താപനിലയുടെ മാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Temperature measurement എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താപനിലയെ പരിമാണാത്മകമായി തിട്ടപ്പെടുത്തുന്ന പ്രക്രിയയ്ക്കാണ് താപനിലയുടെ മാപനം എന്നു പറയുന്നത്. ഇതിനായി, നിഷ്പ്രയാസം പുനരാവിഷ്കരിക്കാൻ കഴിയുന്ന രണ്ട് സ്ഥിര താപനിലകൾക്കിടയ്ക്കുള്ള ഒരു മാനക ഇടവേള (standard intervel) തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. താപത്തെ ആശ്രയിച്ചുള്ള ഏതെങ്കിലും ഗുണധർമത്തെ (property) അടിസ്ഥാനമാക്കി ഇതിനെ സൗകര്യപൂർവം ചെറിയ അംശങ്ങളായി ഭാഗിക്കുകയും ഓരോ അംശത്തേയും ഒരു ഡിഗ്രി (1º) ആയി സങ്കല്പിക്കുകയുമാണ് അടുത്ത പടി. താപനില അളക്കാനുപയുക്തമായ ഉപാധിയെ തെർമോമീറ്റർ (thermometer) എന്നു പറയുന്നു. [1] പ്രധാനമായി അഞ്ചിനം തെർമോമീറ്ററുകളാണ് നിലവിലുള്ളത്. ഇവ താഴെപ്പറയുന്ന താപമിതീയ ഗുണധർമങ്ങളെ (thermometric properties) ആധാരമാക്കി നിർമിച്ചിട്ടുള്ളവയാണ്.

  1. ഒരു ദ്രാവകനാളത്തിന്റെ നീളം (L)
  2. ഒരു വാതകത്തിന്റെ മർദം (P)
  3. ഒരു വാതകത്തിന്റെ വ്യാപ്തം (V)
  4. ഒരു വസ്തുവിന്റെ വൈദ്യുതരോധം (R)
  5. താപ വിദ്യുത് ചാലക ബലം (ε) (thermo e.m.f)

ഈ ഗുണധർമങ്ങളിൽ ഏതെങ്കിലും ഒന്നിനെ X കൊണ്ട് സൂചിപ്പിച്ചാൽ, തെർമോമീറ്ററിന്റേയും അതുമായി സംതുലനത്തിൽ വർത്തിക്കുന്ന വസ്തുക്കളുടേയും താപനില (θ), അതിന്റെ ഒരു രേഖീയ ഫലനം (linear function) ആയിരിക്കും. θ α X നിഷ്പ്രയാസം പുനരാവിഷ്കരിക്കാൻ കഴിയുന്ന സ്ഥിരതാപ നിലകൾ θ1, θ2 എന്നിവയും, അവയ്ക്കു സമാനമായ X-ന്റെ മൂല്യങ്ങൾ യഥാക്രമം X1, X2 എന്നിവയും ആണെങ്കിൽ)

θ1- θ2 എന്ന താപനിലയുടെ അന്തരാളത്തെ യഥേഷ്ടം എത്ര യെങ്കിലും ഡിഗ്രികളായി വിഭജിക്കാവുന്നതാണ്. θ1- θ2 അറിയാമെങ്കിൽ X,X1, X2 എന്നീ നിരീക്ഷണ ഫലങ്ങളിൽ നിന്ന് നിർദിഷ്ട താപനില θ കണ്ടുപിടിക്കാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താപം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താപനിലയുടെ_മാപനം&oldid=3545888" എന്ന താളിൽനിന്ന് ശേഖരിച്ചത്