നവചരിത്രവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(New Historicism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഉത്തരാധുനികതയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഒരു സാഹിത്യവിശകലന പദ്ധതിയാണ് നവചരിത്രവാദം. 1980-കളിൽ അമേരിക്കൻ വിമർശകനായ സ്റ്റീഫൻ ഗ്രീൻബ്ലാറ്റിലൂടെയാണ് നവചരിത്രവാദം അഥവാ ന്യൂഹിസ്റ്റോറിസിസം തുടങ്ങിയത്. പഴയ ചരിത്രവാദത്തിന്റെ രീതിയിൽ നിന്നും വ്യത്യസ്തമായി, സാഹിത്യം ചരിത്രപരമാണെന്നും നിരവധി ആശയലോകങ്ങളിൽ രൂപീകരിക്കപ്പെടുന്ന സാമൂഹികവും സാംസ്കാരികവുമായ ഒരു നിർമിതിയാണെന്നും നവചരിത്രവാദം പറയുന്നു. സാഹിത്യകൃതിയുടെ ഘടനയിലും ഭാഷയിലും മാത്രം ശ്രദ്ധയൂന്നിയ ജർമൻ-ഫ്രഞ്ച് ചിന്താപദ്ധതികൾ ആംഗ്ളോ-അമേരിക്കൻ സർവകലാശാലകളിൽ മേൽക്കോയ്മ നേടിയപ്പോൾ അതിനെതിരായിട്ടുകൂടിയാണ് നവചരിത്രവാദം ആവിർഭവിച്ചത്. സാഹിത്യകൃതികളുടെ പഠനത്തിലും വ്യാഖ്യാനത്തിലും രാഷ്ട്രീയവും സാമൂഹികവുമായ സംജ്ഞകൾക്ക് പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു ഇതിന്റെ ഫലം. കൃതിയുടെ രൂപത്തിൽമാത്രം ശ്രദ്ധിച്ച അമേരിക്കൻ നവവിമർശനവും (New Criticism) സാഹിത്യത്തെ ചരിത്രനിരപേക്ഷമായി വിലയിരുത്താനാണ് ശ്രമിച്ചത്. ഈ സമീപനങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് നവചരിത്രവാദികൾ തങ്ങളുടെ സാഹിത്യസമീപനം രൂപപ്പെടുത്തിയത്.


ഘടനാവാദം, അപനിർമ്മാണം, മാർക്സിസം തുടങ്ങിയ ആശയപദ്ധതികളെപ്പോലെ തത്ത്വശാസ്ത്രത്തോടും സാമൂഹിക സിദ്ധാന്തങ്ങളോടും ബന്ധപ്പെട്ടല്ല നവചരിത്രവാദം വികസിച്ചത്. അതിന് പ്രത്യേകിച്ചൊരു സൈദ്ധാന്തിക ബന്ധമില്ലെന്നു പറയാം. പുതിയ ചരിത്രവസ്തുതകളും രേഖകളുമാണ് അത് മുഖ്യമായും ആശ്രയിക്കുന്നത്. പൂർവസ്ഥിതമായ പ്രത്യയശാസ്ത്രങ്ങളെയോ ലോകചരിത്രങ്ങളെയോ ആശ്രയിക്കാതെ ചരിത്രസ്രോതസ്സുകളെ നേരിട്ടാശ്രയിക്കുകയെന്നതാണ് നവചരിത്രവാദത്തിന്റെ രീതി. ചരിത്രം സാമ്പത്തികശക്തികളാൽ നിയന്ത്രിക്കപ്പെടുന്നതായി വീക്ഷിക്കുന്ന മാർക്സിസ്റ്റ് സമീപനത്തിൽനിന്നും നവചരിത്രവാദം വ്യത്യസ്തമാണ്. യാഥാർഥ്യവും സാഹിത്യപാഠവും തമ്മിലും ചരിത്രവും സംസ്കാരവും തമ്മിലും അതിർത്തികൾ സൃഷ്ടിക്കുന്ന സാമൂഹികശക്തികളെ അത് പഠനവിധേയമാക്കുന്നു.

മുഖ്യമായും നാല് വാദങ്ങളാണ് നവചരിത്രവാദം മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, സാമൂഹികവും രാഷ്ട്രീയവുമായ നിർമിതിയായി സാഹിത്യത്തെ മനസ്സിലാക്കാനുള്ള ശരിയായ വഴി അത് നിർമ്മിക്കപ്പെട്ട സമൂഹത്തിലൂടെയും സംസ്കാരത്തിലൂടെയുമാണ്. രണ്ട്, സാഹിത്യം മനുഷ്യന്റെ ക്രിയകളിൽ വേറിട്ടുകാണേണ്ട ഒരു സംവർഗമല്ല. ചരിത്രത്തോട് സ്വാംശീകരിക്കപ്പെട്ടതായതുകൊണ്ട് സാഹിത്യത്തിനു സവിശേഷമായ ചരിത്രദർശനമുണ്ടാവും. മൂന്ന്, സാഹിത്യകൃതികളെപ്പോലെ മനുഷ്യനും ഒരു സാമൂഹിക നിർമിതിയാണ്. നാല്, ഇക്കാരണം കൊണ്ടുതന്നെ ചരിത്രകാരൻ/വിമർശകൻ തന്റെ ചരിത്രപരതയിൽനിന്നു മുക്തനല്ല. സ്വന്തം പ്രത്യയശാസ്ത്രശിക്ഷണങ്ങൾക്ക് അതീതനായി നില്ക്കാൻ വ്യക്തികൾക്കാവില്ല. പഴയൊരു കൃതിയെ അതിന്റെ സമകാലികർ മനസ്സിലാക്കിയപോലെ ഇന്നത്തെ വായനക്കാർക്ക് അനുഭവിക്കാനാവില്ല. ഈ യാഥാർഥ്യം മുൻനിർത്തി നോക്കിയാൽ ഒരു പ്രത്യയശാസ്ത്രത്തിന്റെ പുനർനിർമിതിക്കുവേണ്ടി കൃതിയെ ഉപയോഗിക്കാനേ കഴിയു. നവചരിത്രവാദം ചെയ്യുന്നതും അതാണ്. ഒരു സവിശേഷ കാലഘട്ടത്തിലെ പ്രത്യയശാസ്ത്രത്തിന്റെ ഒരംശമായി ഇത് കൃതിയെ കാണുന്നു. ഗ്രന്ഥകർത്താവിന്റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കലല്ല, കൃതി ഉണ്ടായ കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രം വ്യാഖ്യാനിക്കലാണ് നവചരിത്രവാദികളുടെ രീതി.

സ്റ്റീഫൻ ഗ്രീൻ ബ്ലാറ്റാണ് പ്രോദ്ഘാടകനെങ്കിലും നവചരിത്രവാദത്തിന്റെ ആശയങ്ങൾക്ക് വേറെയും സ്രോതസ്സുകളുണ്ട്. ജർമൻ തത്ത്വചിന്തകനായ മാർട്ടിൻ ഹൈദഗറിന്റെ ചരിത്രപരതയെക്കുറിച്ചുള്ള പ്രമാണം നവചരിത്രവാദത്തിലേക്കു കടന്നുവന്നത് മറ്റൊരു ജർമൻ തത്ത്വചിന്തകനായ ഹാൻസ്-ഗയോർഗ് ഗദാമറിന്റെ രചനകളിലൂടെയാണ്. ഫ്രഞ്ച് ചിന്തകനായ ലൂയി അൽത്തൂസർ, മിഷേൽ ഫൂക്കോ, ജാക്വിസ് ദെറീദ എന്നിവരുടെ സിദ്ധാന്തീകരണങ്ങളും ചിന്തകളും നവചരിത്രവാദത്തെ സ്വാധീനിച്ചിട്ടുണ്ട്.

നവോത്ഥാനകാല ഇംഗ്ലീഷ് സാഹിത്യമാണ് നവചരിത്രവാദവിമർശകർ മുഖ്യമായും പഠനയവിധേയമാക്കിയിട്ടുള്ളത്. ഒരു പ്രത്യേക കാലഘട്ടത്തിലെ സാഹിത്യേതരം എന്നു ഗണിക്കപ്പെടുന്ന രചനകളിൽനിന്ന് സാഹിത്യകൃതികളെ പുനർസ്ഥാനനിർണയനം ചെയ്യാൻ നവചരിത്രവാദം ശ്രമിക്കുന്നു. അക്കാലത്തെ ചരിത്രവസ്തുതകളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ പഠനം നടത്തുന്നത്. ഉദാഹരണത്തിന് 19-ാം നൂറ്റാണ്ടിലെ നോവലിലെ കഥാപാത്രങ്ങളുടെ പ്രതിനിധാനവും അക്കാലത്ത് പാർലമെന്റിലെ പ്രതിനിധാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും തമ്മിൽ ബന്ധമുള്ളതായി അവർ തെളിവുസഹിതം വിശദീകരിക്കുന്നു. ഷെയ്ക്സ്പിയറുടെ ഒഥല്ലോയിൽ ഇയാഗോ ഒഥല്ലോയ്ക്കെതിരെ നടത്തുന്ന ഗൂഢാലോചനയെ ഈ വിമർശകർ കോളനിവാഴ്ചയുമായി ബന്ധിപ്പിച്ചുകാണുന്നു. കോളനികളിലെ ജനങ്ങളുടെ അസ്തിത്വം നിഷേധിക്കാനുള്ള എലിസബത്തൻ കാലഘട്ടത്തിന്റെ ശ്രമങ്ങളാണ് വെള്ളക്കാരനായ ഇയാഗോ കറുത്തവർഗക്കാരനായ ഒഥല്ലോയ്ക്കെതിരെ നടത്തുന്ന ദുഷ്പ്രവൃത്തിയിലുള്ളത്. സാഹിത്യകൃതിയെ മുൻനിർത്തി ഒരു സവിശേഷകാലഘട്ടത്തിലെ യഥാർഥ മനുഷ്യബന്ധങ്ങളുടെ പുനഃനിർമ്മാണമാണ് നവചരിത്രവാദികൾ ലക്ഷ്യമിടുന്നത്. അല്ലാതെ കൃതിയിലുള്ള ആ കാലഘട്ടത്തിന്റെ പ്രതിനിധാനമല്ല. അതിനുവേണ്ടി പഠനവിധേയമാക്കുന്ന കൃതിയുടെ അതേകാലത്തെ സാഹിത്യേതരമായ രേഖകൾ അവർ ആശ്രയിക്കുന്നു. ചരിത്രരേഖകളും സാമൂഹികചരിത്രവസ്തുതകളുമെല്ലാം അവർ ഉപയോഗിക്കുന്നു.

നവചരിത്രവാദവീക്ഷണത്തിൽ സാഹിത്യകൃതികൾ അവ ആവിർഭവിച്ച സംസ്കാരത്തിന്റെ 'പ്രതിനിധാനങ്ങൾ' ആണ്. ആ സംസ്കാരത്തെ വലയം ചെയ്തു നില്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഉദ്ഗമനങ്ങളും സജീവത്വരകങ്ങളുമാണ് അവിടെയുണ്ടാകുന്ന സാഹിത്യകൃതികൾ. അവ സംസ്കാരത്തിന്റെ നിർമിതികളും സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രത്തെ പുനഃനിർമ്മിക്കുന്നവയുമാണ്. സാഹിത്യകൃതി മനുഷ്യക്രിയകളെ അനുകരിക്കുകയല്ല അവയ്ക്ക് ഇടനിലയായി വർത്തിക്കുകയാണ്. അനുകരണത്തിനു പകരം ഇടനിലയായി നില്ക്കുന്നതിലൂടെ സാഹിത്യകൃതി ഒരു സവിശേഷ കാലഘട്ടത്തിലെ മനുഷ്യാനുഭവത്തെയും ശേഷികളെയും രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത നവചരിത്രവാദത്തിൽ ചരിത്രം സാഹിത്യകൃതികളുടെ കാരണമോ സ്രോതസ്സോ അല്ല എന്നുള്ളതാണ്. പ്രത്യയശാസ്ത്രത്തിനാണ് അവർ പ്രാധാന്യം നല്കുന്നത്.

സ്റ്റീഫൻ ഗ്രീൻബ്ലാറ്റിന്റെ റിനൈസൻസ് സെൽഫ്-ഫാഷനിങ്: ഫ്രം മോർ ടു ഷെയ്ക്സ്പിയർ (1980), ഷെയ്ക്സ്പീരിയൻ നെഗോഷിയേഷൻസ് (1988), മാർവലസ് പൊസഷൻസ് (1988), ലേണിങ് ടു കഴ്സ് (1990) അദ്ദേഹം എഡിറ്റുചെയ്ത സമാഹാരമായ റപ്രസന്റിങ് ദ ഇംഗ്ളീഷ് റിനൈസൻസ് (1988), ക്ളെയർ കോൾബ്രൂക്കിന്റെ ന്യൂലിറ്റററി ഹിസ്റ്ററീസ്, അരാംഗന്റെ ദ ന്യൂ ഹിസ്റ്റോറിസിസം ആൻഡ് കൾച്ചറൽ മെറ്റീരിയലിസം (1988) തുടങ്ങിയവയാണ് നവചരിത്രവാദശാഖയിലെ മുഖ്യകൃതികൾ. ലൂയിസ് അഡ്രിയാൻ മോണ്ട് റോസ്, ജൊനാഥൻ ഡോളിമോർ, ജയ്ൻ ടോംപ്കിൻസ്, ഡോൺ ഇ. വെയ്ൻ, വാൾട്ടർ ബെൻ മൈക്കേൽസ്, കാതറിൻ ഗാലഘർ, ആർതർ എഫ് മാറോറ്റി തുടങ്ങിയ നിരവധി വിമർശകർ ഈ ധാരയിൽപ്പെടുന്നു. കാലിഫോർണിയ സർവകലാശാല പ്രസിദ്ധീകരിക്കുന്ന 'റപ്രസന്റേഷൻസ്' എന്ന ജേർണലാണ് നവചരിത്രവാദികളുടെ മുഖപത്രം.

നവചരിത്രവാദികൾ സാഹിത്യത്തെ ചരിത്രത്തിന്റെ അടിക്കുറിപ്പുമാത്രമായി ചുരുക്കിയെന്ന് ആക്ഷേപമുണ്ട്. കൃതിയുടെ അനന്യമായ സാഹിത്യഗുണങ്ങളെ അവഗണിക്കുന്നു എന്നതാണ് മറ്റൊരു വിമർശനം. മിക്ക നവചരിത്രവിമർശനങ്ങൾക്കും ചരിത്രത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിന്റെ കുറവുണ്ടെന്ന് ഫ്രെഡറിക് ജെയിംസൺ വിമർശിക്കുന്നു. ഓരോന്നും എന്തുകൊണ്ട് സംഭവിച്ചുവെന്നും അത് ആരെ ബാധിച്ചുവെന്നും നവചരിത്രവാദം വിശദീകരിക്കുന്നില്ല എന്നതാണ് ജെയിംസണിന്റെ വിമർശനം. എന്തായാലും ഭൂതകാലസാഹിത്യത്തെയും അന്നത്തെ സാമൂഹികാവസ്ഥയെയും വിലയിരുത്താനുള്ള വിമർശനോപകരണമായി നവചരിത്രവാദം ഇടം നേടിയിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവചരിത്രവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവചരിത്രവാദം&oldid=2286958" എന്ന താളിൽനിന്ന് ശേഖരിച്ചത്