കെ.എം. മാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. M. Mani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിങ്ങോഴക്കൽ മാണി മാണി
കെ.എം. മാണി
സംസ്ഥാന ധനകാര്യം, നിയമ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 18 2011 – നവംബർ 10 2015
മുൻഗാമിടി.എം. തോമസ് ഐസക്, എം. വിജയകുമാർ
പിൻഗാമിഉമ്മൻ ചാണ്ടി
കേരള നിയമസഭാംഗം
ഓഫീസിൽ
മാർച്ച് 3 1967 – ഏപ്രിൽ 9 2019
പിൻഗാമിമാണി സി. കാപ്പൻ
മണ്ഡലംപാലാ
സംസ്ഥാന റവന്യൂ, നിയമവകുപ്പ് മന്ത്രി
ഓഫീസിൽ
2001–2006
മുൻഗാമികെ.ഇ. ഇസ്മായിൽ
പിൻഗാമികെ.പി. രാജേന്ദ്രൻ (റെവന്യൂ), എം. വിജയകുമാർ (നിയമം)
ഓഫീസിൽ
June 1991 – March 1996
മുൻഗാമിP. S. Sreenivasan
പിൻഗാമികെ.ഇ. ഇസ്മായിൽ
സംസ്ഥാന റവന്യൂ-നിയമ വകുപ്പ് മന്ത്രി
ഓഫീസിൽ
1987–1987
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമിപി.എസ്. ശ്രീനിവാസൻ
സംസ്ഥാന ജലവിഭവ-നിയമ വകുപ്പ് മന്ത്രി
ഓഫീസിൽ
1987–1987
മുൻഗാമിഎം.പി. ഗംഗാധരൻ
പിൻഗാമിബേബി ജോൺ
സംസ്ഥാന ധനകാര്യ-നിയമ വകുപ്പ് മന്ത്രി
ഓഫീസിൽ
December 1981 – May 1986
മുൻഗാമിHimself
പിൻഗാമിThachady Prabhakaran
ഓഫീസിൽ
January 1980 – October 1981
മുൻഗാമിN. Bhaskaran Nair
പിൻഗാമിHimself
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
April 1977 – July 1979
മുൻഗാമികെ. കരുണാകരൻ
പിൻഗാമിടി.കെ. രാമകൃഷ്ണൻ
സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
December 1975 – March 1977
മുൻഗാമിK. G. Adiyodi
പിൻഗാമിM. K. Hemachandran
Kottayam D. C. C. Secretary of ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഓഫീസിൽ
1960–1965
വ്യക്തിഗത വിവരങ്ങൾ
ജനനം1933 ജനുവരി 30
മരങ്ങാട്ടുപിള്ളി, പാലാ, കോട്ടയം ജില്ല
മരണം9 ഏപ്രിൽ 2019(2019-04-09) (പ്രായം 86)
കൊച്ചി
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം)
പങ്കാളിഅന്നമ്മ മാണി (കുട്ടിയമ്മ)
കുട്ടികൾജോസ് കെ. മാണി, അഞ്ച് പെണ്മക്കളും
മാതാപിതാക്കൾ
  • തോമസ് മാണി (അച്ഛൻ)
  • ഏലിയാമ്മ മാണി (അമ്മ)
വസതിപാലാ
വെബ്‌വിലാസംhttp://www.kmmanionline.com
As of ഡിസംബർ 10, 2022
ഉറവിടം: നിയമസഭ

കേരളത്തിലെ ധനകാര്യം, റവന്യൂ, നിയമം, ആഭ്യന്തരം എന്നീ കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായിരുന്ന കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു കെ.എം.മാണി എന്ന കരിങ്ങോഴക്കൽ മാണി മാണി[1] (30 ജനുവരി 1933 - 9 ഏപ്രിൽ 2019). 1965 മുതൽ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ കാലം (52 വർഷം) നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് മാണിക്കാണ്. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 2015 നവംബർ 10-ന് ബാർ കോഴ അഴിമതി ആരോപണത്തെത്തുടർന്ന് രാജി വെച്ചു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2019 ഏപ്രിൽ 9-ന് അന്തരിച്ചു.[2][3][4]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30-ന് ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959കെ.പി.സി.സി യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975-ലെ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1975 ഡിസംബർ 26-ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോർഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.

പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും.അച്ചുതമേനൊന്റെ ഒരു മന്ത്രിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി. മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു.

ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 13 നിയമസഭകളിൽ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിൽ മന്തിയാകാൻ അവസരം ലഭിച്ചു.

സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വയ്ക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും പരാജയപ്പെട്ടില്ല.

ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും (6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലവും (54 വർഷം) ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം (13 തവണ),[5][6] 13 തവണ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്‌.[7]

കേരള കോൺഗ്രസും കെ.എം.മാണിയും[തിരുത്തുക]

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കെ.എം.മാണി കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1959-ൽ കെ.പി.സി.സി അംഗമായി. 1964-1965 കാലഘട്ടത്തിൽ കോട്ടയം ഡി.സി.സി പ്രസിഡൻറ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1964-ൽ കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ കെ.എം.മാണി നേതൃസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഒരു പാർട്ടിക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതിൽ നിയമസഭ ചേരാതിരുന്ന 1965-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ മത്സരിക്കാനായി കേരള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് 1965-ലാണ് കെ.എം.മാണി കേരള കോൺഗ്രസിൽ ചേരുന്നത്. 1965-ൽ ആദ്യമായിട്ട് മത്സരിച്ച പാലാ നിയമസഭാ സീറ്റിൽ കെ.എം.മാണി വിജയിച്ചു. 1964-ൽ രൂപീകരിച്ച കേരള കോൺഗ്രസിന് 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റ് കിട്ടി.

1972-ൽ കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.എം.മാണിയെ തെരഞ്ഞെടുത്തു. 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ കെ.എം.മാണി ആദ്യമായി ധനകാര്യം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 1976-ൽ പാർട്ടി ചെയർമാനായിരുന്ന കെ.എം.ജോർജ്ജിൻ്റെ മരണശേഷം കെ.എം.മാണി പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തി. കേരള കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1979-ൽ കെ.എം.മാണി കേരള കോൺഗ്രസ് (എം.) എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. 1978-ൽ പാലായിലെ തെരഞ്ഞെടുപ്പ് കേസ് ജയിച്ച് മന്ത്രിസഭയിൽ തിരികെയെത്തിയ മാണി മന്ത്രി സ്ഥാനമൊഴിഞ്ഞ പി.ജെ.ജോസഫിന് പകരം ആഭ്യന്തര വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മന്ത്രിയായി ചുമതലയേറ്റശേഷം ഒഴിവുവന്ന പാർട്ടി ചെയർമാൻ സ്ഥാനം തനിക്കു വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ പി.ജെ.ജോസഫും കെ.എം.മാണിയും തമ്മിൽ അകന്നു. പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ.എം.മാണി വി.ജി.സെബാസ്റ്റ്യനെ ആണ് പിന്തുണച്ചത്. കടുത്ത മത്സരത്തിൽ പി.ജെ. ജോസഫ് പരാജയപ്പെട്ടു. ഇതോടെ ജോസഫ് മാണി ഗ്രൂപ്പിൽ നിന്നും വേർപെട്ടു. 1979-ൽ പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജോസഫ്) എന്ന പേരിൽ പാർട്ടി രൂപീകരിച്ചു.

1980-ൽ കെ.എം.മാണി ഇടതുമുന്നണിയിലേയ്ക്ക് മാറിയെങ്കിലും 1981-ൽ വീണ്ടും യു.ഡി.എഫിൽ തിരിച്ചെത്തി. പിന്നീട് 1982 മുതൽ മുപ്പത്തിനാല് വർഷം യു.ഡി.എഫിൽ തുടർന്നു. 1985-ൽ ആറു വർഷത്തിന് ശേഷം പി.ജെ. ജോസഫ് മാണി ഗ്രൂപ്പിൽ ലയിച്ചു. 1985-ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തിനായി പലതായി പിളർന്നു മാറിയ കേരള കോൺഗ്രസുകൾ തമ്മിൽ ലയിച്ചു. 1985-ൽ കേരള കോൺഗ്രസ് (എം.), കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (ബി) എന്നീ മൂന്നു ഗ്രൂപ്പും തമ്മിൽ ലയിച്ച് ഐക്യകേരള കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി നിലവിൽ വന്നു. കെ.എം.മാണി, പി.ജെ. ജോസഫ്, ആർ. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവർ 1982-1987-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റു. 1987-ൽ ഐക്യകേരള കോൺഗ്രസിൽ വീണ്ടും പിളർപ്പ് മാണി ഗ്രൂപ്പ് വിട്ട പി.ജെ. ജോസഫ് തൻ്റെ പാർട്ടിയായ കേരള കോൺഗ്രസ് (ജോസഫ്) പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫിൽ തുടർന്നു. 1989-ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് പി.ജെ. ജോസഫ് ഇടതുപക്ഷത്തേയ്ക്ക് പോയി. പിന്നീട് 1991 മുതൽ പി.ജെ. ജോസഫ് ഇടതുമുന്നണി യിൽ ഘടകകക്ഷിയായി തുടർന്നു. 1993-ൽ മാണി ഗ്രൂപ്പ് വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടിയായ കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആർ. ബാലകൃഷ്ണപിള്ള യുടെ പാർട്ടിയായ കേരള കോൺഗ്രസ് (ബി)യും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്നു കൂട്ടരും യു.ഡി.എഫിൽ തന്നെ തുടർന്നു. 2004-ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റിൽ മകൻ ജോസ് കെ. മാണി മത്സരിച്ചു എങ്കിലും പി.സി.തോമസിനോട് പരാജയപ്പെട്ടു.

2009-ൽ ജോസ് കെ. മാണി കോട്ടയം സീറ്റിൽ നിന്നും ആദ്യമായി ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചു. നീണ്ട ഇരുപത്തിമൂന്ന് വർഷത്തിന് ഒടുവിൽ 2010-ൽ ഇടതു മുന്നണി ബന്ധവും കാബിനറ്റ് മന്ത്രി സ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം.മാണിയുടെ പാർട്ടിയിൽ ലയിച്ചു. പിന്നാലെ പി.സി. ജോർജ് കേരള കോൺഗ്രസ് (സെക്യുലർ) മാണി ഗ്രൂപ്പിൽ ലയിച്ചു. 2011-ൽ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. 2011-2016-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കെ.എം.മാണി ധനകാര്യംവകുപ്പ് മന്ത്രിയുമായി. പി.ജെ. ജോസഫ് ജലസേചന വകുപ്പ് മന്ത്രിയും പി.സി. ജോർജ് ചീഫ് വിപ്പുമായി സ്ഥാനമേറ്റു. 2014-ൽ ജോസ് കെ. മാണി രണ്ടാം വട്ടവും കോട്ടയത്തു നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ബാർ കോഴ വിവാദത്തെ തുടർന്ന് കെ.എം.മാണി 2015 നവംബർ 10 ന് ധനകാര്യ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എം.മാണി പന്ത്രണ്ടാം തവണയും പാലായിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ബാർ കോഴ വിവാദത്തിൽ കേരള കോൺഗ്രസിൻ്റെ പ്രതിച്ഛായ നഷ്ടപ്പെട്ടതിനെ തുടർന്ന് 2016-ൽ കെ.എം.മാണി യു.ഡി.എഫ് വിട്ടു.[8]

ജോസ് കെ. മാണി യു.ഡി.എഫിൻ്റെ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2018-ൽ യു.ഡി.എഫിൽ തിരിച്ചെത്തി. 2019-ൽ പി.ജെ. ജോസഫ് കോട്ടയം ലോക്സഭ സീറ്റിൽ മത്സരിക്കാൻ താല്പര്യപ്പെട്ടു എങ്കിലും മാണി സീറ്റ് വിട്ടുകൊടുത്തില്ല. കോട്ടയം സീറ്റിൽ ജോസ് കെ. മാണി യ്ക്ക് പകരം തോമസ് ചാഴിക്കാടൻ മത്സരിച്ച് ജയിച്ചു. 2009-ൽ കോട്ടയത്ത് നിന്ന് ലോക്സഭയിലേയ്ക്ക് ജയിച്ച മകൻ ജോസ് കെ. മാണിയെ കോൺഗ്രസ് (ഐ) നയിച്ച മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ രണ്ടാം യു.പി.എ. സർക്കാരിൽ ഒരു കേന്ദ്രമന്ത്രി ആക്കാൻ കെ.എം.മാണി ഒരുപാട് പരിശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. കേരള കോൺഗ്രസ് (എം.) എന്ന പാർട്ടി 2014-ൽ അതിൻ്റെ സുവർണജൂബിലി നിറവിൽ 50 വർഷം പിന്നിട്ടപ്പോൾ അതിൽ കെ.എം.മാണിയ്ക്ക് ഉള്ള പങ്ക് വളരെ വലുതാണ്. മറ്റെല്ലാ കേരളാ കോൺഗ്രസുകളെ അപേക്ഷിച്ച് തലയെടുപ്പുള്ള സംസ്ഥാന പാർട്ടിയായി അടിയുറച്ച് യു.ഡി.എഫിൽ മുപ്പത്തിനാല് വർഷം തുടർന്നു. ഇടതുമുന്നണയിൽ നിന്നും ബി.ജെ.പിയിൽ നിന്നും ക്ഷണം ഉണ്ടായിരുന്നു എങ്കിലും മാണി അത് നിരസിച്ചു.

കേരള കോൺഗ്രസ് (എം) നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം[തിരുത്തുക]

  • വർഷം,*ജയിച്ചവർ,* വോട്ട് %
  • 1980 *08 *5.25
  • 1982 *06 *5.86
  • 1987 *05 *3.54
  • 1991 *10 *4.32
  • 1996 *05 *3.18
  • 2001 *09 *3.54
  • 2006 *07 *3.26
  • 2011 *09 *4.94
  • 2016 *05 *4.00

2015-ലെ ബാർ കോഴ അഴിമതിയാരോപണവും രാജിയും[തിരുത്തുക]

അവസാനമായി അംഗമായിരുന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ 2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന് ബിജു രമേശ് ആരോപണമുന്നയിച്ചു. ബാർ കോഴ കേസിൽ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.[9]ബാർകോഴക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ വിജിലൻസ് വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി കേസ് പരിഗണിക്കവെ നടത്തിയ "മന്ത്രിസ്ഥാനത്ത് കെ.എം മാണി തുടരുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്ന" കോടതിയുടെ പരാമർശം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മർദ്ദമേറി. സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണമെന്നായിരുന്നു കോടതി പരാമർശം. കേസിലെ പ്രതികൂല കോടതിവിധിയെ തുടർന്ന് മന്ത്രി കെ.എം.മാണി 2015 നവംബർ 10 ന് വൈകിട്ട് രാജിവെച്ചു. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി നൽകി. രാജിസമ്മർദ്ദം ഉണ്ടായിരുന്നു എങ്കിലും ജലവിഭവ വകുപ്പിൻ്റെ മന്ത്രിയായിരുന്ന പി ജെ ജോസഫ് മന്ത്രിസഭയിൽ തുടർന്നു.[10]

മൂന്നു തവണ സംസ്ഥാന വിജിലൻസ് ബാർ കോഴ ആരോപണത്തിൽ കെ.എം. മാണിക്കു പങ്കില്ലെന്നു കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. യു.ഡി.എഫ്. സർക്കാരും പിന്നീട് വന്ന ഇടത് സർക്കാരും മാണി നിരപരാധിയാണെന്നു കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. എന്നാൽ ഇതിനെതിരെ വി.എസ്. അച്യുതാനന്ദനും ബിജു രമേശും ഹൈക്കോടതിയെ സമീപിച്ചു.[11]

കെ.എം. മാണി മരിച്ച്‌ 24 മണിക്കൂർ പൂർത്തിയാകുന്നതിനു മുമ്പ് ബാർ കോഴ കേസിനും അവസാനമായി. ബാർ കോഴ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം. മാണിയും മാണിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ബിജു രമേശും നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയപ്പോൾ കേസിലെ കക്ഷിയായ കെ.എം. മാണി മരിച്ചതോടെ കേസിനു പ്രസക്തിയില്ലെന്നു പറഞ്ഞ ഹൈക്കോടതി മൂന്നു ഹർജികളും ഒന്നിച്ച് അവസാനിപ്പിക്കാൻ ഉത്തരവിട്ടു.[11]

മരണം[തിരുത്തുക]

അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നെങ്കിലും രാഷ്ട്രീയരംഗത്ത് മാണി സജീവസാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിനെതിരെയുണ്ടായ ബാർ കോഴ കേസിലെ വിധിയും കേരളാ കോൺഗ്രസ് (എം) യു.ഡി.എഫ്. വിട്ടതുമൊക്കെയായി അദ്ദേഹം വാർത്തകളിൽ നിറഞ്ഞുവന്നിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. ഒടുവിൽ, തോമസ് ചാഴിക്കാടനെ കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയാക്കി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ മാണിയ്ക്കായില്ല. ന്യുമോണിയാബാധയെത്തുടർന്ന് 2019 മാർച്ച് 21-ന് കൊച്ചി ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട മാണി, അവിടെവച്ച് ഏപ്രിൽ 9-ന് വൈകീട്ട് 4:57-ന് അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. മരണസമയത്ത് ഭാര്യ കുട്ടിയമ്മ, മകനും കേരളാ കോൺഗ്രസ് (എം) നേതാവും രാജ്യസഭാംഗവും മുൻ ലോക്‌സഭാംഗവുമായ ജോസ് കെ. മാണി തുടങ്ങിയവർ അദ്ദേഹത്തിന് സമീപമുണ്ടായിരുന്നു. മൃതദേഹം കൊച്ചിയിലും കോട്ടയത്തും പൊതുദർശനത്തിനു വച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കരിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [12] [13]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്. എൻ. ഹരി ബി.ജെ.പി., എൻ.ഡി.എ.
2011 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്.
2006 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്.
2001 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. ഉഴവൂർ വിജയൻ എൻ.സി.പി., എൽ.ഡി.എഫ്.
1996 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. സി.കെ. ജീവൻ സി.പി.എം., എൽ.ഡി.എഫ്.
1991 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. ജോർജ് സി. കാപ്പൻ എൽ.ഡി.എഫ്.
1987 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. കെ.എസ്. സെബാസ്റ്റ്യൻ ഐ.സി.എസ്.
1982 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. ജെ.എ. ചാക്കോ എൽ.ഡി.എഫ്.
1980 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1977 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1970 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1967 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1965 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (മാണി)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-31. Retrieved 2015-11-10.
  2. "K.M. Mani’s death anniversary to be observed on April 9 - The Hindu" https://www.thehindu.com/news/national/kerala/km-manis-death-anniversary-to-be-observed-on-april-9/article65292988.ece/amp/
  3. "ഓർമകളിൽ ജ്വലിച്ച് കെ.എം.മാണി |K.M Mani| Death anniversary| Jose K Mani| Manorama News|" https://www.manoramaonline.com/news/kerala/2022/04/10/k-m-mani-death-anniversary.html
  4. "മുൻ ധനമന്ത്രി കെ.എം.മാണി അന്തരിച്ചു | KM Mani Passes Away | Manorama News" https://www.manoramaonline.com/news/latest-news/2019/04/09/kerala-s-former-finance-minister-km-mani-passes-away.html
  5. "ബജറ്റ് അവതരണത്തിനായി കെ.എം മാണി സഭയിലെത്തി / മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-03-19. Retrieved 2012-03-19.
  6. http://kerala.gov.in/index.php?option=com_content&view=article&id=4755&Itemid=3336
  7. "സംസ്ഥാന ബജറ്റ് ഇന്ന് / ദീപിക ഓൺലൈൻ". Archived from the original on 2012-03-17. Retrieved 2012-03-19.
  8. https://www.mathrubhumi.com/mobile/specials/politics/udf-kmmani/article-malayalam-news-1.1262676[പ്രവർത്തിക്കാത്ത കണ്ണി]
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-12. Retrieved 2014-12-11.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-12. Retrieved 2015-11-11.
  11. 11.0 11.1 "കെ.എം. മാണിയുടെ മരണം; ബാർ കോഴ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു". Archived from the original on 2020-10-06. Retrieved 6 ഒക്ടോബർ 2020.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-20.
  13. http://www.keralaassembly.org

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.mathrubhumi.com/specials/news/bar-scam/k-m-mani-kearal-congress-m-kerala-politics-malayalam-news-1.660596 Archived 2015-11-12 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=കെ.എം._മാണി&oldid=4072144" എന്ന താളിൽനിന്ന് ശേഖരിച്ചത്