കുണ്ഡലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kundalini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യോഗാസനപ്രകാരം ഏതൊരു വ്യക്തിയിലുമുള്ള ശക്തിയാണ് കുണ്ഡലിനി (कुण्डलिनी). സാധാരണ വ്യക്തികളിൽ മൂലാധാരത്തിൽ കുണ്ഡല (ചുരുൾ) രൂപത്തിൽ സുഷുപ്തിയിലിരിക്കുന്ന സർപ്പിണിയായാണ് കുണ്ഡലിനിയെ സങ്കൽപ്പിക്കുന്നത്. യോഗികളുടെ സാധനകൾ പ്രത്യേക ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലുള്ള ഊർജ്ജം ശരീരമാകെ പ്രവഹിക്കുന്നതായി തോന്നുന്നതിനു കാരണം കുണ്ഡലിനിയാണ്. സാധനപ്രകാരം കുണ്ഡലിനി ചുരുൾ നിവർത്തി സുഷുമ്നാ നാഡി വഴി പ്രവേശിക്കുന്നു.

ആധാരയാത്ര[തിരുത്തുക]

1-മൂലാധാരം,
2-സ്വാധിഷ്ഠാനം,
3-മണിപൂരകം,
4-അനാഹതം,
5-വിശുദ്ധി,
6-ആജ്ഞ,
7-സഹസ്രാരം

മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഃഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയാണ് കുണ്ഡലിനിയുടെ യാത്ര. കുണ്ഡലിനിയുടെ യാത്രയിൽ യോഗികൾക്ക് യോഗാനന്ദം ലഭിക്കുന്നു. ഡാകിനി, രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനി എന്നീ ദേവതകളെയാണ് കുണ്ഡലിനിയുടെ പഥത്തിൽ ആന്തരികമായി സങ്കല്പിച്ച് ദർശിക്കുന്നത്. ഓരോ ദേവതക്കും വ്യത്യസ്തമായ വർണ്ണവും വസ്ത്രവും ആയുധങ്ങളും സങ്കൽപ്പിക്കപ്പെട്ടിട്ടുണ്ട്. കുണ്ഡലിനി ഓരോ ഘട്ടം കഴിയുമ്പോഴും യോഗിക്ക് ദേവതമാർ നൽകുന്ന സിദ്ധികളും പഞ്ചേന്ദ്രിയങ്ങളിലൂടെ നൽകുന്ന ആനന്ദവും പതഞ്ജലി വിശദീകരിച്ചിട്ടുണ്ട്. ഈ അവസ്ഥക്ക് പ്രാണസാക്ഷാത്കാരം എന്നു പറയുന്നു.

അവസ്ഥ[തിരുത്തുക]

സാധാരണക്കാരെ സംബന്ധിച്ച് ഈ അനുഭവങ്ങൾ മിഥ്യയോ വിഭ്രാന്തിയോ ആണെങ്കിലും സാധകനെ സംബന്ധിച്ച് ഇവയും മറ്റേതൊരു കാര്യങ്ങൾ പോലെയും അനുഭവേദ്യമാണ്. സഹസ്രാരത്തിലെ ശിവനുമായി ഐക്യപ്പെടുകയാണ് കുണ്ഡലിനീ യോഗത്തിന്റെ പരമകാഷ്ഠ. സാധകന്റെ ലൌകികഭാവങ്ങളായ മൂലാധരത്തിലെ ബ്രഹ്മഗ്രന്ഥിയും(രജസ്), അനാഹതത്തിലെ വിഷ്ണുഗ്രന്ഥിയും(സ്വത്വം), ആജ്ഞാ ചക്രത്തിലെ രുദ്രഗ്രന്ഥിയും(തമസ്) ഭേദിക്കപ്പെടുന്നതോടെ മനസ് അമനീഭാവം കൈക്കൊള്ളുന്നു. ആജ്ഞാചക്രം കഴിഞ്ഞാൽ കുണ്ഡലിനി ബ്രഹ്മരന്ധ്രം വഴി സഹസ്രാരത്തിലേക്കു കടക്കുന്നു. ശരീരം വിസ്മൃതവും മനസ്സ് മാത്രം നിലനിൽക്കുകയും(ലയവും ഉണ്മയും) ചെയ്യുന്ന അവസ്ഥയാണിത്.

ബന്ധപ്പെട്ട പരാമർശങ്ങൾ[തിരുത്തുക]

  • ശ്രീ നാരായണഗുരുവിന്റെ കുണ്ഡലിനിപ്പാട്ടിന്റെ വ്യാഖ്യാനം ഈ പ്രക്രിയയെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്[1].
  • പൌരസ്ത്യവും പാശ്ചാത്യവുമായ ഒട്ടനവധി ശാസ്ത്രസാഹിത്യങ്ങളിൽ കുണ്ഡലിനിയെ പരാമർശിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. ശ്രീനാരായണ ഗുരുദേവ കൃതികൾ, സമ്പൂർണ്ണ വ്യാഖ്യാനം, അഞ്ചാം ഭാഗം
"https://ml.wikipedia.org/w/index.php?title=കുണ്ഡലിനി&oldid=3287990" എന്ന താളിൽനിന്ന് ശേഖരിച്ചത്