മുഖ്യമതദ്രോഹവിചാരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Grand Inquisitor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Grand Inquisitor 
by Fyodor Dostoevsky
Standalone copy of the chapter "The Grand Inquisitor"
CountryRussian Empire
LanguageRussian
Genre(s)Poem, parable, philosophical fiction, story within a story
Pages22
"കരമസോവ് സഹോദരന്മാർ" എഴുതിയ ഫിയോദർ ദസ്തയേവ്‌സ്കി

ഫിയോദർ ദസ്തയേവ്സ്കിയുടെ കരമസോവ് സഹോദരന്മാർ(1879-1880) എന്ന നോവലിൽ, കഥാപാത്രങ്ങളിലൊരുവനായ ഇവാൻ, മറ്റൊരു കഥാപാത്രമായ അല്യോഷയോട് പറയുന്ന അന്യാപദേശമാണ്(Parable) മുഖ്യമതദ്രോഹവിചാരകൻ (The Grand Inquisitor). നോവലിൽ ഇവാനും അല്യോഷയും സഹോദരങ്ങളും അല്യോഷ സംന്യാസാർഥിയുമാണ് (Novice Monk). ഈ കഥയിൽ ഇവാൻ എല്ലാത്തിനേയും പരിപാലിക്കുന്ന ഏകസത്തയായ ഒരു ദൈവത്തിന്റെ സാധ്യത ചോദ്യം ചെയ്യുന്നു.


നോവലിന്റെ ഒരു പ്രധാന ഭാഗമാണ് സാമാന്യം ദീർഘമായ ഈ കഥ. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് അതുയർത്തുന്ന ചോദ്യങ്ങളും അവക്ക് തിട്ടമായ ഉത്തരമൊന്നും തരാതെയുള്ള അതിന്റെ സമാപ്തിയും, മുഖ്യമതദ്രോഹവിചാരകനെ ആധുനികസാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ഖണ്ഡങ്ങളിലൊന്നാക്കിയിരിക്കുന്നു.


അന്യാപദേശം[തിരുത്തുക]

തിരിച്ചുവരുന്ന യേശു[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിൽ വളരെ വർഷങ്ങൾ സ്പെയിനിലെ മുഖ്യമതദ്രോഹവിചാരകനായിരുന്ന തോമാസ് റ്റോർക്കമാഡാ(1420-1498)

ഇടക്കിടെയുള്ള അല്യോഷയുടെ ഹ്രസ്വമായ ചോദ്യങ്ങളെ നേരിട്ടുകൊണ്ടാണ് ഇവാൻ കഥ പറയുന്നത്. സ്പെയിനിലെ കുപ്രസിദ്ധമായ മതദ്രോഹവിചാരണകളുടെ കാലത്ത് ക്രിസ്തു അതിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്ന സെവിൽ(Seville) നഗരത്തിൽ വന്നെത്തുന്നതായാണ് കഥയിൽ. സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന അത്ഭുതങ്ങളുടെ മാതൃകയിൽ അവിടെ അദ്ദേഹം അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ജനങ്ങൾ ക്രിസ്തുവിനെ തിരിച്ചറിയുകയും ആരാധിക്കുകയും ചെയ്യുന്നെങ്കിലും മതദ്രോഹവിചാരണയുടെ അധികാരികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അതിനടുത്ത ദിവസം തീയിലിട്ടുകൊല്ലാൻ വിധിക്കുന്നു. ആ രാത്രിയിൽ മുഖ്യമതദ്രോഹവിചാരകൻ പ്രതിയെ തടവുമുറിയിൽ സന്ദർശിച്ച് സഭക്ക് ഇനി ക്രിസ്തുവിനെ ആവശ്യമില്ലെന്ന് അറിയിക്കുന്നു. കഥയുടെ മുഖ്യഭാഗം, ക്രിസ്തുവിന്റെ പുനരാഗമനം സഭയുടെ ദൗത്യത്തിന് തടസ്സമാകുന്നതെങ്ങനെയെന്ന് വിചാരകൻ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുക്കുന്നതാണ്.

യേശുവിനെതിരെ കുറ്റപത്രം[തിരുത്തുക]

വിചാരകൻ യേശുവിനെതിരെ കുറ്റപത്രം ചമയ്ക്കുന്നത്, പരസ്യജീവിതത്തിന്റെ തുടക്കത്തിനുമുൻപ് മരുഭൂമിയിലെ ഉപവാസത്തിനൊടുവിൽ യേശുവിനെ നേരിട്ട സാത്താൻ, അദ്ദേഹത്തിന്റെ മുൻപിൽ വച്ച മൂന്നു പ്രലോഭനങ്ങളെ പരാമർശിച്ചാണ് . ഉപവാസത്താലുണ്ടായ വിശപ്പടക്കാൻ കല്ലുകളെ അപ്പമാക്കാനും, മാലാഖമാരാൽ രക്ഷപ്പെടുത്തപ്പെടാനായി യെരുശലേം ദേവാലയഗോപുരത്തിനു മുകളിൽ നിന്ന് ചാടാനും , സാത്താനെ കുനിഞ്ഞാരാധിച്ച് ലോകത്തിലെ സാമ്രാജ്യങ്ങളുടെയൊക്കെ ആധിപത്യം നേടാനുമുള്ള പ്രലോഭനങ്ങളായിരുന്നു അവ. ഈ മൂന്നു പ്രലോഭനങ്ങളേയും തിരസ്കരിച്ച യേശു, അവക്കുപകരം സ്വാതന്ത്ര്യത്തെ തെരഞ്ഞെടുക്കുകയായിന്നുവെന്ന് വിചാരകൻ സമ്മതിച്ചു. എന്നാൽ അങ്ങനെ ചെയ്യുകവഴി മനുഷ്യസ്വഭാവത്തെ വിലയിരുത്തുന്നതിൽ യേശു പിഴവുകാട്ടിയെന്ന് വിചാരകൻ കരുതി. യേശു നൽകിയ സ്വതന്ത്ര്യം കൈകാര്യം ചെയ്യാൻ മനുഷ്യരാശിയിൽ ബഹുഭൂരിപക്ഷത്തിനും കഴിവില്ലാത്തതിനാൽ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നൽകുകവഴി മനുഷ്യരിൽ ബഹുഭൂരിപക്ഷത്തെയും രക്ഷയുടെ പരിധിക്കുപുറത്തുനിറുത്തി സഹനത്തിന് വിധിക്കുകയാണ് യേശു ചെയ്തതെന്നായിരുന്നു വിചാരകന്റെ ആരോപണം.


വിചാരകൻ ദൈവനിഷേധിയാണെന്ന് കരുതിയ ഇവാൻ അദ്ദേഹവും സഭയും "ബുദ്ധിമാനും മരണത്തിന്റെയും വിനാശത്തിന്റേയും ആത്മാവുമായ", സാത്താനെ പിന്തുടരുകയാണെന്ന് സൂചിപ്പിക്കുന്നു. സഭയുടെ കൊടിക്കീഴിലുള്ള പരതന്ത്രതയിൽ എല്ലാവരെയും ഒന്നിപ്പിച്ച് മനുഷ്യന്റെ സഹനത്തിന് അവസാനം വരുത്തുകയെന്ന അവരുടെ വഴി സാത്താന്റെ കണ്ടുപിടിത്തമായിരുന്നു. ആ വഴിയിൽ, സ്വാതന്ത്ര്യത്തിന്റെ കനത്ത ഭാരം വഹിക്കാൻ കഴിവുള്ള ഏതാനും പേർ ബഹുഭൂരിപക്ഷത്തേയും നയിക്കുന്നു. തന്റെ ഭരണത്തിൽ മനുഷ്യരാശിയാകെ അജ്ഞതയിൽ സന്തുഷ്ടരായി ജീവിച്ച് മരിക്കുമെന്നാണ് വിചാരകൻ അവകാശപ്പെട്ടത്. അയാൾ അവരെ നയിക്കുന്നത് "മരണത്തിലേക്കും വിനാശത്തിലേക്കും" ആണെങ്കിലും, ആ വഴിയിൽ അവർ സന്തുഷ്ടരായിരിക്കും. തെരഞ്ഞെടുപ്പിന്റെ ഭാരം മനുഷ്യരിൽ നിന്ന് മറച്ചുവക്കാൻ അതിന്റെ ദുഃഖം സ്വയം പേറുന്ന രക്തസാക്ഷിയായാണ് വിചാരകൻ തന്നെത്തന്നെ കണ്ടത്. "മനുഷ്യന്റെ മനസാക്ഷിക്ക് സാന്ത്വനം നൽകാൻ കഴിവുള്ള ആർക്കും അവന്റെ സ്വാതന്ത്ര്യം കയ്യടക്കാൻ കഴിയുമെന്ന്" വിചാരകൻ പറഞ്ഞു. തുടർന്ന്, സാത്താന്റെ ഒരോ പ്രലോഭനത്തിലേയും വാഗ്ദാനത്തെ തിരസ്കരിക്കുന്നതിൽ ക്രിസ്തുവിന് എങ്ങനെ പിശകുപറ്റിയെന്ന് വിചാരകൻ വിശദീകരിക്കുന്നു. വയറിന്റെ വിശപ്പടക്കാൻ സഹായിക്കുന്ന ആരേയും മനുഷ്യർ പിന്തുടരുമെന്നതിനാൽ ക്രിസ്തു കല്ലുകളെ അപ്പമാക്കേണ്ടതായിരുന്നു. "മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്" എന്നു പറഞ്ഞായിരുന്നു യേശു ഈ പ്രലോഭനത്തെ തള്ളിക്കളഞ്ഞത് എന്ന് വിചാരകൻ അനുസ്മരിച്ചു. "ആദ്യം മനുഷ്യന് തീറ്റ നൽകുക, പിന്നെ അവരിൽ നിന്ന് നന്മ ആവശ്യപ്പെടുക, എന്നാണ് നിനക്കെതിരെ ഉയർത്തുന്ന പതാകയിൽ അവർ എഴുതിവക്കാൻ പോകുന്നത്" എന്നായിരുന്നു ഇതിനെക്കുറിച്ച് വിചാരകൻ പറഞ്ഞത്. ദേവാലയഗോപുരത്തിന് മുകളിൽ നിന്ന് ചാടി മാലാഖമാരാൻ രക്ഷപ്പെടുത്തപ്പെട്ടിരുന്നെങ്കിൽ യേശുവിന്റെ ദൈവത്ത്വം ജനമനസ്സിൽ എന്നേക്കുമായുറച്ച്, അവർ അദ്ദേഹത്തെ നിത്യം പിന്തുടരുമായിരുന്നു. ലോകത്തിലെ എല്ലാ സാമ്രാജ്യങ്ങളുടേയും മേലുള്ള ആധിപത്യം അവയുടെ രക്ഷ ഉറപ്പുവരുത്തുമായിരുന്നു എന്നും വിചാരകൻ കരുതി.

യേശുവിന്റെ ചുംബനം[തിരുത്തുക]

കഥ അവസാനിക്കുന്നത് വിചാരകന്റെ മുൻപിൻ നിശ്ശബ്ദനായിരുന്ന യേശു, അയാളുടെ ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനുപകരം അയാളുടെ വിളറിയ വയസ്സൻ ചുണ്ടിൽ പതിപ്പിക്കുന്ന ചുംബനത്തിലാണ്. അതേതുടർന്ന് വിചാരകൻ യേശുവിനെ ബന്ധനമുക്തനാക്കി ഇനി തിരിച്ചുവരരുതെന്ന് താക്കീതോടെ പറഞ്ഞയക്കുന്നു. അപ്പോഴും മൗനിയായിരുന്ന യേശു നഗരത്തിലെ ഇരുണ്ട ഇടവഴികളിൽ അപ്രത്യക്ഷനാകുന്നു. യേശുവിന്റെ ചുംബനത്തിന്റെ അർത്ഥവും അത് വിചാരകനിൽ വരുത്തിയ മാറ്റവും കഥ അവ്യക്തമാക്കിവക്കുന്നു. ആ ചുംബനം അയാളുടെ ഹൃദയത്തെ ജ്വലിപ്പിച്ചെങ്കിലും അയാൾ സ്വന്തം നിലപാടിൽ ഉറച്ചുനിന്നു എന്നാണ് ഇവാൻ കരുതിയത്. വിചാരകന് ക്രിസ്തു നൽകിയ ചുംബനത്തിന്റെ സന്ദേശം "നീ ചെയ്യാനുദ്ദേശിക്കുന്നത് വേഗം ചെയ്യുക" (യോഹന്നാൻ 13.27) എന്ന് തന്നെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസിനോടുള്ള യേശുവിന്റെ നിമന്ത്രണത്തിന് സമാനമാണ്. ആ വാക്കുകൾ യൂദാസിന്റെ പ്രവർത്തിക്ക് ന്യായീകരണമാകാത്തതുപോലെ യേശുവിന്റെ ചുംബനം വിചാരകന് മാപ്പുനൽകുന്നില്ല.


സ്വന്തംനിലയിൽ തന്നെ ശ്രദ്ധേയമായ ഒരു മത-ദാർശനിക രചന എന്നതിനപ്പുറം നോവലിന്റെ മുഖ്യകഥയിലെ പാത്ര-വികസനത്തിലും ഇവാൻ പറയുന്ന ഈ അന്യാപദേശത്തിന് വലിയ പങ്കുണ്ട്. ഇവാൻ സ്വയം വിചാരകന്റെ വേഷത്തിലാണ് കാണുന്നത്. കഥ പറഞ്ഞുനിർത്തിയ അയാൾ, അതിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെപേരിൽ തന്നെ തള്ളിപ്പറയുമോ എന്ന് അല്യോഷയോട് ചോദിക്കുന്നുണ്ട്. ഇതിന് അല്യോഷ മറുപടി പറഞ്ഞത് ഇവാന്റെ ചുണ്ടിൽ ഒരു പതിഞ്ഞ ചുംബനം നൽകിയാണ്. "ഇത് കലാചോരണമാണ്(Plagiarism), എങ്കിലും നന്ദി" എന്നായിരുന്നു ഇതിനോട് ഇവാന്റെ പ്രതികരണം. താമസിയാതെ ആ സഹോദരന്മാർ പിരിഞ്ഞു.


ദസ്തയേവ്‌സ്കിയുടെ കത്തുകൾ അനുസരിച്ച് വിചാരകൻ ഉന്നയിച്ച് പ്രശ്നങ്ങൾ നോവലിസ്റ്റിനെ തന്നെ അലട്ടിയിരുന്നു. അവ വായനക്കാരന്റെ വിശ്വാസത്തെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. ഈ പ്രശ്നങ്ങൾക്ക് ഋജുവായ പരിഹാരമൊന്നും ദസ്തയേവ്‌സ്കി കണ്ടെത്തിയില്ല. എന്നാൽ നോവലിന്റെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ അദ്ദേഹം അവതരിപ്പിക്കുന്ന വൃദ്ധതാപസൻ സോസിമയുടെ കഥ ഇവാന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയാണെന്നുപറയാം. അതിനാൽ മുഖ്യമതദ്രോഹവിചാരകന്റെ കഥ മുഴുവൻ മനസ്സിലാക്കാൻ നോവലിൽ അതേതുടർന്നുവരുന്ന സോസിമയുടെ കഥയും പിന്നീടുള്ള അദ്ധ്യായങ്ങളും കൂടി വായിക്കേണ്ടതുണ്ട്.

പ്രേരണ[തിരുത്തുക]

  • ദസ്തയേവ്സ്കിയുടെ നോട്ടുപുസ്തകങ്ങളിലെ സൂചന അനുസരിച്ച്, മുഖ്യമതദ്രോഹവിചാരകനെ കേന്ദ്രമാക്കിയുള്ള ഈ ഖണ്ഡത്തിന്റെ രചനക്ക് അദ്ദേഹത്തിന് പ്രേരണയായത്, ഫ്രീഡ്രിച്ച് ഷില്ലറുടെ ഡോൺ കാർലോസ്(1785-87) എന്ന നാടകത്തിന്റെ വായനയാണ്.

മറ്റു സാഹിത്യരചനകളിന്മേലുള്ള സ്വാധീനം[തിരുത്തുക]

  • അമേരിക്കൻ നാടകകൃത്ത് ടോണി കുഷ്നർ 2003-ൽ പ്രസിദ്ധീകരിച്ച, "രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായ നാം മാത്രമേ അസന്തുഷ്ടരായിരിക്കൂ" എന്ന നാടകം ദസ്തയേവ്സ്കിയുടെ മുഖ്യമതദ്രോഹവിചാരകനെ അടിസ്ഥാനമാക്കിയാണ്.


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഖ്യമതദ്രോഹവിചാരകൻ&oldid=3641351" എന്ന താളിൽനിന്ന് ശേഖരിച്ചത്