ജോസ് പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jose prakash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോസ് പ്രകാശ്
ജനനം
കെ. ബേബി ജോസഫ്

(1925-04-14)ഏപ്രിൽ 14, 1925
മരണംമാർച്ച് 24, 2012(2012-03-24) (പ്രായം 86)
മരണ കാരണംവാർദ്ധക്യസഹജമായ അസുഖങ്ങൾ (പ്രത്യേകിച്ച് പ്രമേഹം)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്, ഗായകൻ
സജീവ കാലം1953-2011
ജീവിതപങ്കാളി(കൾ)ചിന്നമ്മ
കുട്ടികൾ6
മാതാപിതാക്ക(ൾ)കെ.ജെ. ജോസഫ്,
ഏലിയാമ്മ ജോസഫ് [1]
പുരസ്കാരങ്ങൾജെ.സി. ദാനിയേൽ പുരസ്കാരം

മലയാളചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജോസ് പ്രകാശ് (ഏപ്രിൽ 14 1925 - മാർച്ച് 24 2012[2]). പ്രതിനായക കഥാപാത്രങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചു. യഥാർഥ പേരായ ജോസഫ് എന്നത് നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത്.[3] നാടകത്തിനും സിനിമയ്ക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2011-ലെ ജെ.സി. ദാനിയേൽ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[4].

ജീവിതരേഖ[തിരുത്തുക]

1925 വിഷുദിനത്തിൽ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛൻ കോട്ടയം മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോർജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേർ. സഖറിയയാണ് പിന്നീട് നിർമാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേം പ്രകാശ്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനും. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ബേബിയുടെ പഠനം.

ഭാര്യ ചിന്നമ്മ നേരത്തെ മരണപ്പെട്ടു. പ്രമേഹരോഗ ബാധയെതുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ചനഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു[3]. 2012 മാർച്ച് 24-ന് അസുഖം മൂർഛിച്ചതിനേത്തുടർന്ന് എറണാകുളം കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ വച്ച് 87-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. നാടകത്തിനും സിനിമയ്ക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ലഭിച്ച ജെ.സി. ദാനിയേൽ പുരസ്കാരം ഏറ്റുവാങ്ങും മുൻപായിരുന്നു അന്ത്യം. അദ്ദേഹം മരിക്കുന്നതിന് തലേദിവസമാണ് അവാർഡ് പ്രഖ്യാപിച്ചത്. മാർച്ച് 26-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ അന്ത്യകർമ്മങ്ങൾക്കു ശേഷം മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സെമിത്തേരി മുക്കിലെ സെമിത്തേരിയിൽ അടക്കം ചെയ്തു[5].

ബ്രിട്ടീഷ് പട്ടാളത്തിൽ[തിരുത്തുക]

നാടകത്തിലും സിനിമയിലും സജീവമാകുന്നതിനു മുമ്പ് പട്ടാളത്തിലായിരുന്നു ജോസ്പ്രകാശ്. 1942-ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളിൽ അദ്ദേഹം ബ്രിട്ടീഷ് റോയൽ ആർമിയിൽ ചേർന്നു. ലാൻസ് നായിക് ആയിട്ടായിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിൽ. 65 രൂപ ശമ്പളത്തിൽ. ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂർ, ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു.

അഭിനയ ജീവിതം[തിരുത്തുക]

നാടകം[തിരുത്തുക]

പട്ടിണിപ്പാവങ്ങൾ, പോലീസ് സ്റ്റേഷൻ, സാത്താൻ ഉറങ്ങുന്നില്ല, രണ്ടു തെണ്ടികൾ എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കോട്ടയം നാഷണൽ തിയേറ്റേഴ്സ് എന്ന നാടക സമിതി രൂപീകരിച്ചു. പാലായിലെ ഐക്യകേരള നാടകസമിതിയിലും പ്രവർത്തിച്ചിരുന്നു[6].

ഗായകനായി തുടക്കം[തിരുത്തുക]

1953ൽ റിലീസായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ടാണ് സിനിമയിലെ തുടക്കം. തിക്കുറിശിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു. പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സിനിമയിൽ പാടുപെട്ടു പാടങ്ങളിൽ എന്ന തത്ത്വശാസ്ത്ര സ്പർശമുള്ള ഗാനം ജോസ് പ്രകാശ് എപി. ലീലയോടൊപ്പമാണ് പാടിയത്. ഈ ശീർഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളിൽ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീർന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആൽഫോൺസ്, അവൻ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകൾ . കുറേ സിനിമകളിൽ പ്രേംനസീറിന്റെയും സത്യന്റെയും ശബ്ദമായി മാറുകയും ചെയ്തു. അറുപതുകളുടെ ആദ്യം മലയാള സിനിമ പ്രൊഫഷണലായപ്പോഴാണ് ജോസ് പ്രകാശിന് പിൻവലിയേണ്ടി വന്നത്.

ചലച്ചിത്ര അഭിനേതാവ്[തിരുത്തുക]

1968 ലാണ് ജോസ് പ്രകാശ് അഭിനയ ജീവിതം തുടങ്ങിയത്. ലവ് ഇൻ കേരള എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. ഓളവും തീരവും എന്ന ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം.[7] പിന്നീട് ഇതുവരെ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.[7]. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ട്രാഫിക് ആണ്. ശരിയോ തെറ്റോ,അൽഫോൻസ, മനഃസാക്ഷി,അവൻ വരുന്നു എന്നീ ചിത്രങ്ങളിൽ ഗാനമാലപിച്ചിട്ടുണ്ട്. ആയിരം കണ്ണുകൾ, പത്മരാജന്റെ കൂടെവിടെ, എന്നീ സിനിമകൾ നിർമ്മിച്ചു.[3]

അവലംബം[തിരുത്തുക]

  1. http://cinidiary.com
  2. "ജോസ് പ്രകാശ് അന്തരിച്ചു". Archived from the original on 2012-03-24. Retrieved 2012-03-24.
  3. 3.0 3.1 3.2 പ്രതിനായകൻ-ജോസ്പ്രകാശുമായുള്ള അഭിമുഖം:രവിശങ്കർ പി.ടി-മാധ്യമം ആഴ്ചപ്പതിപ്പ്
  4. "ജെ.സി ദാനിയൽ പുരസ്‌കാരം ജോസ് പ്രകാശിന്". Archived from the original on 2012-03-24. Retrieved 2012-03-23.
  5. ജോസ് പ്രകാശിന് കലാകേരളത്തിന്റെ യാത്രാമൊഴി/മാധ്യമം ഓൺലൈൻ
  6. മനോരമ ദിനപത്രം, 2012 മാർച്ച് 25, കോട്ടയം എഡിഷൻ, പേജ് 1
  7. 7.0 7.1 http://www.imdb.com/name/nm0430772/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസ്_പ്രകാശ്&oldid=3632371" എന്ന താളിൽനിന്ന് ശേഖരിച്ചത്