മോണ്ടനിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Montanism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദിമക്രിസ്തീയതയിലെ ഒരു വിമതമുന്നേറ്റമായിരുന്നു മോണ്ടനിസം. പൊതുവർഷം രണ്ടാം നൂറ്റാണ്ടിനൊടുവിൽ ഏഷ്യാമൈനറിലെ ഫ്രിജിയായിൽ മോണ്ടനസ് എന്നയാളുടെ പ്രബോധനങ്ങളിൽ തുടങ്ങിയ ഈ മുന്നേറ്റം ആദ്യം "നവപ്രവചനം" എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. പിൽക്കാലത്ത് പ്രാരംഭകന്റെ പേരുമായി ബന്ധപ്പെടുത്തി മോണ്ടനിസം എന്ന പേരിൽ അത് അറിയപ്പെടാൻ തുടങ്ങി. ഫ്രിജിയയിൽ ഉത്ഭവിച്ച ഈ പ്രസ്ഥാനം അയൽദേശങ്ങളിൽ ഫ്രിജിയൻപ്രസ്ഥാനം എന്നും അറിയപ്പെട്ടിരുന്നു. ക്രിസ്തുമതം റോമാസാമ്രാജ്യത്തിൽ നിയമപരമാക്കപ്പെടുന്നതിനു മുൻപു തന്നെ അത് സാമ്രാജ്യത്തിലെ മറ്റു പ്രവിശ്യകളിൽ പ്രചരിച്ചു. താമസിയാതെ വേദവ്യതിചലനമായി മുദ്രകുത്തപ്പെട്ട മോണ്ടനിസം കാലക്രമേണ ക്ഷയിച്ച് അസ്തമിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥാനങ്ങളിൽ ആറാം നൂറ്റാണ്ടു വരെ അതു നിലനിന്നു.

ശീശ്മയായി മുദ്രകുത്തെപ്പെട്ടെങ്കിലും ഇവരുടെ വിശ്വാസത്തിലെ മൗലികതത്ത്വങ്ങൾ മറ്റു ക്രിസ്തീയവിഭാഗങ്ങളുടേതിനു സമാനമായിരുന്നു. അതേസമയം, ദൈവവെളിപാടിന്റെ നൈരന്തര്യത്തിലും കൂടുതൽ യാഥാസ്ഥിതികമായ സദാചാരനിഷ്ഠയിലും വിശ്വസിച്ച പ്രവചനധാർമ്മികത എന്ന നിലയിൽ അത് വേറിട്ടു നിന്നു. ആധുനികകാലത്തെ പെന്തക്കോസ്ത്, കരിസ്മാറ്റിക് മുന്നേറ്റങ്ങളും പ്രൊട്ടസ്റ്റന്റുകൾക്കിടയിലെ പുതിയ അപ്പസ്തോലികനവീകരണവും (New Apostolic Reformation) മറ്റുമായി അതിനു സമാനത കല്പിക്കാറുണ്ട്.

ആരംഭം[തിരുത്തുക]

മോണ്ടനസ് തന്റെ പ്രവചനദൗത്യം ആരംഭിച്ചത് പൊതുവർഷം 156-നടുത്തെങ്ങോ ആണെന്നു കരുതപ്പെടുന്നു. നേരത്തേ സൈബിലീദേവിയുടെ പുരോഹിതനായിരുന്ന അദ്ദേഹം അതിനടുത്ത കാലത്തായിരുന്നു ക്രിസ്തുമതം സ്വീകരിച്ചത്. ജ്ഞാനസ്നാനാവസരത്തിൽ തന്നെ ഭാഷാവരപ്രകടനം നടത്തിയ മോണ്ടനസ് താൻ ദൈവനിയുക്തനായ പ്രവാചകനും ക്രിസ്തു വാഗ്ദാനം ചെയ്ത ആശ്വാസദായകനായ പരിശുദ്ധാത്മാവിന്റെ സംവാഹകനും ആണെന്നു അവകാശപ്പെട്ടു.[1] ക്രിസ്തീയത അതിന്റെ ആദിമ സംശുദ്ധിയിലേക്കും ലാളിത്യത്തിലേക്കും തിരിച്ചുപോകണമെന്നും പ്രവചനം വിശ്വാസത്തിന്റെ സ്വാഭാവികഘടകമായതിനാൽ വിശ്വാസികളെ പ്രവചിക്കാൻ അനുവദിക്കണമെന്നും അവർക്കു മേലുള്ള മെത്രാന്മാരുടെ സ്വേച്ഛാഭരണം തെറ്റാണെന്നും അദ്ദേഹം വാദിച്ചു. യേശുവിന്റെ രണ്ടാമത്തെ ആഗമനവും ദൈവരാജ്യവും സമീപിച്ചിരിക്കുന്നെന്നും വെളിപാടുപുസ്തകത്തിൽ പറയുന്ന 'നവയെരുശലേം', പശ്ചിമ-മദ്ധ്യ-ഫ്രിജിയ സമതലത്തിലെ പെപൂസാ നഗരത്തിൽ ഉദിക്കാൻ പോകുന്നെന്നും മോണ്ടനസ് പ്രവചിച്ചു. മോണ്ടനസിന്റെ പ്രബോധനങ്ങളിൽ വിശ്വസിച്ച പ്രിസില്ല, മാക്സിമില്ല എന്നീ സ്ത്രീ അനുയായികളും ദൈവവെളിപാട് അവകാശപ്പെട്ടു. പ്രവചനം വിശ്വസിച്ച് അനേകർ മോണ്ടനസിസിനെ അനുഗമിച്ച് അദ്ദേഹം താവളമാക്കിയിരുന്ന പെപൂസയിലേയ്ക്കു പോയതിന്റെ ഫലമായി പല നഗരങ്ങളിലും ജനവാസമില്ലാതായി. പഴയലോകത്തിന്റെ അന്ത്യം അത്യാസന്നമെന്നു കരുതിയ ഈ കൂട്ടായ്മ വിവാഹവും കുടുംബജീവിതവും ഉപേക്ഷിച്ചും ആദിമക്രിസ്തീയതയിലെപ്പോലെ ഉള്ളതെല്ലാം സാമൂഹ്യമായി പങ്കുവച്ചും ജീവിച്ചു.[2]

അന്ത്യം[തിരുത്തുക]

മോണ്ടനസിന്റെ പ്രസ്ഥാനം ഏഷ്യാമൈനറിലെമ്പാടും പ്രചരിച്ചു. അക്കാലത്ത് അവിടങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഈ പ്രവചനധാർമ്മികതയുടെ വളർച്ചയെ സഹായിച്ചു. "മതം, ലോകവുമായുള്ള അതിന്റെ പുരാതനമായ ഒത്തുതീർപ്പിലേയ്ക്കു മടങ്ങിപ്പോയിരുന്നതിനാൽ" മോണ്ടനിസത്തിന്റെ സന്മാർഗ്ഗവ്യഗ്രത ആദർശവാദികളെ ആകർഷിച്ചു.[3] അറിയപ്പെടുന്ന മൂന്നു നേതാക്കളിൽ രണ്ടു പേർ സ്ത്രീകളായിരുന്ന[൧] ഈ മതമുന്നേറ്റം, അധികാരശ്രേണികളെ ആശ്രയിച്ചു നിന്ന വ്യവസ്ഥാപിതധാർമ്മികതകളിൽ നിന്നു ഭിന്നമായി സമത്വാധിഷ്ഠിതമായിരുന്നു.[4]

എങ്കിലും ഏഷ്യയിലെ മെത്രാന്മാർ ഈ പ്രസ്ഥാനത്തെ പിന്തുണക്കാൻ വിസമ്മതിക്കുകയും മോണ്ടനസിനെ മതഭ്രഷ്ടനായി പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കനുകൂലമായി ഇടപെടാൻ റോമിലെ മെത്രാനോട് അദ്ദേഹം നടത്തിയ അഭ്യർത്ഥനയും ഫലമുണ്ടാക്കിയില്ല. എങ്കിലും മോണ്ടനിസം പെട്ടെന്ന് അപ്രത്യക്ഷമായില്ല. ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അത് ഒരു ധാർമ്മികശക്തിയായി നിലകൊണ്ടു. ദേശാടകരായ വേദപ്രചാരകർ അതിനെ റോമിലും ഫ്രാൻസിലും പോലും എത്തിച്ചു.[1] പ്രമുഖ ക്രിസ്തീയചിന്തകനും ലത്തീനിലെ ക്രൈസ്തവ സാഹിത്യത്തിന്റെ പ്രാരംഭകനുമായ തെർത്തുല്യൻ പോലും വാർദ്ധക്യത്തിൽ അതിന്റെ അനുയായി ആയി.[5] കാലക്രമേണ ക്ഷയിച്ച് ഇല്ലാതായ മോണ്ടനിസം ഒറ്റപ്പെട്ട കോണുകളിലെങ്കിലും ആറാം നൂറ്റാണ്ടു വരെ നിലനിന്നു. ആ നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി അതിന്റെ അവശിഷ്ടത്തേയും ഉന്മൂലനം ചെയ്തു. അക്കാലത്ത് മോണ്ടനിസ്റ്റുകളിൽ ചിലർ സ്വന്തം പള്ളികളിൽ ഒരുമിച്ചു കൂടി അവയ്ക്കു തീവച്ച് കൂട്ട ആത്മഹത്യ നടത്തുകപോലും ചെയ്തു.[2]

കുറിപ്പുകൾ[തിരുത്തുക]

^ ഒരു ദർശനത്തിൽ താൻ ക്രിസ്തുവിനെ സ്ത്രീവേഷത്തിൽ കണ്ടതായി അവരിൽ ഒരുവൾ അവകാശപ്പെട്ടിരുന്നു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 128-29)
  2. 2.0 2.1 വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം (പുറം 605)
  3. Paths of Faith, John A. Hutchison (പുറം 441)
  4. ചാൾസ് ഫ്രീമാൻ, "ദ ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറം 138)
  5. 5.0 5.1 വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 13-14)
"https://ml.wikipedia.org/w/index.php?title=മോണ്ടനിസം&oldid=2285298" എന്ന താളിൽനിന്ന് ശേഖരിച്ചത്