രത്തിൽ നടന്നുവരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈഗർ ഓർക്കിഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൈഗർ_ഓർക്കിഡ്&oldid=3786539" എന്ന താളിൽനിന്ന് ശേഖരിച്ചത്