നാഡീസ്രവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neurohormone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചില നാഡീകോശങ്ങൾ ഉത്പാദിപ്പിക്കുന്ന സ്രവമാണ് നാഡീസ്രവം അഥവാ ന്യൂറോ ഹോർമോൺ [1] . ന്യൂറോ ഹോർമോൺ സ്രവിപ്പിക്കുന്ന നാഡീകോശങ്ങളെ ന്യൂറോ സെക്രീറ്ററി കോശങ്ങൾ എന്നു വിളിക്കുന്നു. കശേരുകികളുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്താണ് ന്യൂറോ സെക്രീറ്ററി കോശങ്ങളുടെ ആധിക്യം ഏറ്റവും കൂടുതൽ നിർണയിച്ചിട്ടുള്ളത്. മിക്ക ജന്തുക്കളിലും ന്യൂറോ ഹോർമോണുകൾ, ഉപാപചയം, വളർച്ച, പ്രത്യുത്പാദനം തുടങ്ങിയ പ്രവർത്തനങ്ങളെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

നാഡീസ്രവം അഥവാ ന്യൂറോ ഹോർമോണുകൾ രാസപരമായി കുറഞ്ഞ തന്മാത്രാ ഭാരമുള്ള പ്രോട്ടീനുകളോ അല്ലെങ്കിൽ പെപ്റ്റൈഡുകളോ ആണ്. കണികകളുടെ രൂപത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് 100-300 നാനോമീറ്റർ വ്യാസമുണ്ടായിരിക്കും. ഈ കണികകൾ നേർത്ത ഒരു സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

നാഡീസ്രവം, നാഡീകോശ ശരീരത്തിനുള്ളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കോശശരീരത്തിനുള്ളിലെ എൻഡോ പ്ളാസ്മിക ജാലികയാണ് ഇവയുടെ നിർമ്മാണത്തിന് സഹായകരമാകുന്നത്. ഉത്പാദിപ്പിക്കപ്പെട്ട ശേഷം ഈ കണികകൾ നാഡീകോശത്തിന്റെ ആക്സോണിലൂടെ സഞ്ചരിച്ച് അതിന്റെ അഗ്രഭാഗത്തെത്തുകയും അവിടെ സംഭരിക്കപ്പെടുകയും ചെയ്യുന്നു. വിവിധതരം ചോദനകൾക്കനുസൃതമായി ന്യൂറോ സെക്രീറ്ററി കോശങ്ങൾ ഉത്തേജിപ്പിക്കപ്പെടുമ്പോൾ ഈ കണികകൾ കോശത്തിന് വെളിയിലേക്ക് പുറന്തള്ളപ്പെടുന്നു. തുടർന്ന്, കണികകളെ ആവരണം ചെയ്തിരിക്കുന്ന സ്തരം എക്സോസൈറ്റോസിസ് (Exocytosis) എന്ന പ്രവർത്തനഫലമായി, പൊട്ടുകയും ഉള്ളിലുള്ള സ്രവം ബഹിർഗമിക്കുകയും ചെയ്യുന്നു. ഉയർന്നതരം കശേരുകികളിൽ, നാഡീസ്രവം രക്തക്കുഴലുകളിലൂടെ നിശ്ചിത അവയവത്തിലെത്തിച്ചേരുന്നു. എന്നാൽ താണതരം കശേരുകികളിൽ ഇവ വ്യാപിക്കൽ (diffusion) വഴിയാണ് ലക്ഷ്യത്തിലെത്തുന്നത്.

അവലംബം[തിരുത്തുക]

  1. Purves, William K. (2001). Life: The Science of Biology (6th ed.). Massachusetts: Sinauer Associates. p. 718. ISBN 0-7167-3873-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഡീസ്രവം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഡീസ്രവം&oldid=3778828" എന്ന താളിൽനിന്ന് ശേഖരിച്ചത്