ടെമ്പറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tempera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഡോണയും കുഞ്ഞും 1284 -ൽ ഡുഷ്യോ(Duccio) വരച്ച ടെമ്പറ ചിത്രം

ജലത്തിലും, ഒപ്പം മറ്റൊരു കൊഴുപ്പുള്ള ദ്രാവകത്തിലും ചായം കലർത്തി ചിത്രരചന നടത്തുന്ന രീതിയാണ് ടെമ്പറ. മുട്ടയുടെ മഞ്ഞക്കരുവാണ് സാധാരണയായി ഇതിനുപയോഗപ്പെടുത്തുന്നത്. മഞ്ഞക്കരുമാറ്റിയെടുത്ത് തുല്യമായ തോതിൽ വെള്ളം ചേർത്ത് ക്രീം പരുവത്തിലാക്കി ഉപയോഗിക്കുന്നു. വെള്ളക്കരു, അറബിക് പശ, മെഴുക് എന്നിവയും ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. വെള്ളക്കരു ഉണങ്ങുമ്പോൾ വിണ്ടുകീറുന്നതു കാരണം അപൂർമായേ ഉപയോഗിക്കാറുള്ളൂ. വെള്ളത്തിൽ തയ്യാറാക്കുന്ന എല്ലാ ഇരുണ്ട പെയിന്റുകളും ടെമ്പറ എന്ന പേരിലാണിപ്പോൾ അറിയപ്പെടുന്നത്.

ചരിത്രം[തിരുത്തുക]

അവസാനത്തെ അത്താഴം, 1495–1498 -ൽ ലിയനാർഡോ ഡാവിഞ്ചി വരച്ച ടെമ്പറ ചിത്രം

പുരാതനകാലത്തെ ഈജിപ്തിലും റോമിലുമാണ് ടെമ്പറ പെയിന്റിങ് ആരംഭിച്ചത്. സമാനവിദ്യകൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ മദ്ധ്യകാല ഇന്ത്യയിലെ ചിത്രർചനകളിലും, ഗുഹാക്ഷേത്രങ്ങളിലും കാണാം.[1] മധ്യകാലത്ത് യൂറോപ്യൻ പാനൽ പെയിന്റേഴ്സ് ടെമ്പറ ഉപയോഗപ്പെടുത്തി. നവോത്ഥാനകാലത്താണ് ഇതിന് ഏറെ പ്രചാരം ലഭിച്ചത്.

പ്രവൃത്തിരീതി[തിരുത്തുക]

കനം കുറഞ്ഞ ഫിലിമുകളിലാണ് ടെമ്പറ ഉപയോഗിക്കുന്നത്. ഇതു പെട്ടെന്ന് ഉണങ്ങി കട്ടിയാകുന്നു. വിണ്ടുകീറുന്നതു കാരണം ക്യാൻ‌വാസിൽ ഇത് ഉപയോഗിക്കാറില്ല. പകരം കനം കുറഞ്ഞ പലകകളിലും മറ്റുമാണ് ടെമ്പറ പെയിന്റിങ് നടത്തുന്നത്. ചോക്ക്, പ്ലാസ്റ്റർ ഓഫ് പാരിസ്, പശ എന്നിവയുടെ സങ്കരം പലകകളിൽ തേച്ചുപിടിപ്പിക്കുന്നതുമൂലം പെയിന്റിങ്ങിന് കൂടുതൽ ആകർഷകത്വം ലഭിക്കുന്നു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് പലകകളിലെ വിടവുകൾ വെളിവാകാതെ പെയിന്റിങ് നടത്താനാകും.

ഓയിൽ പെയിന്റിങ്ങും ടെമ്പറ പെയിന്റിങ്ങും സംയോജിപ്പിക്കുവാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. മുട്ടക്കരുവിനോടൊപ്പം പലതരം ഓയിലുകൾ കലർത്തിയാണ് പരീക്ഷണങ്ങൾ നടത്തപ്പെട്ടിട്ടുള്ളത്. ടെമ്പറ പെയിന്റിങ്ങിനുമുകളിലായി ഓയിലുപയോഗിച്ച് ചിത്രം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

വിഷമതകൾ[തിരുത്തുക]

പെട്ടെന്ന് ഉണങ്ങുന്നതു കാരണം വിവിധനിറങ്ങൾ എളുപ്പത്തിൽ ചേർക്കുവാൻ ടെമ്പറ പെയിന്റിംഗ് രീതിയിൽ പ്രയാസമാണ്. കൂടുതൽ സമയമെടുക്കുന്നതു കാരണം പലരും ടെമ്പറ പെയിന്റിങ്ങിൽ നിന്നു പിന്മാറുകയാണുണ്ടായത്. പെയിന്റ് കൂടുതലായുപയോഗിച്ചാൽ വിണ്ടുകീറുമെന്ന പ്രശ്നവും ഇതിനുണ്ട്. ഉണങ്ങുന്തോറും ടെമ്പറ നിറങ്ങൾക്ക് കാഠിന്യം കുറയുന്നു. തിളക്കമില്ലാത്തതു കാരണം ഓയിൽ പെയിന്റിങ്ങിന്റെ സുതാര്യത ഇതിനു ലഭിക്കുന്നുമില്ല.

ടെമ്പറ കലാകാരന്മാർ[തിരുത്തുക]

ഇറ്റലിയിൽ ജിയോവന്നി ബെലിനിയും മറ്റും ടെമ്പറയിൽ ഓയിൽ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയ ചിത്രകാരൻ‌മാരാണ്. വെറോഷിയോയുടെ ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് ഇതിന് ഒരുത്തമോദാഹരണമാണ്. എങ്കിലും പില്ക്കാലത്ത് ചിത്രകാരന്മാർ ടെമ്പറ ഏതാണ്ട് പൂർണ്ണമായും ഉപേക്ഷിക്കുകയാണുണ്ടായത്.

ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ചിത്രകാരൻ‌മാർക്കിടയിൽ ടെമ്പറ പെയിന്റിങ്ങിന് ഒരു പുതിയ മാനം ലഭിച്ചു. റെജിനാൾഡ് മാർഷ്, പോൾ കാഡ്മസ്, ആൻ‌ഡ്രൂ വെയ്ത്ത്, ബർണാഡ് പെർലിൻ‍, ബെൻഷാഹൻ തുടങ്ങിയ കലാകാരന്മാർ ടെമ്പറ പെയിന്റിങ്ങിനെ പരിഷ്കരിച്ചവരിൽ പ്രമുഖരാണ്.

ടെമ്പറ ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ancient and medieval Indian cave paintings - Internet encyclopedia, Wondermondo, June 10, 2010

അകത്തുള്ള കണ്ണികൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെമ്പറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെമ്പറ&oldid=3810333" എന്ന താളിൽനിന്ന് ശേഖരിച്ചത്