നവവിമർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(New Criticism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1930-കളിൽ സാഹിത്യരംഗത്ത് സ്വാധീനം ചെലുത്തിത്തുടങ്ങിയ ഒരു സാഹിത്യ വിമർശന സമ്പ്രദായമാണ് നവവിമർശനം . 1944-ൽ പുറത്തിറങ്ങിയ ജോൺ ക്രോ റാൻസമിന്റെ ദ് ന്യൂ ക്രിട്ടിസിസം എന്ന കൃതി ഇതിന് ആധുനിക മാനങ്ങൾ നല്കി. 1930 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ സാഹിത്യരംഗത്ത് നിറഞ്ഞുനിന്നിരുന്നത് നവീന നിരൂപണശാഖയായിരുന്നു. പ്രാഥമികമായി ഇതിനെ ഒരു അമേരിക്കൻ പ്രതിഭാസമായി കണക്കാക്കാമെങ്കിലും ജന്മം കൊണ്ടോ, ദത്തെടുക്കൽ കൊണ്ടോ ഈ മേഖലയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് ബ്രിട്ടീഷുകാരാണ്. നവവിമർശനരംഗത്ത് ടി.എസ്. എലിയറ്റ്, റിച്ചാർഡ്സ്, റാൻസം തുടങ്ങിയവരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ്.

1930-കളിൽ കേംബ്രിഡ്ജിനെ വിമർശനരംഗത്തെ, ഉന്നത നിലവാരത്തിലുള്ള ഒരു അക്കാദമിക് കേന്ദ്രമാക്കുന്നതിൽ ഐ.എ. റിച്ചാർഡ്സ് വഹിച്ച പങ്ക് വിലപ്പെട്ടതാണ്. അവിടത്തെ അധ്യാപകനായിരുന്ന റിച്ചാർഡ്സ് നവവിമർശനത്തിന് സൈദ്ധാന്തിക അടിത്തറ നൽകുന്നതിൽ വിജയിച്ചു.

നവവിമർശനശാഖയിൽ ടി.എസ്. എലിയറ്റിന്റെ സ്ഥാനം നിർണായകമാണ്. പരമ്പരാഗത സാഹിത്യനിരൂപണത്തെ പ്രശ്നാധിഷ്ഠിതമായി ആധുനികവത്കരിച്ചവതരിപ്പിക്കുകയാണ് എലിയറ്റ് ചെയ്തത്. ജെയിംസ് ജോയ്സ്, എസ്റാ പൌണ്ട്, ടി.എസ്. എലിയറ്റ് തുടങ്ങിയവർ വ്യവസ്ഥാപിത നിരൂപണത്തെ എതിർക്കുന്നവരാണ്. ഇവരുടെ ദൃഷ്ടിയിൽ ആധുനിക രചനാരീതിയുമായി കരാറിലേർപ്പെടുന്ന ഒരു പുതിയ നിരൂപണ സങ്കല്പം ഉണ്ടാകേണ്ടതാണ്. റിച്ചാർഡ്സിന്റെ ശിഷ്യനായിരുന്ന വില്യം എംപ്സൺ ഈ രംഗത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന വ്യക്തിയാണ്. സെവൻ ടൈപ്സ് ഒഫ് ആംബിഗ്വിറ്റി (1930) എന്ന കൃതിയിലൂടെ റിച്ചാർഡ്സിന്റെതന്നെ സിദ്ധാന്തങ്ങളിൽ നിന്നെടുത്ത ആശയങ്ങൾ വഴി കവിതയെ ഇദ്ദേഹം സൂക്ഷ്മമായി അപഗ്രഥിച്ചിരിക്കുന്നു.

'നവീന നിരൂപണം അഥവാ നവവിമർശനം' എന്ന വാക്ക് സ്വീകരിച്ചിരിക്കുന്നത് ജോൺ ക്രോ റാൻസമിന്റെ ദ് ന്യൂ ക്രിട്ടിസിസം (1941) എന്ന കൃതിയിൽ നിന്നാണ്. റാൻസമിനെക്കൂടാതെ ഈ മേഖലയുമായി ബന്ധപ്പെട്ട് എടുത്തു പറയത്തക്ക പേരുകൾ ആർ.പി. ബ്ളാക്മൂർ, ക്ളെൻത് ബ്രൂക്ക്സ്, അലൻ ടെയ്റ്റ്, റോബർട്ട് പെൻ വാറൻ, ഡബ്ള്യു.കെ. വിംസാറ്റ് എന്നിവരാണ്. ഈ നവീന നിരൂപകരെ ഐ.എ. റിച്ചാർഡ്സിൽ നിന്നും വ്യത്യസ്തരാക്കുന്നത്, മനഃശാസ്ത്രത്തിനല്ല, കൃതിയിലെ വാക്കുകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നതാണ്. കവിതയെന്നത് റിച്ചഡ്സിന് ഉചിതമായി ക്രമീകരിച്ചിരിക്കുന്ന ആവേഗങ്ങളാണ് (impulses). ശരിയായ വായനയിലൂടെ ഈ ആശയങ്ങൾ കവിതയിൽ നിന്നും വായനക്കാരന്റെ ഹൃദയത്തിലേക്ക് കടക്കുകയും വായനക്കാരന് അസ്തിത്വപരമായ സമ്പൂർണ ഉണർവ് സാധ്യമാക്കുകയും ചെയ്യുന്നു. നവീന നിരൂപകർ കവിതയെ മനഃശാസ്ത്രത്തിൽനിന്നും വേർതിരിച്ച് സ്വതന്ത്രമായ നിലനില്പുള്ള വാക്കുകളുടെ ഒരു ഘടനയാക്കി മാറ്റി. ഒരു മികച്ച കവിതയെന്നാൽ അർഥം, ഘടന, രൂപം എന്നിവയുടെ കൂടിച്ചേരലാണ്. ഒന്നിനെ മറ്റൊന്നിൽ നിന്നും വേർതിരിക്കാനാവില്ല. നവീന നിരൂപകരെ രൂപഭദ്രതാവാദികൾ (Formalists) എന്നു വിളിക്കാറുണ്ട്. എന്നാൽ ഇവർ റഷ്യൻ രൂപഭദ്രതാവാദികളിൽ നിന്നും തികച്ചും വ്യത്യസ്തരാണ്. റഷ്യൻ രൂപഭദ്രതാവാദികൾ അർഥത്തിന് വലിയ പ്രാധാന്യം നൽകുന്നില്ല. അവർ പുനർ നിർമ്മിക്കാൻ ശ്രമിക്കുന്നത് ഉള്ളടക്കമാണ്. അതുവഴി വായനക്കാരന്റെ പതിവ് കാഴ്ചപ്പാടുകളെ അപ്രസക്തമാക്കുന്നു.

എന്നിരുന്നാലും റഷ്യൻ രൂപഭദ്രതാവാദികളെപ്പോലെ നവവിമർശകർ രൂപവും ഉള്ളടക്കവും സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്നുവെന്ന വാദത്തെ നിഷേധിക്കുന്നു. അവർ താത്പര്യം കാട്ടുന്നത് അർഥത്തിലാണ്. 1951-ൽ പ്രസിദ്ധീകരിച്ച 'ദ് ഫോർമലിസ്റ്റ് ക്രിട്ടിക്ക്' എന്ന ലേഖനത്തിലൂടെ രൂപം തന്നെയാണ് അർഥം എന്ന് ക്ളെയന്ത് ബ്രൂക്ക്സ് അവകാശപ്പെടുന്നു. നവീന നിരൂപണം മുഖ്യധാരയിൽ നിൽക്കുന്ന കാലഘട്ടത്തിൽ നിരൂപണം പ്രാധാന്യം നൽകിയത് നിർവചനത്തിനാണ്. എന്നിരുന്നാലും നവീന നിരൂപകർ ഒരു സാഹിത്യകൃതിയുടെ അർഥം പരാവർത്തനം ചെയ്യുന്നതിനെ എതിർക്കുന്നു. സാഹിത്യപരമായ അർഥത്തെ ഒരിക്കലും സ്വതന്ത്രമായി ഒരു കൃതിയുടെ രൂപം ഉപയോഗിച്ച് ചർച്ച ചെയ്യാനാവില്ല. പരമ്പരാഗതരീതിയനുസരിച്ച് താളം, വൃത്തം (meter), ഘടന, സാഹിത്യരൂപം (genre) എന്നിവയെ അടിസ്ഥാനമാക്കിയാണ് രൂപം നിശ്ചയിക്കുന്നത്. എന്നാൽ നവീന നിരൂപണത്തിൽ രൂപമെന്നത് എല്ലാ വസ്തുക്കളുടെയും നൈസർഗികമായ കൂടിച്ചേരലാണ്. നിരൂപണത്തിന്റെ കർത്തവ്യം ഇതിനെ പുറത്തേക്ക് കൊണ്ടുവരികയെന്നതാണ്. അർഥത്തെ കൃതിയോട് ശക്തമായി ഉറപ്പിച്ചിരിക്കുകയാണ്. ഇതിനെ പുറത്തേക്ക് കൊണ്ടുവരികയെന്നതാണ് നിരൂപകർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് പരാവർത്തനത്തിനും അപ്പുറത്താണ്.

അനുഭവാവബോധത്തിന്റെ വിയുക്തി (dissociation of sensibility), എന്ന ആശയം ടി.എസ്. എലിയറ്റ് മെറ്റാഫിസിക്കൽ കവിതകളെ(metaphysical poetry)പ്പറ്റിയുള്ള ലേഖനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ ആശയം രൂപത്തെപ്പറ്റിയുള്ള നിരൂപകരുടെ നവീന ധാരണയെ സ്വാധീനിച്ചിട്ടുണ്ട്. 17-ാം ശ.-ത്തിലെ ജാക്കോബിയൻ നാടകകൃത്തുക്കളെയും മെറ്റാഫിസിക്കൽ കവികളെയും പ്രകീർത്തിച്ച് എലിയറ്റ് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇവയിലൂടെ അദ്ദേഹം കൈമാറുന്ന ചിന്തകൾ ഐന്ദ്രിയമായ അവബോധം സൃഷ്ടിക്കുന്നു. ആദ്യകാല നവീന നിരൂപകർ എലിയറ്റിന്റെ സാഹിത്യചിന്തയെ അംഗീകരിക്കുന്നവരായിരുന്നു. കൂടാതെ അനുഭവാവബോധത്തിന്റെ വിയുക്തിയെ ബാധിക്കാത്ത എഴുത്തിനെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. നിരൂപകർ ഈ മേഖലയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വസ്തുക്കളുടെ ഏകത്വത്തെ പ്രകടിപ്പിക്കുകയെന്നതാണ്.

വൈരുദ്ധ്യാത്മകതയും വ്യത്യസ്തതയുമൊക്കെ സംഗമിക്കുന്ന രൂപഭദ്രതാവാദത്തിലേക്ക് (formalism) നവവിമർശനരംഗത്തുള്ളവർക്ക് കൂടുതൽ താത്പര്യം തോന്നാൻ അവരുടേതായ സാംസ്കാരിക കാരണങ്ങളുണ്ട്. മിക്കവാറും എല്ലാ അമേരിക്കൻ നവീന നിരൂപകരും രാഷ്ട്രീയ കാഴ്ചപ്പാടിന്റെ കാര്യത്തിൽ യാഥാസ്ഥിതികരാണ്. ഇതിനെ സമകാലീന ചരിത്രത്തിന്റെ പ്രകടമായ അരോചകത്വമായാണ് അവർ വിശേഷിപ്പിക്കുന്നത്. ഇപ്രകാരമുള്ള കൃതികളിൽവച്ച് ഏറ്റവും മികച്ചു നിൽക്കുന്നത് ടി.എസ്. എലിയറ്റിന്റെ ദ് വെയ്സ്റ്റ് ലാൻഡ് എന്ന കൃതിയാണ്. .ബി. യീറ്റ്സിന്റെ 'ദ് സെക്കൻഡ് കമിങ്' മറ്റൊരുദാഹരണമാണ്. മനുഷ്യന്റെ ഭാവന വ്യത്യസ്തമാകുന്നത് കവിതയിലൂടെയാണ്. വൈരുദ്ധ്യാത്മകതയ്ക്കും തത്ത്വശാസ്ത്രത്തിനും വിഭാഗീയ ചിന്തയ്ക്കുമൊക്കെ മേൽ മനുഷ്യന്റെ ഭാവന വിജയം നേടുന്നത് കവിതയിലൂടെയാണ്.

നവീന നിരൂപകർ മെറ്റാഫിസിക്കൽ കവിതകൾക്ക് പ്രത്യേക മൂല്യം നൽകിയിട്ടുണ്ട്, പ്രത്യേകിച്ചും ഡണ്ണിന്റെ കവിതകൾക്ക്. 18-ാം ശ.-ത്തിലെ എഴുത്തുകാരനായ സാമുവൽ ജോൺസന് മെറ്റാഫിസിക്കൽ കവിതകൾ എന്നത് സാദൃശ്യമില്ലാത്തവയുടെ വന്യമായ സാമ്യവത്കരണമാണ്. അതിനാൽ ഏറ്റവും വ്യത്യസ്തമായ ആശയങ്ങൾ നിർമ്മിക്കപ്പെടുന്നത് വന്യതകൾ (vilence) കൂട്ടിച്ചേർത്താണ്. എന്നാൽ നവീന നിരൂപകർക്ക് ഇത് കല്പനാത്മക കവിതയുടെ യഥാർഥ രൂപമായിരുന്നു. ആദ്യകാല നവീന നിരൂപകർക്ക് ഭാവഗാനങ്ങളോടായിരുന്നു താത്പര്യം. കൂടാതെ നീണ്ട നാടകങ്ങളിലും കവിതകളിലും ഇത് ശരിയായ രീതിയിൽ എങ്ങനെ പ്രയോഗിക്കാൻ കഴിയുമെന്ന സംശയവും അവർ പ്രകടിപ്പിച്ചിരുന്നു. പുത്തൻ നിരൂപണ രീതികൾ വഴി ഇത്തരം പ്രതിബന്ധങ്ങളെ തരണം ചെയ്യാനായി ശ്രമിച്ചയാളാണ് ബ്രൂക്ക്സ്.

നവവിമർശനരംഗത്ത് സിദ്ധാന്തങ്ങൾ പരിമിതമാണ്. ബ്രൂക്സിനെപ്പോലെയുള്ള നിരൂപകർ സിദ്ധാന്തങ്ങളെപ്പറ്റി ചുരുക്കം മാത്രമേ എഴുതിയിരുന്നുള്ളു. അവരുടെ പ്രധാന താത്പര്യം നിരൂപണ വിശകലനത്തിലായിരുന്നു. ഡബ്ള്യു. കെ. വിംസാറ്റ് ആണ് നവീന നിരൂപകരിലെ പ്രധാന സൈദ്ധാന്തികൻ. ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് രണ്ട് കൃതികൾ വഴിയാണ്. ഇവ മൺറോ സി. ബെർഡ്സ്ലിയുമായി ചേർന്നെഴുതിയതാണ്. ദി ഇന്റർ നാഷണൽ ഫാലസി, ദി അഫക്റ്റീവ് ഫാലസി (1946, 1949) എന്നിവയാണ് കൃതികൾ. ഈ രണ്ട് കൃതികളുടെയും ലക്ഷ്യം നവീന നിരൂപണത്തെ ന്യായീകരിക്കുകയെന്നതാണ്. അല്ലാതെ, പ്രേക്ഷകരുടെയോ എഴുത്തുകാരന്റെയോ പ്രതികരണമല്ല ലക്ഷ്യമാക്കിയത്. ഇവർ സ്വീകരിച്ച മാർഗ്ഗം കൂടുതൽ സൂക്ഷ്മമാണ്. ഈ ലേഖനങ്ങൾ വായിക്കുകയെന്നത് വളരെയധികം ദുഷ്കരവുമാണ്.

നവവിമർശകർ ഭാഷയെ ഒരു ചരിത്രപരമായ പ്രതിഭാസമായാണ് അംഗീകരിക്കുന്നത്. കടലാസ്സിൽ എഴുത്തുകാരൻ എന്തെഴുതുന്നു എന്നതാണ് വായനക്കാരൻ പരിഗണിക്കുന്നത്. എഴുത്തുകാരൻ എന്തർഥത്തിലാണെഴുതിയതെന്നതിന് പ്രസക്തിയില്ല. നിരൂപകർ വ്യക്തിഗതമായ പ്രതികരണങ്ങളിലെ വ്യത്യസ്തത പരിഗണിച്ചിരുന്നില്ല.

നവവിമർശകർ ആത്യന്തികമായി അമേരിക്കൻ അക്കാദമിക് മേഖലയെ അടക്കി വാണിരുന്നു. ജോൺ ക്രോ റാൻസം 1937-ൽ എഴുതിയ 'ക്രിട്ടിസിസം ഇൻക്' എന്ന ലേഖനത്തിൽ സാഹിത്യ അധ്യാപകരെ നിശിതമായി വിമർശിക്കുന്നു. അധ്യാപകർ യഥാർഥ നിരൂപകരല്ലെന്ന് വാദിക്കുന്നു. ഭാവിയിലെ വിദ്യാർഥികളെ 'സാഹിത്യ നിരൂപണം' പഠിപ്പിക്കണം അല്ലാതെ കേവല സാഹിത്യമല്ല പഠിക്കേണ്ടത്. ചരിത്രപരമായ അറിവിനെക്കാൾ സൂക്ഷ്മമായ വായനയ്ക്ക് പ്രാധാന്യം നൽകുകയും അധ്യാപകരുമായി ചർച്ചകളിൽ ഏർപ്പെടുകയും വേണം. സാഹിത്യ പഠനമേഖലയിൽ തങ്ങൾക്ക് പ്രമുഖമായ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാൻ വിദ്യാർഥികളെ നവീന സാഹിത്യനിരൂപണം സഹായിക്കുന്നതാണ്. നവീന നിരൂപകർ സാഹിത്യ അധ്യാപനത്തെ സഹായിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രൂക്ക്സും, വാറൻസും ചേർന്നെഴുതിയ അണ്ടർസ്റ്റാൻഡിങ് പോയട്രി ഇവയിൽ പ്രധാനമാണ്. ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചത് 1938-ലാണ്. പരമ്പരാഗത അധ്യാപന രീതിയിൽ നിന്നും വ്യത്യസ്തമായ അധ്യാപന രീതിയെ നവീന നിരൂപണം പ്രോത്സാഹിപ്പിക്കുന്നു.

നവവിമർശനത്തിന് അമേരിക്കൻ സർവകലാശാലകളിൽ പ്രാധാന്യം ലഭിച്ചു തുടങ്ങിയതോടെ കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമാകാനും തുടങ്ങി. 1950-60 കാലഘട്ടത്തിലെ നവീന നിരൂപണം പരിശോധിച്ചാൽ വിരോധാഭാസം (paradox), അനിശ്ചിതാർഥം (ambiguity), വിപരീതാർഥം (irony) എന്നിവയ്ക്ക് വളരെക്കുറച്ച് പ്രാധാന്യം മാത്രമേ നല്കിയിരുന്നുള്ളു എന്നു കാണാം. കൂടുതൽ പ്രാധാന്യം നല്കിയിരുന്നത് വിഷയഘടനയ്ക്കുള്ളിൽ നിന്നും പുസ്തകത്തെ സംയോജിപ്പിക്കുന്നതിനായിരുന്നു. ജോൺ എം. എല്ലിസ് തിയറി ഒഫ് ലിറ്റററി ക്രിട്ടിസിസം (1974) എന്ന പുസ്തകത്തിൽ പല പ്രധാന നവീന നിരൂപണ ചിന്തകളെയും പ്രതിരോധിച്ചിരിക്കുന്നു.

പിന്നീട് നവവിമർശനം പലതരത്തിലുള്ള പൊരുത്തപ്പെടലുകൾക്കും തയ്യാറായി; പ്രധാനമായും ഗ്രന്ഥകർത്താവിന്റെ ഉദ്ദേശ്യത്തോടും ചരിത്രപരമായ സാഹചര്യങ്ങളോടും. ഈ മാറ്റങ്ങളുടെയൊക്കെ ഫലമായി സാഹിത്യകൃതികളുടെ നിർവചനം നവീന നിരൂപകരുടെ കർത്തവ്യമായി മാറി. നിർവചനം മറ്റെന്തിനെക്കാളും മുകളിലായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവവിമർശനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവവിമർശനം&oldid=2283719" എന്ന താളിൽനിന്ന് ശേഖരിച്ചത്