സ്നേക്ക് വൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Snake Wine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാമ്പുകളെ മദ്യത്തിൽ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈൻ. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ചൈന, വിയറ്റ്നാം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് സ്നേക്ക് വൈൻ സാധാരണയായി ഉപയോഗിക്കുന്നത്.

വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിക്കുക. പാമ്പുകളെ വീഞ്ഞിൽ മുക്കി വയ്ക്കുന്നു. വിഷം വീഞ്ഞിൽ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണിത്. പാമ്പിന്റെ മറ്റ് അംശങ്ങൾ ഉപയോഗിക്കാറില്ല. മദ്യത്തിലെ എഥനോളുമായി ചേർന്ന് വിഷം വീഞ്ഞിൽ ലയിക്കുന്നു. തായ്‌വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാർക്കറ്റ് സ്നേക്ക് വൈൻ ഉല്പന്നങ്ങൾക്ക് പ്രശസ്തമാണ്.

തരങ്ങൾ[തിരുത്തുക]

വിവിധ തരം സ്നേക്ക് വൈനുകൾ ഉണ്ട്:

സ്റ്റീപ്പ്ഡ്: വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനിൽ മുക്കി വച്ചാണ് ഇതുണ്ടാക്കുന്നത്. ചിലപ്പോൾ ചെറിയ ഇനം പാമ്പിനെ ഔഷധ സസ്യങ്ങളുമായി ചേർത്തും ഇതുണ്ടാക്കാറുണ്ട്.

മിക്സഡ്: പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനിൽ കലർത്തി ഉടനെ തന്നെ ഉപയോഗിക്കുന്നു. പാമ്പിനെ മുറിച്ച് രക്തം കലർത്തി സ്നേക്ക് ബ്ലഡ് വൈനും ഉണ്ടാക്കാറുണ്ട്. സ്നേക്ക് ബൈൽ വൈൻ ഉണ്ടാക്കുന്നത് ഇതേ രീതിയിൽ പിത്താശയത്തിലെ ദ്രവം എടുത്തിട്ടാണ്.

ചരിത്രം[തിരുത്തുക]

ചൈനയിൽ പ്രാചീനകാലം തൊട്ടേ പാമ്പുകളെ മരുന്നുകൾക്കായി ഉപയോഗിക്കാറുണ്ടായിരുന്നു. സൌ രാജവംശക്കാലത്താണ് (771 ബി സി) സ്നേക്ക് വൈൻ ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. പാമ്പുകളെ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാൻ തുടങ്ങിയത് ഷെന് നോങ് ബെൻ കാവൊ ജിങ് എന്ന വൈദ്യശാസ്ത്ര പുസ്തകത്തിൽ പറയുന്നുണ്ട്. പാമ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലി ഷിസെൻ എഴുതിയ ബെൻ കാവൊ ഗാങ്മു എന്ന ഗ്രന്ഥത്തിൽ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=സ്നേക്ക്_വൈൻ&oldid=3530577" എന്ന താളിൽനിന്ന് ശേഖരിച്ചത്