ടെന്റക്കുലേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tentaculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടെന്റക്കുലേറ്റ
Mertensia ovum
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: Ctenophora
Class: ടെന്റക്കുലേറ്റ
Eschscholtz, 1825
Orders

Cestida
Cydippida
Lobata
Platyctenida

ടീനോഫോറ ജന്തുഫൈലത്തിലെ ഒരു ഉപവർഗമാണ് ടെന്റക്കുലേറ്റ. ഗ്രാഹികളുള്ള ടീനോഫോറുകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിഡിപ്പിഡ (Cydippida), ലോബേറ്റ (Lobata), സെസ്റ്റിഡ (Cestida), പ്ളാറ്റിക്ടീനിയ (Platyctenea) എന്നീ നാലു ഗോത്രങ്ങളായി ഈ ഉപവർഗത്തെ വർഗീകരിച്ചിരിക്കുന്നു.

സിഡിപ്പിഡ ഗോത്രത്തിലെ ജീവികൾക്ക് വൃത്താകൃതിയോ അണ്ഡാകൃതിയോ ആണുള്ളത്. ഒരു ഉറയ്ക്കുള്ളിലേക്ക് പിൻവലിക്കാവുന്ന രണ്ട് ഗ്രാഹികൾ ഇവയ്ക്കുണ്ട്. ജഠര-സംവഹനനാളീശാഖകൾ നിർഗമനമാർഗ്ഗമില്ലാത്ത നിലയിലാണ് അവസാനിക്കുന്നത്. ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ് പ്ലൂറോബ്രാക്കിയ (Pleurobrachia), ഹോർമിഫോറ, മെർട്ടെൻസിയ എന്നിവയാണ്.

ലോബേറ്റ ഗോത്രത്തിലെ ജീവികളുടെ ശരീരം സമ്മർദിത രൂപത്തിലുള്ളതാണ്. ഇവയ്ക്ക് രണ്ട് വലിയ പേശീമയമുഖ-പാളികളും ഉണ്ട്. ഇവയുടെ നാല് കോമ്പ് പ്ളേറ്റുകൾ മറ്റുള്ളവയേക്കാൾ ചെറുതും, വായ് ഭാഗത്തിനു മുകളിലേക്കു തള്ളിനിൽക്കുന്ന സിലിയാമയ-പ്രവർധങ്ങളോടുകൂടിയവയുമാണ്. ഗ്രാഹികൾ ചെറിയവ ആണ്. ഇവയ്ക്ക് പാർശ്വശാഖകളും ഉണ്ട്. ഡിയോപിയ (Deiopea), ഒസൈറോപ്സിസ് (Ocyropsis) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.

സെസ്റ്റിഡ ഗോത്രത്തിലെ ജീവികളുടെ ശരീരം വളരെയധികം സമ്മർദിതവും നാടപോലുള്ളതുമാണ്; ശരീരം നീളമേറിയതും. ശരീരത്തിന്റെ അടിവക്കിന്റെ മധ്യത്തിലായി വായ കാണപ്പെടുന്നു. കോമ്പ് പ്ളേറ്റ് നിരയിലെ നാലെണ്ണം അല്പവർധിതങ്ങളാണ്. പ്രധാന രണ്ടു ഗ്രാഹികളും വളരെ ചെറിയവയും ഉറകളോടുകൂടിയവയുമാണ്. വായവക്കിനോടു ചേർന്ന് നിരവധി ചെറിയ ഗ്രാഹികളും ഉണ്ട്. തരംഗരൂപത്തിലുള്ള ശരീരചലനങ്ങൾകൊണ്ടും കോമ്പ് പ്ളേറ്റുകളുടെ സഹായംകൊണ്ടും ആണ് ഇവ ചലിക്കുന്നത്. സെസ്റ്റസ് (Cestus) വെലാമൻ (velamen) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.

മറ്റ് ടീനോഫോറുകളിൽനിന്നും വ്യത്യസ്തത പുലർത്തുന്ന ജീവികളാണ് നാലാമത്തെ ഗോത്രമായ 'പ്ളാറ്റിക്ടീനിയ'യിലുള്ളത്. ഇഴഞ്ഞുനടക്കുന്ന ജീവികളാണിവ. ശരീരം മുഖ-അപമുഖതലത്തിൽ സമ്മർദിതമാണ്. ഉറകളോടുകൂടിയ രണ്ട് ഗ്രാഹികളുണ്ട്. കോമ്പ് പ്ലേറ്റ്നിരകൾ ലാർവഘട്ടത്തിൽ മാത്രമേ കാണപ്പെടുന്നുള്ളു. ടീനോപ്ലാന (Ctenoplana), സീലോപ്ലാന (Coeloplana) ഗാസ്ട്രോഡസ് (Gastrodes) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.[1]

1886-ൽ കൊറോട്ട്നെഫ് എന്ന ശാസ്ത്രകാരൻ സുമാട്രൻ തീരത്തുനിന്നുമാണ് ഒരു ടീനോപ്ലാനയെ കണ്ടെത്തിയത്. പിന്നീട് ഇവയെ ശാസ്ര്തകാരന്മാർക്ക് ലഭ്യമായില്ല. ഈ അടുത്തകാലത്ത് ഇൻഡോ-ചൈനാ-ജപ്പാൻ തീരങ്ങളിൽ ഇവ ധാരാളമായി പ്രത്യക്ഷപ്പെടുകയുണ്ടായി. സീലോപ്ലാനയെ 1880-ൽ കവലേവ്സ്കിയാണ് ചെങ്കടലിൽ കണ്ടെത്തിയത്. ഇവ ഇന്ന് ജപ്പാൻ തീരങ്ങളിലും മറ്റും ധാരാളമായി കാണപ്പെടുന്നുണ്ട്. ഈ ഗോത്രത്തിലെ ജീവികൾ മറ്റ് ടീനോഫോറുകളിൽ നിന്നും പരിണാമപരമായി ഉയർന്ന ജീവികളാണെന്നും കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Barnes, R.S.K. et al. (2001). The Invertebrates: A Synthesis. Oxford: Blackwell Science. ISBN 0-632-04761-5

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെന്റക്കുലേറ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെന്റക്കുലേറ്റ&oldid=1972907" എന്ന താളിൽനിന്ന് ശേഖരിച്ചത്