സെക്സ് ആൻഡ്‌ ദി സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sex and the City എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെക്സ് ആൻഡ്‌ ദി സിറ്റി എച്.ബി.ഒയിൽ 1998 മുതൽ 2004 വരെ സംപ്രേഷണം ചെയ്ത ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയായിരുന്നു. കാൻഡേസ് ബുഷ്നെൽ എഴുതിയ അതേ പേരിലുള്ള പുസ്തകത്തിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. ന്യൂയോർക്ക്‌ നഗരത്തിൽ താമസിക്കുന്ന നാലു പെൺ സുഹൃത്തുക്കളുടെ കഥയാണ് ഇതിന്റെ പ്രമേയം.

സാറ ജെസ്സിക പാർക്കർ കാരി ബ്രഡ്ഷാ ആയും, കിം കാട്രൽ സാമന്ത ജോൺസ് ആയും, സിന്തിയ നിക്സൺ മിരാൻഡ ഹോബ്സ് ആയും, ക്രിസ്റ്റിൻ ഡേവിസ് ഷാർലട്ട് യോർക്ക്‌ ആയും ഇതിൽ വേഷമിട്ടു. മുപ്പതുകളിൽ ഉള്ള ഈ കഥാപാത്രങ്ങളുടെ ലൈംഗിക ജീവിതം, സ്ത്രീത്വം, പ്രണയ ബന്ധങ്ങൾ, സൗഹൃദം ഇവയാണ് കഥയുടെ അടിസ്ഥാന പ്രമേയങ്ങൾ.

വളരെ പ്രചാരമുണ്ടായിരുന്ന ഈ പരമ്പരയെ തുടർന്നു സെക്സ് ആൻഡ്‌ ദി സിറ്റി (2008), സെക്സ് ആൻഡ്‌ ദി സിറ്റി 2 (2010) എന്നീ രണ്ടു സിനിമകളും പിന്നീട് പുറത്തിറങ്ങി. ദി കാരി ഡയരീസ് എന്ന മറ്റൊരു പരമ്പര സെക്സ് ആൻഡ്‌ ദി സിറ്റിക്കു മുൻപുള്ള കാരി ബ്രാഡ്ഷായുടെ ജീവിതത്തെ ചിത്രീകരിക്കുന്നു.

സിണ്ടിക്കേഷൻ വഴി ലോകമെമ്പാടും ഉള്ള ടെലിവിഷൻ ചാനലുകൾ ഈ പരമ്പര ഇപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ട്. ടൈം വാരികയുടെ എക്കാലത്തെയും മികച്ച 100 ടിവി പരിപാടികളുടെ പട്ടികയിൽ സെക്സ് ആൻഡ്‌ ദി സിറ്റിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. 54 എമ്മി അവാർഡ്‌ നാമനിർദ്ദേശങ്ങളിൽ 7 എമ്മി അവാർഡുകളും, 24 ഗോൾഡൻ ഗ്ളോബ് അവാർഡ് നാമനിർദ്ദേശങ്ങളിൽ 8 അവാർഡുകളും, 11 സ്ക്രീൻ ആക്റ്റർസ് ഗിൽഡ് അവാർഡ് നാമനിർദ്ദേശങ്ങളിൽ 3 എണ്ണവും സെക്സ് ആൻഡ്‌ ദി സിറ്റി നേടി.

ന്യൂയൊർക് സ്റ്റാർ എന്ന ഒരു സാങ്കൽപിക പത്രത്തിൽ എഴുതുന്ന കാരി ബ്രഡ്ഷായുടെ കോളത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ഉപകഥയും (episode) ക്രമീകരിച്ചിരിക്കുന്നത്. വ്യതസ്തമായ ഒരു ഫാഷൻ ശൈലിക്ക് ഉടമയായ കാരി പരമ്പരയിൽ ഉടനീളം 'മിസ്റ്റർ ബിഗ്‌' എന്ന് കാരിയും സുഹൃത്തുക്കളും വിളിക്കുന്ന ജോൺ ജയിംസ് പ്രെസ്റ്റനുമായി ഓൺ ആൻഡ്‌ ഓഫ്‌ പ്രണയബന്ധത്തിൽ ആണ്.

ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികൾക്ക് സ്വന്തം ബോഡി ഇമേജ് സമ്പന്തിച്ച് തെറ്റായ ധാരണകൾ ഉണ്ടാക്കാൻ സധ്യതയുണ്ടെന്ന വിമർശനം ഈ പരിപാടിക്കെതിരെ ഉണ്ടായിരുന്നു. സെക്സിന്റെ നല്ല വശങ്ങൾ മാത്രം ചർച്ച ചെയ്തിട്ട് റ്റീനേജ് ഗർഭധാരണം, ലൈംഗിക രോഗങ്ങൾ ഇവയൊന്നും പ്രതിപാതിക്കാതെ സെക്സിനെ മോഹിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നതിൽ (glamourize) ഈ ഷോ 'ഫ്രണ്ട്സ്' പരംപരക്കൊപ്പം വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് അമേരിക്കൻ ജേണൽ ഓഫ് പീഡിയാറ്റ്രിക്സ് നടത്തിയ ഒരു പഠനത്തിൽ തെളിയുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=സെക്സ്_ആൻഡ്‌_ദി_സിറ്റി&oldid=3138839" എന്ന താളിൽനിന്ന് ശേഖരിച്ചത്