റുഡോൾഫ് വൊൺ ഡെൽബ്രൂക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rudolf von Delbruck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റുഡോൾഫ് വൊൺ ഡെൽബ്രൂക്

പ്രഷ്യൻ രാജ്യതന്ത്രജ്ഞനായിരുന്നു റുഡോൾഫ് വൊൺ ഡെൽബ്രൂക്. ഇദ്ദേഹം 1817 ഏപ്രിൽ 16-ന് ബർലിനിൽ ജനിച്ചു. നിയമപഠനം പൂർത്തിയാക്കിയശേഷം 1837-ൽ ഗവൺമെന്റ് സർവീസിൽ പ്രവേശിച്ച ഡെൽബ്രൂക് 1848-ൽ വാണിജ്യ മന്ത്രാലയത്തിൽ നിയമിതനായി. വാണിജ്യാഭിവൃദ്ധിക്കു സഹായകമായ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1851-ൽ ഒരു കസ്റ്റംസ് യൂണിയൻ (സോൾവിറീൻ; Zollverein) സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി. 1857 മുതൽ 76 വരെ ഇദ്ദേഹം ബിസ്മാർക്കിന്റെ കീഴിൽ ഭരണരംഗത്തു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസ്മാർക്കിന്റെ പിന്തുണയോടെ പ്രഷ്യക്കു പ്രയോജനകരമായ സ്വതന്ത്രകച്ചവടതന്ത്രങ്ങൾ ഇദ്ദേഹം ആവിഷ്ക്കരിച്ചിരുന്നു. 1862-ൽ ഫ്രാൻസുമായി ഒരു പ്രധാന വാണിജ്യക്കരാറുണ്ടാക്കി. വടക്കൻ ജർമൻ സഖ്യ (North German Confederation)ത്തിന്റെ ചാൻസലറിയുടെ അധ്യക്ഷൻ ആയി 1867-ൽ നിയമിതനായ ഡെൽബ്രൂക് 1871-ൽ ജർമൻ സാമ്രാജ്യത്തിലെ (ബിസ്മാർക്കിന്റെ ജർമനി) ചാൻസലറിയുടെ തലവനായും നിയമിതനായിരുന്നു. സാമ്പത്തിക നയങ്ങളിൽ ബിസ്മാർക്കുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്ന് 1876-ൽ ഇദ്ദേഹം രാജിവച്ചു. 1903 ഫെബ്രുവരി 1-ന് ഇദ്ദേഹം ബർലിനിൽ മരണമടഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെൽബ്രൂക്, റുഡോൾഫ് വൊൺ (1817-1903) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റുഡോൾഫ്_വൊൺ_ഡെൽബ്രൂക്&oldid=2236329" എന്ന താളിൽനിന്ന് ശേഖരിച്ചത്