ജൂതത്തി മേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary the Jewess എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂതത്തി മേരി

പൊതുവർഷം ഒന്നു മുതൽ[1] മൂന്നു വരെ[2] നൂറ്റാണ്ടുകളിലെന്നോ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന രാസവാദവിദുഷി (Alchemist) ആണ് ജൂതത്തി മേരി അല്ലെങ്കിൽ പ്രവാചിക മേരി. ഒട്ടേറെ രസതന്ത്രോപകരണങ്ങൾ അവർ കണ്ടുപിടിച്ചതായി പറയപ്പെടുന്നു. പാശ്ചാത്യലോകത്തിലെ ആദ്യത്തെ അകാല്പനിക ആൽക്കെമിസ്റ്റായി അവർ കരുതപ്പെടുന്നു. യവനീകൃത ഈജിപ്തിലാകാം മേരി ജീവിച്ചിരുന്നത്.[3]

മേരിയുടെ ജീവിതത്തിന്റെ സ്ഥലകാലങ്ങളുടെ വിശദാംശങ്ങൾ ലഭ്യമല്ല. ആദ്യകാലരാസവാദികൾ അവരെ, ബൈബിളിൽ മോശയുടേയും അഹറോന്റേയും സഹോദരിയായി പ്രത്യക്ഷപ്പെടുന്ന മിറിയം ആയി കണക്കാക്കി. ഈ അവകാശവാദത്തിനു തെളിവൊന്നുമില്ല. നിലവിലുള്ള രാസവിദ്യാസാഹിത്യത്തിലെ ഏറ്റവും പുരാതനമായ സൃഷ്ടികളുടെ കർത്താവായ സോസിമസ് പാനോപോലിസിന്റെ രചനകളിലാണ് മേരിയെക്കുറിച്ചുള്ള വ്യക്തതയോടുകൂടിയ ആദ്യത്തെ പരാമർശമുള്ളത്. ഒരു പക്ഷേ പൊതുവർഷം മുന്നൂറിനടുത്ത് യവനഈജിപ്തിൽ ജീവിച്ചിരുന്ന സോസിമസിന് രണ്ടു തലമുറ മുൻപാകാം മേരിയുടെ കാലം.[4]

മേരിയുടെ പല പരീക്ഷണങ്ങളും ഉപകരണങ്ങളും സോസിമസ് വിവരിക്കുന്നു. പുരാതനകാലത്തെ "മനീഷി"-കളിൽ ഒരാളെന്ന നിലയിൽ മേരിയെ പരാമർശിക്കുന്ന അദ്ദേഹം അവരെ "ദൈവികയായ മേരി" (divine Mary) എന്നു പോലും വിളിക്കുന്നു. രസതന്ത്രത്തിലും പാചകകലയിലും വ്യാപകമായി ഉപയോഗത്തിലിരുന്ന ബയിൻ-മേരി (bain-marie) എന്ന ഉപകരണം മേരിയുടെ കണ്ടുപിടിത്തമാണെന്നു വിശ്വാസമുണ്ട്. അതിന്റെ രൂപകല്പന അവരുടേതല്ലെന്നിരിക്കാമെങ്കിലും അവരുടെ പേരുമായി ബന്ധപ്പെട്ടാണ് അത് അറിയപ്പെടുന്നത്. വാറ്റുപകരണത്തിന്റെ നിലവിലുള്ളതിൽ ഏറ്റവും പഴയ വിവരണവും മേരിയുടേതാണ്.[3]

അവലംബം[തിരുത്തുക]

  1. "Maria the Jewess". World of Chemistry. Thomson Gale. 2006.
  2. Chemical History Tour, Picturing Chemistry from Alchemy to Modern Molecular Science Adele Droblas Greenberg Wiley-Interscience 2000 ISBN 0-471-35408-2
  3. 3.0 3.1 The Jewish Alchemists: A History and Source Book By Raphael Patai
  4. "José María de Jaime Lorén. 2003. Epónimos científicos. Baño María. María La Judía. Universidad Cardenal Herrera-CEU. (Moncada, Valencia)". Archived from the original on 2009-03-23. Retrieved 2012-10-19.
"https://ml.wikipedia.org/w/index.php?title=ജൂതത്തി_മേരി&oldid=3632034" എന്ന താളിൽനിന്ന് ശേഖരിച്ചത്